കുറച്ച് ദിവസങ്ങളായ് ഇടക്കിടെ വിരുന്നുവരുന്ന ഈ മഴത്തുള്ളികള്‍ ഒരുപാടെന്തൊക്കെയൊ ഓര്‍മ്മകളെ മറവിയുടെ കയത്തില്‍ നിന്നും മുങ്ങിതപ്പി എടുക്കാന്‍ വല്ലാതെ പ്രേരിപ്പിക്കുന്നു.പല സ്ഥലങ്ങളില്‍ പല കാലഘട്ടങ്ങളില്‍ മഴയ്ക്ക് വ്യത്യസ്ത ഭാവങ്ങളാണ് എന്നിലുണര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. എറ്റവും രസകരമായ വസ്തുത എല്ലാ കാലത്തിലും അതെനിക്കെന്നും പ്രിയങ്കരമായിരുന്നു എന്നതാണ്.പക്ഷെ എന്നും മഴയെന്നോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് ആദ്യമഴ നനയുന്ന മണ്ണിന്‍റെ ഗന്ധമാണ്.ഇവിടെ ഈ അടഞ്ഞ മുറിക്കുള്ളില് ഇപ്പോഴും അതെന്റെ നാസികയെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഇടവപ്പാതിക്കൊപ്പമായിരുന്നു ഈ ഭൂമിയിലേക്കുള്ള എന്‍റെ വരവും എന്നതാവുമൊ മഴയോടുള്ള എന്‍റെ ഇഷ്ടത്തിന്‍റെ കാരണം? മഴക്കൊപ്പം ഒരു പുതിയ ജീവന്‍ കൂടി വരുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍...തുണികഴുകാനും ഉണക്കാനും ഉള്ള പ്രയാസങ്ങള്‍,മഴക്കൊപ്പം കൂടെപോരുന്ന അസുഖങ്ങള്‍,യാത്രകള്‍ പ്രയാസകരമാകുന്ന പകലുകള്‍...ഒക്കെ കേട്ടറിഞ്ഞ അറിവുകള്‍...വേനലിന്‍റെ വറുതി കഴിഞ്ഞു വരുന്ന മഴയെ ശപിക്കാന്‍ എന്നും മനുഷ്യന് ഒരോ കാരണങ്ങളുണ്ടാവുന്നു എന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു.ഈ കേട്ടറിവുകളില്‍ നിന്നും ഉള്‍ക്കൊണ്ടവയൊഴികെ ശൈശവം എന്‍റെ ഓര്‍മ്മകളിലും ചിന്തകളിലും മഴയെപ്പറ്റി ഒരു വികാരവും ഉണര്‍ത്തിയിട്ടില്ല.
മഴയുമായി നേരിട്ട് സംവേദിച്ച് തുട
ങ്ങിയത് ബാല്യത്തിലാവണം...നഴ്സറി ക്ലാസ്സിലെക്കുള്ള യാത്രകളില്. ഇടവമാസത്തിന്‍റെ തുടക്കത്തില്‍ തന്നെയാണല്ലൊ വിദ്യാരംഭവും..അപ്പന്‍റെ ജോലി സംബന്ധമായി അനന്തപുരിയിലെ താമസത്തിനിടക്കായിരുന്നു എന്‍റെ അദ്ധ്യനകാലത്തിന്‍റെ ആരംഭം. ആ കാലത്ത് ഒരുകൂട്ടം കുട്ടികളെ കുത്തിനിറച്ച ഒരു ടാക്സിയിലായിരുന്നു എന്‍റെ സ്കൂളിലെക്കുള്ള യാത്രകള്‍.അതിലാണെന്ന് പറഞ്ഞിട്ടെന്താ...കയറുമ്പോഴും ഇറങ്ങുമ്പോഴും നനയുന്നത് കൂടാതെ ടാക്സിയുടെ തുറന്നിട്ട ജനാലകളിലൂടെ മഴ കടന്ന് വന്ന് യൂണിഫോമും,അമ്മ മെടഞ്ഞു തന്ന മുടിയും നനയ്ക്കുന്നത് ഇന്നും ഓര്‍ക്കുന്നു.നനഞ്ഞു എന്നതായിരുന്നില്ല അന്നും സങ്കടം...ക്ലാസ്സില്‍ ടീച്ചര്‍ എന്താവും പറയുക എന്നോര്‍ത്താവും.അമ്മയ്ക്ക് സങ്കടംഅതുമല്ലായിരുന്നു.നനഞ്ഞ യൂണിഫോമും ഷൂവും സോക്സും ഇട്ട് ക്ലാസ്സില്‍ ഇരിക്കെണ്ടി വന്നാല്‍ എനിക്ക് പനിയൊ മറ്റൊ വന്നാലോ എന്നതായിരുന്നു മഴ പെയ്യുന്ന ദിനങ്ങളില്‍ രാവിലെ അമ്മയുടെ ചിന്തകള്‍. അപ്പന്‍ സ്വന്തം നാട്ടിലെക്ക് ട്രാന്‍സ്ഫര്‍ വാങ്ങിപ്പോന്നതിനാല്‍ അധികകാലം ആ യാത്രകള്‍ തുടരേണ്ടിവന്നില്ല.
