Thursday, December 14, 2006

ഇന്റെര്‍നെറ്റും ചില ചിന്തകളും

ഈ നൂറ്റാണ്ടിന്റെ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും ഇല്ലായിരുന്നെങ്കില്‍ എന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടൊ?

ഇന്റെര്‍നെറ്റിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്ന സംവേദനത്തിന്റെ സുഖം നിത്യേനെ അനുഭവിക്കുന്നവരാണ് നാമോരോരുത്തരും. ആധുനിക ജീവിതത്തിന്റെ തിരക്കുകളില്‍ ലോകത്തിന്റെ വിവിധ കോണുകളിലായ് ഒറ്റപ്പെട്ട ജീവിതം ജീവിച്ചു തീര്‍ക്കുന്ന മനുഷ്യജന്മങ്ങള്‍ക്കു ഇതിലൂടെ കിട്ടുന്ന ആശ്വാസവും ചെറുതല്ലാ!ഒരു പ്രവാസിയായതിനാല്‍ ജനിച്ച നാടിനേയും ,കളിക്കൂട്ടുകാരെയും ,ഭാഷയേയും ഉപേക്ഷിച്ചു പുറത്തൊരിടത്തു കൂടുകൂട്ടുന്നതിന്റെ പ്രയാസങ്ങള്‍ ആരെങ്കിലും പറഞ്ഞറിയാതെ തന്നെ അനുഭവിച്ചറിയുന്ന ഒരാളാണു ഞാനും.ആയതിനാല്‍ ആ വിഷമതകളെ ഏറ്റവും നന്നായി ഉള്‍ക്കൊണ്ടു തന്നെയാണു ഞാന്‍ സംസാരിക്കുന്നതും.

അല്‍പ കാലങ്ങള്‍ക്കു മുന്‍പു വരെ ക്രിസ്തുമസ്സിനോ അതുപോലെയുള്ള വിശേഷാവസരങ്ങളിലോ ആശംസകള്‍ കൈമാറുക എന്നതു വളരെ ആയാസകരമായ ഒരു കാര്യമായിരുന്നില്ലേ? നല്ലോരു തുക ചിലവഴിച്ചാലല്ലാതെ അതു സാധ്യവുമായിരുന്നില്ല,പിന്നെ പ്രിയപ്പെട്ടവര്‍ക്കായു അയയ്ക്കാനുള്ളതു തിരഞ്ഞെടുക്കാനുള്ള സമയവും കണ്ടെത്തണം .ഈ കടമ്പകളൊക്കെ കഴിഞ്ഞാലോ തപാലില്‍ അതു അയച്ചു എത്തെണ്ടിടത്തു എത്തുകയും വേണം.അപ്രതീക്ഷിതമായി തപാല്‍വകുപ്പു സമരം തുടങ്ങിയാല്‍ എല്ലാം തീര്‍ന്നു.ഇന്നിപ്പോള്‍ അതൊക്കെ ഇ - സന്ദേശങ്ങള്‍ക്കും, ഇ- ആശംസാകാര്‍ഡുകള്‍ക്കും , ഇന്റെര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന സമ്മാനങ്ങള്‍ക്കും വഴിമാറിയില്ലെ.

ഇതു ചാറ്റ് റൂമുകളുടെയും, ഓര്‍കുട്ടിന്റെയും, ഗൂഗിള്‍റ്റോക്കിന്റെയും ,സ്കൈപ്പിന്റെയും കാലം. പുതിയ തലമുറ ആഘോഷിക്കുകയല്ലേ. ഭൂഗോളത്തിന്റെ ഓരോ ദിക്കുകളിലും,വ്യത്യസ്ത സമയസൂചികകളിലും കഴിയുന്നവര്‍,വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍ , ഇനി ഒരിക്കല്‍ പോലും കാണുമെന്ന സങ്കല്‍പം പോലും ഇല്ലാതെ എത്ര നന്നായി സംവേദിക്കുന്നു, ദീര്‍ഘകാലമായി ചങ്ങാത്തത്തിലാണെന്ന വണ്ണം. ഇതൊരു വശം.

നമുക്കൊരല്‍പം വേറിട്ടൊന്നു ചിന്തിച്ചാലോ? ഇന്റെര്‍നെറ്റും കമ്പ്യൂറ്ററും ഒക്കെ വരുന്നതിനു മുന്‍പുള്ള ആ കാലത്തിലെക്കു നമുക്കൊന്നു തിരികെ പോയലൊ? കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ആശയവിനിമയവും, സംവേദനവും സാധ്യമാണെങ്കിലും ഇന്നത്തെ സമൂഹത്തില്‍ വ്യക്തിബന്ധങ്ങളില്‍ പഴയ ആഴം ഉണ്ടൊ?നമ്മുടെ അയല്‍പക്കബന്ധങ്ങളില്‍ ഉണ്ടായിരുന്ന ഊഷ്മളത എവിടെ? ഇന്നു ഓണ്‍ലൈന്‍ സുഹ്രുത്തുക്കളുമായ് ചാറ്റിങ്ങില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നവര്‍ക്കു തന്റെ അയല്‍വാസി ആരെന്ന് അറിയില്ല. തൊട്ടപ്പുറത്തെ വീട്ടില്‍ എന്താണു സംഭവിക്കുന്നതെന്നതിനെപറ്റി അവന്‍ ബോധവാനല്ല . അതറിയണമെന്ന താല്‍പര്യവുമില്ല. ഇന്നത്തെ മനുഷ്യന്റെ ലോകം GOOGLE കൈയടിക്കിയിരിക്കുകയല്ലേ.അതിലൂടെ ആണു അവന്‍ ഇന്നു മനുഷ്യനെയും പ്രകൃതിയെയും നോക്കി കാണുന്നതും അറിയുന്നതും.വളരെ ശോചനീയമായ ഒരു സാമൂഹിക അവസ്ഥയാണിത്.

