ബാല്യകൌമാരങ്ങളിലെ ഡിസംബറിന്‍റെ പ്രഭാതങ്ങളെ നേരിയ തണുപ്പോടുകൂടിയേ ഓര്‍മ്മിക്കാനാവൂ. ക്രിസ്തുമസ്സ് പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തില് പതിവിലും കൂടുതല് പുതച്ച് മൂടി താമസിച്ചെഴുന്നേല്ക്കുന്നതിന്‍റെ ആനുകൂല്യം ആസ്വദിച്ച് സ്വപ്നം കണ്ട് കിടക്കയില്‍ തന്നെ കിടക്കുമ്പോഴായിരിക്കും അമ്മ വന്നു വിളിക്കുന്നത്. ഉറങ്ങിയത് മതിയെന്ന് പറഞ്ഞ് ജനാലവിരികള്‍ ഇരുവശത്തേയ്ക്കും മാറ്റി ജനലുകളും തുറന്നിട്ട് അമ്മ പോകും. ഉറക്കം പോയതിന്‍റെ ദേഷ്യം അപ്പോഴും മാറിയിട്ടുണ്ടാവില്ല .പക്ഷെ തുറന്നിട്ട ജനലിലൂടെ തണുപ്പങ്ങനെ അരിച്ചരിച്ച് മുറിയ്ക്കുള്ളിലേയ്ക്ക് വരുമ്പോഴേയ്ക്കും അമ്മയോടുള്ള പിണക്കമൊക്കെ പോയിട്ടുണ്ടാവും. അതില് നിന്ന് രക്ഷപ്പെടാന്‍ ദേഹം മുഴുവന്‍ പുതപ്പിനുള്ളിലാക്കി ജനാലപ്പടിയോട് ചേര്‍ന്ന് കട്ടിലില്‍ തന്നെ കുറേ നേരം കൂടി വെറുതെ അങ്ങനെ ഇരിക്കും . ഇലകളിലെയും പുല്‍ക്കൊടിത്തുമ്പിലെയും മഞ്ഞിന്‍കണങ്ങളും നോക്കി അങ്ങനെ ഇരിയ്ക്കാന്‍ എന്ത് രസമായിരുന്നു. ജാതിമതഭേദമന്യേ അയല്‍വക്കത്തുള്ള എല്ലാ വീടുകളുടെ ഉമ്മറത്തും നക്ഷത്രങ്ങള്‍ തൂക്കിയിട്ടുണ്ടാവും. രാവിലെ ഉണര്‍ന്നെണീറ്റ് ആദ്യം ഓടുക ഉമ്മറത്തേയ്ക്കാണ്. രാത്രിയിലെ മഞ്ഞില്‍ നക്ഷത്രങ്ങളുടെ കാലുകള്‍ നനഞ്ഞു കുതിര്‍ന്നു പോയിട്ടുണ്ടോ എന്ന് നോക്കണമല്ലൊ. പുതുവര്‍ഷം കഴിയും വരെയെങ്കിലും അതവിടെ ഉണ്ടാവണം എന്നത് അഭിമാനത്തിന്‍റെ പ്രശ്നവുമായിരുന്നെന്ന് വച്ചോളു. രാവിലത്തെ തണുപ്പ് കൊള്ളാനായി അങ്ങനെ പുറത്തു നില്‍ക്കുന്നതും ഞങ്ങള്‍ കുട്ടികള്‍ക്കു വല്ലാത്ത ഒരു കൗതുകമായിരുന്നു. തണുപ്പത്ത് നിന്ന് അസുഖമൊന്നും വരുത്തിവയ്ക്കേണ്ടാന്നും പറഞ്ഞ് അമ്മയുടെ ശകാരം കണക്കില്ലാതെ കേള്ക്കേണ്ടിയും വന്നിട്ടുണ്ട്. ഡിസംബറിലെ എല്ലാ ഒഴിവുകാലങ്ങളും ഇങ്ങനൊക്കെ തന്നെ ആയിരുന്നു എന്നതാണ് സത്യം.
