കാത്തുകാത്തിരുന്നു ശിശിരം വിരുന്നു വന്നിട്ടും യൂറോപ്പിനോടുമാത്രം അവഗണന കാട്ടി ദൂരെയെങ്ങോ മാറി നിന്നു കൊഞ്ഞനം കുത്തുകയാണു തുഷാരം. യൂറോപ്പിനെയാകമാനം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി അവയിനിയും ഒരു വിദൂരസ്വപ്നമായ് അവശേഷിക്കുമോ?
ആല്‍പ്സിന്റെ താഴ്വാരത്തിലെ ഈ മനോഹരഭൂമിയേയും അതിന്റെ ജീവനവ്യവസ്ഥകളെയും, ഋതുക്കളെയും,കാലാവസ്ഥാവ്യതിയാനങ്ങളെയും അറിഞ്ഞു തുടങ്ങിയ കാലം മുതല്‍ ഈ കഴിഞ്ഞു പോയ വര്‍ഷത്തിലെ ശിശിരം വരെ ഒരിക്കലും മഞ്ഞിന്‍കണങ്ങള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാതെ പോയിട്ടില്ലാ.വന്‍വൃക്ഷങ്ങളും മറ്റു സസ്യജാലങ്ങളും ഒക്കെ ഇലപൊഴിച്ചു മഞ്ഞിന്റെ കമ്പളം വാരിച്ചുറ്റാന്‍ തയ്യാറായിട്ടു മാസങ്ങളേറെയായ്.പക്ഷേ ഇന്നു ജനുവരി മധ്യത്തിലെത്തിയിട്ടും താപനില വസന്തത്തേയും,ശരത്കാലത്തെയും ഓര്‍മിപ്പിക്കുകയാണു.
പ്രകൃതിയെ നമുക്കൊരു അമ്മയായി കണ്ടു നോക്കാം. അപ്പോഴാണു കാലവസ്ഥാവ്യതിയാനത്തിന്റെ ഏറ്റവും ഭീതിജനകമായ മുഖം നമുക്കു കാണാന്‍ സാധിക്കുന്നതു.ഒരു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നാമ്പെടുക്കുന്ന പുതുജീവനെ എത്ര സൂക്ഷ്മമായും ചിട്ടയോടെയുമാണോ അമ്മ കാത്തുസൂക്ഷിക്കുന്നതു അതേവണ്ണമാണു ഈ ഭൂമിയേയും അതിലെ ജീവജാലങ്ങളെയും പ്രകൃതീമാതാവു പരിപാലിപ്പിക്കുന്നത്. ഒന്ന് ഒന്നിനെ ഹനിക്കാത്തവണ്ണം അത്ര ചിട്ടയായും,സൂക്ഷ്മമായുമാണു ഓരോ സൃഷ്ടിക്കും ഓരോ ദൗത്യങ്ങള്‍ കല്‍പ്പിച്ചുനല്‍കിയിരിക്കുന്നതും.അങ്ങനെയുള്ള ഒരു സന്തുതിലാവസ്ഥ മനുഷ്യന്റെ സ്വാര്‍ഥമോഹങ്ങളാല്‍ കശക്കിയെറിയപ്പെടുകയല്ലേ?
ശിശിരത്തില്‍ പല ജീ
വജാലങ്ങളെയും പ്രകൃതി ഒരു നീണ്ട നിദ്രയ്ക്കു വിധേയമാക്കറുള്ളതായ് കാണാം. അത് പ്രകൃതിയുടെ സൂക്ഷ്മപരിപാലനത്തിന്റെ ഒരു ദൃഷ്ടാന്തമാണു.ഈ വര്‍ഷം സംജാതമായ തീക്ഷണമല്ലാത്ത ശൈത്യത്തില്‍ സാധാരണയായ് നീണ്ട മാസങ്ങള്‍ ഉറങ്ങി തീര്‍ക്കുന്ന കരടികളെ ഇന്നത്തെ ഈ വ്യതിയാനങ്ങല്‍ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു എന്നാണു ജന്തുശാസ്ത്രജ്ഞ്ഞരുടെ വിലയിരുത്തല്‍.കൊടും ശൈത്യത്തില്‍ ഉണ്ടാവുന്ന ഭക്ഷണ ദൗര്‍ലഭ്യത മൂലം ജന്തുക്കള്‍ ചത്തൊടുങ്ങുന്നതു തടയാനായ് പ്രകൃതി തന്നെ ഉണ്ടാക്കിയെടുത്തിരിക്കുന്ന തന്ത്രമല്ലേ, മാസങ്ങളോളമുള്ള ഈ ഉറക്കികിടത്തല്‍.അതുപോലെ തന്നെ ശിശിരകാലത്തു വംശവര്‍ധനവു നടത്തുന്ന ജീവജാലങ്ങളുടെ പുതുതലമുറയെ ശത്രുക്കളില്‍ നിന്നും രക്ഷപെടുത്താനുള്ള ഒരു മുന്‍കരുതല്‍ കൂടിയാവും ഇതു.
