Wednesday, March 14, 2007

മഴക്കൊപ്പം...

കുറച്ച് ദിവസങ്ങളായ് ഇടക്കിടെ വിരുന്നുവരുന്ന ഈ മഴത്തുള്ളികള്‍ ഒരുപാടെന്തൊക്കെയൊ ഓര്‍മ്മകളെ മറവിയുടെ കയത്തില്‍ നിന്നും മുങ്ങിതപ്പി എടുക്കാന്‍ വല്ലാതെ പ്രേരിപ്പിക്കുന്നു.പല സ്ഥലങ്ങളില്‍ പല കാലഘട്ടങ്ങളില്‍ മഴയ്ക്ക് വ്യത്യസ്ത ഭാവങ്ങളാണ് എന്നിലുണര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. എറ്റവും രസകരമായ വസ്തുത എല്ലാ കാലത്തിലും അതെനിക്കെന്നും പ്രിയങ്കരമായിരുന്നു എന്നതാണ്.പക്ഷെ എന്നും മഴയെന്നോര്‍ക്കുമ്പോള്‍ ആദ്യം മന‍സ്സിലേക്ക് വരുന്നത് ആദ്യമഴ നനയുന്ന മണ്ണിന്‍റെ ഗന്ധമാണ്.ഇവിടെ ഈ അടഞ്ഞ മുറിക്കുള്ളില് ഇപ്പോഴും അതെന്റെ നാസികയെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഇടവപ്പാതിക്കൊപ്പമായിരുന്നു ഈ ഭൂമിയിലേക്കുള്ള എന്‍റെ വരവും എന്നതാവുമൊ മഴയോടുള്ള എന്‍റെ ഇഷ്ടത്തിന്‍റെ കാരണം? മഴക്കൊപ്പം ഒരു പുതിയ ജീവന്‍ കൂടി വരുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍...തുണികഴുകാനും ഉണക്കാനും ഉള്ള പ്രയാസങ്ങള്‍,മഴക്കൊപ്പം കൂടെപോരുന്ന അസുഖങ്ങള്‍,യാത്രകള്‍ പ്രയാസകരമാകുന്ന പകലുകള്‍...ഒക്കെ കേട്ടറിഞ്ഞ അറിവുകള്‍...വേനലിന്‍റെ വറുതി കഴിഞ്ഞു വരുന്ന മഴയെ ശപിക്കാന്‍ എന്നും മനുഷ്യന് ഒരോ കാരണങ്ങളുണ്ടാവുന്നു എന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു.ഈ കേട്ടറിവുകളില്‍ നിന്നും ഉള്‍ക്കൊണ്ടവയൊഴികെ ശൈശവം എന്‍റെ ഓര്‍മ്മകളിലും ചിന്തകളിലും മഴയെപ്പറ്റി ഒരു വികാരവും ഉണര്‍ത്തിയിട്ടില്ല.

മഴയുമായി നേരിട്ട് സം‌വേദിച്ച് തുടങ്ങിയത് ബാല്യത്തിലാവണം...നഴ്സറി ക്ലാസ്സിലെക്കുള്ള യാത്രകളില്. ഇടവമാസത്തിന്‍റെ തുടക്കത്തില്‍ തന്നെയാണല്ലൊ വിദ്യാരംഭവും..അപ്പന്‍റെ ജോലി സംബന്ധമായി അനന്തപുരിയിലെ താമസത്തിനിടക്കായിരുന്നു എന്‍റെ അദ്ധ്യനകാലത്തിന്‍റെ ആരംഭം‍‍. ആ കാലത്ത് ഒരുകൂട്ടം കുട്ടികളെ കുത്തിനിറച്ച ഒരു ടാക്സിയിലായിരുന്നു എന്‍റെ സ്കൂളിലെക്കുള്ള യാത്രകള്‍.അതിലാണെന്ന് പറഞ്ഞിട്ടെന്താ...കയറുമ്പോഴും ഇറങ്ങുമ്പോഴും നനയുന്നത് കൂടാതെ ടാക്സിയുടെ തുറന്നിട്ട ജനാലകളിലൂടെ മഴ കടന്ന് വന്ന് യൂണിഫോമും,അമ്മ മെടഞ്ഞു തന്ന മുടിയും നനയ്ക്കുന്നത് ഇന്നും ഓര്‍ക്കുന്നു.നനഞ്ഞു എന്നതായിരുന്നില്ല അന്നും സങ്കടം...ക്ലാസ്സില്‍ ടീച്ചര്‍ എന്താവും പറയുക എന്നോര്‍ത്താവും.അമ്മയ്ക്ക് സങ്കടംഅതുമല്ലായിരുന്നു.നനഞ്ഞ യൂണിഫോമും ഷൂവും സോക്സും ഇട്ട് ക്ലാസ്സില്‍ ഇരിക്കെണ്ടി വന്നാല്‍ എനിക്ക് പനിയൊ മറ്റൊ വന്നാലോ എന്നതായിരുന്നു മഴ പെയ്യുന്ന ദിനങ്ങളില്‍ രാവിലെ അമ്മയുടെ ചിന്തകള്‍. അപ്പന്‍ സ്വന്തം നാട്ടിലെക്ക് ട്രാന്‍സ്ഫര്‍ വാങ്ങിപ്പോന്നതിനാല്‍ അധികകാലം ആ യാത്രകള്‍ തുടരേണ്ടിവന്നില്ല.

നാട്ടില്‍ വന്ന് അവിടെയുള്ള സ്കൂളില്‍ ചേര്‍ത്ത് കഴിഞ്ഞപ്പോള്‍ എന്നെ കൊണ്ട് വിടാനും കൊണ്ട് വരാനും ഒരാളെ ഏര്‍പ്പാടാക്കിയിരുന്നതിനാല്‍ നടന്നായിരുന്നു ആ യാത്രകള്‍.എന്‍റെ ഭാഗ്യമൊ... നിര്‍ഭാഗ്യമൊ... എന്തൊ അവിടെ ഷൂവും സോക്സും ഒന്നും ആവശ്യമായിരുന്നില്ല.ബാറ്റാ ചെരുപ്പു കമ്പനിയുടെ വള്ളിച്ചെരുപ്പായിരുന്നു മഴക്കൊപ്പം നടക്കാന്‍ ഉണ്ടായിരുന്നത്.അതിന്‍റെ മേന്മ തുകല്‍ ചെരുപ്പു പോലേ നനഞ്ഞാല്‍ കേടാവും എന്നു ആധി വേണ്ട എന്നതാണല്ലൊ.പിന്നെ നടക്കുന്ന വഴികളിലെ വെള്ളക്കെട്ടുകളില്‍ അതങ്ങനെ ഒഴുക്കി വിട്ടു അതിനൊപ്പം പുറകെ ഓടാം.അതിലുണ്ടായിരുന്ന ഏക ദോഷം...വള്ളിച്ചെരുപ്പിട്ട നടത്തം യൂണിഫോമിന്‍റെ പുറകില്‍ നല്ലൊന്നാന്തരം ചെളിയുടെ ഡിസൈനുകള്‍ തീര്‍ത്തിരുന്നു എന്നതാണ്.മര്യാദക്ക് നടന്നാല്‍ ചെളി തെറിക്കില്ലെന്ന അമ്മയുടെ കണ്ട്പിടുത്തത്തില്‍ ന്യായമെ ഉണ്ടായിരുന്നുള്ളു എന്ന് അല്പം കൂടി മുതിര്‍ന്നപ്പോള്‍ മനസ്സിലായി.വീണ്ടും മുതിര്‍ന്ന് പ്രൈമറി ക്ലാസ്സ് ആയപ്പോഴെക്കും താമസം പിന്നെയും മാറി,സ്കൂളിനടുത്തേക്ക്.അപ്പോഴെക്കും സഹോദരനും അയല്‍വാസികളായ സമപ്രായക്കാരും ഒന്നിച്ചായി പിന്നെ സ്കൂളിലേക്കുള്ള യാത്രകള്‍....

