Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Wednesday, December 12, 2007

സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്..ഭാഗം 3.

തിരിച്ച് മുറിയിലെത്തിയപ്പോള്‍ ഏകദേശം ആറ് മണി. ചൂട് കാരണമാവാം തലവേദന ചെറുതായി അലട്ടുന്നുണ്ടായിരുന്നു. ഭക്ഷണത്തിന് വൈകിയാലോ എന്നോര്‍ത്ത് അതിനു പോയി വന്നിട്ട് നേരത്തെ കിടക്കാമെന്ന് കരുതി. വന്നപാടെ കാര്‍ട്ടൂണുകളിലേയ്ക്ക് തിരിഞ്ഞ സുന്ദരികളെ കണ്ണും കൈയ്യും കാട്ടി വിരട്ടി ഒരു വിധത്തില്‍ കുളിപ്പിച്ച് വേഷം മാറ്റിച്ച് വന്നപ്പോഴേയ്ക്കും ബാക്കിയുണ്ടായിരുന്ന ഊര്‍ജ്ജം കൂടി തീര്‍ന്നിരുന്നു. പിന്നെ തിരക്കിട്ട് കുളിച്ച് ഭക്ഷണത്തിന്. മെനുകാര്‍ഡിലെ പല വിഭവങ്ങളും ഇതിനോടകം മടുത്ത് തുടങ്ങിയിരുന്നു. താമസത്തിനൊപ്പം ആഹാരം കൂടി ഉള്‍പ്പെടുന്ന കൂപ്പണുകള്‍ ഉണ്ടായിരുന്നതിനാല്‍ ദിവസവും രണ്ട് നേരം ഇതൊക്കെ തന്നെ സഹിച്ചെ പറ്റുമായിരുന്നുള്ളു. ദാനം കിട്ടുന്ന പശുവിന്‍റെ വായിലെ പല്ലെണ്ണി നോക്കരുതെന്നുമല്ലെ.....



പകല്‍ വെയില്‍ കൊണ്ടതിന്‍റെ ക്ഷീണവും തലവേദനയും കൂടിയായപ്പോള് ‍ വേഗമൊന്ന് ഉറങ്ങിയാല്‍ മതിയായിരുന്നു എനിക്ക്. അതിനാല്‍ ഭക്ഷണം വേഗം കഴിച്ച് തിരികെ മുറിയില്‍ എത്തി. മക്കളെ പല്ലുതേപ്പിക്കുന്ന ജോലിയൊക്കെ ഭര്‍ത്താവിനെ ഏൽപ്പിച്ച് പോയി കിടന്നു. എന്നാല്‍ സുന്ദരിയില്‍ നിന്നും പകര്‍ന്നു കിട്ടിയ ചുമ രാത്രിയില്‍ വില്ലനായി. കടല്‍ത്തീരത്തെ കാറ്റും അതിനെ പ്രകോപിപ്പിച്ചിട്ടുണ്ടാവണം. ചുമച്ച് ചുമച്ച് കഴിച്ച ഭക്ഷണം മുഴുവന്‍ പുറത്തേയ്ക്ക്... ആ രാത്രിയില്‍ ഉറക്കമെന്നോട് പിണങ്ങി മാറി നില്‍ക്കയായിരുന്നു. ചുമ കാരണം പുലര്‍ച്ചെ പതിവിലും നേരത്തെ ഉണര്‍ന്നു. ഉണര്‍ന്നതും നേരെ സ്വെറ്ററിട്ട് ക്യാമറയും എടുത്ത് ബാല്‍ക്കണിയിലേയ്ക്ക്... കോട്ടേജുകള്‍ മുഴുവന്‍ മയക്കത്തിലായിരുന്നു. പ്രധാനകെട്ടിടത്തിന്‍റെ മുകളിലെ നാഴികമണിയോട് ചേര്‍ന്നുള്ള ലൈറ്റും , ദൂരെ കടലില്‍ മത്സ്യബന്ധനത്തിനോ മറ്റൊ പോകുന്ന ബോട്ടുകളിലെ അരണ്ട വെളിച്ചവും മാത്രമെ ദൃശ്യമായിരുന്നുള്ളു. ആകാശത്ത് ചന്ദ്രബിംബം അപ്പോഴും വിടപറഞ്ഞ് പോയിട്ടുണ്ടായിരുന്നില്ല. അതുംനോക്കി അങ്ങനെ നില്‍ക്കുമ്പോള് ‍ അകത്ത് നിന്ന് സുന്ദരികളില്‍ ആരുടെയൊ കരച്ചില്‍ കേട്ട് തുടങ്ങി. കുഞ്ഞ് സുന്ദരി... കണ്ണ് തുറന്നപ്പോള്‍ അമ്മയെ കണ്ടില്ല എന്ന സങ്കടമായിരുന്നു ആ കരച്ചില്‍. ഉറക്കം വിട്ടുമാറാത്ത കുഞ്ഞിനെയും തോളത്തിട്ട് ഒന്നുകൂടി പോയിക്കിടന്നു. അല്പനേരം കൊണ്ട് അവളുറങ്ങി. വീണ്ടും ഓടി ബാല്‍ക്കണിയിലേയ്ക്ക് ... നല്ല ഫ്രെയുമുകളൊന്നും കിട്ടാതെ പോവരുതല്ലോ - എന്തിന്റെയായാലും ആരുടേതായാലും. ഉദയസൂര്യന് അന്ന് എനിക്ക് കണിയാവാനായില്ല . എന്നെ കൊതിപ്പിച്ച് അല്പാല്പമായി മേഘക്കീറുകള്‍ ചുവപ്പണിഞ്ഞെങ്കിലും സുര്യനെ മാത്രം അവരെവിടെയോ ഒളിപ്പിച്ചുവെച്ചു. അരമണിക്കൂറിനുമുകളില്‍ വലിയ പ്രതീക്ഷയോടെ അവിടെ നിന്നിട്ടും നിരാശതന്നെയായിരുന്നു ഫലം . ഒരു ചായ കിട്ടിയിരുന്നെങ്കില്‍ എന്നുള്ള പ്രിയതമന്‍റെ താല്പര്യം മാനിച്ച് തല്‍ക്കാലം ക്യാമറയും അടച്ച് ഞാന്‍ ഉള്ളിലേക്ക് കയറിപോന്നു.




പല്ല് തേച്ച് ചായ കുടിച്ച് വന്നപ്പോഴേയ്ക്കും മക്കളുണര്‍ന്നു . അവരെ പല്ല് തേപ്പിച്ച് പാലൊക്കെ കുടിപ്പിച്ച് ടിവിയിലേയ്ക്ക് കണ്ണയച്ചിരുന്നപ്പോഴേയ്ക്കും തലേന്ന് മുടങ്ങിപ്പോയ ഗ്രാസ് , കാന്‍ സന്ദര്‍ശനം നമുക്കിന്ന് നടപ്പിലാക്കിയാലോ എന്ന ചോദ്യവുമായി പ്രിയപ്പെട്ടവന്‍... കുഞ്ഞിനെന്തായാലും സുഖമായ സ്ഥിതിയ്ക്ക് നമുക്ക് പോകാമല്ലോ എന്ന് ഞാനും. അങ്ങനെ ഒന്‍പതരയോടെ മുറിയില്‍ നിന്നിറങ്ങി താഴെപോയി പ്രാതലും കഴിച്ച് ആ വഴി തന്നെ നേരെ ഗ്രാസിലേയ്ക്ക്. ആ യാത്രയും കുറേ പുതുമയുള്ള കാഴ്ചകള്‍ തന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സൂര്യകിരണങ്ങള്‍ക്ക് ഇത്തിരി ചൂട് കുറവായിരുന്നു . മഴ പെയ്തേക്കുമോ എന്ന് പോലും തോന്നിപ്പിക്കുന്നവിധം അവിടവിടെ മഴമേഘങ്ങളും നേര്‍ത്തൊരു കുളിരും ഉണ്ടായിരുന്നു। എന്നാല്‍ വരാനിരിക്കുന്ന കൊടുംതണുപ്പിനെ മുന്നില്‍ക്കണ്ട് സൂര്യനെയും ചൂടിനേയും കടലിനെയും ആവോളം പുണരാന്‍ തിരക്ക് കൂട്ടുന്നവരായിരുന്നു വഴിയിലുടനീളം... അവധിക്കാലം ചെലവഴിക്കാന്‍ ഈ മനോഹരതീരത്ത് വന്നവരൊക്കെയും പ്രായഭേദമന്യെ നിരത്തിലുണ്ടായിരുന്നു. വളര്‍ത്ത് നായെയും കൂട്ടി ട്രാക്ക് സ്യൂട്ടുകളില്‍ പ്രഭാതസവാരിയ്ക്കിറങ്ങിയവര്‍, പറ്റിക്കിടക്കുന്ന നൈലോണ്‍ ഷോര്‍ട്ട്സും ബനിയനും അണിഞ്ഞ് പ്രായത്തെ വെല്ലുവിളിച്ച് ഓടുന്നവര്‍, എട്ടും പത്തും പേരടങ്ങുന്ന ചെറുഗ്രൂപ്പായി സ്പോര്‍ട്സ് സൈക്കിളില്‍ കുതിച്ച് പായുന്നവര്‍... ഇതിനിടയില്‍ കോര്‍പറേഷന്‍റെ വകയായ ഗാര്‍ബേജ് സംഭരിക്കുന്ന ട്രക്ക് വഴിയിലിടയ്ക്കിടെ നിര്‍ത്തി ബാസ്ക്കറ്റുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നവര്‍ ...അങ്ങനെ വൈവിധ്യമാര്‍ന്ന കാഴ്ചകളുമായാണ് അന്നത്ത യാത്ര തുടങ്ങിയത് തന്നെ.

യാത്രയ്ക്കിടയില്‍ സൂര്യന്‍ പതിയെ ശക്തി ആര്‍ജ്ജിക്കുന്നത് കാണാന്‍ നല്ല കൌതുകമായിരുന്നു... ഇന്നിനി മഴ പെയ്യില്ലായെന്ന് തോന്നുന്നു എന്ന പ്രിയതമന്‍റെ വാക്കുകളില്‍ നമ്മളിന്ന് പ്ലാന്‍ ചെയ്തതൊന്നും പിഴയ്ക്കൊല്ലാന്നൊരു ആശ്വാസമുണ്ടായിരുന്നു. പക്ഷേ യാത്രയില്‍ മനസ്സിനെ ഉലച്ച വല്ലാത്തൊരു കാഴ്ചയും കാണാനായി. വഴിയിലിടയ്ക്കൊരു സിഗ്നലിന് മുന്നില്‍ ചുവപ്പ് പച്ചയാവുന്നതും കാത്ത് കിടന്നപ്പോള്‍ ഗര്‍ഭിണിയായ ഒരു അമ്മ എകദേശം മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി സിഗ്നലിന് മുന്പില്‍ ഊഴം കാത്ത് കിടക്കുന്ന വാഹനങ്ങള്‍ക്ക് അടുത്തുചെന്ന് കൈനീട്ടി യാചിക്കുന്നു. അത്രയും തിരക്കുള്ള വഴിയില്‍ കൊച്ച് കുട്ടിയുമായി വാഹനങ്ങള്‍ക്കിടയിലൂടെ നടന്ന് കൈനീട്ടുന്ന കാഴ്ച ഹൃദയഭേദകമായ ഒരു ദൃശ്യമായി ഇപ്പോഴും ഉള്ളിലങ്ങനെ നില്‍ക്കുന്നു. കിഴക്കന്‍ യൂറോപ്പിലെ ഏതോ മുസ്ലീം രാജ്യത്ത് നിന്നാവണം അവരുടെ വരവ് എന്ന് വേഷഭൂഷാദികളില്‍ നിന്നും മനസ്സിലായി. സമാനമായ കാഴ്ചകള്‍ മുന്‍പ് ലോകത്തിന്‍റെ ഫാഷന്‍റെ കേന്ദ്രമായ പാരീസിന്‍റെ തെരുവുകളിലും ഞാന്‍ കണ്ടിട്ടുണ്ട്. ഫ്രാന്‍സ് പോലൊരു സമ്പന്ന രാജ്യത്തെ ഈ കാഴ്ച വിരോധാഭാസമായി തോന്നി. ഒടുവില്‍ ഏകദേശം പതിനൊന്നരയോടെ ഗ്രാസ്സിലെത്തി.