അന്നത്തെ പരിമിതമായ ചുറ്റുപാടുകളില്‍ കൂട്ടുകാരൊന്നിച്ചുള്ള കൂടിയാലോചനകളില്‍ നിന്നും ഭാവനയില്‍ നിന്നുമൊക്കെ ഉരുത്തിരിഞ്ഞിരുന്ന പുല്‍കൂടുകള്‍ക്കും , ക്രിസ്തുമസ്സ് മരങ്ങള്‍ക്കും ഉണ്ടായിരുന്ന ഭംഗി ഇന്നത്തെ ഇന്‍സ്റ്റന്‍റ് പുല്‍ക്കൂടുകള്‍ക്കും വിലപിടിച്ച അലങ്കാരങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക് ക്രിസ്തുമസ്സ് മരങ്ങള്ക്കും ഇല്ല എന്നാണ് അനുഭവം. കല്ലടുക്കിവെച്ചും, പാടത്തെ ചേറു കുഴച്ചും മെനഞ്ഞെടുത്തിരുന്ന പുല്‍ക്കൂടും, ചൂളമരശിഖരങ്ങളില്‍ തോരണങ്ങളും ബലൂണുകളും തൂക്കി അലങ്കരിച്ച് തയ്യാറാക്കിയിരുന്ന
ക്രിസ്മസ്ട്രീയുമൊക്കെ പൂര്‍ത്തിയായി കാണുമ്പോഴുള്ള ഒരു നിര്‍വൃതി , അഭിമാനം... ഒന്നും കൃത്രിമ മരങ്ങള്ക്കും പുല്‍ക്കൂടുകള്‍ക്കും അവകാശപ്പെടാനില്ലാത്തതാവും എനിക്കങ്ങനെ തോന്നാന്‍ കാരണം . അന്നൊക്കെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് ബുക്കൊരു സൈഡിലേയ്ക്ക് മാറ്റിയിട്ട് ഓട്ടമാണ് ഇവയൊക്കെ ഉണ്ടാക്കി തുടങ്ങാന് . എന്നാല്‍ പൂറ്ത്തിയാവുന്നത് ഇരുപത്തിനാലിന് രാത്രി പാതിരാകുര്‍ബാനയ്ക്ക് പോകുന്നതിന് തൊട്ട് മുന്‍പേയാവും . പൂര്‍ത്തിയായിക്കഴിയുമ്പോഴാണ് അടുത്ത പുകില് ......സമപ്രായക്കരായ ഒരു പറ്റം അയല്‍ക്കാരുമുണ്ടായിരുന്നതിനാല്‍ ഓരോന്നും അവസാന മിനുക്കുപണികളിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ ആരുടെ വീട്ടിലെ സൃഷ്ടിയാവും എറ്റവും നല്ലതു എന്ന
തര്‍ക്കം ഞങ്ങള് കുട്ടികള്‍ക്കിടയില്‍ സാധാരണമായിരുന്നു. അതിനൊപ്പം ആ വര്‍ഷം പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഇനം പടക്കം അല്ലെങ്കില്‍ മത്താപ്പൂ വാങ്ങിയതു ആരുടെ വീട്ടിലാണെന്ന മറ്റൊരു തര്‍ക്കവും.
വളരെ രസകരമായ മറ്റൊരു കാര്യവും ഓര്‍മ്മകളുടെ ഈ പെരുമഴക്കാലത്തില്‍ ഉണ്ട്. ദൂരെനിന്ന് കരോള്‍ സംഘത്തിന്‍റെ പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ സാന്താക്ലോസിനെ പേടിച്ച് വീടിനുള്ളില്‍ പോയി കട്ടിലി
നടിയില്‍ ഒളിച്ചിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ എനിക്കിപ്പോള്‍ കാണാം। പേടി മാറ്റി എന്നെ ഒന്നു പുറത്തിറക്കാന്‍ അമ്മ പെട്ടിരുന്ന പാട് ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് ഇവിടെ എന്‍റെ സുന്ദരിക്കുഞ്ഞുങ്ങള്‍ സാന്താക്ലോസിനോട് സംസാരിക്കുകയും, കൈകൊടുക്കുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ എനിക്കെന്‍റെ കുട്ടിക്കാലത്തെ ആ രംഗം മനസ്സില്‍ വരും...; ഒപ്പം എന്നെ തന്നെ കളിയാക്കിക്കൊണ്ട് ഒരു ചെറുചിരിയും വിരിയും. ഓരോ ക്രിസ്മസ്സ് കാലത്തും തരംഗണി സ്റ്റുഡിയൊ ഗാനഗന്ധര്‍വ്വന്‍റെ അനുഗ്രഹീത നാദത്തില്‍ റെക്കോറ്ഡ് ചെയ്ത് പുറത്തിറക്കിയിരുന്ന ക്രിസ്തുമസ്സ് ഗാനങ്ങള്‍ പള്ളികളുടെ ഉച്ചഭാഷിണികളിലൂടെ മുഴങ്ങി കേട്ടിരുന്നതും അത്രയെളുപ്പം മറക്കാനാവില്ല . ആ പാട്ടുകള്‍ ആണ് പുസ്തകങ്ങളിലൂടെ മനസ്സില്‍ കോറിയിട്ട മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളുടെയും റെയിന്‍ഡീറുകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയില്‍ വരുന്ന സാന്താക്ലോസിന്‍റെയും രേഖാചിത്രങ്ങള്‍ക്ക് മിഴിവേകിയതെന്ന് പറയാം. ക്രിസ്തുമസ്സ് എന്നാല്‍ കിസ്തു ജനിച്ചതിന്‍റെ ഓര്‍മ്മപുതുക്കലാണെന്നത് മറന്ന് തണുത്തുറഞ്ഞ ഒരു ഒഴിവുകാലം മാത്രമാണ് എന്നത്
അറിഞ്ഞോ അറിയാതെയോ ബോധ്യം വന്നുപോയ ഒരു സമൂഹത്തിന്‍റെ നടുക്കിവിടെ ജീവിക്കുമ്പോള്‍ പിന്നിട്ടുപോന്ന ഇന്നലെകളുടെ ഓര്‍മ്മകള്‍ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. ഉച്ചഭാഷിണികളിലൂടെ ഒഴുകിവന്നിരുന്ന ആ പാട്ടുകളും കേട്ട് , കൂട്ടുകാരെല്ലാവരും ചേര്‍ന്ന് പാതിരാകുര്‍ബ്ബാനയ്ക്കായ് പള്ളിയിലേയ്ക്ക് നടന്ന് പോയിരുന്നതും , വഴിയ്ക്കിരുവശവുമുള്ള വീടുകള്‍ക്കുമുന്നിലെ അലങ്കാരങ്ങളെയും പുല്‍ക്കൂടുകളെയും പറ്റിയുള്ള വിലയിരുത്തലുകളും തര്‍ക്കങ്ങളും, പള്ളിയിലെ ബെഞ്ചില്‍ ഏറ്റവും മുന്നിലിരിക്കാനായി നടത്തിയ തത്രപാടുകളുമൊക്കെ ഒരോ ക്രിസ്തുമസ്സ് കാലത്തും വല്ലാത്ത ഒരു വിങ്ങല്‍ മനസ്സില് നിറയ്ക്കാറുണ്ട്.
ക്രിസ്തീയ ഭവനങ്ങളിലൊക്കെ ക്രിസ്തുമസ്സിനും മാസങ്ങള്‍ക്കു മുന്‍പെ കേക്കും വൈനും ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതാണല്ലോ പതിവ് .പക്ഷെ ഒരിക്കലും അവയൊന്നും ഉണ്ടാക്കാന്‍ അമ്മ താല്പര്യം പ്രകടിപ്പിച്ചിട്ടേയില്ല.വനിതാപ്രസിദ്ധീകരണങ്ങളുടെ ഡിസംമ്പര്‍ പതിപ്പുകളുടെ വര്‍ണ്ണത്താളുകളില് കാണുന്ന പല കേക്കുകളുടെയും പാചകക്കുറിപ്പുകള് കാണിച്ച് പലപ്പോഴും അതൊന്നുണ്ടാക്കാന്‍ പഠിച്ചുകൂടെ എന്നും പറഞ്ഞ് അമ്മയെ ഒരുപാട് ശല്യപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അതൊന്നുമൊരിക്കലും തനിക്ക് ചെയ്യാനാവില്ല എന്നൊരു ധൈര്യക്കുറവുണ്ടായിരുന്നു ആ മനസ്സില്‍ എന്നാണ് എനിക്കിപ്പോള്‍ തോന്നാറുള്ളത്. പിന്നെ സമ്മാനങ്ങളായി കിട്ടുന്ന