നാട്ടില്‍ വന്ന് അവിടെയുള്ള സ്കൂളില്‍ ചേര്‍ത്ത് കഴിഞ്ഞപ്പോള്‍ എന്നെ കൊണ്ട് വിടാനും കൊണ്ട് വരാനും ഒരാളെ ഏര്‍പ്പാടാക്കിയിരുന്നതിനാല്‍ നടന്നായിരുന്നു ആ യാത്രകള്‍.എന്‍റെ ഭാഗ്യമൊ... നിര്‍ഭാഗ്യമൊ... എന്തൊ അവിടെ ഷൂവും സോക്സും ഒന്നും ആവശ്യമായിരുന്നില്ല.ബാറ്റാ ചെരുപ്പു കമ്പനിയുടെ വള്ളിച്ചെരുപ്പായിരുന്നു മഴക്കൊപ്പം നടക്കാന്‍ ഉണ്ടായിരുന്നത്.അതിന്‍റെ മേന്മ തുകല്‍ ചെരുപ്പു പോലേ നനഞ്ഞാല്‍ കേടാവും എന്നു ആധി വേണ്ട എന്നതാണല്ലൊ.പിന്നെ നടക്കുന്ന വഴികളിലെ വെള്ളക്കെട്ടുകളില്‍ അതങ്ങനെ ഒഴുക്കി വിട്ടു അതിനൊപ്പം പുറകെ ഓടാം.അതിലുണ്ടായിരുന്ന ഏക ദോഷം...വള്ളിച്ചെരുപ്പിട്ട നടത്തം യൂണിഫോമിന്‍റെ പുറകില്‍ നല്ലൊന്നാന്തരം ചെളിയുടെ ഡിസൈനുകള്‍ തീര്‍ത്തിരുന്നു എന്നതാണ്.മര്യാദക്ക് നടന്നാല്‍ ചെളി തെറിക്കില്ലെന്ന അമ്മയുടെ കണ്ട്പിടുത്തത്തില്‍ ന്യായമെ ഉണ്ടായിരുന്നുള്ളു എന്ന് അല്പം കൂടി മുതിര്‍ന്നപ്പോള്‍ മനസ്സിലായി.വീണ്ടും മുതിര്‍ന്ന് പ്രൈമറി ക്ലാസ്സ് ആയപ്പോഴെക്കും താമസം പിന്നെയും മാറി,സ്കൂളിനടുത്തേക്ക്.അപ്പോഴെക്കും സഹോദരനും അയല്‍വാസികളായ സമപ്രായക്കാരും ഒന്നിച്ചായി പിന്നെ സ്കൂളിലേക്കുള്ള യാത്രകള്‍....