ബാല്യത്തിന്‍റെ മുഴുവന്‍ കുസൃതിത്തരവും തെളിഞ്ഞു നിന്നിരുന്നു അന്നത്തെ ദിനംപ്രതിയുള്ള സ്കൂള് യാത്രകളക്കിടയില് എന്നത് ഇന്നും ഒരുപാട് ഗൃഹാതുരത്വമുള്ള ഒരോര്‍മ്മയാണ്. വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയം അമ്മ നിവര്‍ത്തി തരുന്ന കുട അമ്മയുടെ കണ്ണില്‍ നിന്നും മറയുമ്പോഴെക്കും തിരിച്ചു പിടിച്ച് മഴവെള്ളം അതിനുള്ളില്‍ ശേഖരിക്കുക, വഴിക്കപ്പുറവും ഇപ്പുറവുമുള്ള മതില്‍ക്കെട്ടുകളി‍ലെ ചെടിപടര്‍പ്പുകളില്‍ നിന്നും കണ്ണീര്‍ത്തുള്ളി എന്നെ പേരില്‍ അറിയപ്പെടുന്ന ചെടിയിലങ്ങനെ തൂങ്ങിയാടുന്ന മഴത്തുള്ളിയെടുത്ത് കണ്ണില്‍ പുരട്ടുക ,കടലാസുതോണികള്‍ ഒഴുക്കുക, മഴപെയ്ത ശേഷം കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തിനു കുറുകെ മണ്‍‌തിട്ട കെട്ടുക,കുളങ്ങളില്‍ നിന്നും കവിഞ്ഞ് വഴിയുടെ ഓരം ചേര്‍ന്നൊഴുകുന്ന വെള്ളത്തില്‍നിന്നും കുഞ്ഞു മീനുകളെ പിടിക്കുക, പിന്നെ കൂട്ടത്തില്‍ ഉള്ള ആരെങ്കിലും ഒരാളുടെ യൂണിഫോമില്‍ വെള്ളം കാലുതട്ടി തെറിപ്പിക്കുക ഇതൊക്കെയായിരുന്നു വീട്ടില് നിന്നു സ്കൂളിലേക്കും തിരികെയും വരുന്ന സമയങ്ങളിലെ വിനോദങ്ങള്‍.പാവം വഴിയാത്രക്കാരെ പാഞ്ഞുവന്ന്പേടിപ്പിച്ച് വഴിയിലെ ചെളിവെള്ളം തെറിപ്പിക്കുക എന്നത് വണ്ടികളില്‍ അഹങ്കാരത്തോടെ പാഞ്ഞുപോകുന്നവര്‍ക്കു അന്നും (ഇന്നും) നല്ല രസികന്‍ വിനോദമാണല്ലോ.കൂട്ടത്തിലെ ആണ്‍കുട്ടികളുടെ നാവില്‍ നിന്നും അങ്ങനെ കാണിച്ചവര്‍ക്കൊക്കെ കിട്ടിയ ചീത്തകള്‍ക്കൊന്നും ഒരു കണക്കുമില്ലായിരുന്നു.

പ്രൈമറിസ്കൂളിന്‍റെ പടികടന്നപ്പോഴെക്കും പുതിയ സ്കൂളായി കൂട്ടുകാരായി.ആണ്‍കുട്ടികളുമായി കുസൃതിയും കുറുമ്പും കാട്ടി നടന്നിരുന്ന നല്ല നാളുകളുടെ അവസാനം കൂടിയായി അത്. പുതിയ കൂട്ടുകെട്ടുകളില്‍ മഴയെയൊ,അതിനൊപ്പം കാട്ടികൂട്ടാവുന്ന കുസൃതിത്തരങ്ങളെയൊ സ്നേഹിച്ചിരുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയാം.കുട കറക്കി മഴത്തുള്ളികളെ സുഹൃത്തുക്കളുടെ മുഖത്തെക്ക് വീഴിക്കുക ,മരത്തിനടിയില്‍ ആരെങ്കിലും നില്‍ക്കുന്ന തക്കം നോക്കി അത് കുലുക്കി യൂണിഫോം നനയ്ക്കുക തുടങ്ങിയ എന്‍റെ വികൃതികള്‍ ചിലരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ദേഷ്യം വന്നിരുന്നെങ്കിലും അവരൊക്കെ എന്‍റെ മഴഭ്രാന്തോര്‍ത്ത് അതൊക്കെ ക്ഷമിച്ചിരുന്നു.....

ആ കാലങ്ങളിലെ മഴക്കാലത്തിന്‍റെ സന്തോഷമെന്തായിരുന്നന്ന് വച്ചാല്‍ മഴയുടെ തോത് കൂടുന്നതിനൊപ്പം പൊങ്ങുന്ന ജലനിരപ്പായിരുന്നു. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയില്‍ ആകുമ്പോള്‍ ജില്ലാകളക്ടര്‍ പ്രഖ്യാപിക്കാവുന്ന അവധികളെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു ആ സന്തോഷത്തിന്‍റെആധാരം. പ്രളയജലത്തില്‍ മരണപ്പെടുന്നവരെപ്പറ്റിയും,വീടും അവശ്യവസ്തുക്കളും ഒക്കെ മഴക്കൊപ്പം നഷ്ടമായി പോയവരെപ്പറ്റിയും അത്രയൊന്നും ആഴത്തില് ചിന്തിച്ചിരുന്നില്ല എന്നതാവും സത്യം. അല്ലെങ്കില്‍ പിന്നെ മഴയിനിയും പെയ്യട്ടെ,എന്ത് ഭംഗിയാണീ മഴക്കെന്നും പറഞ്ഞ് ഞാനെന്തിനാവുംപ്രാര്‍ഥിച്ചിരിക്കുക? അന്നത്തെ മഴകള്‍ കൂട്ടുകാരില്‍ ചിലരെ കരയിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു ഓര്‍മ്മ.മഴ നനഞ്ഞൊട്ടിയ കുപ്പായം നോക്കി ആണ്കുട്ടികള്‍ പറഞ്ഞ കമന്‍റുകള്‍ ആയിരുന്നു അതിന്‍റെ കാരണം എന്നത് ഇപ്പോള്‍ ഒരു ചിരിയോടെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നു.

