Showing posts with label nature. Show all posts
Showing posts with label nature. Show all posts

Wednesday, December 06, 2006

ഋതുഭേദങ്ങളിലൂടെ...........

നവം ബര്‍ മാസത്തിന്റെ അവസാനവും, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യന്റെ കിരണങ്ങള്‍, വേനല്‍ ഇനിയും അവസാനിച്ചിട്ടില്ല എന്നു വിളിച്ചറിയിക്കുകയാണോ എന്നാണ് എനിക്ക് തോന്നിയത്. സാമാന്യം തണുപ്പുണ്ടായിരുന്നിട്ടും അവശേഷിക്കുന്ന ചൂടും വെളിച്ചവും ആസ്വദിച്ചു അവിടവിടെ പക്ഷികളും ഇരിപ്പുറപ്പിച്ചിരുന്നു.പുറത്തേക്കു കണ്ണോടിച്ചു ഈ കാഴ്ച്ചകള്‍ കണ്ടു നിന്നപ്പോള്‍ ഒരു നടത്തമാകാം എന്നു കരുതി.

ആ നടത്തത്തിനിടയില്‍ ഞന്‍ ആലോചിക്കയായിരുന്നു.......പ്രകൃതിയുടെ വരദാനമായ നാല് ഋതുക്കളും അനുഭവിച്ചറിയുക എന്നതു ഒരു ഭാഗ്യം തന്നെയല്ലെയെന്ന് . ഈ പ്രവാസഭൂമിയില്‍ വന്നതിനു ശേഷമാണ് അങ്ങനൊരു സൌഭാഗ്യം ഉണ്ടായതും . അങ്ങനെ രൂപപെട്ട ചിന്തകളെയാനു ഞാന്‍ ഇവിടെ തുറന്നു കാട്ടുന്നത് . ഇവയിലേതാണു എറ്റവും മനോഹരം എന്നു ഞാന്‍ ആലോചിച്ചു നോക്കി. ശരത് കാലം ആണ് ഏറ്റവും മനോഹരം എന്നു ഞാന്‍ പറയും.വസന്തവും മനോഹരി തന്നെ.

ഋതുക്കളില്‍ ആദ്യം വരുന്നത് വസന്തമല്ലെ ? വസന്തം ഓര്‍മിപ്പിക്കുന്നത് ശുഭകരമായൊരു തുടക്കത്തെയാണ്.ശിശിരത്തില്‍ മഞ്ഞിന്റെ പുതപ്പിനടിയില്‍ ഉറങ്ങിക്കിടന്ന ഭൂമിയില്‍ നിന്നും, എങ്ങോ നിന്ന് ഒളിഞ്ഞു നോക്കുന്ന സൂര്യനിലേക്കു സകല ജീവജാലങ്ങളും പ്രതീക്ഷയോടെ കണ്ണുതുറക്കുന്ന കാഴ്ച.ഇനിയുള്ള ഒരു വര്‍ഷം...ഭൂമിയെ ഏറ്റവും മനോഹരമാക്കാനും വരുംകാലത്തേക്കു പത്തായപുരകളിലേക്കു സം ഭരിക്കാനുമായി എല്ലാവരും അണിഞ്ഞൊരുങ്ങിത്തുടങ്ങുന്ന പുതുപ്രതീക്ഷകളുടെ കാലം.അതു കഴിയുമ്പോഴേക്കും അതാ ഗ്രീഷ്മമാവും.....വസന്തത്തില്‍ എത്തി നോക്കിയ പുല്‍നാമ്പുകളും,വൃക്ഷത്തലപ്പുകളുമൊക്കെ വളര്‍ന്നും പുഷ്പ്പിച്ചും കായ്ച്ചും ഒക്കെ കൂടെ പ്രകൃതി വര്‍ണശബളമാകുമെങ്കിലും....തീക്ഷണമായ സൂര്യ രശ്മികള്‍ പലപ്പോഴും രസം കൊല്ലിയാവാറുണ്ട്.

ഗ്രീഷ്മം വിട പറഞ്ഞു ശത്കാലത്തില്‍ എത്തുമ്പോഴേക്കും ഹരിത കമ്പളം വാരിച്ചുറ്റിയിരുന്ന ഭൂമിയിലേക്കു, എന്തോ മാന്ത്രികതയില്‍ ആരോ വരിയെറിഞ്ഞപോലെ മഞ്ഞയും, ഓറഞ്ചും,ചുവപ്പുമൊക്കെയായ് ഒരുപാടു നിറങ്ങള്‍. മനസ്സിനെ ത്രസിപ്പിക്കുന്ന ഒരു കാഴ്ച്ച തന്നെയാണത്.എരിഞ്ഞടങ്ങുന്നതിനുമുന്‍പു ആളിക്കത്തുന്ന കല്‍ വിളക്കിലെ തിരികളോടു ഉപമിക്കാം ഈ കാഴ്ച എന്നു തോന്നിപ്പിക്കും അങ്ങനെ ആലോചിച്ചാല്‍.ചില മനുഷ്യ ജന്മങ്ങളുടെ അന്ത്യനിമിഷങ്ങളെ ഇങ്ങനെ ഉപമിച്ചു കേള്‍ക്കാറുണ്ടു . വളരെ കുറച്ചു ദിവസങ്ങളല്ലെ ഉണ്ടാവൂ.........ഈ വെളിച്ചവും, ചില്ലകളില്‍ ചേക്കേറാനെത്തുന്ന പക്ഷികളും മറ്റും.