ഫ്രഞ്ച് സുഗന്ധദ്രവ്യ വ്യവസായത്തിന്‍റെ സിരാകേന്ദ്രമായ ഗ്രാസ്സ് ലോകത്തിന്‍റെ പെര്‍ഫ്യൂം ക്യാപ്പിറ്റല്‍ എന്നാണ് അറിയപ്പെടുന്നത് . സമുദ്രനിരപ്പില്‍ നിന്ന് സുമാര്‍ മുന്നൂറ്റമ്പത് മീറ്റര്‍ ഉയരത്തിലും തീരപ്രദേശത്ത് നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുമായി സ്ഥിതി ചെയ്യുന്നതിനാല് ഇവിടുത്തെ കാലവസ്ഥ പുഷ്പകൃഷിയ്ക്ക് വളരെ അനുയോജ്യമാണ്. താമസിച്ചിരുന്ന കോട്ടേജിന്‍റെ റിസപ്ഷനില്‍ ഗ്രാസ്സിലെ ഫ്രിഗൊനാറ്ഡ് എന്ന കമ്പനിയുടെ പരസ്യവും ചില ഉത്പന്നങ്ങളുടെ ഡിസ്പ്ലേയും കണ്ടാണ് സത്യത്തില്‍ ഈ യാത്രയ്ക്കൊരുങ്ങിയത് തന്നെ. ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഇവിടെയുള്ള അനേകം ഫാക്ടറികളില്‍ ഒന്ന് മാത്രമാണ് അതെന്ന് . ഫാക്ടറികള്‍ക്ക് നൂറ് മീറ്റര്‍ അകലെതന്നെ അതിനെ സൂചിപ്പിക്കുന്ന ബോര്‍ഡുകളും, പാര്‍ക്കിങ്ങ് സൌകര്യങ്ങള്‍ കാണിച്ചുകൊണ്ടുള്ള ചുവരെഴുത്തുകളും കാണാമായിരുന്നു. ഓരോ ഫാക്ടറിയോടനുബന്ധിച്ചും അവരുടേതായ മ്യൂസിയങ്ങളും സ്വന്തം ഗൈഡുകളെ വച്ചുള്ള ചെറിയ യാത്രകളും ഉണ്ട്. രണ്ടു മൂന്ന് ഫാക്ടറികളിലൂടെ കയറിയിറങ്ങിയതിനിടയില്‍ ഒരിടത്ത് ജപ്പാന്‍‌കാരിയായ ഒരു ഗൈഡിന്‍റെ ഇംഗ്ലീഷിലുള്ള വിവരണത്തോടെയുള്ള യാത്രയ്ക്കൊപ്പം ചിലതെല്ലാം കാണാന്‍ സാധിച്ചു. അവരുടേ ഇംഗ്ലീഷിനിത്തിരി ജപ്പാന്‍, ഫ്രഞ്ച് സ്വാധീനങ്ങളുണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത് ധാരാളം മതിയായിരുന്നു.

ഒരു പൂവ് അല്ലെങ്കില്‍ ഒരു സുഗന്ധവ്യഞ്ജനം എങ്ങനെ നമ്മളൊക്കെ ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകളായി പരിണമിക്കുന്നു എന്നതിന്റെ പ്രക്രിയകള്‍ കണ്ടു മനസ്സിലാക്കിയത് വളരെ രസകരമായിരുന്നു . ഇഞ്ചിയും കുരുമുളകും തക്കോലവും ഗ്രാമ്പൂവും വരെ പല പെര്‍ഫ്യൂമുകളുടെയും അസംസ്കൃതവസ്തുക്കളാണെന്നതും എനിക്ക് പുതിയ അറിവായിരുന്നു. അവിടെ കണ്ട മിക്കവാറും പെര്‍ഫ്യൂമുകളുടെയും പ്രധാനപ്പെട്ട അസംസ്കൃത വസ്തു മുല്ലപ്പൂവാണ്. ഇതിന് വേണ്ട മുല്ലപ്പൂവ് ശേഖരിക്കുന്ന സമയം പോലും വളരെ പ്രധാനമാണത്രെ. സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പു എകദേശം അഞ്ച് മണിയോടെ അവ പറിച്ചെടുത്ത് പ്രത്യേക ഊഷ്മാവില്‍ സൂക്ഷിച്ച്... അങ്ങനെയുള്ള കുഞ്ഞു കുഞ്ഞ് അറിവുകള്‍... പിന്നെ യൂഡീ റ്റോയിലെറ്റ്, യൂഡി കൊളോണ്‍, ആഫ്റ്റര്‍ ഷേവ് ലോഷന്‍ ഇവ ഒരോന്നിലുമുള്ള ആള്‍ക്കഹോളിന്‍റെയും എസ്സന്‍സിന്‍റെയും അളവുകളിലുള്ള വ്യത്യാസങ്ങള്‍, അതിലേതൊക്കെയാണ് സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കാറുള്ളത്, എതൊക്കെയാണ് പുരുഷന്മാരുടേത്... അങ്ങനെയങ്ങനെ വളരെ വിജ്ഞാനപ്രദമായിരുന്നു ആ സന്ദര്‍ശനങ്ങള്‍‍. മൂന്ന് ഫാക്ടറികള്‍ സന്ദര്‍ശിച്ചിട്ടും ഒരിടത്ത് പോലും വാങ്ങണമെന്ന് പ്രിയം തോന്നിയ ഒരു പെര്‍ഫ്യൂമും കണ്ടതില്ല... മാത്രമല്ല, ചുമ വല്ലാതെ ശല്യപ്പെടുത്തിയിരുന്നതിനാല്‍ എത്രയും വേഗം സുഗന്ധങ്ങള്‍ തിങ്ങിനിറഞ്ഞു നിന്നിരുന്ന ആ അന്തരീക്ഷത്തില്‍ നിന്നെങ്ങനെയെങ്കിലും പുറത്ത് കടന്നാല്‍ മതിയെന്നായിരുന്നു എനിക്ക് . പുറത്ത് ഇറങ്ങി വന്നപ്പോള്‍ ഒരിത്തിരി തണുത്ത് തുടങ്ങിയിരുന്നു അന്തരീക്ഷം. അടുത്ത് മറ്റെന്തെങ്കിലും കാണാനുണ്ടോ എന്ന് പെര്‍ഫ്യൂം ഫാക്ടറിയിലെ ഒരു സ്ത്രീയോട് തിരക്കിയിരുന്നു. പെര്‍ഫ്യൂം ഫാക്ടറികളല്ലാതെ മറ്റൊന്നും തന്നെ ഈ കൊച്ച് പട്ടണത്തിലില്ല എന്നതായിരുന്നു അവരുടെ ഉത്തരം. എങ്കില്‍ ഉച്ചഭക്ഷണം കഴിച്ചാലോ എന്നോര്‍ത്ത് വാച്ച് നോക്കിയപ്പോള്‍ സമയം ഒന്നായിട്ടെയുള്ളു. ഏകദേശം മുപ്പത് മിനിട്ടു കൂടീ ഡ്രൈവ് ചെയ്താല്‍ കാനിലെത്തില്ലെ...അവിടുന്നായിക്കൂടെ ഉച്ചഭക്ഷണം എന്ന എന്‍റെ അഭിപ്രായം ഭര്‍ത്താവിനും സ്വീകാര്യമായിരുന്നു . പെര്‍ഫ്യൂമുകളുടെ ഗന്ധം എന്‍റെ ചുമയ്ക്കാനുള്ള തോന്നലിനെ വല്ലാതെ ഉത്തേജിപ്പിച്ചിരുന്നു...കൂടെ കരുതിയിരുന്ന ഫ്ലാസ്കില്‍ നിന്നും ഇടയ്ക്കിടെ ചൂട് വെള്ളം കുടിച്ചിട്ടും അതിനൊരു ശമനവും ഉണ്ടായില്ല. ചുമച്ച് കഴിച്ചതൊക്കെ വീണ്ടും പുറത്തേയ്ക്ക് പോരുമോ എന്ന പേടിയായിരുന്നു കൂടുതല്‍ . എന്നാല്‍ ഭയന്നതൊന്നുമില്ലാതെ കാനിലെത്തിപ്പെട്ടു.



ഗ്രാസ്സിന്‍റെ ശാന്തതയൊന്നും അവിടെ കണ്ടില്ല. ശരിക്കും ഒരു അന്താരാഷ്ട്ര പ്രാധാന്യമുള്ള പട്ടണം തന്നെയെന്ന് ഓരോ ഇഞ്ചും തോന്നിപ്പിക്കും വിധമായിരുന്നു ആ പട്ടണത്തിന്‍റെ കെട്ടും മട്ടും. സിനിമാനഗരി എന്നത് അന്വറ്ത്ഥമാക്കാന്‍ പോന്നതായിരുന്നു പലയിടത്തും സ്ഥാപിച്ചിരുന്ന CANNES എന്നെഴുതിയ ചില കറങ്ങുന്ന തൂണുകള്. അവയുടെ ചുമരുകളില്‍ പതിപ്പിച്ചിരുന്ന സിനിമകളുടെ പോസ്റ്ററുകള്‍ കണ്ണാടിച്ചില്ലുകളുടെ സുരക്ഷയില്‍ ഒരുപാടെന്തൊക്കൊയോ വിളിച്ച് പറയുന്നുണ്ട് എന്ന് തോന്നിപ്പിച്ചു. അത്രയ്ക്ക് ജീവസ്സുറ്റവയായിരുന്നു ഓരോ പോസ്റ്ററുകളും അവയിലെ മുഖങ്ങളും ... പാര്‍ക്കിങ്ങ് തേടി നടന്ന് അവസാനം സ്ഥലം കിട്ടിയത് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന Palais des Festivals et des Congrès എന്ന ഗ്രാന്‍ഡ് ആഡിറ്റോറിയത്തിന്‍റെ ഭൂഗര്‍ഭപാര്‍ക്കിങ്ങില്‍ തന്നെയായിരുന്നു. വണ്ടി പാര്‍ക്ക് ചെയ്തു മുകളില്‍ വന്നത് വലിയ ഒരു തിരക്കിലേയ്ക്കാണ് . ചുവപ്പ് പരവതാനി വിരിച്ച നടപ്പാതയും, ബാഡ്ജുകളും തൂക്കി കോട്ടും സൂട്ടും ധരിച്ച് തലങ്ങും വിലങ്ങും തിരക്കിട്ട് നടക്കുന്ന പുരുഷന്മാര്‍, സ്ത്രീകള്‍, പിന്നെ കടന്നു വരുന്ന ഓരോ അനക്കങ്ങളെയും അതീവശ്രദ്ധയോടെ നിരീക്ഷിക്കുന്ന സെക്യൂരിറ്റി ഗാറ്ഡുകളും. പുറത്തിറങ്ങി വന്ന ഞങ്ങളെയും അവര്‍ വെറുതെ വിട്ടില്ല. ചുവപ്പ് പരവതാനിയിലേയ്ക്ക് കാല്‍ കുത്തിയതെ ഒരു ആറടി പൊക്കക്കാരന്‍ ഞങ്ങളെ കൈകാട്ടി വിളിച്ചു. സത്യത്തില്‍ ആദ്യം ഒന്ന് ഭയന്നു. ഈ ജനക്കൂട്ടത്തെ കണ്ടപ്പോഴെ വിചാരിച്ചിരുന്നു ഇവിടെ സാധാരണക്കാരന് പ്രവേശനത്തിന് എന്തോ പ്രശ്നമുണ്ട് എന്നു. സിനിമയുടെ നഗരിയായതിനാല്‍ അഭ്രപാളിയിലെ എതോ സുന്ദരനെയോ സുന്ദരിയെയൊ പ്രതീക്ഷിക്കുന്നതിനാലാവാം ഈ തയ്യാറെടുപ്പുകളെന്നും അതാരാവും എന്നൊന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍ നാളെ നാല് പേരോട് പറയുകയും ആവാമല്ലോ എന്ന ഒരു ഗൂഢവിചാരവും ഉണ്ടായിരുന്നുവെന്ന് കൂട്ടിക്കോളു. ആഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര ടെലിവിഷന്‍ കോണ്‍ഗ്രസ്സ് നടക്കുകയാണെന്നും, പാര്‍ക്കിങ്ങ് ഏവര്‍ക്കും അനുവദനീയമാണെങ്കിലും ഉള്ളിലേയ്ക്ക് പ്രതിനിധികള്‍ക്ക് മാത്രമെ പ്രവേശനം സാധ്യമുള്ളു എന്ന് ഞങ്ങളെ അറിയിക്കുകയും, ആ കോമ്പൌണ്ടില്‍ നിന്നും എങ്ങനെയാണ് പുറത്തേയ്ക്ക് കടക്കുക എന്നത് കാട്ടിത്തരുകയും ചെയ്യുക എന്ന സദുദ്ദേശ്യമായിരുന്നു ആ ആറടിക്കാരന്‍റേത്. അയാള്‍ക്ക് നന്ദി പറഞ്ഞ് പുറത്ത് കടക്കുന്നതിനിടയില്‍ ഉള്ളിലോരു ആവേശം തിരയടിക്കുന്നുണ്ടായിരുന്നു. ലോകസിനിമകളെയും,അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളെയും കൊതിയോടെ കാണുന്ന ചില സുഹൃത്തുക്കളെ ഇതൊക്കെ പറഞ്ഞ് കുശുമ്പ് കുത്തണമെന്നതായിരുന്നു അതിന്റെ കാരണം.