മധ്യവേനലവധിക്കൊപ്പം വരുന്ന വേനല്‍ മഴയാണ് മറ്റൊരു ഓര്‍മ്മ...ഉച്ച ഊണിന് ശേഷം കളിച്ച് തിമിര്‍ത്ത് വേനലവധി ആഘോഷിക്കുമ്പോഴാകും നില്‍ക്കുന്ന നില്പ്പില്‍ മാനം കറക്കുക,പിന്നെ പെരുമ്പറ കൊട്ടിയറിയിക്കുന്നതുപോലെ ഇടിമുഴക്കവും, മിന്നലും, ഒപ്പം എല്ലാം ചുഴറ്റി വാരിയെറിയാന് ‍വീശിയടിക്കുന്ന കാറ്റും. കളിക്കോപ്പുകളും കളിയും ഉപേക്ഷിച്ച് അമ്മയുടെ വിളികള്‍ക്കുത്തരമായി ഓടി വീടിനുള്ളിലേക്ക്. പിന്നെ വീടിനുള്ളില്‍ ഇരുന്ന് ഇടക്കിടെ കടന്നുവരുന്ന മിന്നലിനെതിരെ മുഖം തിരിച്ച്, ഇടിനാദത്തിനെതിരെ കാതുകള്‍ അടച്ച് ജനാലയിലൂടെയാവും മഴ കാണുക. കാറ്റിനൊപ്പം പൊഴിയുന്ന മാമ്പഴവും,ആഞ്ഞിലിചക്കയും ഒക്കെ പെറുക്കി ഏടുത്ത് കെട്ടിപൊതിയുന്നതിനൊപ്പം മാവില്‍ കൊഴി എറിഞ്ഞ് കണ്ണിമാങ്ങകള്‍ കൂടി വീഴ്ത്താന്‍ മത്സരിക്കുന്ന തെരുവിലെ ചെക്കന്മാരെ ചീത്ത പറയുന്ന അമ്മയും,കാറ്റിനൊപ്പം കടപുഴകി വീണ് വൈദ്യുതിബന്ധം തകരാറിലാക്കുന്ന വൃക്ഷത്തലപ്പുകളും, പിന്നെ മഴ ആര്‍ത്തലച്ച് പെയ്യുന്ന വൈകുന്നേരങ്ങളില്‍ ജോലിയില്‍ നിന്നും മടങ്ങി എത്താന്‍ വൈകുമെന്നറിയിക്കാത്ത അപ്പനെ നോക്കിയിരിക്കുന്ന അമ്മയുടെ വേവലാതികളും‍, ആ വേവലാതികള്‍ ഏറ്റു വാങ്ങി മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനുചുറ്റും "നസ്രായനായ യേശുവെ..."എന്ന പ്രര്‍ത്ഥ്നയും ചൊല്ലി അമ്മയുടെ ഓരം ചേര്‍ന്നിരിക്കുന്ന ഞങ്ങള്‍ കുട്ടികളും....എല്ലാം ഇന്നും എത്ര വ്യക്തം. ആ വൈകുന്നേരങ്ങള്‍ക്കു പാചകം ഒഴിഞ്ഞ അടുപ്പിലെ കനലില്‍ അമ്മ ചുട്ടെടുക്കുന്ന കപ്പയുടെയും കശുവണ്ടിയുടെയും മണമുണ്ടായിരുന്നതായി ഇന്നും ഓര്‍മ്മിക്കുന്നു.

വീണ്ടും വളര്‍ന്ന് കലാലയ ജീവിതത്തിലേക്ക് കാലുകുത്തിയപ്പോഴാണ് മഴക്ക് ഒരു കാല്പനികഭാവം കൈവന്നത്....യൂണിഫോമുകള്‍ക്കു പകരം സല്‍വാറിലേക്കുള്ള ചുവടുമാറ്റം,ബാറ്റയുടെ വള്ളിച്ചെരുപ്പില്‍ നിന്നും തുകലിന്‍റെ പാദരക്ഷകളിലേക്കുള്ള സ്ഥാനക്കയറ്റം, കറുത്ത് നീണ്ട ശീലക്കുടയില്‍നിന്നും രണ്ടോ മൂന്നൊ മടക്കില്‍ കൈയ്യില്‍ ഒതുക്കി പിടിക്കാവുന്ന വര്‍ണ്ണക്കുടയുടെ ഉടമസ്ഥത ഇതൊക്കെ ആയിരുന്നു പ്രത്യക്ഷമായ മാറ്റങ്ങള്‍.അന്നത്തെ ഓരോ മഴക്കൊപ്പവും മനസ്സിനുള്ളില്‍ കാല്പനികത സൌഹൃദമായും,പ്രണയമായും,വിരഹമായും പെയ്തിറങ്ങി... അന്നേറെ പ്രിയങ്കരമായിരുന്ന ജഗജിത് സിങിന്‍റെ ഗസലുകളാവാം അങ്ങനെയുള്ള ഭാവങ്ങളെ മന്‍സ്സിലേക്ക് കൊണ്ട് വന്നത്.രാത്രിയുടെ എതോ യാമത്തില്‍ പുതപ്പിനുള്ളിലേക്ക് ഊളിയിട്ട് തൊടികളില്‍ മഴ കനക്കുന്നതിന്റെയും,ടെറസ്സില്‍ നിന്നും ഓവുചാലു വഴി താഴെക്ക് പതിക്കുന്ന മഴവെള്ളത്തിന്‍റെയും സംഗീതത്തിനൊപ്പം കാസെറ്റില്‍ നിന്നും ഒഴുകിവന്നിരുന്ന ഗസലുകളുടെ ഇരടികള്‍ ഉള്ളില്‍ നിറച്ചവയൊന്നും ഇന്നും മാഞ്ഞുപോകാതെ നില്ക്കുന്നു....വേറൊരു ഓര്‍മ്മ ഒരിക്കല്‍ കൈനറ്റിക് ഹോണ്ടയുമായി നിരത്തിലിറങ്ങിയതിനൊപ്പം അപ്രതീക്ഷിതമായി മഴയെത്തിയതാണ്....ആറ്ത്തലച്ചെത്തിയ മഴ..... ഒരു മണല്‍ക്കാറ്റുപോലെ വായിലും, മൂക്കിലും, കണ്ണിലും ഇരച്ചു കയറി. അതെന്നെ നിലമ്പരിശാക്കിക്കളഞ്ഞു അന്ന്. ഇന്നും മാനം കറക്കുമ്പോള് കലാലയസൌഹൃദങ്ങളും,ആ കാലഘട്ടത്തിലെ അനുഭവങ്ങളും സുഖമുള്ള ഒരുനൊമ്പരമായി നുള്ളിനോവിക്കുന്നത് എന്‍റെ ഉള്ളില്‍ ഇന്നും മഴക്ക് ആ കാല്പനികഭാവം കൈമോശം വന്നിട്ടില്ലാത്തത് കൊണ്ടാവാം.

പഠിപ്പിന്‍റെയും ജോലിയുടെയും ആവശ്യവുമായി ആദ്യാക്ഷരം പഠിച്ച മണ്ണിലേക്ക് തിരിച്ചെത്തിയതും മറ്റൊരു മഴക്കാലത്തായിരുന്നു എന്നതും യാദൃശ്ചികം.പഠനകാലത്ത് അധികം സമയം മഴ കാണാനൊ സ്വപ്നങ്ങളില്‍ മുഴുകാനൊ കഴിഞ്ഞിട്ടില്ലാ എന്നതായിരുന്നു സങ്കടം.സ്റ്റുഡന്‍റ്സ് ഹോസ്റ്റലുകളില്‍ എല്ലാം ടൈംടേബിള്‍ പ്രകാരം ആയിരുന്നതിനാല്‍ ആ ഒരു പിരിമുരുക്കം എന്നും ഉണ്ടായിരുന്നു.എങ്കിലും താമസിക്കുന്ന മുറിയില്‍ നിന്നും മെസ്സിലേക്കുള്ള നടത്തത്തിലേക്ക് പെരുമഴ വന്നു നിറഞ്ഞ ദിനങ്ങളുടെ ഓര്‍മ്മകളുണ്ട്. ജോലി കിട്ടി കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ വര്‍ക്കിങ്ങ് വിമന്‍സ്ഹോസ്റ്റലിന്‍റെ മുറിയുടെ ജനാലയോട് ചേര്‍ന്നിരുന്ന് മഴത്തുള്ളികളുടെ തലോടല്‍ അറിഞ്ഞ് "അലൈപായുതെ" എന്നെ തമിഴ് സിനിമയുടെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ കുടെ കൂടിയിരുന്ന പ്രിയ കൂട്ടുകാരിയുടെ മുഖമാണ് ആ കാലഘട്ടത്തിലെ മഴയ്ക്ക്.പനിപിടിച്ച് ഹോസ്റ്റല്‍ മുറിയില്‍ ചുരുണ്ട് കൂടിയ ദിനങ്ങളില്‍ അമ്മയുടെ ഓര്‍മ്മകളില്‍ മനസ്സു തേങ്ങിയത് മഴ സമ്മാനിച്ച ഒരു കുഞ്ഞു സങ്കടം.