കേക്കുകളായിരുന്നു ആ ദിവസങ്ങള്‍ക്കു ക്രിസ്മസ്സിന്‍റെ രുചി പകര്‍ന്നിരുന്നത്. കേക്കിനൊപ്പം പ്രാതലിന് അമ്മയുണ്ടാക്കിയിരുന്ന താറാവുകറിയുടെയും നാടന്‍ കള്ള് ചേറ്ത്ത അപ്പത്തിന്‍റെയും സ്വാദും കൂടി ചേരുമ്പോഴേ ആ രുചി പൂറ്ണ്ണമാകാറുണ്ടായിരുന്നുള്ളു. ക്രിസ്തുമസ്സ് ദിനത്തിലേയ്ക്ക് വേണ്ട താറാവിനെ ഒരുക്കിയെടുക്കല്‍ ഇരുപത്തിനാലിന് ഉച്ചകഴിയുന്നതോടെ തന്നെ തുടങ്ങും.കുട്ടികളായ ഞങ്ങള്‍ക്കായിരുന്നു അതിനെ ഒരുക്കുന്ന ജോലി. അന്നൊക്കെ അതു കളികള്‍ക്കിടയില്‍ നിന്നോ പുല്‍ക്കൂടൊരുക്കുന്നതില്‍ നിന്നൊ ഒക്കെ മാറി നില്‍ക്കേണ്ടി വരുന്ന മിനക്കെടുത്തുന്ന ഒരു ജോലി ആയിട്ടേ തോന്നിയിട്ടുള്ളു. അതിനാല്‍ തന്നെ വല്ലവിധേനയും അതിന്‍റെ തൂവലും തോലുമെല്ലാം കളഞ്ഞു എന്നു വരുത്തിവെച്ച് ഓടാനായിരുന്നു ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് തിടുക്കം.ഇന്നിപ്പോള്‍ ഒരു കുടുംബിനിയുടെ തിരക്കുകളില്‍ നിന്നു നോക്കുമ്പോള്‍ അമ്മയ്ക്ക് അതൊക്കെ നന്നായി ചെയ്തു കൊടുക്കെണ്ടതായിരുന്നു എന്ന ഒരു കുറ്റബോധം തോന്നാതെയില്ല.
പ്രവാസത്തിന്‍റെ ഈ മണ്ണില്‍ ഡിസംബറും ക്രിസ്തുമസ്സുമൊന്നും മനസ്സിനെ തൊടുന്ന ഒരു അനുഭവമായി എനിക്ക് തോന്നാറേയില്ല. പാതിരാകുര്‍ബ്ബാനയും മെഴുകുതിരികള്‍ കത്തിച്ചുപിടിച്ചുള്ള പ്രദക്ഷിണവും ഒക്കെ തിരുപ്പിറവി മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരു അനുഭവമാക്കി മാറ്റാന്‍ സഹായിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട് . അന്നൊക്കെ ഡിസംബറും ക്രിസ്തുമസ്സും ആകുന്നത് അറിയാന്‍ കലണ്ടറ് നോക്കുക പോലും വേണ്ടിയിരുന്നില്ല . പക്ഷെ ഇന്നിവിടെ ഇരുപത്തിനാലാം തീയതി ആയി എന്ന് മനസ്സ് മനസ്സിലാക്കുന്നത് സുന്ദരികളുടെ സ്കൂള്‍ അവധി കലണ്ടറ് നോക്കുമ്പോഴാണ് . ക്രിസ്തുമസ്സ് കാലത്തിന്‍റെ ഒരുക്കങ്ങളുമായി കലമ്പല്‍ കൂട്ടുന്ന കുട്ടികളെ പുറത്ത് കാണാനില്ല, പാതിരാകുര്‍ബ്ബാനക്കു പോകാനായുള്ള ഒരുക്കങ്ങളില്ല, വീടുവീടാന്തരം ക്രിസ്തുമസ്സിന്‍റെ സന്ദേശം പാടി അറിയിക്കാന് എത്തുന്ന കരോള്‍ സംഘങ്ങളുടെ വരവില്ല , തപാലില്‍ വരുന്ന ആശംസാകാര്‍ഡുകളും ഇല്ല.പിന്നെ ഇരുപത്തിനാലാം തീയതി വൈകുന്നേരം വരെ ജോലി കഴിഞ്ഞു വന്ന് പാതിരകുര്‍ബാനയ്ക്കു പോകാനും മറ്റും ഇന്നാറ്ക്കാണ് താല്പര്യം. ഇരുപത്തിനാലാം തീയതി സന്ധ്യയോടെ തുടങ്ങുമല്ലൊ മദ്യവും നാനാതരം മാംസവും ഒക്കെയായി ക്രിസ്തുമസ്സ് ഈവിന്‍റെ ആഘോഷങ്ങള്‍.