അവിടെനിന്ന് നേരെ ഇറങ്ങി നടന്നത് വഴിയ്ക്കപ്പുറം സുന്ദരികളുടെ കണ്ണുടക്കിയ അമേരിക്കക്കാരന്‍ മക്ഡോണള്‍ഡിന്‍റെ ബര്‍ഗര് ‍ കടയിലേയ്ക്ക്. ഒരു പള്ളിപെരുന്നാളിന്‍റെയത്ര ആളുണ്ടായിരുന്നു അവിടെ. പ്രിയതമനെ നീണ്ട ക്യൂവില്‍ നിറ്ത്തി മക്കള്‍ക്കൊപ്പം വാതിലിനരുകിലായി ഒഴിഞ്ഞ് കിടന്ന ഇരിപ്പിടങ്ങളൊന്നില്‍ സ്ഥാനം പിടിച്ചു. ഞാനാണെങ്കില്‍ ചുമച്ച് ഒരു തരമായിട്ടുണ്ടായിരുന്നു. കൈയിലെ ഫ്ലാസ്കില്‍ അപ്പോഴും ചൂടുവെള്ളം കരുതിയിരുന്നത് ആശ്വാസമായി തോന്നി. ആ ഇരുപ്പില്‍ ചുറ്റുമൊന്ന് വെറുതെ കണ്ണോടിച്ചപ്പോള്‍ കാണാനായത് ലോകജനതയുടെ വൈവിധ്യം മുഴുവനുമാണ് . ഒക്കെയും മാധ്യമ പ്രവര്‍ത്തകറ്; ടെലിവിഷന്‍ കോണ്‍ഗ്രസ്സിന്‍റെ ബാക്കിപത്രം. ഭക്ഷണത്തിനായുള്ള ആ കാത്തിരിപ്പിനിടയിലേയ്ക്ക് നാലഞ്ച് നാണയത്തുട്ടുകളുമായി അഴുക്കുപുരണ്ട ഒരു കൈ നീണ്ടു വന്നു. നോക്കുമ്പോള്‍ കിഴക്കന്‍ യൂറോപ്പിന്‍റെ മറ്റൊരു വൈരുദ്ധ്യമുഖം . ഇത്തവണ ഒരു ചെറുപ്പക്കാരനായിരുന്നു എന്നത് മാത്രമായിരുന്നു വ്യത്യാസം. എന്‍റെ കൈയില്‍ കാശൊന്നും ഉണ്ടായിരുന്നില്ല . ഒന്നുമില്ല എന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പെ ആ ചെറുപ്പക്കാരന്‍ അപ്പുറത്തെ മേശയ്ക്ക് ചുറ്റും ഇരുന്നവരുടെ അടുക്കലേയ്ക്ക് നീങ്ങിയിരുന്നു. അവിടുത്തെ ജോലിക്കാരിലാരോ വന്ന് അയാളോട് പുറത്തിറങ്ങി പോവാന്‍ നിര്‍ബന്ധിക്കുന്നതും കണ്ടു . ആ കാഴ്ചയ്ക്കു പുറകെ പോയ മിഴികള്‍ ഉടക്കിയത് രാവിലെ നിരത്തില്‍ കണ്ടതു പോലൊരു അമ്മയിലേയ്ക്കും കുഞ്ഞിലേയ്ക്കുമാണ് . അവരുടെ ഉദ്ദേശ്യവും ഭിക്ഷ തന്നെ. സമ്പന്നതയുടെയും ഫാഷന്‍റെയും സിനിമയുടെയും നഗരിയായ കാനിലും ഈവിധ കാഴ്ചകള്‍ ആശ്ചര്യകരമായി തോന്നി . ഭക്ഷണം കഴിച്ച് അവിടുന്ന് ഇറങ്ങി വെറുതെ അടുത്തു കണ്ട കടല്‍ക്കരയ്ക്കടുത്തേയ്ക്ക് നടന്നു. വഴിയോട് ചേര്‍ന്ന് അരയാള്‍ പൊക്കത്തില്‍ ചെറിയ ഭിത്തി കെട്ടിയിട്ടുണ്ടായിരുന്നു. അതിലിരുന്ന് മനോഹരമായ ആ തീരത്ത് വെയില്‍ നുകരാന്‍ എത്തിയവരെയും പഞ്ചാരമണലില്‍ കുസൃതികള്‍ കാണിച്ച് കലപില കൂട്ടുന്ന കുഞ്ഞുങ്ങളെയും കണ്ടിരിക്കാന്‍ നല്ല കൌതുകമുണ്ടായിരുന്നു. വെയിലിനത്ര ചൂടില്ലാതിരുന്നതിനാല്‍ ആ ഇരുപ്പിന് നല്ല രസവുമുണ്ടായിരുന്നു. പക്ഷെ സമയം കടന്ന് പോകുംതോറും തണുപ്പേറുകയായിരുന്നു. എന്‍റെ ചുമയാകട്ടെ ഇടയ്ക്കിടെ വല്ലാതെ പേടിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. സന്ധ്യയ്ക്കു മുന്‍പേ ഒക്കെ നടന്ന് കണ്ട് എത്രയും വേഗം തിരികെ മുറിയിലേയ്ക്ക് പോണതാവും ബുദ്ധിയെന്ന് പ്രിയതമന് തോന്നി. അങ്ങനെ അവിടെ നിന്നെഴുന്നേറ്റ് വീണ്ടും നടന്നു. നടന്ന് ചെന്ന് നിന്നത് ഒരു കളിത്തീവണ്ടിക്കടുത്താണ്. രൂപഭാവങ്ങളൊക്കെ തീവണ്ടിക്കു സമമായിരുന്നെങ്കിലും അത് ഒരു മോട്ടോര്‍ വാഹനം തന്നെയായിരുന്നു. മുപ്പത്തഞ്ച് മിനിറ്റിന്‍റെ ഓട്ടപ്രദക്ഷിണം കൊണ്ട് കാനിലെ പ്രധാന കാഴ്ചകള്‍ കാണിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ബോറ്ഡും അതിനടുത്ത് കണ്ടു. എങ്കില്‍ പിന്നെ ഇതില്‍ കയറാം എന്ന് തീരുമാനിച്ചു. സുന്ദരികള്‍ക്കും അക്കാര്യത്തില് ‍ സന്തോഷമായി.



അതിലെ യാത്ര തീരുമാനിച്ചപ്പോഴെയ്ക്കും സുന്ദരികള്‍ ഒരു കമ്പാര്‍ട്ട്മെന്‍റില്‍ ചാടിക്കയറി ഇരിപ്പുറപ്പിച്ചിരുന്നു. അതിന്‍റെ ഒരു വശം ചില്ലുകൊണ്ടു അടച്ച് കെട്ടിയിരുന്നു. മറുവശത്ത് ഒരോരുത്തരായി അകത്തേയ്ക്ക് കയറാന്‍ പാകത്തില്‍ സ്ഥലവുമുണ്ട്. ഞങ്ങള്‍ നാല് പേര്‍ക്കും കൂടി ഒന്നിച്ച് കഷ്ടിച്ചിരിക്കാവുന്ന സ്ഥലമുള്ള ഒറ്റ ഇരിപ്പിടം. മക്കളെ ഇടയിലിരുത്തി ക്യാമറക്കണ്ണുകള്‍ തുറക്കാന്‍ പാകത്തില്‍ അടച്ച് കെട്ടില്ലാത്തെ വശത്ത് ഞാന്‍ സ്ഥാനം പിടിച്ചു. നാലഞ്ച് കമ്പാറ്ട്ട്മെന്‍റുകള് ഉള്ളതില്‍ ഒന്നു പോലും നിറഞ്ഞിരുന്നില്ല. വേനലിന്‍റെ ചൂട് വിടപറഞ്ഞ് തുടങ്ങുന്ന ഒക്ടോബറായതിനാലാവും ആള് കുറവെന്ന് പ്രിയതമന്‍റെ ആത്മഗതം. പോരുന്നവരൊക്കെ പോന്നിട്ടെ വണ്ടി എടുക്കൂ എന്ന വാശിയിലായിരുന്നു അതിന്‍റെ സാരഥി എന്ന് തോന്നി. ആ കാത്തു നിൽപ്പ് മടുപ്പിക്കുന്നു എന്ന് തോന്നിയതിനാലാവും ഞങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന ഫ്രഞ്ചുകാരായ രണ്ട് അമ്മുമ്മമാരോട് അയാള്‍ കുശലം ചോദിച്ചു തുടങ്ങിയത്. ആ നിൽപ്പും സംസാരവും പത്ത് മിനിട്ട് കൂടി നീണ്ടു പോയി. അതും ശ്രദ്ധിച്ചിരിക്കെ മറ്റൊരാള്‍ വന്ന് ഞങ്ങള്‍ക്ക് നാലുപേര്‍ക്കും റ്റിക്കറ്റ് തന്ന് സമയമായി എന്നറിയിച്ചു. എല്ലാ ഇരിപ്പിടങ്ങളും നിറഞ്ഞോ എന്നറിയാന്‍ വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി . നാല് കമ്പാറ്ട്ട് മെന്‍റുകളിലും പേരിന് മാത്രം ആളുകള്‍. ഞങ്ങളെപ്പോലെ തന്നെ സീസണ്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ ലാഭകരമായി ഒരു ഒഴിവുകാലം ആസ്വദിക്കാന്‍ വന്നവരാകുമെന്ന് ഞാനോര്‍ത്തു. അങ്ങനെ ആ കുട്ടിട്രെയിനില്‍ സിനിമാനഗരിയിലെ തിരക്കിനിടയിലൂടെ കാഴ്ചകള്‍ കണ്ടും വിവരണം കേട്ടുമുള്ള യാത്രയ്ക്ക് പ്രത്യേക ചാരുതയായിരുന്നു. ഓരോരുത്തര്‍ക്കും ചെവിയില്‍ വയ്ക്കാന്‍ പാകത്തിലുള്ള ഹെഡ്ഫോണുകളും അവനവന്‍റെ ഭാഷയില് വിവരണം കേള്‍ക്കാനുള്ള സൌകര്യവും റെക്കോറ്ഡ് ചെയ്ത് വച്ചിരുന്നതിനാല്‍ അതില് പറയുന്ന ഓരൊന്നിനടുത്തും വണ്ടി എത്തുന്നതനുസരിച്ച് എന്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. നഗരമദ്ധ്യം വിട്ട് വണ്ടി ഊടു‌വഴികളിലേയ്ക്ക് കടന്നു. കല്ലുപാകിയ നടപ്പാതകളുള്ള ഇടുങ്ങിയ തെരുവികളിലൂടെ "പോം...പോം ..." എന്ന് ഹോണടിച്ചും ഇടയ്ക്കിടെ മണിയടിച്ചുമുള്ള യാത്ര കുട്ടികള്‍ക്ക് വല്ലാതങ്ങ് രസിച്ചു. നാടു വിട്ടാല്‍ വാഹനങ്ങള്‍ ഹോണടിക്കുന്നത് കേള്‍ക്കുന്നത് അപൂര്‍വ്വമായതിനാല്‍ ഞങ്ങള് കുറച്ച് വര്‍ഷങ്ങള്‍ പുറകില്‍ സഞ്ചരിക്കുന്നത് പോലെ തോന്നി. ഈ കല്ലു പാകിയ നടപ്പാതകള്‍ യൂറോപ്പിന്‍റെ മാത്രം പ്രത്യേകതയാണെന്ന് തോന്നുന്നു. ന്യൂ ടൌണെന്നും ഓള്‍ഡ് ടൌണെന്നും വേര്‍തിരിച്ച് കാണാവുന്ന നാഗരികത ഞാനിവിടെ സ്വിറ്റ്സെര്‍ലെണ്ടിലും കണ്ടിട്ടുണ്ട്. വല്ലാത്തോരു വശ്യതയുണ്ട് ആ നടപ്പാതകള്‍ക്കും അതിനിരുവശവും നില്‍ക്കുന്ന കെട്ടിടങ്ങള്ക്കും .വിക്ടോറിയന്‍ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കാറുണ്ട് അവ പലപ്പോഴും.