ബാല്യത്തിന്‍റെ മുഴുവന്‍ കുസൃതിത്തരവും തെളിഞ്ഞു നിന്നിരുന്നു അന്നത്തെ ദിനംപ്രതിയുള്ള സ്കൂള് യാത്രകളക്കിടയില് എന്നത് ഇന്നും ഒരുപാട് ഗൃഹാതുരത്വമുള്ള ഒരോര്‍മ്മയാണ്. വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയം അമ്മ നിവര്‍ത്തി തരുന്ന കുട അമ്മയുടെ കണ്ണില്‍ നിന്നും മറയുമ്പോഴെക്കും തിരിച്ചു പിടിച്ച് മഴവെള്ളം അതിനുള്ളില്‍ ശേഖരിക്കുക, വഴിക്കപ്പുറവും ഇപ്പുറവുമുള്ള മതില്‍ക്കെട്ടുകളിലെ ചെടിപടര്‍പ്പുകളില്‍ നിന്നും കണ്ണീര്‍ത്തുള്ളി എന്നെ പേരില്‍ അറിയപ്പെടുന്ന ചെടിയിലങ്ങനെ തൂങ്ങിയാടുന്ന മഴത്തുള്ളിയെടുത്ത് കണ്ണില്‍ പുരട്ടുക ,കടലാസുതോണികള്‍ ഒഴുക്കുക, മഴപെയ്ത ശേഷം കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തിനു കുറുകെ മണ്‍തിട്ട കെട്ടുക,കുളങ്ങളില്‍ നിന്നും കവിഞ്ഞ് വഴിയുടെ ഓരം ചേര്‍ന്നൊഴുകുന്ന വെള്ളത്തില്‍നിന്നും കുഞ്ഞു മീനുകളെ പിടിക്കുക, പിന്നെ കൂട്ടത്തില്‍ ഉള്ള ആരെങ്കിലും ഒരാളുടെ യൂണിഫോമില്‍ വെള്ളം കാലുതട്ടി തെറിപ്പിക്കുക ഇതൊക്കെയായിരുന്നു വീട്ടില് നിന്നു സ്കൂളിലേക്കും തിരികെയും വരുന്ന സമയങ്ങളിലെ വിനോദങ്ങള്‍.പാവം വഴിയാത്രക്കാരെ പാഞ്ഞുവന്ന്പേടിപ്പിച്ച് വഴിയിലെ ചെളിവെള്ളം തെറിപ്പിക്കുക എന്നത് വണ്ടികളില്‍ അഹങ്കാരത്തോടെ പാഞ്ഞുപോകുന്നവര്‍ക്കു അന്നും (ഇന്നും) നല്ല രസികന്‍ വിനോദമാണല്ലോ.കൂട്ടത്തിലെ ആണ്‍കുട്ടികളുടെ നാവില്‍ നിന്നും അങ്ങനെ കാണിച്ചവര്‍ക്കൊക്കെ കിട്ടിയ ചീത്തകള്‍ക്കൊന്നും ഒരു കണക്കുമില്ലായിരുന്നു.
പ്രൈമറിസ്കൂളിന്‍റെ പടികടന്നപ്പോഴെക്കും പുതിയ സ്കൂളായി കൂട്ടുകാരായി.ആണ്‍കുട്ടികളുമായി കുസൃതിയും കുറുമ്പും കാട്ടി നടന്നിരുന്ന നല്ല നാളുകളുടെ അവസാനം കൂടിയായി അത്. പുതിയ കൂട്ടുകെട്ടുകളില്‍ മഴയെയൊ,അതിനൊപ്പം കാട്ടികൂട്ടാവുന്ന കുസൃതിത്തരങ്ങളെയൊ സ്നേഹിച്ചിരുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയാം.കുട കറക്കി മഴത്തുള്ളികളെ സുഹൃത്തുക്കളുടെ മുഖത്തെക്ക് വീഴിക്കുക ,മരത്തിനടിയില്‍ ആരെങ്കിലും നില്‍ക്കുന്ന തക്കം നോക്കി അത് കുലുക്കി യൂണിഫോം നനയ്ക്കുക തുടങ്ങിയ എന്‍റെ വികൃതികള്‍ ചിലരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ദേഷ്യം വന്നിരുന്നെങ്കിലും അവരൊക്കെ എന്‍റെ മഴഭ്രാന്തോര്‍ത്ത് അതൊക്കെ ക്ഷമിച്ചിരുന്നു.....
ആ കാലങ്ങളിലെ മഴക്കാലത്തിന്‍റെ സന്തോഷമെന്തായിരുന്നന്ന് വച്ചാല്‍ മഴയുടെ തോത് കൂടുന്നതിനൊപ്പം പൊങ്ങുന്ന ജലനിരപ്പായിരുന്നു. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയില്‍ ആകുമ്പോള്‍ ജില്ലാകളക്ടര്‍ പ്രഖ്യാപിക്കാവുന്ന അവധികളെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു ആ സന്തോഷത്തിന്‍റെആധാരം. പ്രളയജലത്തില്‍ മരണപ്പെടുന്നവരെപ്പറ്റിയും,വീടും അവശ്യവസ്തുക്കളും ഒക്കെ മഴക്കൊപ്പം നഷ്ടമായി പോയവരെപ്പറ്റിയും അത്രയൊന്നും ആഴത്തില് ചിന്തിച്ചിരുന്നില്ല എന്നതാവും സത്യം. അല്ലെങ്കില്‍ പിന്നെ മഴയിനിയും പെയ്യട്ടെ,എന്ത് ഭംഗിയാണീ മഴക്കെന്നും പറഞ്ഞ് ഞാനെന്തിനാവുംപ്രാര്‍ഥിച്ചിരിക്കുക? അന്നത്തെ മഴകള്‍ കൂട്ടുകാരില്‍ ചിലരെ കരയിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു ഓര്‍മ്മ.മഴ നനഞ്ഞൊട്ടിയ കുപ്പായം നോക്കി ആണ്കുട്ടികള്‍ പറഞ്ഞ കമന്‍റുകള്‍ ആയിരുന്നു അതിന്‍റെ കാരണം എന്നത് ഇപ്പോള്‍ ഒരു ചിരിയോടെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നു.
