Sunday, August 12, 2007

ഒരു ഫാം സന്ദറ്ശനത്തിന്‍റെ കൌതുകങ്ങളിലേയ്ക്ക്...

"ഈ വീക്കെന്‍റ് വെയിലാണെന്ന് കേള്‍ക്കുന്നു കുട്ടികളെയും കൊണ്ട് ഇവിടെ അടുത്തൊരു ഫാമില്‍ പോയാലോ.അവിടെ സ്ട്രോബറിയും ചെറിയുമൊക്കെ നമ്മുടെ ഇഷ്ടം പോലെ പറിച്ചെടുക്കാം. പശു ആട് പന്നി തുടങ്ങിയ മൃഗങ്ങളെയും അവിടെ വളര്‍ത്തുന്നുണ്ട്. പോരാത്തതിന് അതൊരു തടാകത്തിനോട് ചേര്‍ന്നാണ്. അവിടെ ആഴം കുറഞ്ഞ ഭാഗത്ത് കുട്ടികള്‍ക്ക് വെള്ളത്തിലും ഇറങ്ങാം.എന്‍റെ ഓഫീസില്‍ നിന്നാരാള്‍ അവരുടെ കുട്ടികളുമായി അവിടെ പോയ കാര്യവും ഇന്ന് കേട്ടു." വാരാന്ത്യത്തിന്‍റെ ആലസ്യവുമായി വെള്ളിയാഴ്ച ഓഫീസില്‍ നിന്നും വന്ന ഭറ്ത്താവിന്‍റെ മൊഴികള്‍ ഇതായിരുന്നു

കഴിഞ്ഞു പോയ വാരന്ത്യങ്ങള്‍ മുഴുവന്‍ മഴ കൊണ്ട് പോയതിനാല്‍ എങ്ങോട്ടും പോകാനാവാതെ വീടിനുള്ളില്‍ തന്നെ മക്കളെ തളച്ചിടുകയായിരുന്നു. ഗ്രൌണ്ട് ഫ്ലോറില്‍ ആണ് താമസമെന്നതിനാല്‍ ഇവിടുത്തെ ജീവിതസാഹചര്യത്തിലും മണ്ണിനോടും ചെടികളോടും കൂട്ടു കൂടാന്‍ സുന്ദരികള്‍ക്ക് മുറ്റത്തേയ്ക്കിറങ്ങിയാല്‍ മതിയല്ലോ എന്നത് കുറച്ചെങ്കിലും ആശ്വാസമാകറുണ്ടെങ്കിലും ... പശുവാണ് പാല്‍ തരുന്നതെന്നും നമ്മള്‍ കാണുന്ന കോഴിയും ആടുമൊക്കെയാണ് മാംസമായി തീന്മേശയിലെത്തുന്നതെന്നും പോലെയുള്ള അടിസ്ഥാനപരമായ തിരിച്ചറിവുകള്‍,...കണ്ട് ഗ്രഹിക്കുക എന്ന പ്രക്രിയ ഇവിടുത്തെ ജീവിതത്തില്‍ നടക്കുന്നില്ല എന്നത് എന്നെ ചിന്തിപ്പിക്കാറുണ്ട്. ഈ വക കാര്യങ്ങള്‍ മനസ്സിലുണ്ടായിരുനന്തിനാല്‍ ഫാം സന്ദറ്ശനം എന്ന ആശയം എന്നെ ശരിയ്ക്കും സന്തോഷിപ്പിച്ചു .അതുമാത്രമല്ല ഇവിടെ ജീവിച്ചു തുടങ്ങി ഇത്രകാലമായിട്ടും ഇവിടുത്തെ പല പഴങ്ങളും കടകളില്‍ നിന്നും വാങ്ങുമ്പോള്‍ കണ്ടിട്ടുണ്ട് എന്നതല്ലാതെ മരങ്ങളില്‍ അവ നില്‍ക്കുന്നത് എനിയ്ക്കും ഒരു ദൂരക്കാഴ്ചയായി അവശേഷിച്ചിരിക്കുകയായിരുന്നു.