യാത്രയ്ക്കിടെ ആദ്യമായി വണ്ടി നിന്നതും ഞങ്ങളൊന്ന് പുറത്തിറങ്ങിയതും Le Suquet hill എന്ന കുന്നിന്‍റെ മുകളിലെ പള്ളിമുറ്റത്താണ്. our lady of hope എന്ന കന്യകാമറിയത്തിന്‍റെ നാമധേയത്തിലുള്ള ഒരു ദേവാലയത്തിന്‍റെ മുന്നില്‍ .അതിന്‍റെ പ്രധാന വാതിലിന് അഭിമുഖമായി കോട്ടപോലെ ഒരു മതിലും; മുകളിലേയ്ക്ക് കയറാന്‍ കുറേ പടവുകളും... പിന്നെയാണു മനസ്സിലായത് അവിടെ നിന്നാല്‍ കാനിന്‍റെ തീരം മുഴുവനും, ആ പട്ടണം തന്നെയും കാണാമെന്ന് . അവിടെ നിന്ന് ചില ചിത്രങ്ങള്‍ എടുത്തു . സിനിമാനഗരിയുടെ മറ്റൊരു മുഖവും കാണാനായി അവിടെ നിന്ന്. വികസ്വര രാജ്യങ്ങളിലെ ചില ഗല്ലികളെ അനുസ്മരിപ്പിക്കുമാറ് തീപ്പെട്ടിക്കൂടുകള്‍ അടുക്കിവച്ചിരിക്കണത് പോലെ കുറേ വീടുകള്‍. യൂറോപ്പിലാണെന്നതിന്‍റെ ചില സൌകര്യങ്ങള്‍ മാത്രം... നല്ല മേല്‍ക്കൂര, അടച്ചുറപ്പ് ഇവയൊക്കെ. ആകെയുള്ള ചെറിയ വരാന്തയില്‍ നിരയായി വിരിച്ചിട്ടിരിക്കുന്ന നിറം മങ്ങിയ വസ്ത്രങ്ങള്‍, ആക്രികടയ്ക്കുള്ളിലെന്ന പോലെ കൂനകൂട്ടി ഇട്ടിരിക്കുന്ന മറ്റെന്തൊക്കെയോ ചില മൂലകളില്‍... അധികനേരം അവിടെ നിന്നില്ല. താഴെ ഇറങ്ങി വന്ന് ദേവാലയത്തിനുള്ളില്‍ കയറിയൊന്ന് പ്രാര്‍ത്ഥിച്ചു. സ്റ്റെയിന്‍ ഗ്ലാസ്സുകളിലെ പെയിന്‍റിങ്ങുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രാകാശവും അവിടവിടെ തെളിഞ്ഞു നില്‍ക്കുന്ന മെഴുകുതിരികളും മാത്രമായിരുന്നു അതിനുള്ളില്‍ പ്രകാശം നിറച്ചിരുന്നത് . ധ്യാനിച്ചിരിക്കാന്‍ നല്ലൊരു സ്ഥലമെന്ന് തോന്നി എനിക്ക്. അവിടെ ആകെ പത്ത് മിനിട്ടാണ് അനുവദിച്ചിരുന്നത്. അതിനാല്‍ ചുറ്റിക്കറങ്ങാന്‍ സമയമൊന്നും കിട്ടിയില്ല... വീണ്ടും അടുത്ത ഊടുവഴികള്‍ തേടി...ആ യാത്രയ്ക്കിടെ ഒരു പടം പോലും എടുക്കാന്‍ പറ്റിയില്ലന്നതാണ് എന്‍റെ സങ്കടം. ഞാന്‍ ഫോക്കസ് ചെയ്തു വരുമ്പോഴേക്കും ആ ദൃശ്യം എന്നെയും കടന്ന് പോയിട്ടുണ്ടാവും... അങ്ങനെ മുപ്പത്തഞ്ച് മിനിട്ടിന് ശേഷം കയറിയ അതേ സ്ഥലത്ത് തിരികെ എത്തി.

അപ്പോഴേയ്ക്കും വെയിലിന്‍റെ ചൂട്‍ നന്നായി തന്നെ താണിരുന്നു. സുന്ദരികള്‍ ഉറക്കം തൂങ്ങാനും തുടങ്ങിയിരുന്നു . അവരെ വിളിച്ചുണത്തി ട്രെയിനില്‍ നിന്നിറങ്ങി അടുത്ത് കണ്ട ഒരു കോഫീഷോപ്പിലേയ്ക്ക് നടന്നു. ഞങ്ങള്‍ക്ക് ചൂട് കാപ്പിയും സുന്ദരികള്‍ക്ക് ഓരോ ഗ്ലാസ്സ് പാലും വാങ്ങാമെന്നുദ്ദേശിച്ചാണ് ചെന്നതെങ്കിലും അവിടെ നിരന്നിരുന്ന ഐസ്ക്രീമുകളുടെ പെട്ടികളിലേയക്കായി അവരുടെ ശ്രദ്ധ. പിന്നെ രണ്ട് കാപ്പി പറഞ്ഞ് അവര്‍ക്ക് ഓരോ ഐസ്ക്രീമും വാങ്ങി കൊടുത്ത് അവിടെ നില്‍ക്കുമ്പോള്‍ ഭീകരന്‍ ചുമ വീണ്ടും തലപൊക്കി... ചെറുതായൊന്ന് മുരടനക്കണം എന്ന തോന്നലില്‍ തുടങ്ങിയ ചുമ പത്ത് മിനിട്ടോളം നിണ്ടു. അവസാനം കഴിച്ചതൊക്കെ പുറത്തേയ്ക്ക് പോവുമെന്ന സ്ഥിതിയായി. ഒരു ടോയിലെറ്റ് കണ്ട് പിടിക്കാം എന്ന് കരുതി അതിനായിട്ട് ഓടി. ഒന്ന് കണ്ടു. നാണയം ഇട്ടാല്‍ തുറക്കുന്നത്. ധൃതിയില്‍ നാണയമൊരെണ്ണം ഇട്ട് വായ്പൂട്ടി അക്ഷമയായി നിന്നു. അത് തുറന്നില്ല; ഇട്ട നാണയം പുറത്തേയ്ക്കും. ശരിക്കും സങ്കടമായി. ചുമകൂടി ഇവിടെങ്ങാനും ഛറ്ദ്ദിച്ചാല്‍ നാണക്കേടാവില്ലെ എന്ന തോന്നാലുണ്ടായിരുന്നു. ഭാഗ്യത്തിന് ചൂടുകാപ്പിയൊരിത്തിരി കുടിച്ചപ്പോള്‍ തൊണ്ടയ്ക്കൊരാശ്വാസമായി. ഇനിയും ഇങ്ങനെ കറങ്ങി നില്‍ക്കുന്നത് പന്തിയല്ല എന്ന് പ്രിയതമനൊരു തോന്നലുണ്ടായി. ചുമ വീണ്ടും വില്ലനായാല്‍‍ ഉടന്‍ തന്നെ ടോയിലെറ്റിലേക്ക് എത്താന്‍ ‍ വഴിക്കപ്പുറം കണ്ട മക്ഡോണത്സിലേയ്ക്ക് കയറുകയെന്നത് നല്ല കാര്യമാവുമെന്ന് പറയുകയും ചെയ്തു. ശരീരത്തിനൊരിത്തിരി ചൂടും കിട്ടും, മക്കള്‍ക്ക് എന്തെങ്കിലും ഒന്ന് കൊറിക്കുകയോ അതിനുള്ളിലെ കളിസ്ഥലത്തൊന്ന് കുത്തിമറിയുകയും ചെയ്യാം എന്നോര്‍ത്തപ്പോള്‍ എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനുമോറ്ത്തു.‍ അവിടെ ചെന്ന് ഇരുന്നപ്പോള്‍ ചെറിയ ആശ്വാസം തോന്നി. എന്നാല്‍ അവിടെ ഇരുന്നധികമാവുന്നതിന് മുന്‍പ് തന്നെ എപ്പോഴാണ് നമ്മള്‍ തിരിച്ച് ഹോട്ടലില്‍ പോവുന്നതെന്ന് ചോദിച്ച് വഴക്കു തുടങ്ങിക്കഴിഞ്ഞിരുന്നു സുന്ദരികള്‍. കളിയ്ക്കാനൊന്നുമുള്ള ഉന്മേഷം ഉണ്ടായിരുന്നില്ല രണ്ടാള്‍ക്കുമെന്ന് തോന്നി. കാനിലെ കാഴ്ചകള്‍ മുഴുവന്‍ കണ്ട് തീര്‍ന്നിരുന്നില്ലെങ്കിലും എനിക്കും എങ്ങനെയങ്കിലും ഒന്ന് മുറിയിലെത്തിയാല്‍ മതിയെന്നായിട്ടുണ്ടായിരുന്നു.

(തുടരും....)

Thursday, October 25, 2007

സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്...ഭാഗം 2

ഉറക്കത്തിലേയ്ക്ക് വഴുതി പോയ ഞാന്‍ ഇടയ്ക്കെപ്പോഴോ വല്യ സുന്ദരിയുടെ കരച്ചില്‍ കേട്ടാണുണറ്ന്നത്. സോഫയില്‍ ഇരുന്നു വായിച്ച ഞാന്‍ അവിടെ തന്നെ കിടന്നുറങ്ങിപോയതിനാല്‍ കരച്ചില്‍ കിടപ്പ് മുറിയില്‍ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കാന്‍ ഒരിത്തിരി സമയം എടുത്തു. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ഓടി അവള്‍ടെ അടുത്ത് ചെന്നപ്പോഴേയ്ക്കും തീ പോലെ പൊള്ളുന്നു ഒപ്പം ചെവിവേദനയും. കഴിഞ്ഞ പകല്‍ സമ്മാനിച്ച കാഴ്ചകളിലെ കൌതുകവും സന്തോഷവുമൊക്കെ ഒരു നിമിഷം കൊണ്ട് ഉള്‍വലിയുന്നപോലെ തോന്നി .പനിയുണ്ടായേക്കും എന്ന ഭീതിയില്‍ ഫ്രീസറില്‍ ഐസാവാന്‍ വെള്ളം വച്ചത് പ്രയോജനപ്പെട്ടല്ലോ എന്നോര്‍ത്തു. പനിയ്ക്കുള്ള മരുന്ന് കൊടുത്തതിന് പുറകെ ഐസെടുത്ത് തുണിയില്‍ പൊതിഞ്ഞ് നെറ്റിയിലും കാല്‍വെള്ളയിലും കൈവെള്ളയിലും വച്ച് ഒന്നെര മണിക്കൂറോളം ഞാന്‍ അവള്‍ക്ക് കൂട്ടിരുന്നു. ആ സുഖത്തില്‍ കുഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി. അവളെയും വട്ടം പിടിച്ച് ഞാനും അവിടെ തന്നെ കിടന്നു.



വാവെ അമ്മയെ വിളിക്ക്,വന്ന് sunrise ന്റെ ഫോട്ടൊയെടുക്കാന്‍ പറയ്... ഇത് കേട്ടാണ് പിന്നെ ഞാന്‍ ഉണരുന്നത്.വാച്ച് നോക്കുമ്പോള്‍ ഏഴ് മണി.ഈ സമയത്തോ സൂര്യോദയം എന്നൊന്ന് സംശയിച്ചെങ്കിലും എഴുന്നേറ്റ് വന്നപ്പോള്‍ കണ്ടു ചെഞ്ചായം കലര്‍ന്ന മേഘപാളികള്‍ക്കിടയില്‍ കര്‍മ്മസാക്ഷി....രാത്രിയില്‍ മോള്‍ക്ക് കൂട്ടിരുന്നതിനാല്‍ രണ്ട് മണിയോളമായിരുന്നു ഉറങ്ങിയപ്പോള്‍‍.അതിനാല്‍ തന്നെ ഉറക്കമുണരുന്നത് വൈകുകയും സൂര്യന്‍ എനിക്ക് മുന്‍പേ ഉണരുകയും ചെയ്തേക്കുമെന്ന് ആശങ്കയുമുണ്ടായിരുന്നു. ഞായറാഴ്ച മുതല്‍ തിരിച്ചു പോരാന്‍ ഉദ്ദേശിച്ചിരുന്ന വെള്ളിയാഴ്ച വരെ എല്ലാ സൂര്യോദയങ്ങളും കണ്ടേ തീരൂ എന്നൊരു വാശിയും ഉണ്ടായിരുന്നൂന്ന് കൂട്ടിക്കൊളു. ബാല്‍ക്കണിയുടെ ദര്‍ശനം കിഴക്കോട്ടായതിനാല്‍ സൂര്യാസ്തമയം കാണാന് മറ്റെന്തെങ്കിലും വഴി കണ്ട് പിടിക്കേണ്ടി വരുമെന്ന് പ്രിയതമന്‍ പറയുന്നുണ്ടായിരുന്നു.എന്തായാലും ക്യാമറയും കൊണ്ട് നേരെ ബാല്‍ക്കണിയിലേയ്ക്ക് ഇറങ്ങി നിന്ന് കുറെ പടങ്ങള്‍ എടുത്തു.അതിനിടയില്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ സൂര്യന്‍ ഒളിച്ചു കളിയ്ക്കാന്‍ തുടങ്ങി. നല്ല കുളിരുണ്ടായിരുന്നതിനാല്‍ അവിടെ കഷ്ടപ്പെട്ട് നിന്ന് ആ കാഴ്ചകള്‍ പകര്‍ത്തുന്നതിനിടയില്‍ സൂര്യന്‍ ഈ കളികളിച്ചതു എനിക്കത്രക്കങ്ങ് ബോധിച്ചില്ല . ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കന്യാകുമാരിയില്‍ സൂര്യോദയം കണ്ടതാണ് അവസാനം.അതില്‍ നിന്നെത്രയോ വ്യത്യസ്തമാണ് ഇതെന്ന് ഞാന്‍ ഓര്‍ത്തു. വെങ്കിടേശസുപ്രഭാതത്തിന്‍റെ നേര്‍ത്ത അലകളോടെ കിളികളുടെ കളകളാരവങ്ങള്‍ക്കും ക്ഷേത്രത്തിലെ മണിനാദത്തിനൊപ്പവും കണ്ട അരുണോദയത്തിന്‍റെ സുഖമൊന്ന് വേറെ തന്നെയായിരുന്നു.അല്ലെങ്കില്‍ തന്നെ ക്ഷേത്രനഗരികളിലെ സൂര്യോദയങ്ങള്‍ക്ക് മനസ്സ് നിറയ്ക്കുന്ന പരിപാവനത എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.