മധ്യവേനലവധിക്കൊപ്പം വരുന്ന വേനല്‍ മഴയാണ് മറ്റൊരു ഓര്‍മ്മ...ഉച്ച ഊണിന്
ശേഷം കളിച്ച് തിമിര്‍ത്ത് വേനലവധി ആഘോഷിക്കുമ്പോഴാകും നില്‍ക്കുന്ന നില്പ്പില്‍ മാനം കറക്കുക,പിന്നെ പെരുമ്പറ കൊട്ടിയറിയിക്കുന്നതുപോലെ ഇടിമുഴക്കവും, മിന്നലും, ഒപ്പം എല്ലാം ചുഴറ്റി വാരിയെറിയാന് വീശിയടിക്കുന്ന കാറ്റും. കളിക്കോപ്പുകളും കളിയും ഉപേക്ഷിച്ച് അമ്മയുടെ വിളികള്‍ക്കുത്തരമായി ഓടി വീടിനുള്ളിലേക്ക്. പിന്നെ വീടിനുള്ളില്‍ ഇരുന്ന് ഇടക്കിടെ കടന്നുവരുന്ന മിന്നലിനെതിരെ മുഖം തിരിച്ച്, ഇടിനാദത്തിനെതിരെ കാതുകള്‍ അടച്ച് ജനാലയിലൂടെയാവും മഴ കാണുക. കാറ്റിനൊപ്പം പൊഴിയുന്ന മാമ്പഴവും,ആഞ്ഞിലിചക്കയും ഒക്കെ പെറുക്കി ഏടുത്ത് കെട്ടിപൊതിയുന്നതിനൊപ്പം മാവില്‍ കൊഴി എറിഞ്ഞ് കണ്ണിമാങ്ങകള്‍ കൂടി വീഴ്ത്താന്‍ മത്സരിക്കുന്ന തെരുവിലെ ചെക്കന്മാരെ ചീത്ത പറയുന്ന അമ്മയും,കാറ്റിനൊപ്പം കടപുഴകി വീണ് വൈദ്യുതിബന്ധം തകരാറിലാക്കുന്ന വൃക്ഷത്തലപ്പുകളും, പിന്നെ മഴ ആര്‍ത്തലച്ച് പെയ്യുന്ന വൈകുന്നേരങ്ങളില്‍ ജോലിയില്‍ നിന്നും മടങ്ങി എത്താന്‍ വൈകുമെന്നറിയിക്കാത്ത അപ്പനെ നോക്കിയിരിക്കുന്ന അമ്മയുടെ വേവലാതികളും, ആ വേവലാതികള്‍ ഏറ്റു വാങ്ങി മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനുചുറ്റും "നസ്രായനായ യേശുവെ..."എന്ന പ്രര്‍ത്ഥ്നയും ചൊല്ലി അമ്മയുടെ ഓരം ചേര്‍ന്നിരിക്കുന്ന ഞങ്ങള്‍ കുട്ടികളും....എല്ലാം ഇന്നും എത്ര വ്യക്തം. ആ വൈകുന്നേരങ്ങള്‍ക്കു പാചകം ഒഴിഞ്ഞ അടുപ്പിലെ കനലില്‍ അമ്മ ചുട്ടെടുക്കുന്ന കപ്പയുടെയും കശുവണ്ടിയുടെയും മണമുണ്ടായിരുന്നതായി ഇന്നും ഓര്‍മ്മിക്കുന്നു.