എന്തായാലും ശനിയാഴ്ച രാവിലെ കാറ്മേഘങ്ങള്‍ കൂട്ടമായി വന്ന് പേടിപ്പിച്ചെങ്കിലും പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേയ്ക്കും സൂര്യന്‍ മറനീക്കി പുറത്ത് വന്നിരുന്നു.അതുവരെ "ഇന്ന് മഴയാണൊ അപ്പാ,
നമ്മളിന്ന് സ്ട്രോബറി പറിയ്ക്കാന്‍ പോവില്ലെ?" എന്ന് ചോദിച്ച് കൊണ്ടിരുന്ന സുന്ദരികള്‍ക്കും സമാധാനമായി. കായ്കള്‍ പറിച്ച് കഴിയ്ക്കാം എനന്തിനേക്കാള്‍ മക്കള്ക്ക് ഉത്സാഹം തോന്നിയതു അതിനടുത്തു വെള്ളത്തില്‍ കളിക്കാന്‍ ഇറങ്ങാം എന്നതായിരുന്നു.തനിയെ സ്വിമ്മിംഗ് ഡ്രസ്സും ടവ്വലും ബാഗില്‍ എടുത്ത് വച്ച് റണ്ടാളും നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറായി.


മന‍സ്സിനും കണ്ണിനും ഒരുപോലെ കുളിര്‍മ്മ പകരുന്നതായിരുന്നു അങ്ങോട്ടെയ്ക്കുള്ള യാത്ര. ടൌണില്‍ നിന്നും മാറി കൃഷിയിടങ്ങള്‍ക്ക് നടുവിലൂടെ...ഇരുവശവും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പുല്‍മേടുകള്‍,അവയ്ക്കിടയില്‍ മേഞ്ഞ് നടക്കുന്ന പശുക്കള്‍, അങ്ങിങ്ങായി കായിച്ച് നില്‍ക്കുന്ന ആപ്പിള് മരങ്ങള്‍, കൊയ്യാന്‍ പാകമായി നില്‍ക്കുന്ന ഗോതമ്പ് പാടങ്ങള്.....സൂര്യപ്രകാശമുണ്ടായിരുനന്തിനാല്‍ പ്രകൃതി പതിവിലുമേറെ സുന്ദരിയായി തോന്നി. പട്ടണത്തില്‍ നിന്നും മാറിയായിരുന്നതിനാല്‍ നിരത്തുകളില്‍ ഇടയ്ക്കിടെ കുതിരപ്പുറത്തും ട്രാക്ട്റുകളിലും നീങ്ങുന്ന മനുഷ്യരെയും കണ്ടു. പലയിടങ്ങളിലും ഒന്നിനു പുറകെ ഒന്നായി കാണപ്പെട്ട ഫാംഹൌസുകള്ക്കിടയില്‍ ഞങ്ങള്‍ക്ക് ചെന്നു ചേരേണ്ട സ്ഥലം കഴിഞ്ഞു പോയോ എന്നൊരു സംശയം തോന്നാതിരുന്നില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വഴിയും മേല്വിലാസവും ഇന്‍റെര്‍നെറ്റില്‍ നിന്നും പരതി പ്രിന്‍റെടുത്തത് കൈയ്യിലുണ്ടായിരുനന്തിനാല്‍ അധികമൊന്നും തപ്പിത്തടയാതെ അവിടെ എത്തിപ്പെട്ടു. എത്തിപ്പെട്ടതിന്‍റെ ആവേശം സഹിയ്ക്കാന്‍ വയ്യാതെ സുന്ദരികള്‍ കാര്‍ മര്യാദയ്ക്ക് പാര്‍ക്ക് ചെയ്യുന്നതിന് മുന്‍പു തന്നെ കുതിര, ആപ്പിള്‍ എന്നൊക്കെ പറഞ്ഞൊരു ഓട്ടമായിരുന്നു.പിന്നെ അവര്‍ക്കൊപ്പം നടന്ന് അതിനൊക്കെ അടുത്തേയ്ക്ക് ചെന്നപ്പോള്‍ ഞാനുമൊരു കുട്ടിയായി.