കുഞ്ഞു സുന്ദരികള് ഉദിച്ചുയരുന്ന സൂര്യനെ ആദ്യമായി കാണുകയായിരുന്നു. കാര്യമറിയാതെ അമ്മയ്ക്കൊപ്പം ബാല്‍ക്കണിയില്‍ വന്ന് നിന്ന അവരൊടു ഉദയം എന്തെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ ഇതിലും നല്ലൊരു അവസരം ഉണ്ടാവില്ല എന്നോര്‍ത്ത് അവരുടെ പ്രിയപ്പെട്ട ടിവി ഷോയില് സൂര്യനെപ്പോലെ ഉദിച്ചുയരുന്ന ഒരു കുഞ്ഞിന്‍റെ മുഖവുമായി ബന്ധിപ്പിച്ചു മനസ്സിലാക്കികൊടുക്കുക എന്ന ദൌത്യം ഞാനങ്ങേറ്റെടുത്തു.അതെന്തായാലും നന്നായി തന്നെ ഗ്രഹിച്ചു എന്നു തോന്നുന്നു.പിറ്റേന്ന് മുതല്‍ കാലത്തുണര്‍ന്ന് വരുമ്പോഴെ ബാല്‍ക്കണിയിലേയ്ക്ക് തുറക്കുന്ന ജനാലയുടെ വിരിമാറ്റാന്‍ എന്നെക്കാള്‍ ഉത്സാഹം അവര്‍ക്കായിരുന്നു.ഈ കസര്‍ത്തുകള്‍ക്കിടയില്‍ ചായ ഉണ്ടാക്കുക എന്ന ദൌത്യം പ്രിയതമന്‍ സ്വയം ഏറ്റെടുത്തിരുന്നു.ക്യാമറയും പൂട്ടി പല്ല് തേപ്പും കഴിഞ്ഞ് മുഖം കഴുകി വന്നപ്പോഴേയ്ക്കും നല്ല ആവിപറക്കുന്ന ചൂടു ചായയൊരെണ്ണം കപ്പില്‍.ബാല്‍ക്കണി തുറന്നിട്ട് പ്രഭാതത്തിന്‍റെ കുളിരില്‍ അതങ്ങനെ കുടിച്ചിരിക്കാന്‍ എന്തായിരുന്നു രസം.മക്കളപ്പോഴേയ്ക്കും പാലൊക്കെ കുടിച്ച് ടിവി തുറന്ന് അവരുടെ പ്രിയപ്പെട്ട കാര്‍ട്ടുണുകളുടെ ലോകത്തേയ്ക്ക് പ്രവേശിച്ചിരുന്നു.വല്യസുന്ദരി അപ്പോഴും ചെവിവേദന എന്ന് പരാതി പറയുന്നുണ്ടായിരുന്നു.ചെറിയ തോതില്‍ പനിയും. അതിനാല്‍ ഇന്ന് പുറത്തേയ്ക്കൊന്നും പോവാന്‍ ഞാനില്ല എന്ന് ഞാനെന്‍റെ നയം വ്യക്തമാക്കി. .താമസത്തോടൊപ്പമുള്ള പ്രഭാതഭക്ഷണത്തിന് താഴേയ്ക്ക് പോകണമെല്ലൊ എന്നോര്‍ത്തപ്പൊള്‍ വല്ലാത്ത മടി തോന്നി. തലേന്ന് വാങ്ങിയ ആപ്പിളും മുന്തിരിയും ബിസ്കറ്റും കഴിച്ച് ഉറക്കവും കൂടി കഴിഞ്ഞ് ഇനിയിപ്പോള്‍ ഉച്ചഭക്ഷണത്തിന് താഴേയ്ക്ക് പോകാമെന്ന് പറഞ്ഞ് ഒരു ബുക്കുമെടുത്ത് ഞാനവിടെ കുത്തിയിരുന്നു.




പുറത്തപ്പോഴേയ്ക്കും ഒഴിവുകാലം ആസ്വദിക്കാനെത്തിയവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട് തുടങ്ങിയിരുന്നു.നീന്തല്‍ക്കുപ്പായത്തില്‍ പൂളിലേയ്ക്ക് പോകുന്നവര്‍,ടെന്നീസ് റാക്കറ്റുമായി കോര്‍ട്ടിലേയ്ക്ക് നടക്കുന്നവര്‍, ഗോള്‍ഫിന്‍റെ സാധനസാമഗ്രികള്‍ തോളിലേറ്റി നടന്ന് പോകുന്നവര്‍,ഇതൊന്നുമല്ലാതെ കുട്ടികളുമായി വെറുതെ നടക്കാന്‍ ഇറങ്ങിയവര്‍.....മറ്റു ചിലര്‍ക്കാകട്ടെ ആകെ കൂട്ടെന്ന് പറയാനുണ്ടായിരുന്നത് വളറ്ത്തുനായ മാത്രം.മലയാളിയ്ക്ക് ഒഴിവുകാലം എന്നത് മൂന്നു നേരം മൂക്കുമുട്ടെ കഴിച്ച് മടിപിടിച്ച് ചുരുണ്ട്കൂടാനുള്ള ഉപാധിമാത്രമാണെന്നതിന് ലോകത്തെവിടെ ചെന്നാലും മാറ്റമില്ലന്ന് എന്നെ കളിയാക്കാനായി ഇടയ്ക്കിടെ നല്ല പാതി പറയുന്നുണ്ടായിരുന്നു.എന്‍റെ മടിയും സുന്ദരിയുടെ അനാരോഗ്യവും കാരണം മുറിയില്‍ തന്നെ ചടഞ്ഞ് കൂടി ഇരിക്കേണ്ടി വന്നതിന്‍റെ വിഷമം മുഴുവന്‍ ആ കളിയാക്കലില്‍ ഉണ്ടായിരുന്നു.ഇത്രയൊക്കെ പറഞ്ഞ ആള്‍ തന്നെ അല്പം കഴിഞ്ഞപ്പോള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതും കണ്ടു.അതിന് ശേഷം എപ്പോഴോ ഞാനും ഉറങ്ങിപ്പോയി.നമുക്ക് കഴിയ്ക്കാന്‍ പോവേണ്ടെ എന്ന് പറഞ്ഞ് പ്രിയമുള്ളവന്‍ വന്നു വിളിച്ചപ്പോഴാണ് ഒരു മണി കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലായത്.അപ്പോഴേയ്ക്കും കുഞ്ഞിനൊരിത്തിരി ആശ്വാസമായതുപോലെ തോന്നി.പിന്നെ വേഗം ഒരുങ്ങിയിറങ്ങി ഭക്ഷണത്തിനായിപോയി.കടല്‍ത്തീരറീസോര്‍ട്ടായതിനാല്‍ ഭക്ഷണത്തിന്‍റെ കാതലായ ഭാഗം കടല്‍വിഭവങ്ങള്‍ തന്നെയായിരുന്നു.സാലഡില്‍ തുടങ്ങുന്ന പരമ്പരയില്‍ ചെമ്മീന്‍ മുതല്‍ വിവി്ധയിനം മത്സ്യവും കല്ലുമ്മെക്കായും നിറഞ്ഞു നിന്നിരുന്നു. കഴിച്ച് തീരാറായപ്പോഴേയ്ക്കും മോള്‍ വീണ്ടും ചെവിവേദന എന്ന് പറഞ്ഞ് കരച്ചിലായി. തിരിച്ച് കാറിനടുത്തേയ്ക്ക് നടന്ന വഴി നീന്തല്‍ക്കുളത്തിന്റെ കരയില്‍ നീന്തിക്കഴിഞ്ഞ് വെയില്‍ നുകരാന്‍ മിനക്കെട്ട് കിടക്കുന്നവരെ കണ്ട് കുറച്ച് നേരം നിന്നതൊഴിച്ചാല്‍ മറ്റൊരു കാഴ്ചകള്‍ക്കും നേരെ കണ്ണയക്കാന്‍ തോന്നിയില്ല.വീണ്ടും നേരെ മുറിയിലേയ്ക്ക്.കുഞ്ഞിനെ മരുന്നു കൊടുത്ത് കിടത്തിയിട്ട് ബാല്‍ക്കണിയില്‍ നിന്നും ദൂരെ സൂര്യരശ്മികളേറ്റ് വെട്ടിത്തിളങ്ങുന്ന കടലില്‍ അങ്ങിങ്ങ് ഒഴുകിനീങ്ങുന്ന ചെറിയ പായ്ക്കപ്പലുകളും നോക്കി നില്‍ക്കുമ്പോള്‍ മനസ്സെവിടെയൊക്കെയോ പറന്ന് നടക്കുകയായിരുന്നു.അപ്പോഴേയ്ക്കും അപ്പനും മക്കളും ഉച്ചഭക്ഷണത്തിന് ശേഷമുള്ള മയക്കത്തിലേയ്ക്ക് പ്രവേശിച്ചിരുന്നു.



സ്വസ്ഥമായി വായിക്കാന്‍ ഇതിലും നല്ല സമയം ഇനിയില്ലല്ലൊ എന്നോര്‍ത്ത് ഒരു കസേരവലിച്ചിട്ട് ബാല്‍ക്കണിയില്‍ ഇരുന്ന് ഇടയ്ക്കെവിടെയോ വായിച്ചു നിര്‍ത്തിയിരുന്ന അല്‍ക്കെമിസ്റ്റെന്ന പുസ്തകത്തിലേയ്ക്ക് ഊറ്ന്നിറങ്ങി. ഇടയിലെപ്പോഴോ പുസ്തകം അടച്ച് വച്ച് ഞാനോര്‍ത്തു...വീടിന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും അകന്ന്, പാചകമെന്ന ദൈനംദിന അഭ്യാസമില്ലാതെ, മക്കളുടെ സ്കൂള്‍ തിരക്കുകളില് നിന്നും മാറി, ഇന്‍റെര്‍നെറ്റിന്‍റെ മായികലോകം മറന്ന് സാവധാനം നീങ്ങുന്ന പകല്‍... യാന്ത്രികമായിപ്പോകുന്ന ദിനരാത്രങ്ങളില്‍ നിന്നും ഇങ്ങനെയൊരു വിടുതല്‍, അതൊരാവശ്യം തന്നെയാണെന്ന്...മനസ്സിനും ശരീരത്തത്തിനും പുതിയ ഊര്‍ജ്ജം ആവാഹിച്ച്, പുതിയ ചിന്തകള്‍ മനസ്സില്‍ നിറച്ച്...ഇതാവില്ലെ വീണ്ടെടുപ്പ് എന്ന് പറയുന്നത്‍. അങ്ങനെ എത്ര നേരം ഇരുന്നുവെന്നറിയില്ല. ഇടയ്ക്കെപ്പോഴോ സമയം നോക്കിയപ്പോള്‍ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. വൈകിട്ടൊരു നടത്തം ആകാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്.എന്തൊക്കെയോ ചില്ലറ സാധനങ്ങളും വാങ്ങണമായിരുന്നു.അങ്ങനെ ഒരു ചായ കുടിച്ച് മക്കള്‍ക്ക് പാലും കൊടുത്ത് ഒരു നടത്തത്തിന് പോയി. ആ ടൂറിസ്റ്റ് വില്ലേജില്‍ എന്തൊക്കെയുണ്ടെന്ന് അപ്പോള് മാത്രമാണ് അറിയുന്നത്. കുട്ടികളെ ഏൽപ്പിച്ച് പോവാന്‍ ഡേകെയെര്‍,ബേക്കറി, ചെറീയൊരു സൂപ്പറ് മാര്‍ക്കറ്റ്,മെഡിക്കല്‍ ഷോപ്പ്, വിവിധയിനം ഗെയിമുകളുമായി ക്ലബ്ബുകള്‍...പതിയെ നടന്ന് ഒക്കെ കണ്ട് വന്നപ്പോഴേയ്ക്കും ഇരുട്ടു തുടങ്ങി.എങ്കില്‍ പിന്നെ രാത്രിയിലേയ്ക്കുള്ളത് കൂടി കഴിച്ചിട്ട് മുറിയിലേയ്ക്ക് പോകാമെന്ന് കരുതി ആ പരിസരത്ത് തന്നെയുള്ള റെസ്റ്റോറന്‍റുകളില്‍ ഒന്നില്‍ കയറി...കഴിക്കാനുള്ള മടിയാണോ അതോ വിശപ്പില്ലായ്മയാണോ എന്നറിയില്ല ആഹാരം കഴിച്ചു തുടങ്ങിയപ്പോഴേ വല്യ സുന്ദരി പതിവ് പോലെ ചെവി വേദനിയ്ക്കുന്നു,നമുക്ക് മുറിയില്‍ പോവാമെന്ന് പറഞ്ഞ് വാശി തുടങ്ങി. ഇത് പനിയും ചെവിവേദനയും മാറിക്കഴിഞ്ഞുമുള്ള ദിവസങ്ങളിലും ആവര്‍ത്തിച്ചിരുന്നു എന്നതാണ് തമാശ.