വീണ്ടും വളര്‍ന്ന് കലാലയ ജീവിതത്തിലേക്ക് കാലുകുത്തിയപ്പോഴാണ് മഴക്ക് ഒരു കാല്പനികഭാവം കൈവന്നത്....യൂണിഫോമുകള്‍ക്കു പകരം സല്‍വാറിലേക്കുള്ള ചുവടുമാറ്റം,ബാറ്റയുടെ വള്ളിച്ചെരുപ്പില്‍ നിന്നും തുകലിന്‍റെ പാദരക്ഷകളിലേക്കുള്ള സ്ഥാനക്കയറ്റം, കറുത്ത് നീണ്ട ശീലക്കുടയില്‍നിന്നും രണ്ടോ മൂന്നൊ മടക്കില്‍ കൈയ്യില്‍ ഒതുക്കി പിടിക്കാവുന്ന വര്‍ണ്ണക്കുടയുടെ ഉടമസ്ഥത ഇതൊക്കെ ആയിരുന്നു പ്രത്യക്ഷമായ മാറ്റങ്ങള്‍.അന്നത്തെ ഓരോ മഴക്കൊപ്പവും മനസ്സിനുള്ളില്‍ കാല്പനികത സൌഹൃദമായും,പ്രണയമായും,വിരഹമായും പെയ്തിറങ്ങി... അന്നേറെ പ്രിയങ്കരമായിരുന്ന ജഗജിത് സിങിന്‍റെ ഗസലുകളാവാം അങ്ങനെയുള്ള ഭാവങ്ങളെ മന്‍സ്സിലേക്ക് കൊണ്ട് വന്നത്.രാത്രിയുടെ എതോ യാമത്തില്‍ പുതപ്പിനുള്ളിലേക്ക് ഊളിയിട്ട് തൊടികളില്‍ മഴ കനക്കുന്നതിന്റെയും,ടെറസ്സില്‍ നിന്നും ഓവുചാലു വഴി താഴെക്ക് പതിക്കുന്ന മഴവെള്ളത്തിന്‍റെയും സംഗീതത്തിനൊപ്പം കാസെറ്റില്‍ നിന്നും ഒഴുകിവന്നിരുന്ന ഗസലുകളുടെ ഇരടികള്‍ ഉള്ളില്‍ നിറച്ചവയൊന്നും ഇന്നും മാഞ്ഞുപോകാതെ നില്ക്കുന്നു....വേറൊരു ഓര്‍മ്മ ഒരിക്കല്‍ കൈനറ്റിക് ഹോണ്ടയുമായി നിരത്തിലിറങ്ങിയതിനൊപ്പം അപ്രതീക്ഷിതമായി മഴയെത്തിയതാണ്....ആറ്ത്തലച്ചെത്തിയ മഴ..... ഒരു മണല്‍ക്കാറ്റുപോലെ വായിലും, മൂക്കിലും, കണ്ണിലും ഇരച്ചു കയറി. അതെന്നെ നിലമ്പരിശാക്കിക്കളഞ്ഞു അന്ന്. ഇന്നും മാനം കറക്കുമ്പോള് കലാലയസൌഹൃദങ്ങളും,ആ കാലഘട്ടത്തിലെ അനുഭവങ്ങളും സുഖമുള്ള ഒരുനൊമ്പരമായി നുള്ളിനോവിക്കുന്നത് എന്‍റെ ഉള്ളില്‍ ഇന്നും മഴക്ക് ആ കാല്പനികഭാവം കൈമോശം വന്നിട്ടില്ലാത്തത് കൊണ്ടാവാം.