കേരളത്തിലെ മണ്‍സൂണിന്‍റെ ഭംഗിയും,കാല്പനികതയും ശൌര്യവുമൊന്നും ഇവിടെ പെയ്യുന്ന മഴകളില്‍ കാണാന് കഴിഞ്ഞിട്ടില്ല എന്നത് ചിലപ്പോഴെങ്കിലും ഒരു സങ്കടത്തിന് കാരണമാവാറുണ്ട്.എങ്കിലും ഈ മഴയും എനിക്ക് പ്രിയങ്കരം. മഴ പെയ്യുന്നതിനൊപ്പം കൈയ്യും കെട്ടി നഗ്നപാദങ്ങളുമായി നടക്കാനും,ജനാലകള്‍ തുറന്നിട്ട് ചാഞ്ഞും ചെരിഞും വരുന്ന മഴയെ വരവേല്‍ക്കാനും അന്തരീക്ഷ ഊഷ്മാവ് അനുവദിക്കാത്തതാവാം യൂറൊപ്പിലെ മഴക്ക് കേരളത്തിലെ മണ്‍സൂണിന്‍റെ ഭംഗി തോന്നാത്തതെന്ന് വെറുതെ ആശ്വസിക്കയാണ്.അടച്ച് പൂട്ടിയ ജനാലകള്‍ക്കപ്പുറത്ത് രാത്രിയില്‍ പെയ്യുന്ന മഴയുടെ സംഗീതം കേള്‍ക്കാന്‍ ജനാലകള്‍ തുറന്നിട്ടു കിടക്കാന്‍ ശ്രമിച്ചാല്‍ പനിയാവും ഫലം എന്നോറ്ത്ത് ആ ഉദ്യമത്തിനും മുതിരാറില്ല.

ഇന്നിവിടെ ഈ പ്രവാസഭൂമിയുടെ ഊഷരതയില്‍ മഴ പെയ്യുമ്പോഴും എന്തൊക്കെയൊ വികാരവിചാരങ്ങളിലൂടെ മനസ്സ് സഞ്ചരിച്ചു തുടങ്ങുന്നതു ഞാന്‍ അറിയാറുണ്ട്.ബാല്യത്തില്‍ ഇടിമിന്നലിനൊപ്പം വന്ന് പേടിപ്പിച്ച മഴയിലൂടെ, അതൊ മഴയില്‍ കുതിര്‍ന്ന് നാണിച്ച കൌമാരത്തിന്‍റെ ചാപല്യങ്ങളിലൂടെ,അതുമല്ലെങ്കില്‍ കാല്പനികമായതൊക്കെ ഉള്ളില്‍ നിറച്ച യൌവനത്തിന്‍റെ ഭാവഭേദങ്ങളോരോന്നിലൂടെയും ആവാം.പക്ഷെ ഞാന്‍ തിരിച്ചറിയുന്നു മഴക്കൊപ്പം കടന്നു വന്ന വഴികളില്‍ എന്നും സൌഹൃദത്തിന്‍റെ നന്മകളും,അമ്മയുടെടെ സ്നേഹവും,ജീവിതത്തെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന്.


(ചിത്രങ്ങള്‍ : രഞ്ജിത് ബാലന്‍ ഫോട്ടോഗ്രാഫര്‍, മംഗളം)

34 comments:

Sreekumar P.S. said...

oru mazha peythu thornna pole..

aa gandham ippozhum ivide nirayunnu..

oru mazha koodi varunna pole..

koode channam pinnam ormakalude idavappathiyum...

a beautiful sketch from my friend thushaaram...

..............sreekumar

തോക്കായിച്ചന്‍ said...

വളരെ നന്നായി കഴിഞ്ഞ മഴക്കാലത്തേക്കു കൊണ്ടുപോയിരിക്കുന്നു.. ഇപ്പോള്‍‍ ആഗ്രഹമുണ്ടെങ്കില്‍കൂടി ഇതൊന്നും അസ്വദിക്കാന്‍ കഴിയില്ല..പ്രായം അതിനതിര്‍വരമ്പുകള്‍ തീറ്ത്തിരിക്കുന്നു..മഴ എന്നും കുരുന്നുകള്‍ക്കൊപ്പമാണു..പ്രായത്തെ.. അല്ലെങ്കില്‍ മഴയെ പ്രായം വെറുക്കുന്നു.. മറ്റുള്ളവറ് നിറ്ബന്ധിപ്പിച്ചു വേറുപ്പിക്കുന്നു

ധ്വനി | Dhwani said...

തുഷാരത്തിന്റെ ഹൃദയം തുറക്കുമ്പൊള്‍ ചിതറിവീഴുന്ന അക്ഷരങ്ങളില്‍ നിറയെ ആത്മാര്‍ത്ഥതയും, ലാളിത്യവും, ഒരുപാടു നിഷ്കളങ്കതയും ഉണ്ട്... പിന്നെ ഒരുവന്റെ ചിന്തകള്‍ അവനെത്തന്നെ കേള്‍പ്പിക്കുന്ന ഒരുതരം മുഴക്കവും...
ഈ വരികളില്‍ കൂടി കടന്നുപോയപ്പൊള്‍ മഴയെപ്പറ്റിയുള്ള ഓര്‍മയ്ക്കു പോലും എന്നില്‍ എത്രമാത്രം ഗൃഹാതുരത്വം നിറയ്ക്കാന്‍ കഴിയുമെന്നു ഞാന്‍ അറിഞ്ഞു.

മഴവില്ലും മയില്‍‌പീലിയും said...

എനിക്കു തൊന്നുന്നതു ഏറ്റവും അധികം ആളുകള്‍ ഇഷ്ട് പ്പെറ്റുന്ന ഒരു വിഷയം ..അതും മഴക്കു എത്ര ഭവങങ്ല്.ഇതിനു മുന്പു പറഞ്ഞപൊലെ ഒരു മഴക്കലതില്‍ നനഞുപൊയ പ്രെതീതി..പുലരുന്നവരെ ഉറങ്ങാതെ കരഞ്ഞു തള്റ്ന്നു..ഇടക്കു ഒന്നെഴുന്നെറ്റു ചിണുങ്ങി പിന്നെയും ഉറ്ങ്ങാതെ യിരിക്കുന്ന കൊച്ചു കുട്ടിയെപ്പൊലീ മഴ .യെക്കുറിച്ചു .പിനനീടും വായിക്കാന്‍ ഒരു അവസരമായി ഇതു..വളരെ നന്ദി തുഷാരം ...വള്രെ നന്ന്യി....

മയൂര said...

വരികളിലൂടെന്നെ
കൈപിടിച്ച് നടത്തി
തുഷാരമേ നീ ബാല്യകാലത്തിന്‍
മധുര സ്‌മരണയിലേക്ക്, നന്ദി.

Haree said...

മഴവീഴുന്നത് മുകളിലേക്ക് നോക്കി, കണ്ണുകളടായതിരിക്കുവാന്‍ പണിപ്പെട്ടത് എന്തേ വിട്ടുപോയി? ചാഞ്ഞും ചെരിഞ്ഞും മഴയെ എതിരേല്‍ക്കാന്‍ നോക്കുമ്പോള്‍ തീര്‍ച്ചയായും ഇങ്ങിനെയൊരു മത്സരം മഴയുമായി നടന്നു കാണണമല്ലോ... എന്റെ മനസിലും ഒരു മഴതോര്‍ന്ന പ്രതീതി... മിച്ചം വന്ന തുള്ളികള്‍ ഇങ്ങിനെ ഇറ്റിറ്റു വീഴുന്നു.