ആ രാത്രിയും അവള്‍ക്ക് നന്നായിത്തന്നെ പനി കൊണ്ടു.അന്നും ഐസും മരുന്നുമായി വെളുപ്പിനെ വരെ അവള്‍ക്ക് കാവലിരിക്കാനായിരുന്നു എന്‍റെ നിയോഗം.എന്തോ വല്ലാത്തൊരു ഭയം എന്നെ പിടികൂടിയിരുന്നു എന്ന് വേണം പറയാന്‍.പിന്നെ കുഞ്ഞിന്‍റെ അസുഖവും വച്ച് ഈ യാത്രയ്ക്കൊരുങ്ങിയല്ലൊ എന്ന കുറ്റബോധവും എന്നെ അസ്വസ്ഥയാക്കി. കാലത്തുണര്‍ന്നപ്പോള് അവള്‍ക്കൊരിത്തിരി ആശ്വാസം കണ്ടു.ഉറക്കമുണറന്ന് പ്രഭാതകറ്മ്മങ്ങളൊക്കെ കഴിഞ്ഞ് വന്നപ്പോഴേയ്ക്കും അന്നത്തെ പ്രാതലിന്‍റെ സമയവും കഴിഞ്ഞ് പോയിരുന്നു.മോളുടെ അസുഖത്തിന് ഇത്തിരി കുറവ് കണ്ടതിനാല്‍ ഒന്നടുത്ത ടൌണ്‍ വരെ പോയി പ്രാതലിനുള്ള വകയും പാല്‍,ബ്രെഡ്,പഴങ്ങള്‍ തുടങ്ങി അത്യാവശ്യ സാധനങ്ങളും വാങ്ങി തിരിച്ച് വരാമെന്നോറ്ത്തു. പോകുന്ന വഴിയിലെ ബേക്കറിയില്‍ നിന്നും ഓരോ സാന്‍ഡ്വിച്ച് വാങ്ങി കഴിച്ചു. വീണ്ടും ഒരിത്തിരി കൂടി മുന്നോട്ട് പോയപ്പോള്‍ കുറേ സെയിലിങ്ങ് ബോട്ടുകളും കടലില്‍ ഇറങ്ങിക്കുളിയ്ക്കാന്‍ പറ്റിയ ഒരു ബീച്ചും കണ്ടു. ആ കാഴ്ച വല്ലാതെ പ്രലോഭിപ്പിച്ചെങ്കിലും സുന്ദരിയുടെ ആരോഗ്യം വല്ലാതെ വിഷമിപ്പിച്ചിരുന്നതിനാല്‍ വാങ്ങാനുള്ളതൊക്കെ വാങ്ങി എത്രയും വേഗം മുറിയിലേയ്ക്ക് പോയാല്‍ മതിയെന്നായിരുന്നു എനിക്ക്.അങ്ങനെ അധികം ചുറ്റിക്കറങ്ങാതെ തിരികെ ഹോട്ടലിലേയ്ക്ക് പോന്നു. തിരമാലകള്‍ കയറി ഇറങ്ങാന്‍ ഒരല്പമെങ്കിലും മണലുള്ളിടത്തോക്കെ വഴിയില്‍ നിന്നും താഴേയ്ക്കിറങ്ങാന്‍ പടവുകളും,കടലിലെ കുളികഴിയുമ്പോള്‍ ശുദ്ധജലത്തില്‍ ശരീരം ശുചിയാക്കാന്‍ ഒരോ ഷവറുകളും പലയിടത്തും കണ്ടു. കേരളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള പല ബീച്ചുകളും ഇതിലുമെത്രയോ മനോഹരമാണെന്ന് ഓര്‍ക്കാതിരുന്നില്ല. ചില സൌകര്യങ്ങള്‍ കൂടി ചെയ്താല്‍ ഓരൊ ചെറിയ തീരത്തിനും ഇതിലുമേറെ ആളുകളെ വശീകരിക്കാനാവും.എന്‍റെ ശ്രദ്ധയിൽപ്പെട്ട മറ്റൊരു കാര്യം അവിടുത്തെ വഴികളിലൂടെ പോകുമ്പോള്‍ ഒരിക്കലും തോന്നില്ല യൂറോപ്പിന്റെ തന്നെ ഭാഗമാണ് ഈ പ്രദേശമെന്ന്. വേനല്‍ വിടപറയുന്ന ഒക്ടോബറിലും കത്തിനില്‍ക്കുന്ന സൂര്യനും വഴിനീളെ കണ്ട എണ്ണപ്പനകളും മറ്റ് സസ്യലതാദികളും ഏതോ അറേബ്യന്‍ മണലാരണ്യത്തിലെത്തിയ പ്രീതീതി ജനിപ്പിച്ചു. ഇടയ്ക്കൊക്കെ നിറം മാറിത്തുടങ്ങിയ ഇലകള് നിറഞ്ഞ മരങ്ങളും അങ്ങിങ്ങ് കാണാനായി എന്നത് വൈരുദ്ധ്യമാവാം.


അങ്ങനെ ആ ദിനവും സംഭവങ്ങളേതുമില്ലാതെ കടന്ന് പോയി. രാത്രിയിലും പറയത്തക്ക പ്രശ്നങ്ങളൊന്നുമുണ്ടായില്ല.നേരം പുലര്‍ന്ന് വന്ന മകളുടെ ഉത്സാഹം കണ്ടപ്പോള്‍ നമുക്കിന്ന് ഗ്രാസ്സ് എന്ന പട്ടണം വരെ പോയാലൊ.ഇവിടെ നിന്ന് അന്‍പത് കിലോമീറ്റര്‍ ദൂരമേയുള്ളു, ഒപ്പം കാനും കൂടി കണ്ട് വരാമെന്ന് പ്രിയതമനൊരു അഭിപ്രായം മുന്നോട്ട് വച്ചു.ആ പദ്ധതി കുഴപ്പമില്ലാ എന്നെനിക്കും തോന്നി.സുന്ദരി പനിവിമുക്തമായ നേരം കൊണ്ട് കാണാന്‍ പറ്റുന്നതൊക്കെ കണ്ടാല്‍ അത്രയുമായില്ലെ.പോരത്തതിന് താമസിക്കുന സ്ഥലത്തെ വിവിധ ഏര്‍പ്പാടുകള്‍ക്കിറങ്ങാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കാഴ്ചകള്‍ കാണുക തന്നെയായിരുന്നു എല്ലാം കൊണ്ടും ഉചിതം.പക്ഷെ അന്നും മക്കളെ ഒരുക്കി ഞങ്ങളും ഒരുങ്ങി വന്നപ്പോഴേയ്ക്കും പതിനൊന്ന് മണി കഴിഞ്ഞിരുന്നു.എങ്കില്‍ പിന്നെ ഇന്ന് ഇവിടെ അടുത്തുള്ള ബീച്ചിലേയ്ക്ക് പോവാം ; ഉച്ചഭക്ഷണത്തിന്‍റെ സമയം വരെ അവിടെ നിന്നിട്ട് തിരിച്ച് വരാം ; ഉച്ചകഴിഞ്ഞ് വേറെ എന്തെങ്കിലും പദ്ധതിയെപ്പറ്റി ആലോചിക്കയും ചെയ്യാം...ഇങ്ങനെ കാന്തന്‍ പറഞ്ഞപ്പോള്‍ അങ്ങനെയാവട്ടെ എന്ന് ഞാനും സമ്മതം മൂളി.വെറുതെ കടല്‍ കാണാനെന്ന ഉദ്ദേശ്യത്തിലായിരുന്നതിനാല്‍ മക്കളുടെ നീന്തല്‍ക്കുപ്പായവും ഞങ്ങള്‍ക്കുള്ള ഷോര്‍ട്സുമൊന്നും എറ്റുത്തതുമില്ല.അവിടെ എത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കടലടുത്ത് കണ്ടതിന്റെ ആവേശത്തെ ചെറുക്കാന്‍ എനിക്കായില്ല.



വല്യ സുന്ദരിയ്ക്കാണെങ്കില്‍ വെള്ളത്തോട് വല്ലാത്തൊരു ഇഷ്ടവുമുണ്ട്. ഞങ്ങള്‍ രണ്ടാളും കൂടി തിരമാലകള്‍ വന്ന് തൊട്ടുരുമ്മുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി വെള്ളത്തിനടുത്തേയ്ക്ക് നീങ്ങി നിന്നു.വെറുതെ നിന്ന് കൊടുക്കുമ്പോള്‍ വെള്ളം കരയിലേയ്ക്ക് അടിച്ച് കയറുന്ന വിദ്യ, മക്കള്‍ ഇതുവരെക്കണ്ട സ്വിമ്മിങ്ങ് പൂളുകളിലൊ,നദികളിലോ ഇല്ലാതിരുന്നതിനാല്‍ ഇങ്ങനെ അലകളായി വെള്ളം വരുന്നതാണ് കടലെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. ഒപ്പം ഒരിത്തിരി വെള്ളം തൊട്ട് നാക്കില്‍ വയ്പ്പിച്ചപ്പോള്‍ ഉപ്പ് രസമാണ് കടലിലെ വെള്ളത്തിനെന്ന അറിവും കൌതുകമായി തോന്നി സുന്ദരിക്ക്.പിന്നീടവളത് വാവയ്ക്ക് പറഞ്ഞ് കൊടുക്കുന്നതും കേട്ടു. സാധാരണകടല്‍ത്തീരങ്ങളിലെപ്പോലെ അലറി വിളിയ്ക്കുന്ന തിരമാലകളവിടെ ഇല്ല. വളരെ ശാന്തമായൊഴുകുന്ന ഒരു നദിപോലേയാണീ തീരം. മെഡിറ്ററേനിയന്‍ കടലില് വളരെ പരിമിതമായി മാത്രമെ തിരമാലകള്‍ ഉണ്ടാവൂ എന്നാണ് വിക്കിപ്പീഡിയ പറയുന്നത് . പല പട്ടണങ്ങളാലും ചുറ്റപെട്ട് കിടക്കുന്ന ഒരു തടാകം പോലെയാണ് അതിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥിതി എന്നതിനാലാണ് ഇത്. കഷ്ടിച്ച് പാദം നനയ്ക്കാനുള്ള വെള്ളം മാത്രമെ കരയിലേയ്ക്ക് അടിച്ച് കയറൂ. അലകളൊന്ന് വന്ന് മുത്തമിട്ടപ്പോഴേയ്ക്കും ഞാന്‍ തിരുവന്തപുരത്തെ താമസത്തിനിടയില്‍ അപ്പന്‍റെ കൈയ്യില്‍ തുങ്ങി ശംഖുമുഖത്തെ തിരമാലകളൊട് മത്സരിക്കുന്ന നാലുവയസ്സുകാരിയായി. ആദ്യമായി കടല്‍ കണ്ട കൌതുകത്തില്‍ ഇട്ടിരുന്ന കളസമൊക്കെ ഊരി എറിഞ്ഞ് എന്‍റെ കൈയ്യില്‍ തൂങ്ങി തിരകളോട് കുറുമ്പ് കാണിക്കുന്ന മകളെ നോക്കി നിന്നപ്പോള്‍ അവളില്‍ എനിക്കെന്നെ തന്നെ കാണാന്‍ പറ്റുന്നുണ്ടായിരുന്നു.ഞാന്‍ ഇട്ടിരുന്ന കളസം മുട്ടുവരെ മടക്കി വച്ചിറങ്ങിയിട്ടും അവള്‍ക്ക് മതിയായില്ല.ഉച്ചയ്ക്ക് ഊണിന് ശേഷം നീന്തല്‍ക്കുപ്പായമൊക്കെ എടുത്ത് കൊണ്ട് വന്നിട്ട് കൂടുതല്‍ നേരം ഇറങ്ങാമെന്ന് ഒരു വിധം അവളെ പറഞ്ഞ് സമ്മതിപ്പിച്ച് തിരിച്ച് പോന്നു.