അങ്ങനെ ചെന്ന് നിന്നത് വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു തടി വീടിനടുത്തായിരുന്നു .ഉഴവുയന്ത്രങ്ങളും തൊഴുത്തും, ചാണകത്തിന്‍റെയും ,മണ്ണിന്‍റെയും ഗന്ധവുമായി അതെന്നില്‍ നാടിന്‍റെ ഓര്‍മ്മകള് ഉണര്‍ത്തി. അവിടെ നിന്ന് നടന്നെത്തിയത് ഇവിടെ അധികം സാധാരണമല്ലാത്ത ഒരു കാഴ്ചയിലേയ്ക്കാണ്. അഞ്ച് ആറ് കോലാടുകള്‍. തടികൊണ്ടുള്ള വേലിയ്യ്ക്കുള്ളില്‍ വിഹരിച്ച് നടക്കുന്ന ആടുകള്‍.അതിനിടയില്‍ നിന്നും വേലിയുടെ വിടവുകള്‍ക്കിടയിലൂടെ ചാടിയിറങ്ങിയ ഒരു ആട്ടിന്കുട്ടിയെ പലരും കൈയിലേടുത്ത് താലോലിക്കുന്നതും കാണാമായിരുന്നു. എന്‍റെ മക്കള്‍ക്കെന്തോ അത്രയ്ക്ക്കൊരു സാഹസത്തിന് താല്പര്യം ഇല്ലായിരുന്നു എന്ന് തോന്നി. അവിടെനിന്ന് ദൂരേയ്ക്ക് കണ്ണയച്ചപ്പോള്‍ വെയിലേറ്റ് തിളങ്ങിനില്‍ക്കുന്ന തടാകത്തിലൂടെ കാറ്റിനൊത്ത് നീങ്ങുന്ന ചെറിയ ബോട്ടുകളില്‍ വാരാന്ത്യം ആഘോഷിക്കുന്നവരെയും, തടാകത്തിനഭിമുഖമായി ഇട്ടിരുന്ന ഇരിപ്പിടങ്ങളില്‍ ഭക്ഷണം കഴിച്ച് കാഴ്ചകളും കണ്ടിരിയ്ക്കുന്നവരെയും കാണാമായിരുന്നു. മറുകരയിലെ മൊട്ടക്കുന്നുകളും തടാകവും വെയിലുമൊക്കെ കൂടി പ്രകൃതിയ്ക്ക് ഒരു പ്രണയഭാവം കൈവന്നപോലെ തോന്നി എനിയ്ക്ക്.


ആ തടാകവും നോക്കി കുറേ ദൂരം അങ്ങനെ നടന്നു ആ നടത്തത്തിനിടയില്‍ തടാകത്തിനഭിമുഖമായുള്ള ചെരുവില്‍ വിളവെടുക്കാന്‍ പാകത്തില്‍ ആപ്രിക്കോട്ടും പ്രൂണും നില്‍ക്കുന്നത് കണ്ടു . എന്തെങ്കിലും കഴിച്ചിട്ട് ആവാം ഇനി മുന്നോട്ട് നടക്കുന്നത് എന്നു കരുതി അതിനടുത്തുണ്ടായിരുന്ന ലഘുഭക്ഷണശാലയില്‍ നിന്നും ഭക്ഷണവും വാങ്ങി അവിടെ ഇരുന്നു കുറേ നേരം.അതിന് ശേഷം കണ്ണുകളുടക്കിയത് സൂര്യകാന്തിപ്പൂക്കളും ഗ്ലാഡിയോളയും ലില്ലിപ്പൂക്കളും നില്‍ക്കുന്ന ഭാഗത്തേയ്ക്കാണ്. അവയോട് കുറേ നേരം കിന്നാരം പറഞ്ഞ് സൂര്യകാന്തികളില്‍ തേന്‍ നുകരാനെത്തിയ വണ്ടുകളെയും കണ്ട് അവിടെ നിന്നു. "വെയിലു പോകുന്നതിന് മുന്‍പു എല്ലായിടവും കാണണ്ടെ? " എന്ന ഭറ്ത്താവിന്‍റെ ചോദ്യമാണ് എന്നെ ഉണര്‍ത്തിയത് എന്ന് പറയാം.