...ഇതൊക്കെയായിരുന്നു സ്കൂളില്‍ നിന്നു വീട്ടിലെക്കും തിരികെയും... - ഇതൊക്കെയായിരുന്നു വീട്ടില്‍ നിന്നു സ്കൂളിലേക്കും തിരികെയും... എന്നല്ലേ ഉദ്ദേശിച്ചത്?
--

Aloshi... :) said...

കൈമോശം വന്നുപോയ... പഴമയിലേക്കൊരു യാത്ര...
ഇനിയും തിരിച്ചു വരില്ല കടന്നു പോയ ആ ദിനങള്‍ എന്നറിയുമ്പോ... എന്താണു ഞാന്‍ കുറിക്കേണ്ടത്....

കൊള്ളാം... കടുത്ത വേനലില്‍ കൈ തണ്ടയില്‍ വീഴുന്ന മഞുതുള്ളി പോലെ മനസിനെ തണുപ്പിക്കാന്‍... തുഷാരത്തിന്റെ ഇ മഴതുള്ളിക്ക് കഴിഞിരിക്കുന്നു......

കാലമടച്ച...അടഞ്ഞു പോയ ആ പഴയ വാതിലുകള്‍ ഒന്നു തുറക്കാന്‍.... അതേ... ഒത്തിരി നന്ദി.....

Unknown said...

"ബാല്യത്തില്‍ ഇടിമിന്നലിനൊപ്പം വന്ന് പേടിപ്പിച്ച മഴയിലൂടെ,അതൊ മഴയില്‍ കുതിര്‍ന്ന് നാണിച്ച കൌമാരത്തിന്‍റെ
ചാപല്യങ്ങളിലൂടെ,അതുമല്ലെങ്കില്‍ കാല്പനികമായതൊക്കെ ഉള്ളില്‍ നിറച്ച യൌവനത്തിന്‍റെ ഭാവഭേദങ്ങളോരോന്നിലൂടെയും ആവാം.പക്ഷെ ഞാന്‍ തിരിച്ചറിയുന്നു മഴക്കൊപ്പം കടന്നു വന്ന വഴികളില്‍ എന്നും സൌഹൃദത്തിന്‍റെ നന്മകളും,അമ്മയുടെടെ സ്നേഹവും,ജീവിതത്തെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന്."

തുഷാരം പറഞ്ഞതു പോലെ,ഒരോ പ്രായത്തിലും നമ്മുടെ മനസ്സില്‍ മഴയ്ക്കു പല രൂപങ്ങളാണു..അതു പോലെ തന്നെ ചിലപ്പോള്‍ മഴ നമുക്കൊപ്പം കരയാറുണ്ട്,ചിരിക്കാറുണ്ട്,ദേഷ്യപ്പെടാറുണ്ട്..

നന്നായിട്ടുണ്ട്...പഴയ ഒരുപാട് മഴക്കാലങ്ങളിലൂടെ പോയ പോലെ....അഭിനന്ദനങ്ങള്‍

ലിഡിയ said...

ഹോസ്റ്റലിന്റെ ജനലഴിയിലൂടെ പുറത്തേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ പെട്ടന്ന് വിരുന്നു വന്ന കൂട്ടുകാരിയെ പോലെ, പലപ്പോഴും എന്നോട് സംസാരിക്കുന്നത് പോലെ തോന്നിയിരിക്കുന്നു.

തോരാതെ പെയ്യുന്ന ഇടവപാതിയില്‍, പോളി മുതല്‍ പൈനാവ് വരെ കുടയില്‍ മഴ പിടിക്കുന്ന താളവും കേട്ട് ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സന്തോഷം എപ്പോഴും നഷ്ടമാവുന്നു.

ഓര്‍മ്മകളെ ഉണര്‍ത്തിയതിന് നന്ദി തുഷാരം, ഡെല്‍ഹിയില്‍ അപ്രതീക്ഷിതമായി മഴ പെയ്യുകയാണ്,എന്റെ ഹൃദയത്തിലേയ്ക്ക് എന്ന പോലെ.

-പാര്‍വതി.

നിര്‍മ്മല said...

മഴക്കാല ഓര്‍മ്മകളുടെ പെരുമഴ വളരെ ആര്‍ദ്രമായിരിക്കുന്നു. ഇവിടേയും അകത്തിരുന്നു കാണാന്‍ മാത്രം കൊള്ളാവുന്ന മഴയേ ഉള്ളൂ.

Unknown said...

അകത്തും പുറത്തും മഴ പെയ്തിരുന്ന ഒരു ഇടവപ്പാതിയില്‍ ജാലകത്തിലൂടെ വരുന്ന മഴത്തുള്ളികളെ നോക്കി പ്രകൃതി തന്നോട് സഹതപിക്കുകയാണെന്നോര്‍ത്ത് ആശ്വസിക്കാന്‍ ശ്രമിച്ച ആ കുട്ടി ഞാനായിരുന്നു

നന്ദി ആ ഓര്‍മ്മകളെ ഒന്നുകൂടെ ഉണര്‍ത്തിയതിന്‍

മനോജ് കുമാർ വട്ടക്കാട്ട് said...

മഴവെള്ളവും മഴവെള്ളം തേച്ചുമിനുക്കിയ പച്ച നിറവും...

(ഓര്‍മകളില്‍ മഴയുടെ പെരുമഴക്കാലം)

Pramod said...

Thanks! Another good post. Brought back memories from my days back in Kerala during the monsoon. Have lived in lots of different places, but nothing matches the beauty of Kerala when it rains.

I used to live in Palakkad during my engineering days in small rented house near the centre of the town. I had a huge terrace (used to be on the first floor and the terrace was above that!) and whenever it rained and if I was home, I used to be on the terrace getting drenched. Just used to enjoy the power of water coming down on me (now you know why my head is how it is...he he he)

Initially my neighbours thought i was mad... but over time, few of them started coming out and enjoying mazha! I especially remember this girl who used to live in this big house, with a big farm - I still remember her as my rainy day friend. I have no idea about her name, or who she was. (If you are reading this and if you are this girl, do ping me would be great to know about you ;-) ) - but she is part of my memories...

Few weeks back I was in Cambodia, perhaps that is one place that could compete with Kerala when it comes to monsoon beauty. I am planning to visit Cambodia again during monsoon.

Keep writing!

jacks said...

ബ്ലോഗ് എഴുതി മഞ്ഞു പെയ്യിച്ച ആളാണു!
ഇനി കേരളത്തിന്റെ മഴകാലവും യൂറോപ്പിലേയ്ക്ക് കൊണ്ടുപോകാനാണോ ഉദ്ദേശ്യം?

പ്രതിഭാസം said...

മഴയ്ക്കു കാതോര്‍ത്ത്, ഇടിമിന്നല്‍ പേടിച്ച് മുത്തശ്ശിയുടെ ചൂടുപിടിച്ച് കിടന്നിരുന്ന ശൈശവത്തിലേക്ക്, മഴയില് കുതിര്‍ന്ന് പനിപിടിച്ച് അവധിയെടുത്ത് വീണ്ടും മഴ നനഞ്ഞ ബാല്യത്തിലേക്ക്, മഴ പെയ്യുമ്പോള്‍ മുറ്റത്തിറങ്ങിനിന്ന് മഴയിലേക്ക് നോക്കി ആ സൌന്ദര്യമാസ്വദിച്ചു തൊടിയിലോടിനടന്ന കൌമാരത്തിലേക്ക്, മാറിനിന്ന് മഴയെ പ്രണയിച്ച യൌവനത്തിലേക്ക്.... ഒരുപാട് ഓര്‍മ്മകളും, ഗൃഹാതുരത്വവും ഉയര്‍ത്തുന്ന ഇന്നുകളിലേക്ക് “മഴയ്ക്കൊപ്പം” കൈപിടിച്ചു നടത്തിയതിന് ഒരുപാട് നന്ദി.
:)

അപ്പു ആദ്യാക്ഷരി said...