തിരികെ വന്ന് വാങ്ങിവച്ചിരുന്ന റെഡി റ്റു ഈറ്റ് കറിപ്പായ്ക്കറ്റുകളിലൊന്ന് അവനില്‍ വച്ച് ചൂടാക്കി..,രൂപത്തിലും രുചിയിലും ചപ്പാത്തിക്കടുത്ത് നില്‍ക്കുന്ന കുബൂസെന്ന അറേബ്യന്‍ ബ്രെഡ്, ചൂടാക്കിയ കറിയും കൂട്ടി കഴിച്ചതിന് ശേഷം നാലുമണിവരെ സുഖാമയൊന്നുറങ്ങി. അതിന് ശേഷം ഒരു ചായ ഉണ്ടാക്കികുടിച്ച് വീണ്ടും കടലിന്‍റെ കൌതുകത്തിലേയ്ക്ക്... നീന്തല്‍ക്കുപ്പായത്തിലായിരുന്നതിനാല്‍ സുന്ദരികള്‍ക്ക് യഥേഷ്ടം വെള്ളത്തില്‍ ഇറങ്ങാനായി. തിരകള്‍ക്കൊപ്പം ശംഖുകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ തിരഞ്ഞ് നടന്ന എനിക്ക് നിരാശയായിരുന്നു ഫലം. അപ്പനൊപ്പം വല്യസുന്ദരി തോളറ്റം വെള്ളത്തില്‍ ഇറങ്ങി. നല്ല തെളിനീരുപോലുള്ള വെള്ളത്തിലൂടെ നോക്കിയാല്‍ കാല്ച്ചുവട്ടിലെ പഞ്ചാരമണല്‍ കാണാമായിരുന്നു.ഇതിനിടയില്‍ സുന്ദരിയില്‍ നിന്നും പകര്‍ന്ന് കിട്ടിയ ചുമ എന്‍റെ കാര്യത്തില്‍ വില്ലനായി.അത് കൊണ്ട് തന്നെ മുട്ടുവരെ വെള്ളത്തിലിറങ്ങിക്കയറി കരയിലിരുന്ന് ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു എനിക്ക് യോഗം. ചേച്ചിക്കുട്ടിയുടെ ധൈര്യത്തിന്‍റെ ഏഴയലത്ത് പോലും വരാത്ത വാവക്കുട്ടി കഷ്ടിച്ച് കാലൊന്ന് നനച്ചെന്ന് വരുത്തി വീണിടം വിദ്യയാക്കി അമ്മയ്ക്ക് കൂട്ടിരുന്നു.അങ്ങനെ ഇരിക്കാനുമുണ്ടായിരുന്നു കൌതുകം...വര്‍ഷത്തില്‍ ഏറിയ പങ്കും തണുപ്പും മഞ്ഞുമായി കഴിയുന്ന യൂറോപ്യന്‍ ജനതയ്ക്ക് സൂര്യനോടുള്ള മുഴുവന്‍ അഭിനിവേശവും പ്രകടിപ്പിക്കുന്നതായിരുന്നു അവിടെ വന്ന പല സഞ്ചാരികളുടെയും വികൃയയകള്‍.പക്ഷേ ഒന്നുണ്ട്... എന്തിനേയും ഏതിനേയും വെല്ലുവിളികളിലൂടെ നേരിടാനുള്ള അവരുടെ മനസ്സ്... അത് സമ്മതിച്ച് കൊടുത്തെ പറ്റു. പ്രായഭേദമന്യേ കടലില്‍ നീന്തുന്നതിലായാലും,കയാക്കിങ്ങിന് പോകുന്നതിലായാലും ഒക്കെ...കൊച്ച് കുട്ടികളെയും ഇതിനൊക്കെ ഒപ്പം കൂട്ടാനുള്ള അവരുടെ ചങ്കൂറ്റത്തെയും അഭിനന്ദിക്കാതെ പറ്റില്ല...അധികനേരം ആ ഇരുപ്പിരിക്കാനയില്ല।വെയിലിന്‍റെ ചൂട് കുറഞ്ഞതിനൊപ്പം തണുത്ത കാറ്റും കൂടിയായപ്പോള്‍ പലരും പിരിഞ്ഞ് പോവാന്‍ തുടങ്ങിയിരുന്നു.തത്ക്കാലത്തേയ്ക്കെങ്കിലും മാറി നില്ക്കുന്ന പനിയെന്ന ഭീകരനെ വീണ്ടും ക്ഷണിച്ച് വരുത്തേണ്ടതില്ലല്ലോ എന്നോറ്ത്ത് അധികം വൈകാതെ ഞങ്ങളും തിരികെ മുറിയിലേയ്ക്ക് പോന്നു.ഇനിയും രണ്ട് നാളുകൂടി ഉണ്ടല്ലൊ എന്ന് പറഞ്ഞിട്ടും വല്യസുന്ദരിയ്ക്ക് തിരികെ പോരാന്‍ തരിമ്പും താല്പര്യമുണ്ടായിരുന്നില്ല. ചിണുങ്ങി ചിണുങ്ങി വന്ന് കാറില്‍ ഇരുന്നിട്ടും നമ്മള് നാളെ ഇവിടെ വരുമോ എന്ന് നിര്‍ത്താതെ ചോദിയ്ക്കുന്നുമുണ്ടായിരുന്നു സുന്ദരികള്‍.

(തുടരും......)

Sunday, October 21, 2007

സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്... ഭാഗം 1

ഓരോ യാത്രയും ഒരോ വീണ്ടെടുപ്പാണ്.അക്ഷരങ്ങളുടെ,ചിന്തകളുടെ,ഭൂതകാല സ്മൃതികളുടെ, വളര്‍ച്ചയുടെ വിവിധ കാലഘട്ടങ്ങളുടെയൊക്കെ. അതുപോലൊരു യാത്ര കഴിഞ്ഞെത്തിയതിന്‍റെ ഉണര്‍വിലാണ് ദേഹിയും ദേഹവും. കാഴ്ചകളും, അനുഭവങ്ങളും, അറിവുകളും മനസ്സിനെ ഇപ്പോഴും ഉന്മാദം കൊള്ളിക്കുന്നു.അതു കൊണ്ട് തന്നെ അവയെ അക്ഷരങ്ങളാക്കാതെ വയ്യാ...


ആഗസ്റ്റില്‍ ‍ സ്കൂള്‍ തുറന്നതിന് ശേഷമുള്ള ആദ്യ ഒഴിവു വരുന്നത് ഇലപൊഴിയുന്ന ദിനങ്ങള്‍ക്ക് കൂട്ടായാണ്. കൊടും ശൈത്യത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ അവശേഷിക്കുന്ന സൂര്യപ്രകാശം ആവോളം നുകറ്ന്ന് കടലിനോടും,കായലിനോടും കരയോടും കാറ്റിനോടും കിന്നാരം പറയാന് രണ്ട് ആഴ്ചകളുള്ള ഒരു കുഞ്ഞ് അവധിക്കാലം...ഇവിടെ ആഗസ്റ്റ് പകുതിയ്ക്കാരംഭിച്ച് ജൂലൈ പകുതിയ്ക്ക് അവസാനിക്കുന്ന ഒരോ സ്കൂള്‍ വര്‍ഷത്തിലെയും അവധിയുടെ കണക്കുകള്‍ രസകരമാണ്.ഒരൊ രണ്ടര മാസത്തിനു ശേഷവും ചെറിയ ഒരു ഒഴിവുകാലം കിന്‍ഡറ് ഗാര്‍ഡന്‍ മുതലുള്ള കുട്ടികള്‍ക്കുണ്ട്. ഈ അവധി ദിനങ്ങള്‍ കണക്ക് കൂട്ടി പലരും പല യാത്രകളും പദ്ധതികളും ആഴ്ചകളും മാസങ്ങളും മുന്‍പേ തീരുമാനിക്കാറാണ് പതിവ്. സ്വദേശീയരുടെ ചുവടു പിടിച്ച് വിദേശികളും കുട്ടികളുടെ പേരില്‍ വീണുകിട്ടുന്ന ഒഴിവുദിനങ്ങളെ ജോലിയിലെ അവധികളുമായി യോജിപ്പിച്ച് തിരക്കുകളില്‍ നിന്നൊന്നു വിട്ടുനില്‍ക്കാനുള്ള ഉപാധിയായി പ്രയോജനപ്പെടുത്താറുമുണ്ട്.

ഇങ്ങനെയുള്ള സംഗതികള്‍ ഉണ്ടെങ്കിലും ഏകദേശം രണ്ട് മാസത്തിന് മുന്‍പ് വല്യസുന്ദരിക്ക് എന്നാണ് autumn break എന്ന പ്രിയതമന്‍റ ചോദ്യത്തിന് എനിക്കൊരു പ്രത്യേകതയും തോന്നിയില്ല. ഒക്ടൊബറ് ആറ് മുതല്‍ ഇരുപത്തിഒന്ന് വരെയുള്ള രണ്ട് ആഴ്ചകള്‍ എന്ന ഉത്തരം പറയുമ്പോള്‍ അത്രയും ദിവസം രാവിലെ നേരത്തെ എഴുന്നേറ്റ് വേഷം കെട്ടി സുന്ദരികളെ നഴ്സറിയിലേയ്ക്കും പ്ലേസ്കൂളിലേയ്ക്കും വിടാന്‍ ഒരുക്കാനും, ആഹാരം കഴിപ്പിയ്ക്കാനും തല്ലുകൂടേണ്ടല്ലോ എന്ന സുന്ദരസ്വപ്നം മനസ്സിലിട്ട്
താലോലിയ്ക്കുകയായിരുന്നു ഞാന്‍.അങ്ങനെ ദിവസങ്ങളെണ്ണി ഇരിക്കുമ്പോഴാണ് ഒരു ദിവസം സുന്ദരികളുടെ അപ്പന്, സ്കൂളടയ്ക്കുമ്പോള്‍ നമുക്ക് തെക്കന്‍ഫ്രാന്‍സിലൊരു സീസൈഡ് ടൂറിസ്റ്റ് വില്ലേജിലേയ്ക്ക് ഒരു യാത്ര പോയാലൊ, നല്ലൊരു പാക്കേജ് ഞാന്‍ ഒരു ട്രാവല്‍ ഏജെന്‍സിയുടെ ബ്റോഷ്യറില്‍ കണ്ടു എന്നും പറഞ്ഞ് ഓഫീസില്‍ നിന്നും വരുന്നത്. യാത്രകളും കാഴ്ചകളും ഒരുപാടിഷ്ടമാണെങ്കിലും കുഞ്ഞുസുന്ദരികളെയും കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ യാത്രകളുടെ ബദ്ധപ്പാടുകളോറ്ത്ത് ഒരു ചിരിയില്‍ മറുപടി ഒതുക്കി ഞാന്‍ മൌനിയായി. എങ്കിലും കടലെന്ന് കേട്ടപ്പോള്‍ മനസ്സൊന്ന് തുടിച്ചു എന്നത് വാസ്തവം.എന്തായാലും എന്‍റെ മൌനം സമ്മതം എന്ന ഉറപ്പില്‍ പ്രിയതമന്‍ പിറ്റേന്ന് തന്നെ താമസവും കാര്യങ്ങളുമൊക്കെ ബുക്ക് ചെയ്ത് ജോലിയില്‍ നിന്നൊരാഴ്ചത്തെ ഒഴിവും തരമാക്കി.

അങ്ങനെയിരിക്കെ പോകാനുള്ള ദിനങ്ങള്‍ അടുത്തു.യാത്ര അടുത്തതിനൊപ്പം മറ്റൊന്നു കൂട്ടിനെത്തി.വീടടച്ച് വൈറല്‍പനിയുടെ ആക്രമണം .എല്ലാവര്‍ക്കും വെറുമൊരു ജലദോഷത്തില്‍ തുടങ്ങി സുന്ദരികള്‍ക്ക് ചെവിവേദനയും ചുമയും വരെ എത്തി കാര്യങ്ങള്‍.മരുന്നും മന്ത്രവുമായി അവയെ തുരത്താന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും യാത്ര കണക്കുകൂട്ടിയിരുന്നതിന്‍റെ രണ്ട് നാള്‍ മുന്‍പ് വല്യ സുന്ദരി പൊള്ളുന്ന പനിയ്ക്ക് കീഴടങ്ങി.അതോട് കൂടി എന്‍റെ പകുതി ജീവന്‍ പോയെന്ന് പറഞ്ഞാല്‍ മതി...ഒരാഴ്ചത്തെ താമസം എന്ന് പറയുമ്പോള്‍ കാര്യമായി തന്നെ ഒരുക്കങ്ങള്‍ നടത്തേണ്ടെ?പിന്നെ സ്വയം പാചകം ചെയ്യാനുള്ള സൌകര്യം കൂടി കിട്ടുന്നതരം കോട്ടേജിലാണ് താമസം ബുക്ക് ചെയ്തിരിക്കുന്നതെന്നതിനാല്‍ അത്യാവശ്യം പാചകോപാധികള് കൊണ്ട്പോകണമെന്നും കരുതിയിരുന്നു. കുഞ്ഞിന്‍റെ പനി എന്‍റെ എല്ലാ ആവേശവും തണുപ്പിച്ചതിനാല്‍ തലേന്ന് സന്ധ്യ വരെ ഒരു തയ്യാറെടുപ്പും നടത്താതെ ഞാന്‍ അവള്‍ക്ക് കാവലിരിക്കുകയായിരുന്നു. പ്രിയതമന്‍ ഓഫീസ് വിട്ട് വന്നതിന് ശേഷമാണ് കാര്യങ്ങള്‍ക്ക് തീരുമാനമായത്.എന്തായാലും നമുക്ക് കൊണ്ട് പോകേണ്ടവയൊക്കെ പാക്ക് ചെയ്യാം.നാളെ രാവിലെ കുഞ്ഞിന്‍റെ ആരൊഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ പോകാമല്ലോ.താമസം ക്യാന്‍സല്‍ ചെയ്യുക എന്നത് കൊടുത്ത തുക മുഴുവന്‍ നഷ്ടപ്പെടുത്തുമെന്നതിനാല്‍ ഈ ഒരു മാര്‍ഗ്ഗം സ്വീകരിയ്ക്കാം എന്ന് എനിക്കും തോന്നി.ഡ്രൈവ് ചെയ്ത് പോകാനുള്ള ഉദ്ദേശ്യമായിരുന്നതിനാല്‍ ഫ്ലൈറ്റിന്‍റെ സമയമൊന്നും
പ്രശ്നവുമായിരുന്നില്ല.

എന്തായാലും ഈ യാത്ര അനിവാര്യമായിരുന്നിരിയ്ക്കാം എന്നതിനാനാലാവുമൊ എന്തോ രാവിലെ ഉറക്കമുണറ്ന്ന സുന്ദരി ആദ്യം ചോദിച്ചത് നമുക്കു കടലു കാണാന്‍ പോവേണ്ടെ അപ്പാ എന്നാണ്.രാത്രി നന്നായി ഉറങ്ങുകയും ചെയ്തിരുന്നു അവള്‍. ഒരു വശത്ത് മരുന്നുകളും, ചൂടുവെള്ളം നിറച്ച ഫ്ലാസ്ക്കും, ഒരല്പം ആധിയും... മറുവശത്ത് കണ്ണും മനസ്സുമുടക്കുന്ന കാഴ്ചകള്‍ പതിപ്പിയ്ക്കാന്‍ ക്യാമറയും, പ്രിയഗാനങ്ങള്‍ എഴുതിച്ചേര്‍ത്ത സിഡികളുമായി ഏകദേശം ഒന്‍പത് മണിയോടെ സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും മനസ്സില്‍ അസ്വസ്ഥത ബാക്കി നിന്നിരുന്നു.