അപ്പോഴേക്കും വരില്ലേ ശിശിരത്തിന്റെ വരവറിയിച്ചുകൊണ്ടു ആദ്യത്തെ മഞ്ഞിന്‍ കണം.ശരത്കാലതില്‍ കൊഴിഞ്ഞു വീഴുന്ന ഇലച്ചാര്‍ത്തുകളുടെ ബാക്കിയും മഞ്ഞിന്‍ കണങ്ങള്‍ കൊണ്ടുപൊവും. പിന്നെ നീണ്ട മാസങ്ങള്‍ സൂര്യനെ കഷ്ടിച്ചു കണികാണാന്‍ കിട്ടുന്ന പകലുകളും ദൈര്‍ഘ്യമേറിയ രാത്രികളും. ഈ കൊടുംതണുപ്പിലും പ്രകൃതി അതിന്റെ പച്ചപ്പു കൈവിടുന്നില്ല എന്നതും ഒരു അത്ഭുതം തന്നെ.ക്രിസ്തുമസ്സ് മരങ്ങള്‍ എന്നു പരക്കെ അറിയപ്പെടുന്ന പൈന്‍ മരങ്ങള്‍..പല രൂപത്തിലും ഭാവത്തിലും ഉള്ളവ ...അവയങ്ങനെ തലയെടുപ്പോടെ നില്‍ക്കുന്ന കാഴ്ച നയനാന്ദകരമാണു . സകലതും ഉറങ്ങി കിടക്കുന്ന ശിശിരത്തില്‍.....ഒറ്റയാള്‍ പട്ടാളം പോലെ ഈ മരങ്ങള്‍.

ശരിക്കൊന്നാലോചിച്ചാല്‍.....മനുഷ്യജീവിതത്തോടു തന്നെ പ്രകൃതിയിലെ ഋതുഭേദങ്ങളെ ഉപമിച്ചു കൂടെ? വസന്തത്തില്‍ ഭൂമിയിലേക്കു എത്തി നോക്കുന്ന പുല്‍നാമ്പുകളും ,വൃക്ഷങ്ങളിലെ തളിരിലകളും ബാല്യത്തെ ഓര്‍മിപ്പിക്കുന്നില്ലെ?അതേപോലെ എറ്റവും തീക്ഷ്ണമായ ഗ്രീഷ്മം വെമ്പല്‍ പൂണ്ടു നില്‍ക്കുന്ന കൗമാരത്തിന്റെ ചാപല്യങ്ങളെയും അല്ലെ നമ്മെ ഓര്‍മ്മപ്പെടുത്തുക ? തീക്ഷ്ണയൗവനത്തോട് ഉപമിക്കാം ശരത്കാലത്തെ . യൗവനാവസാനം നാമൊക്കെ മധ്യവയസ്സിലേക്ക്....വാര്‍ധക്യത്തിന്റെ ആദ്യപടിയിലേക്ക് കാലുകുത്തുകയാണ്. അതാണ് ശിശിരം.........പോയ വര്‍ഷങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ക്കായ് എരിഞ്ഞു തീര്‍ന്ന ശേഷം ആരുമാരും ഇല്ലാതെ ഒറ്റപ്പെട്ടുപോകുന്ന ജന്മങ്ങളുടെ അവസ്ഥയോടു ശിശിരത്തെ താരതമ്യം ചെയ്യാമെന്നാണ് എനിക്കു തോന്നുന്നതു. ഒന്നോര്‍ത്താല്‍ ഒരില പോലും ഇല്ലാതെ ശിഖരങ്ങള്‍ മാത്രമായ് നില്‍ക്കുന്ന വൃക്ഷങ്ങളും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നുണ്ടാവില്ലെ ?

നിറയെ കയ്കനികളും,പൂത്തുലഞ്ഞ ചില്ലകളും ഉണ്ടായിരുന്നപ്പോല്‍ കൂടുകൂട്ടാനെത്തിയ പക്ഷികള്‍, ആ തണലില്‍ വിശ്രമം തേടിയെത്തിയിരുന്ന വഴിയാത്രികര്‍, കയ്കനികള്‍ ഭക്ഷിച്ചു തൃപ്തിയടയുന്ന മനുഷ്യനും മറ്റു ജീവജാലങ്ങളും.........പിന്നീടു അസ്ഥിപോലും തുളക്കുന്ന തണുപ്പില്‍ നിര്‍വികാരമായ് നില്‍ക്കുമ്പോള്‍...അവയോരോന്നും തങ്ങളുടെ സുവര്‍ണകാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടാവണം. കാലചക്രം അങ്ങനെ തിരിഞ്ഞുകൊണ്ടേയിരിക്കുന്നു......മാറ്റമില്ലാതെ. മനുഷ്യനുള്ള കാലത്തോളം, ഭൂമിയില്‍ ജീവനുള്ള കാലത്തോളം.