തുഷാരം പറഞ്ഞ മഴയുടെ ഓര്‍മ്മകള്‍ ഇഷ്ടമായി. കുട്ടിക്കാലത്ത് കേട്ട ഇടവപ്പാതിമഴയുടെ നേര്‍ത്ത മര്‍മ്മരം ഇപ്പോള്‍ കേള്‍ക്കണോ? കൈപ്പത്തി രണ്ടും കുമ്പീള്‍പോലെയാക്കി ചെവികള്‍ രണ്ടും ഒന്നു മൂടിനോക്കൂ.....അപ്പോള്‍ കേള്‍ക്കാം ആ മഴയുടെ ആരവം..

Anonymous said...

നില്‍ക്കുന്ന നിൽപ്പില്‍ നിന്നിടത്തു നിന്നും മഴക്കൊപ്പം ഇറങ്ങി നടക്കാന്‍ നിങ്ങളേവരെയും മോഹിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത് ഒരുപാറ്റൊരുപാട് സന്തോഷിപ്പിക്കുന്നു...

ശ്രീകുമാര്‍...നന്ദി

തോക്കായിച്ചാ...മഴ പ്രായത്തെ വെറുത്തോട്ടെ...തിരിച്ച് വെറുക്കാതിരിക്കു

ധ്വനി...മന്‍സ്സിലാവുന്നു..മഹാനഗരത്തിന്റെ ഊഷരതയിലേക്ക്, നിങ്ങളുടെ ഹൃദയത്തിലേക്ക് മഴ പെയ്യിക്കാന്‍ കഴിഞ്ഞുവെങ്കില്‍ സന്തോഷം മാത്രം.

പ്രദീപ്...ന്നന്ദി സന്തോഷം

മയൂരാ.. ആ വരികള്‍ കാണുന്നു
ഞാന്‍ നിന്‍ ഉള്‍ത്തുടിപ്പുകള്‍.

വിട്ടുപോയില്ല ഹരീ...ബൈക്കിലെ യാത്രക്കിടെ അതെന്ന് നിലമ്പരിശാക്കീയതില്‍ ഇതും ഉണ്ടല്ലൊ.

കാളപ്പോരിന്‍റെ നാട്ടില്‍ ഇരുന്നു ആ കര.. കരാ...ന്നു കരയുന്ന ആ പഴയ വാതില്‍ തുറക്കാന്‍ അലോഷിക്കു കഴിഞ്ഞെങ്കില്‍ പുണ്യം...

മൃദുല്‍ പറഞ്ഞപോലെ നമൂക്കൊപ്പം നടക്കുന്ന മഴയ്ക്കു നമ്മുടെ തന്നെ ഭാവങ്ങളാണ്.നന്ദി മൃദുല്‍.

പാര്‍വ്വതി ഓര്‍മ്മകള്‍ ഉണരട്ടെ...നിവര്‍ത്തി പിടിച്ച കുടക്കു മുകളില്‍ ഇമ്മിണി വല്യ തുള്ളിയായി ആദ്യ തുള്ളി വീഴുന്നത് എഴുതാന്‍ വിട്ടു...ഓര്‍മ്മിപ്പിച്ചതിന് നന്ദി.

നിര്‍മ്മലേച്ചി ഹൃദയത്തില്‍ ഓര്‍മ്മകളുടെ പെരുമഴ പെയ്യിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നറിയിച്ചതില്‍ ഒരുപാട് സന്തോഷം.

കുഞ്ഞന്‍സ് നിങ്ങളുടെ ഉള്ളിലെ ആ കുട്ടിയെ ഒരിക്കലൂം നഷ്ടപ്പെടുത്താതിരിക്കു.

പടിപ്പുരയില്‍ മഴവെള്ളം തേച്ചു മിനുക്കിയ പച്ചനിറം കാണാനായി അല്ലെ?

പ്രമോദ് കരിമ്പനയുടെ നാട്ടിലെ മഴക്കാലത്തേക്കു തിരികെ നടക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍...സന്തോഷം.

പ്രതിഭാസമെ...അവിടെയും ഇപ്പോള്‍ മഴ പെയ്യുകയാവും ല്ലേ...‍? പെരുമഴ....നനയാതെ അകത്തു കയറി നിന്നോളു ന്റേ കുട്ട്യെ...

Anonymous said...

അപ്പുവെ...നന്ദി...ഞാനിന്നും കേള്‍ക്കാറുണ്ട് മഴ ഇങ്ങനെ ഇരച്ചിരച്ച് വന്നു ആദ്യ തുള്ളി..അതിനടുത്ത തുള്ളി....അങ്ങനെ പതിയെ പതിയെ നടന്നു വന്ന്നു വന്നു എല്ലായിടവും നിറയ്ക്കുന്നത്...

.... said...

ജാക്സ് വിട്ടുപോയതല്ലാ...ആ ഭഗം ഡിലീറ്റായി എന്ന് പിന്നെ മനസ്സിലായി...യൂറോപ്പിലേക്ക് മണ്‍സൂണിനെ കൊണ്ടുപോയാല്‍ നാട്ടിലേക്ക് വരാനുള്ള പ്രചോദനം നഷ്ടമാവില്ലെ?

അഭിലാഷങ്ങള്‍ said...

മഴ എന്നും കുളിര്‍മ്മ നല്‍കുന്ന ഒരു അനുഭൂതിയണ് ... തുഷാരം എന്നെ ആ‍ അനുഭുതിയിലേക്കു ക്ഷണിച്ചതിനു നന്ദി... ആദ്യമഴ നനഞ്ഞ മണ്ണിന്റെ ഗന്ദം എനിക്കു മറക്കാന്‍‌ കഴിയില്ല... “കേരളത്തിലെ മണ്‍സൂണിന്‍റെ ഭംഗിയും,കാല്പനികതയും ശൌര്യവുമൊന്നും ഇവിടെ പെയ്യുന്ന മഴകളില്‍ കാണാന് കഴിഞ്ഞിട്ടില്ല എന്നത് ചിലപ്പോഴെങ്കിലും ഒരു സങ്കടത്തിന് കാരണമാവാറുണ്ട്.” - അതാണ് നമ്മുടെ ‘ദൈവത്തിന്റെ സ്വന്തം നാടിന്റെ’ പ്രത്യേകതയും, തുഷാരം.

മഴയുടെ ഓര്‍മ്മകളുടെ മയില്‍‌പീലിത്തുണ്ട് പങ്കുവച്ച തുഷാരത്തിനു ഒരിക്കല്‍‌ക്കുടി നന്ദി

ഷാര്‍ജയില്‍‌ നിന്നും
സസ്നേഹം,
അഭിലാഷ്

ppanilkumar said...

Olive Publications purathirakkiya Mazhapusthakam ente madiyil nivarthiyittirikkukayanu. Ente aadya kavitha mazhayude vividha mukhangale kurichayirunnu. Nattile mazha, nagarathile mazha enningane. Ningal ezhuthiyathum njan ezhuthi ennathanu sathyam....engane nammal oru pole chinthikkunnu....viswasikkan sadhikkunnilla.

arun said...

മഴ പോലെ തന്നെ ആസ്വാദ്യകരമായിരുന്നു മഴയെപ്പറ്റിയുള്ള ഈ പോസ്റ്റും :-)

ഒരു കാലത്ത് തിരുവനന്തപുരത്ത് പെയ്യുന്ന എല്ലാ മഴയും നനയാനുള്ള ഒരു 'യോഗം' എനിക്കുണ്ടായിരുന്നു! (ഞാന്‍ കുടയോ മഴക്കോട്ടോ എടുക്കാത്ത ദിവസം കണിശമായും മഴ പെയ്തിരിക്കും!)