ശുഭലക്ഷണം പോലെ യാത്രയുടെ തുടക്കത്തില്‍ മഴയും കൂട്ടുണ്ടായിരുന്നു എന്നത് പകര്‍ന്ന ആശ്വാസം ചെറുതല്ലായിരുന്നു.വാഹനത്തിന്‍റെ ചില്ലുജാലകത്തിലൂടെ വെയില്‍ കടന്ന് വന്ന മക്കളെ ബുദ്ധിമുട്ടിക്കില്ലല്ലൊ എന്നതും നല്ല കാര്യമായി തോന്നി.എങ്കിലും ഡ്രൈവറുടെ റോളില്‍ ആയിരുന്ന പ്രിയതമന് അതൊരിത്തിരി ദുഷ്ക്കരം ആയിരുന്നു.ഏകദേശം ഒരു മണിക്കൂറ്നേരത്തെ യാത്രയ്ക്ക് ശേഷം എന്തെങ്കിലുമൊന്ന് കഴിക്കാനും കുഞ്ഞിന് മരുന്നു കൊടുക്കാനുമായി നിര്‍ത്തിയതൊഴിച്ചാല് അതിര്‍ത്തി കടക്കുന്നത് വരെ ഇടയ്ക്കൊരിടത്തും തങ്ങേണ്ടി വന്നതുമില്ല. സ്വിറ്റ്സര്‍ലണ്ടിനും ഇറ്റലിയ്ക്കുമിടയിലെ പതിനേഴ് കിലോമീറ്റര്‍ നീളമുള്ള് ഗോത്താറ്ഡ് ടണലിലേക്ക് കടക്കുന്നതിന് മുന്‍പ് കുറേ നേരം ഗതാഗതക്കുരുക്കില്‍ പെട്ട് കിടന്നതൊഴിച്ചാല്‍ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായതുമില്ല. ആ ടണലൊരു വഴിത്തിരിവായിരുന്നു. മഴയ്ക്കും തണുപ്പിനും ശരത്കാലവറ്ണ്ണങ്ങള്‍ വാരിച്ചുറ്റിയ പ്രകൃതിയ്ക്കും പകരം നല്ല തെളിഞ്ഞ ആകാശവും വല്യ കാഠിന്യമില്ലാത്ത വെയിലുമുണ്ടായിരുന്നു അപ്പുറത്ത്. ഗോതമ്പും ചോളവും വിളവെടുത്ത് കഴിഞ്ഞു കിടന്നിരുന്ന വയലുകളില്‍ കിളികളുടെ കൂട്ടങ്ങള്‍ കൊത്തിപ്പെറുക്കുന്ന കാഴ്ചകള്‍ നാട്ടിലെ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളുടെ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തി.

തെളിഞ്ഞ ആകാശവും വെയിലും കണ്ട് തുടര്‍ന്ന യാത്രക്കിടയില്‍ വലിയ സമയമെടുക്കാതെ ഇറ്റലിയുടെ അതിര്‍ത്തി കടന്നു കിട്ടി.ഇതിനൊക്കെ ഇടയില്‍ ഇടയ്ക്കിടെ തല്ലുകൂടി മക്കള്‍ അവരുടെ സാന്നിധ്യം ശക്തമായി അറിയിച്ചുകൊണ്ടിരുന്നു ക്യാമറക്കണ്ണുകള് തുറന്ന് വഴിയോരക്കാഴ്ചകള്‍ ഒപ്പിയെടുക്കുന്നതില്‍ മുഴുകിയിരുന്ന എന്നെയത് ഇടയ്ക്കെങ്കിലും ദേഷ്യം പിടിപ്പിക്കാതെ ഇരുന്നതുമില്ല.വല്യ സുന്ദരിയുടെ അനാരോഗ്യവും നീണ്ട മണിക്കൂറുകള്‍ ഒരേ ഇരുപ്പിരിക്കുന്നത് സുന്ദരികള്‍ക്ക് പ്രയാസമുള്ള സംഗതിയാണെന്നെതും തിരിച്ചറിഞ്ഞ് പല കരച്ചിലുകള്‍ക്കും തല്ലുകൂടലുകള്‍ക്കും നേരെ കണ്ണും കാതും അടച്ച് ക്ഷമയോടെ ഇരുന്നു.അവര്‍ക്ക് കാര്‍ട്ടൂണ്‍ കാണാന്‍ ഒരോ മിനിസ്ക്രീന്‍ കാറിനുള്ളില്‍ തന്നെയുള്ളതിനാല്‍ കുറെയേറെ നേരം അങ്ങനെ പോയി ഇടയ്ക്ക് വീണ്ടും നിര്‍ത്തി, ഉച്ചഭക്ഷണമെന്ന നിലയില്‍ ഒരോ സാന്‍ഡ്വിച്ച് വാങ്ങാന്‍.അവിടെ ഇറങ്ങി നടുവൊക്കെ നിവര്‍ത്തി എട്ട് മണിയ്ക്ക് മുന്‍പേ ലക്ഷ്യത്തിലെത്തണമെന്ന ഉദ്ദേശ്യത്തില്‍ വീണ്ടും യാത്ര.

വിശാലമായ ഹൈവേയുടെ സൌകര്യം ഉപയോഗിക്കുന്നതിന് വഴിയിലിടയ്ക്കിടെ ടോള്‍ പിരിവുകളും ഉണ്ടായിരുന്നു.ഇറ്റലിക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും തമ്മില്‍ ഒരുപാട് സാദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. സ്വഭാവം മുതല്‍ മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ വരെ സാമ്യങ്ങള്‍ ഉണ്ടത്രെ.അങ്ങനെയൊന്ന് ഡ്രൈവിങ്ങിലെ മര്യാദകള്‍ ലംഘിക്കുന്നതിലും ഏറെക്കൂറെ പ്രകടമാണ് എന്നതാണ് രസകരമായ വസ്തുത. വഴിയിലുടനീളം ഒലിവുമരങ്ങളും നാട്ടിലെ ചെമ്പകത്തോട് സാദൃശ്യം തോന്നിക്കുന്ന പൂക്കളും കാണാമായിരുന്നു....തീരപ്രദേശത്തോട് അടുത്തായിരുന്നു ഹൈവെ എന്നതിനാല്‍ ഇടയ്ക്കിടെ ദൂരെ വെള്ളിവര പോലെ കടലും കാണുന്നുണ്ടായിരുന്നു.ഒരിക്കല്‍ കൂടി വൈകിട്ട് അഞ്ച് മണിയോടടുപ്പിച്ച് വഴിയരുകിലെ വിശ്രമത്താവളങ്ങളില്‍ ഒന്നില്‍ നിര്‍ത്തി .ഓരോ ചൂടു കാപ്പിയും കുടിച്ച് മക്കള്‍ക്ക് പാലും വാങ്ങിക്കഴിഞ്ഞപ്പോഴേയ്ക്കും നമുക്ക് വീട്ടില്‍ പോവാം എനിക്ക് കിടക്കണം എന്ന് വല്യ സുന്ദരി . എന്തോ ഭാഗ്യത്തിന് അവള്‍ക്ക് വലുതായി പനികൊണ്ടില്ല എന്നത് വല്യ ഒരു സമാധാനമായിരുന്നു.എങ്കിലും ഇടയ്ക്കിടെ ചെവി വേദനിക്കുന്നു എന്ന പറച്ചില്‍ എന്നെ വല്ലാതെ കുത്തിനോവിച്ചു.അതിനിടെ മിലാനും, ജെനോവയും, വെന്‍റീമീലീയയും പിന്നിട്ട് ഫ്രാന്‍സിന്‍റെ അതിര്‍ത്തിയും കടന്നു. ഇറ്റലിയും ഫ്രാന്‍സുമൊക്കെ ഷെങ്ങ്ഗന്‍ കരാറില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളായതിനാല്‍ ഇറ്റലിയുടെ അതിര്‍ത്തി കടന്ന ശേഷം പരിശോധകളൊന്നും ഉണ്ടായതുമില്ല.



അങ്ങനെ നീസെന്ന തുറമുഖനഗരവും, അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലിന് പ്രസിദ്ധമായ കാനും, ഹൈവേകളിലെ ടോള്പ്പിരിവുകളും പിന്നിട്ട് ഫ്രാന്‍സിന്‍റെ കടല്‍ത്തീരങ്ങള്‍ ദൃശ്യമായിത്തുടങ്ങി. ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയ എന്നെ "ദാ നോക്കിക്കെ വഴിയ്ക്കപ്പുറം കടല് കണ്ട് തുടങ്ങി... നമ്മള്‍ക്കു പോവാനുള്ള സ്ഥലവും ഈ സ്ട്റെച്ചില്‍ തന്നെയാണ് " എന്ന് പറഞ്ഞ് പ്രിയതമന്‍ വിളിച്ചുണര്‍ത്തി. ഇപ്പോള്‍ ഭൂപ്രകൃതിയ്ക്കു തന്നെ നല്ല വ്യത്യാസം കണ്ട് തുടങ്ങിയിരിക്കുന്നു...ചെങ്കുത്തായ മലനിരകള്‍,അവയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഒരു തരം ഓറഞ്ച് നിറവും॥ കൊത്തിയെടുത്ത ചെങ്കല്ലുകൊണ്ടുണ്ടാക്കിയ മതിലുകള്‍,പാലങ്ങള്‍ അങ്ങനെ മലനിരകള്‍ക്കിടയിലൂടെ ഉണ്ടാക്കിയ വളഞ്ഞുപുളഞ്ഞ വഴികളിലൂടെയുള്ള യാത്ര മനസ്സിനെ ഏതോ മാന്ത്രികലോകത്തേയ്ക്കെത്തിച്ചത് പോലെ...അസ്ത്മയ സമയം ആയിരുന്നതിനാല്‍ മണ്ണിനെന്നപോല്‍ വിണ്ണിനും അതേ കണ്ണഞ്ചിപ്പിക്കുന്ന നിറമായിരുന്നു...അങ്ങനെ കാഴ്ചകള്‍ കണ്ട് ഇരുന്നപ്പോള്‍ ഈ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി എവിടെയും അവസാനിക്കാതിരുന്നിരുന്നെങ്കില്‍ എന്ന് മോഹിച്ചു.ഏകദേശം ഒന്നരമണിക്കൂറിനുശേഷം എട്ട് മണിയടുപ്പിച്ച് Agay എന്ന സ്ഥലത്തെ സൂചിപ്പിക്കുന്ന ബോര്‍ഡും അല്പം കഴിഞ്ഞ് Cap Esterel എന്ന റിസോര്‍ട്ടിന്‍റെ ചൂണ്ടുപലകയും കണ്ടു.

വഴിയില്‍ നിന്നും ഒരു വല്യ ഇരുമ്പു ഗേറ്റ് കടന്ന് കുത്തനെയുള്ള ടാറിട്ട വഴിയിലൂടെ മുകളിലേയ്ക്ക്...നേരെ റിസപ്ഷനിലേയ്ക്ക്... അവിടെ ചെക്കിന്‍ ചെയ്ത് താക്കോലും വാങ്ങി കോട്ടേജിലേയ്ക്ക്...വീണ്ടും
കുത്തനെ മുകളിലേയ്ക്ക്.റൂം തുറന്ന് കയറിയത് തന്നെ അതുവരെ കണ്ടതിലും മനോഹരമായ കാഴ്ചയിലേയ്ക്കാണ്.ശാന്തമായിക്കിടക്കുന്ന മെഡിറ്ററേനിയന്‍ കടല്.അതിനോട് ചേര്‍ന്ന് അനേകം ടൂറിസ്റ്റ് കോട്ടേജുകളിലെ വൈദ്യുതവിളക്കുകള്‍ മിന്നിനില്‍ക്കുന്ന മലനിരകള്‍....വേഗത്തിലൊരു കുളി കഴിഞ്ഞ് ആഹാരം കഴിയ്ക്കാനായ് വീണ്ടും താഴേയ്ക്ക് പോയി.വല്യ സുന്ദരി അപ്പോഴേക്കും വല്ലാതെ അവശയായിക്കഴിഞ്ഞിരുന്നതിനാല്‍ അധികമൊന്നും കറങ്ങി നടക്കാതെ ആഹാരം കഴിച്ച് മുറിയിലേയ്ക്ക് പോന്നു. അവള്‍ക്ക് മരുന്നും കൊടുത്ത് രണ്ടാളെയും പല്ലു തേപ്പിച്ച് ഉറക്കി. കൈയ്യില്‍ കരുതിയിരുന്ന മാസികകളിലൊന്ന് മറിച്ച് നോക്കുന്നതിനിടയില്‍ എപ്പോഴോ ഞാനും ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

കുറിപ്പ് : യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.