പഠിപ്പിന്‍റെയും ജോ
ലിയുടെയും ആവശ്യവുമായി ആദ്യാക്ഷരം പഠിച്ച മണ്ണിലേക്ക് തിരിച്ചെത്തിയതും മറ്റൊരു മഴക്കാലത്തായിരുന്നു എന്നതും യാദൃശ്ചികം.പഠനകാലത്ത് അധികം സമയം മഴ കാണാനൊ സ്വപ്നങ്ങളില്‍ മുഴുകാനൊ കഴിഞ്ഞിട്ടില്ലാ എന്നതായിരുന്നു സങ്കടം.സ്റ്റുഡന്‍റ്സ് ഹോസ്റ്റലുകളില്‍ എല്ലാം ടൈംടേബിള്‍ പ്രകാരം ആയിരുന്നതിനാല്‍ ആ ഒരു പിരിമുരുക്കം എന്നും ഉണ്ടായിരുന്നു.എങ്കിലും താമസിക്കുന്ന മുറിയില്‍ നിന്നും മെസ്സിലേക്കുള്ള നടത്തത്തിലേക്ക് പെരുമഴ വന്നു നിറഞ്ഞ ദിനങ്ങളുടെ ഓര്‍മ്മകളുണ്ട്. ജോലി കിട്ടി കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ വര്‍ക്കിങ്ങ് വിമന്‍സ്ഹോസ്റ്റലിന്‍റെ മുറിയുടെ ജനാലയോട് ചേര്‍ന്നിരുന്ന് മഴത്തുള്ളികളുടെ തലോടല്‍ അറിഞ്ഞ് "അലൈപായുതെ" എന്നെ തമിഴ് സിനിമയുടെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ കുടെ കൂടിയിരുന്ന പ്രിയ കൂട്ടുകാരിയുടെ മുഖമാണ് ആ കാലഘട്ടത്തിലെ മഴയ്ക്ക്.പനിപിടിച്ച് ഹോസ്റ്റല്‍ മുറിയില്‍ ചുരുണ്ട് കൂടിയ ദിനങ്ങളില്‍ അമ്മയുടെ ഓര്‍മ്മകളില്‍ മനസ്സു തേങ്ങിയത് മഴ സമ്മാനിച്ച ഒരു കുഞ്ഞു സങ്കടം.
കേരളത്തിലെ മണ്‍സൂണിന്‍റെ ഭംഗിയും,കാല്പനികതയും ശൌര്യവുമൊന്നും ഇവിടെ പെയ്യുന്ന മഴകളില്‍ കാണാന് കഴിഞ്ഞിട്ടില്ല എന്നത് ചിലപ്പോഴെങ്കിലും ഒരു സങ്കടത്തിന് കാരണമാവാറുണ്ട്.എങ്കിലും ഈ മഴയും എനിക്ക് പ്രിയങ്കരം. മഴ പെയ്യുന്നതിനൊപ്പം കൈയ്യും കെട്ടി നഗ്നപാദങ്ങളുമായി നടക്കാനും,ജനാലകള്‍ തുറന്നിട്ട് ചാഞ്ഞും ചെരിഞും വരുന്ന മഴയെ വരവേല്‍ക്കാനും അന്തരീക്ഷ ഊഷ്മാവ് അനുവദിക്കാത്തതാവാം യൂറൊപ്പിലെ മഴക്ക് കേരളത്തിലെ മണ്‍സൂണിന്‍റെ ഭംഗി തോന്നാത്തതെന്ന് വെറുതെ ആശ്വസിക്കയാണ്.അടച്ച് പൂട്ടിയ ജനാലകള്‍ക്കപ്പുറത്ത് രാത്രിയില്‍ പെയ്യുന്ന മഴയുടെ സംഗീതം കേള്‍ക്കാന്‍ ജനാലകള്‍ തുറന്നിട്ടു കിടക്കാന്‍ ശ്രമിച്ചാല്‍ പനിയാവും ഫലം എന്നോറ്ത്ത് ആ ഉദ്യമത്തിനും മുതിരാറില്ല.
ഇന്നിവിടെ ഈ പ്രവാസഭൂമിയുടെ ഊഷരതയില്‍ മഴ പെയ്യുമ്പോഴും എന്തൊക്കെയൊ വികാരവിചാരങ്ങളിലൂടെ മനസ്സ് സഞ്ചരിച്ചു തുടങ്ങുന്നതു ഞാന്‍ അറിയാറുണ്ട്.ബാല്യത്തില്‍ ഇടിമിന്നലിനൊപ്പം വന്ന് പേടിപ്പിച്ച മഴയിലൂടെ, അതൊ മഴയില്‍ കുതിര്‍ന്ന് നാണിച്ച കൌമാരത്തിന്‍റെ ചാപല്യങ്ങളിലൂടെ,അതുമല്ലെങ്കില്‍ കാല്പനികമായതൊക്കെ ഉള്ളില്‍ നിറച്ച യൌവനത്തിന്‍റെ ഭാവഭേദങ്ങളോരോന്നിലൂടെയും ആവാം.പക്ഷെ ഞാന്‍ തിരിച്ചറിയുന്നു മഴക്കൊപ്പം കടന്നു വന്ന വഴികളില്‍ എന്നും സൌഹൃദത്തിന്‍റെ നന്മകളും,അമ്മയുടെടെ സ്നേഹവും,ജീവിതത്തെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന്.
(ചിത്രങ്ങള്‍ : രഞ്ജിത് ബാലന്‍ ഫോട്ടോഗ്രാഫര്‍, മംഗളം)