കുറച്ച് കാല്‍പ്പനികതയൊക്കെ മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ആര്‍ദ്രമായ ഒരു സ്മരണയായി എപ്പോഴും മഴ ഉണ്ടായിരിക്കും.

Unknown said...

മഴ പോലെ തന്നെ മനോഹരമായ അവതരണം. ആ വരികളിലൂടെ നഷ്ടപ്പെട്ടു പോയ കുട്ടിക്കാലത്തില്‍ ഞാനും എത്തിച്ചേര്‍ന്നു. നന്ദി...

Anonymous said...

മഴ എനിക്കെന്നും സമ്മാനിച്ചിട്ടുള്ളത് പ്രണയത്തിന്റെ സുഖമുള്ള ഓര്‍മ്മകളായിരുന്നു. പ്രീ-ഡിഗ്രി കാലത്തെ പ്രണയം ആരംഭിക്കുന്നതു തന്നെ ഒരു മഴക്കാലത്താണ്. തിമിര്‍ത്തു പെയ്യുന്ന മഴകാരണം വീടിനു പുറത്തു പോകാനാകാതെ ഒറ്റക്കിരിക്കുമ്പോള്‍ എഴുതിയിരുന്ന പ്രണയലേഖനങ്ങള്‍ക്ക് മഴയുടെ നനുത്ത കുളിര്‍മ്മ ഉണ്ടായിരുന്നത്രേ...മഴപെയ്യുന്ന വൈകുന്നേരങ്ങളില്‍ കാമ്പസിന്റെ നനഞ്ഞു കുതിര്‍ന്ന വരാന്തകളില്‍ പ്രാണിയുമായി സൊറപറഞ്ഞിരിക്കുമ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട് ഈ മഴ ഒരിക്കലും മാറാതിരുന്നെങ്കില്‍ എന്ന്...പിന്നീട് അനന്തപുരിയിലെ ജോലി ദിവസ്സങ്ങളിലൊന്നില്‍ ബോസിന്റെ കണ്ണുവെട്ടിച്ച് പ്രാണിയെ ഹോസ്റ്റലിലാക്കാന്‍ ബൈക്കെടുത്തിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി പെയ്‌ത മഴ... അത് മനസ്സിലെ പ്രണയം കൂട്ടിയതേ ഉള്ളൂ...

സാധാരണ മഴപെയ്യുമ്പോളാണ് ഇതെല്ലാം ഓര്‍ക്കുക ... പക്ഷേ ഇത്തവണ ഇതിന്റെ ഡ്രാഫ്റ്റ് വായിക്കാന്‍ തന്നപ്പോള്‍ തന്നെ മനസ്സില്‍ ഒരു മഴപെയ്ത് തോര്‍ന്ന പ്രതീതി...

ഇപ്പോ ഇത് വായിക്കുമ്പോ...ഇവിടെ മഴയുടെ സംഗീതമില്ല...പുതുമണ്ണില്‍ മഴവീഴുമ്പോളുള്ള മണമില്ല... മഴതോര്‍ന്ന ഒരു നിശ്ബ്ദതമാത്രം...തണുപ്പുള്ള ഒരു ചെറിയ കാറ്റുമാത്രം... നന്ദി...എന്നെ ഓര്‍മ്മകളിലെ മഴക്കാലത്തിലേക്ക് കൈപിടിച്ച് നടത്തിയതിന് ...

ഞാന്‍ പേരു വെക്കുന്നില്ല...കാരണം ഞാന്‍ പിന്നെ പറയാം.... ഞാന്‍ ആരാണെന്ന് ചേച്ചിക്ക് മനസ്സിലായിട്ടുണ്ടാ‍കും എന്നു കരുതുന്നു :).

qw_er_ty

swaram said...

വായിച്ചിട്ട് മതിയായില്ലെന്നു തോന്നി, പിന്നെയും അവിടെയ്കു തന്നെ തിരിച്ചു വന്നു...അപ്പൊഴാണൊര്‍ത്തത് ഒരു മറുകുറി എഴുതാന്‍ വിട്ടുപൊയെന്ന്...ഓല മേഞ്ഞ പുരപ്പുറത്ത് ചറ പറാന്ന് മഴ പെയ്യുമ്പൊള്‍ ആദ്യം ഒരു കുളിര്‍മ, പിന്നെ വേനല്‍ തിന്നു തീര്‍ത്ത വിടവിലൂടെ മഴവെള്ളം ചാണകം തേച്ച നിലത്തെ അപ്പാടെ മുക്കുമ്പോള്‍ കീറിയ കമ്പിളിയില്‍ ചുരുണ്ടു കൂടിക്കൊണ്ട് മഴയെ പ്രാകുന്ന മുത്തശ്ശി...ഉറക്കമില്ലാത്ത രാത്രികള്‍ ...ഓര്‍മകളുടെ തുലാവര്‍ഷം തിരിചു തന്നതിനു നന്ദി തുഷാരം ...

Aloshi... :) said...

മഴ കലക്കുകയാ... പെയ്യട്ടങനെ പെയ്യട്ടെ....
മനസില്‍ ഒരു നനവായി... ഓര്‍മകളില്‍ ഒരു നിലാവായി... ഇ ചാറ്റല്‍ മഴ അങനെ തോരാതെ നില്‍ക്കട്ടെ.....

B.S BIMInith.. said...

പൊള്ളുന്ന ചൂടുകാലത്ത്‌ കിട്ടിയ പുതുമഴ പോലെയായി ഈ 'മഴക്കൊപ്പപ്പം'.
ഒന്നു കാതോര്‍ത്താല്‍ പണ്ട്‌ പനയോല മേഞ്ഞ വാടകവീട്ടിലെ മച്ചില്‍
മഴ തബലവായിക്കുന്നത്‌ ഇപ്പോഴും കേള്‍ക്കാം.
ഒന്നു കണ്ണടച്ചിരുന്നാല്‍ പുതുമഴയത്ത്‌ തെക്കേപ്പുറത്തെ കൈത്തോടില്‍
വെളുത്ത ശരീരത്തില്‍ സ്വര്‍ണ്ണവരകളുള്ള മീന്‍ കുഞ്ഞുങ്ങള്‍ നൃത്തംവെക്കുന്നതും
അതിനെ ചേമ്പിന്‍ താളില്‍ പെറുക്കിയെടുത്ത്‌ വീട്ടിലെ ഹോര്‍ലിക്സുകുപ്പി
ലക്ഷ്യമാക്കിയോടുന്ന ഒരു കൊച്ചു പയ്യനെയും കാണാം.
പുതുമഴ നനഞ്ഞ്‌ ആദ്യത്തെ തുമ്മലിനൊപ്പം
കൈയിലെ രോമങ്ങള്‍ എഴുനേറ്റു നില്‍ക്കുന്ന സുഖം
ശരിക്കുമനുഭവിച്ചു.
നന്ദി....
ഒരു പെരുമഴയോളം നന്ദി.

Sujith S V Panicar said...

താങ്കളുടെ മഴക്കൊപ്പം എന്നെ നിരാശപ്പെടുത്തിയില്ല എന്നറിയിക്കട്ടെ.എന്നോ നഷ്‌ടപ്പെട്ട ബാല്യവും അന്നൊക്കെ ഉത്സവം പോലെ
കൊണ്ടാടിയ മഴക്കാലത്തെ ഓര്‍മ്മകളിലേക്കും വീണ്ടും തിരികെ പോകുവാന്‍ സഹായിച്ചതിനു നന്ദി.
‘എന്നും മഴയെന്നോര്‍ക്കുമ്പോള്‍ ആദ്യം മന‍സ്സിലേക്ക് വരുന്നത് ആദ്യമഴ നനയുന്ന മണ്ണിന്‍റെ ഗന്ധമാണ്.’
ഇതു വായിക്കുമ്പോള്‍ ഞാനും ആ ഗന്ധമനുഭവിക്കുന്നു.,ആസ്വദിക്കുന്നു.