ആ വിശാലമായ കൃഷിയിടത്തില്‍ അവിടെവിടെ പഴങ്ങളുടെ പേരും എഴുതി ചൂണ്ടുപലകകള്‍ കാണിച്ചിരുന്നു.അങ്ങനെ കുറെ നടന്നപ്പോള്‍ കണ്ടു സ്ട്രോബറി എന്നെഴുതിയ വലിയൊരു പലക.വലിയ പ്രതീക്ഷയോടെ അവിടേയ്ക്ക് ചെന്നപ്പോള്‍ കാണാനായത് കുറച്ച് അഴുകിയ വൈയ്ക്കോല്‍ മാത്രം. അതിന്‍റെ വിളവെടുപ്പ് കഴിഞ്ഞിരിക്കുന്നു എന്ന് ആരോടോ ചോദിച്ചപ്പോള്‍ മനസ്സിലായി. ചെറിയെങ്കിലും കാണാമെന്ന പ്രതീക്ഷയില്‍ ചൂണ്ട് പലകകള്‍ പിന്തുടര്‍ന്ന ഞങ്ങള്‍ക്ക് അവിടെയും നിരാശയായിരുന്നു ഫലം. ചെറിമരങ്ങളിലും വിളവെടുപ്പ് കഴിഞ്ഞിരുന്നു. എപ്പോഴോ ഒടിഞ്ഞു തൂങ്ങിയ ചില്ലകളില്‍ കുറച്ച് കരിഞ്ഞുണങ്ങിയ ചെറിപ്പഴത്തിന്‍റെ കുഞ്ഞുങ്ങളെ മാത്രം കണ്ടു പോരാനായിരുന്നു യോഗം. കുട്ടികളേക്കാള്‍ എനിക്കായിരുന്നു സങ്കടം.



സുന്ദരികളുടെ ശ്രദ്ധ അപ്പോഴേയ്ക്കും പന്നികളിലും, പൊക്കം കുറഞ്ഞ കുതിരകളിലേയ്ക്കും (പോണി),മുയലുകളിലേയ്ക്കും തിരിഞ്ഞിരുന്നു. പിന്നെ കുറേ നേരം അവര്‍ക്കൊപ്പം അതും നോക്കി നിന്നു. "റാബിറ്റ്, റാബിറ്റ് എന്നു വിളിച്ച് കമ്പിവലയ്ക്കടുത്ത് ചെന്നിട്ട്... അത് ഞങ്ങളെ നോക്കിയില്ലമ്മേ" എന്ന പരാതിയും കേള്‍ക്കേണ്ടി വന്നു. പിന്നെ കുറച്ച് നേരം കൂടി അവിടുത്തെ ആപ്പിള്‍ച്ചെടികള്‍ക്കിടയിലൂടെ കറങ്ങി നടന്നു. ഇവയൊക്കെ കണ്ട് തീര്‍ന്നിട്ടും കുട്ടികള്‍ക്ക് കളിയ്ക്കാന്‍ വെള്ളത്തിലിറങ്ങാം എന്ന കേട്ടറിവിനെ സത്യമാക്കുന്ന ഒരു സൂചനയും കണ്ടില്ല. കുട്ടികള്‍ വല്ലാതെ മോഹിച്ചാണ് വന്നതെന്നതിനാല്‍ കുറേ തിരഞ്ഞു. "ഇവിടെയൊന്നും കാണുന്നില്ല അങ്ങനെ ഒരു സൌകര്യം.എന്നാല്‍ ഇപ്പോള്‍ തന്നെ ഇവിടെ നിന്നു തിരിയ്ക്കാം. വെയിലു പോകുന്നതിന് മുന്‍പ് ഇവരെ നമ്മുടെ വീടിനടുത്തുള്ള സ്വിമ്മിങ്ങ് പൂളില്‍ കൊണ്ട് പോകാം" എന്ന കണവന്‍റെ ബുദ്ധിയ്ക്ക് മനസ്സ് കൊണ്ട് നന്ദിപറഞ്ഞ് അവിടെ നിന്നും പോന്നു.