ഓര്‍മ്മയിലിന്നും തെളിഞ്ഞു നില്‍ക്കുന്ന ബാല്യത്തിലെയും കൌമാരത്തിലെയും ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ അനുഭവം എന്‍റെ കുട്ടികള്‍ക്ക് സമ്മാനിക്കാനാവില്ലെങ്കിലും ഈ ഓര്‍മ്മകള്‍ ചേര്‍ത്ത് പിടിച്ച് അവയെ ഒക്കെ ഒന്നു പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പണ്ട് ഞാന്‍ കൊതിയോടെ കേട്ടിരുന്ന തരംഗണിയുടെ പാട്ടുകള്‍ മുഴുവന്‍ എപ്പോഴോ വാങ്ങി സൂക്ഷിച്ച ഓഡിയോ കാസറ്റുകളില് നിന്നും ഡിസംബര്‍ മുഴുവന്‍ എന്‍റെ സ്റ്റീരിയോയിലൂടെ ഒഴുകിവന്നുകൊണ്ടെയിരിക്കും. ഇന്ന് ഉണ്ണിയേശുവും ക്രിസ്തുമസ്സും തമ്മിലുള്ള ബന്ധം അവരുടെ കൊച്ചു മനസ്സിന് മനസ്സിലാവുന്ന രീതിയില്‍ മനസ്സിലാക്കികൊടുക്കാനും, പണ്ട് പുല്‍ക്കൂടും ക്രിസ്തുമസ്സ് മരവും അലങ്കരിച്ചിരുന്ന കാര്യങ്ങളെപ്പറ്റി അവരോട് പറയാനും ശ്രദ്ധിക്കാറുണ്ട്. പടക്കവും മത്താപ്പൂക്കളും കത്തിച്ച് രസിച്ചിരുന്ന കുട്ടിക്കാലത്തിന്‍റെ കൌതുകങ്ങളെപ്പറ്റിയും മക്കളോട് പറയുമ്പോള്‍ നമ്മളെന്താ ഇവിടെ പടക്കം പൊട്ടിക്കാത്തതെന്ന മറുചോദ്യത്തോടെയാണ് അവര്‍ പ്രതികരിക്കുക. ജനിച്ച മണ്ണിലെ ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ മക്കളൊത്ത് പങ്കുചേരണമെന്ന് പലവുരു ഓര്‍ത്തിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല എന്നത് എന്നും ഒരു സങ്കടമാണ്. അവറ്ക്ക് ഡിസംബറും ക്രിസ്തുമസ്സും കാര്‍ട്ടൂണുകളില്‍ കാണുന്ന സാന്താക്ലൊസും ക്രിസ്തുമസ്സു മരത്തിനടിയില്‍ നിന്നും കിട്ടുന്ന സമ്മാനപ്പൊതികളും മാത്രമായി ചുരുങ്ങരുതല്ലൊ.
അരി അരച്ച്, അരിമാവു കുറുക്കിച്ചേറ്ത്ത് കലക്കിവച്ച് പാലപ്പം ചുട്ടെടുത്ത് താറാവ് കറിക്കൊപ്പം പ്രിയതമനും മക്കള്‍ക്കും ഉണ്ടാക്കി കൊടുക്കുന്ന പതിവും ഇതുവരെ മുടക്കം കൂടാതെ തുടരുന്നു . അവരെത്ര വലുതായാലും പരമ്പരാഗതമായ ഒന്നും ഓര്‍മ്മയുടെ ഏടുകളില്‍ ഇല്ലാതായാലും അവരുടെ ക്രിസ്തുമസ്സ് ഓര്‍മ്മകള്‍ അമ്മയുടെ സ്നേഹം പൊതിഞ്ഞ പാരമ്പര്യത്തിന്‍റെ രുചിയായി ഉള്ളില്‍ അവശേഷിക്കണം എന്ന എന്‍റെ സ്വാര്‍ഥതയാവുമോ ഈ പരിശ്രമങ്ങള്‍ക്കു പിന്നിലെന്നു ഞാന്‍ ആലോചിക്കാറുണ്ട്. എന്‍റെ ബാല്യകൌമാരകൌതുകങ്ങളൊന്നും തന്നെ എനിക്കിന്നും കൈമോശം വന്നിട്ടില്ല എന്ന് മനസ്സിനെ വിശ്വസിപ്പിക്കാനാവുമോ ഇവയൊക്കെ ഇന്ന് ഞാനിവിടെ സുന്ദരികള്‍ക്കായും പ്രിയതമനായും ആവര്‍ത്തിക്കുന്നത് ??