കുറുമാന്‍ said...

തുഷാരം, അല്പം വൈകിപോയി ഈ പോസ്റ്റ് വായിക്കുവാന്‍, പക്ഷെ, പറയാതെ വയ്യ. വളരെ ഇഷ്ടപെട്ടു. കുറച്ച് സമയം ബാല്യകാലത്തിലേക്ക് മനസ്സ് മടങ്ങിപോയി.

മഴപെയ്തു നിറഞ്ഞ പാടവും, കുളവും, നിറഞ്ഞു കവിയുന്ന ചാലുകളും, തോടുകളും, മീന്‍ വെട്ടാന്‍ പോകുന്നതും, എല്ലാം ഓര്‍മ്മയിലെക്കോടിയെത്തി.

കുഞ്ഞാ‍യിരുന്നപ്പോള്‍ ഓലപ്പുരയില്‍ താമസിച്ചിരുന്ന കാലത്ത്, മഴപെയ്യുമ്പോള്‍, ദ്രവിച്ച ഓലക്കിടയിലൂടെ ഒറ്റമുറിയിലേക്ക് ഇറ്റിട്ടുവീഴുന്ന മഴവെള്ളം ചാണം മെഴുകിയ തറയില്‍ തളം കെട്ടാതിരിക്കാന്‍, അമ്മ അലുമിനിയ കലങ്ങളും, പ്ലാസ്റ്റിക്ക് ബക്കറ്റുകളും വീട്ടിന്റെ പല ഭാഗങ്ങളിലായി വെക്കാറുള്ളതാണ് മഴയെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മ.

എന്തിനും, നല്ല ഒരു പോസ്റ്റ് എഴുതി പങ്കുവച്ചതിന് നന്ദി.

.... said...

കൂട്ടുകാരെ പലര്‍ക്കും വീണ്ടും വീണ്ടും ഓര്‍മ്മകളുടെ പെരുമഴക്കാലം സമ്മാനിക്കാന്‍ ഈ പോസ്റ്റിനാവുന്നു എന്നറിയുന്നതു ഒരുപാട് സന്തോഷം തരുന്നു.

അഭിലാഷ് നന്ദി....

അനില്‍ ...ഞാന്‍ ആ ബുക്ക് വായിച്ചിട്ടില്ല...നിങ്ങള്‍ പറഞ്ഞിരിക്കുന്ന സാമ്യം എനിക്കും അത്ഭുതമുളവാക്കുന്നു.

അരുണെ...അധികം മഴ നനഞ്ഞ ഓര്‍മ്മകളില്ലെങ്കിലും തിരുവനന്തപുരത്തെ മഴക്കാലത്ത് തമ്പാനൂര്‍ വെള്ളത്തിനടിയിലായ ഏതോ ഒരു ദിനം ആ വഴിയിലൂടെ നടക്കാന്‍ ഭാഗ്യം (നിര്‍ഭാഗ്യമൊ) സിദ്ധിച്ഛിട്ടുണ്ട് എനിക്കും.വായിച്ചതിനും ആസ്വദിച്ചു എന്നറിയിച്ചതിനും നന്ദി.

ശിവദാസിന് കുട്ടിക്കാലത്തേക്ക് ഒരു തിരിച്ച് പോക്ക് നടത്താനായി എന്നറിയിച്ചതില്‍ സന്തോഷം.

അനോണിയായ അനിയാ..എനിക്ക് ആരെന്നറിയാം പക്ഷെ പറയണില്ല...ഇതുപോലെ പ്രണയത്തിന്‍റെഒരു ചിത്രം മഴയ്ക്കൊപ്പം പലര്‍ക്കും ഉണ്ടാവും എന്നെനിക്കറിയാം....പറയാനുള്ള മടി കൊണ്ട് പരയാതിരിക്കുനന്നതാവാം.അല്ലെങ്കില്‍ പലതും വീണ്ടും ആരെയൂം ഓര്‍മ്മിപ്പിക്കേണ്ട എന്നോര്‍ത്തുമാവം...എന്തായാലും വന്നതിനും വായിച്ചതിനും നന്ദി.

സ്വരം ആ പറഞ്ഞ മുത്തശ്ശിയുടെ ഓര്‍മ്മക്ക് ഒരുപാട് ഗൃഹാതുരത്വം....ഞാനും അതുപോലൊരു വീടിനൂള്ളിലെക്ക് പോയി കുറേ നേരത്തേക്ക്.

ബിമിനിത് ഓര്‍മ്മകളിലെങ്ങോ മയങ്ങി കിടന്നിരുന്ന ആ കൊച്ചു പയ്യനെ വീണ്ടും കാണാനായി അല്ലെ?സന്തോഷം..ഇങ്ങനെ തിരഥല്ലി വരുന്ന ഓര്‍മ്മകളുനര്‍ത്താന്‍ എനിക്കാഅയി എന്നത് ഒരുപാടൊരുപാട് സന്തോഷം തരുന്നു.

സുജിത് നിങ്ങളെ ഈ പോസ്റ്റ് നിരാശപ്പെടുത്തിയില്ലാ എന്നറിയിച്ചത് എഴുത്ത് തുടരാന്‍ എനിക്ക് നല്ല പ്രചോദനം തരുന്നു.നന്ദി അഭിപ്രായത്തിന്.

അലോഷി വീന്റ്റും വന്നു അല്ലെ?

കുറുമാന്‍ ചേട്ടാ...ഇവിടെ വന്നു അല്ലെ?പെരുത്ത് സന്തോഷം...ചേട്ടന്‍റെ യാത്രാവിവരണങ്ങള്‍ ഇടക്കൊക്കെ വായിക്കാനെ പറ്റാറുള്ളു അതും ഓടിച്ച്..ഇഷ്ടമാണ്.

ഇവിടെ വന്നു ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍ സമയം കണ്ടെത്തിയതിന് ഒരുപാട് ന്നന്ദി.മേല്‍ക്കൂര ചോരുമ്പോല്‍ അമ്മ ചെയ്യുന്നത് ഞാനും കണ്ടിരിക്കണു ഒരു അടുത്ത ബന്ധുവിന്‍റെ വീട്ടില്‍ പലപ്പോള്‍.

ശ്രീ said...

നഷ്ടപ്പെട്ട ബാല്യകാല സ്മരണകളിലേക്കും അന്നത്തെ മനോഹരമായ ആ മഴക്കാലങ്ങളിലേക്കും ഒരു തിരനോട്ടം സമ്മാനിക്കാന്‍ ഈ കുറിപ്പിനു കഴിഞ്ഞു.... ഒരുപാടു നാള്‍‌ കാത്തു കാത്തിരുന്ന് വന്നെത്തിയ ഒരു നല്ല പുതുമഴ ആസ്വദിച്ചു നനഞ്ഞ സുഖം... അഭിനന്ദനങ്ങള്‍‌...

vinu said...

evide venalil urukkunna palakkad ...
mazhaye kurichu vaayichappol oru venal mazha konda anubhavam..
mumbathe venal ennum kalikaludethayirunnu. kalikkidayil avasanamayi varunna venal mazha athu kollatha oru venal polum illayirunnu athokke orikkalkoodi oormipichathinu nanni puzhayil mazha peyyunnathu kanananu nalla rasam... puzhayum mazhayum....

shameer said...

Njnaum thorathe mazhaye orupad ishtampedunnu..........enthannnariyilla mazha engane thorathe peyumbol ente manssinu enthoru suganenno......orupad ormakal ennilaky athu thorathe nalkunnu.......eniyumm...........

shameer said...
This comment has been removed by the author.