പ്രതീക്ഷിച്ചു വന്നപോലെ സ്ട്രോബറിയും ചെറിയുമൊന്നും പറിച്ചെടുക്കുന്ന കൌതുകം ആസ്വദിക്കുവാനും ഞാനാണൊ നീയാണൊ കൂടുതല്‍ പെറുക്കിയത് എന്ന വാശിയില്‍ തല്ലുകൂടുന്ന കുഞ്ഞു സുന്ദരിമാരെ കാണാനും കഴിഞ്ഞില്ല എന്നത് എന്നെ ഒരല്പം സങ്കടപ്പെടുത്തി എന്നത് സത്യം. എങ്കിലും വേനലില്‍ എന്റെ പാടിയോയില്‍ ഞാന്‍ പാകുന്ന ചീരവിത്ത് കിളിര്‍ത്ത് വരുന്ന ചെടിയാണ് തോരനായി കഴിയ്ക്കുന്നതെന്നും , കിഴങ്ങുകളില്‍ നിന്നും വിത്തുകളില്‍ നിന്നും മുളപൊട്ടിയാണ് ചെടികള്‍ വളരുന്നതെന്നും, അതില്‍ നിന്നാണ് പൂവ് വരുന്നതെന്നുമൊക്കെയുള്ള അറിവിനുമപ്പുറം നിത്യ പരിചിതങ്ങളായ ആപ്പിളും പ്രൂണും ആപ്പ്രിക്കോട്ടുമൊക്കെ ഓരോ തരം മരങ്ങളില്‍ ഉണ്ടായിട്ടാണ് കടയിലേയ്ക്ക് കൊണ്ട് വരുന്നതെന്നത് അവര്‍ക്ക് മനസ്സിലായി എന്ന അറിവ് എനിക്ക് സന്തോഷം തരുന്നുണ്ട്.

ചെടികളും പഴങ്ങളും വിത്തുകളും തമ്മിലുള്ള ബന്ധത്തിന്‍റെ പൊരുള്‍ ഈ പ്രായത്തില്‍ എത്ര മാത്രം ഗ്രഹിച്ചിട്ടുണ്ടാവും എന്നെനിക്കറിയില്ല. എങ്കിലും എനിക്ക് ചിരിയ്ക്കും ചിന്തയ്ക്കും വക നല്‍കിയ ഒരു കാര്യം പറയട്ടെ...മടക്കയാത്രയ്ക്കിടെ വല്യസുന്ദരി അപ്പനോട് പറയുന്നത് കേട്ടു " അപ്പാ... ഞാനും, വാവയും അമ്മയുടെ വയറ്റില്‍ നിന്നും ചാടി വന്നില്ലെ, അത് പോലെ ആ കുഞ്ഞ് ആടില്ലെ അത് ആ വല്യ മറ്റെ അമ്മ ആടില്ലെ അതിന്‍റെ വയറ്റീന്ന് ചാടി വന്നതാ..." അത്രയെങ്കിലും അവള്ക്ക് മനസ്സിലായല്ലോ എന്നോര്‍ത്തപ്പോള്‍ സ്ട്രോബറി പറിച്ച് തിന്ന് രസിയ്ക്കുവാന്‍ കഴിഞ്ഞില്ലെങ്കിലെന്താ, ഈ തിരിച്ചറിവുകളുടെ കൌതുകങ്ങള്‍ക്ക് കാതോര്‍ക്കുകയല്ലെ ഏറ്റവും വലിയ സൌഭാഗ്യം എന്ന് തോന്നി.

ഫാം സന്ദറ്ശനത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.