ഭൂമിയില്‍ മഞ്ഞു
പാളികളുടെ തോതു ഇങ്ങനെ കുറയുന്നതു ലോകത്തിലെ ജലസമ്പത്തുകളെ ദോഷകരമായ് ബാധിക്കുന്നുണ്ട് .ശിശിരത്തില്‍ പെയ്തിറങ്ങുന്ന മഞ്ഞില്‍ കുറയേറെ വേനലില്‍ നദികളായ് ഒഴുകിയിറങ്ങും. ആഗോളതാപനം (globalwarming) മൂലം വേനല്‍ കനത്തതും മഞ്ഞുപാളികളുടെ തോതു സാരമായ് കുറച്ചിട്ടുണ്ട്.അതിനൊപ്പം ശിശിരത്തില്‍ സംഭരിക്കപ്പെടുന്ന ഹിമപാളികളുടെ തോതുകുറയുക കൂടെ ചെയ്യുന്നതു അവിടങ്ങളിലെ ജീവനവ്യവസ്ഥിതികളുടെ നിലനില്‍പ്പിനും ഭീഷണിയാവുന്നു.ദക്ഷിണധ്രുവത്തിലെയും ഉത്തരധ്രുവത്തിലെയും എസ്കിമോകളുടെയും,പെന്‍ഗ്വിനുകളുടെയും,മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പും ഈ ഹിമപാളികളെ ആശ്രയിച്ചാണല്ലോ .1979 ല്‍ ഉണ്ടായിരുന്ന മഞ്ഞുപാളികളുടെ തോതിന്റെ 40 ശതമാനത്തോ
ളം 2005 ആയപ്പോഴെക്കും ഉരുകിതീര്‍ന്നിരിക്കുന്നു എന്നാണു WWF (World Wildlife Fund) ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നതു. ഒരു താരതമൃത്തിനായി അലാസ്കയിലെ Portage Glacier ന്റെ 1958 ലെയും 2001 ലെയും ചിത്രങ്ങളാണു ഇടതും വലതുമായി കൊടുത്തിരിക്കുന്നതു. മഞ്ഞുപാളികളുടെ തോതില്‍ വന്ന ഗണ്യമായ മാറ്റം ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
സുനാമിയും വലിയ ഭൂകമ്പങ്ങളും മരുഭൂമികളിലെ പേമാരിയും മറ്റു പ്രകൃതിക്ഷോഭങ്ങളും ഒക്കെ പ്രകൃതി തന്നെ നമുക്കു തരുന്ന മുന്നറിയിപ്പുകളാണു.മനുഷ്യന്റെ സ്വാര്‍ഥതമൂലം ഇത്രയേറേ നാശങ്ങള്‍ ഈ അമ്മയ്ക്കു വന്നുഭവിച്ചിട്ടും ഇന്നും അവനെയും അവന്റെ കുലത്തിനെയും ഉന്മൂലനാശം ചെയ്യാതെ ക്ഷമിക്കാന്‍ സാധിക്കുമ്പോള്‍ ആ ഒരു കാരുണ്യം കണ്ടെന്നു പോലും നടിക്കാതെ അവനോരോ പ്രത്യാഘാതങ്ങളെയും സൗകര്യപൂര്‍വം മറക്കുന്നു.അതിനൊപ്പം വരുംതലമുറയ്ക്കുകൂടെ അവകാശമായ വെള്ളത്തിന്റെയും.ശുദ്ധവായുവിന്റെയും,പച്ചപ്പിന്റെയും അവസാനകണികവരെ കൈക്കലാക്കി പ്രകൃതിയുടെ സന്തുലിതാവസ്ത്ഥയേയും തകിടം മറിച്ചുകൊണ്ട് അവന്‍ കൂടുതല്‍ കൂടുതല്‍ സ്വാര്‍ത്ഥനായിക്കൊണ്ടേയിരിക്കുന്നു.ഈ സ്വാര്‍ത്ഥത അവന്റെ തന്നെ നാശത്തിനു ഹേതുവാകാമെന്നു ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ നന്ന്.