ഇന്നു നമ്മുടെ കുട്ടികള്‍ പ്രകൃതിയെ അറിയുന്നുണ്ടോ?മണ്ണുമായി പുലബന്ധം പോലും ഇല്ലാത്ത കളിക്കോപ്പുകളും,കളികളും!മണ്ണിനെ അറിയാന്‍ ഉള്ള അവസരങ്ങള്‍ പോലും പരിഷ്കാരത്തിന്റെ പുറത്തു അവര്‍ക്കു നിഷേധിക്കപ്പെടുകയല്ലെ?ഇന്നിപ്പോല്‍ കുട്ടി നേരെ നടന്നു പഠിക്കുന്നതിനു മുന്‍പേ തന്നെ ആനയിക്കപ്പെടുകയല്ലെ കമ്പ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റ്സൈറ്റുകളുടെയും ലോകത്തേകക്ക്.തന്‍റെ കുട്ടി എവിടെയും പിന്നിലായി പോകരുതല്ലോ. സ്വന്തം സ്വാര്‍ഥതയ്ക്കായി സ്വന്തം കുട്ടീടെ ഉള്ളില്‍ അന്തര്‍ലീനമായ കഴിവുകളെ പോലും മുളയിലേ നുള്ളിക്കളയുന്നു.

പല പഠനങ്ങളും സൂചിപ്പിക്കുന്നതു ടിവി ഉം കമ്പ്യൂട്ടറും കണ്ടും ഉപയോഗിച്ചും വളരുന്ന കുട്ടികളില്‍ അവരില്‍ അന്തര്‍ലീനമായ വാസനകളുടെ വികാസം നടക്കുന്നില്ല എന്നാണു .അവര്‍ പ്രകൃതിയെ തൊട്ടറിയുന്നില്ല , മറ്റാരുടെയെങ്കിലും കാഴ്ചപാടിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളെ സ്വന്തം ആശയങ്ങളാക്കുകയാണു. മഴയെ തൊട്ടറിയണം, ആദ്യത്തെ മഴ നനയുന്ന മണ്ണിന്റെ ഗന്ധം മനസ്സിലാക്കണം......മാനം നോക്കിയാല്‍ മഴപെയ്യുമോ ഇല്ലയോ എന്നു ഗണിക്കാന്‍ കഴിയണം.ഇന്നിപ്പോല്‍ മഴ കാണുകയാണു, മണ്ണിന്റെ ഗന്ധവും സ്പര്‍ശവും അറിയുന്നില്ല. അതു പോലെ പ്രകൃതിയിലെ ഓരോ പ്രതിഭാസത്തെയും തൊട്ടറിയണം.

വിസ്മരിക്കാനാവാത്ത ചില ഗ്രുഹാതുരത്വമുള്ള ഓര്‍മ്മകള്‍ കൂടെ ഇതിനൊപ്പം കെട്ടുപിണഞ്ഞു കിടപ്പുണ്ട്. പൊയ്പോയ നാളുകളില്‍ മഷി മുക്കി വടിവൊത്ത കൈപടയിലെഴുതി തപാലില്‍ അയച്ചിരുന്ന കത്തുകള്‍ കിട്ടുന്നയാള്‍ക്കു അയയ്ക്കുന്നയാളിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കിയിരുന്നില്ലെ? ദിവസങ്ങളെണ്ണി കാത്തിരുന്നു വഴിക്കണ്ണുകളുമായ് പോസ്റ്റ്മാനെ നോക്കിനിന്നു കൈപ്പറ്റിയിരുന്ന പോസ്റ്റ്കാര്‍ഡുകളും, ഇന്‍ലന്റുകളും ആശംസാകാര്‍ഡുകളും നല്‍കിയിരുന്ന സുഖം ഇന്നത്തെ ഇ-സന്ദേശങ്ങള്‍ക്കു നല്‍കാന്‍ പറ്റുന്നുണ്ടോ എന്നതു സംശയമാണു.

ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നാല്‍ ഇന്നിന്റെ സുഖം പോലും ആസ്വദിക്കാനാവാതെ പഴഞ്ചന്‍ എന്നു മുദ്രകുത്തപെട്ടു എല്ലാവര്‍ക്കും പിന്നിലായ് മാറ്റപ്പെടും.പിന്നെ നാടോടുമ്പോള്‍ നടുവേ എന്നതല്ലേ ആധുനികസമൂഹത്തിന്റെ പ്രമാണം. ആയതിനാല്‍ ചെറിയൊരു നൊമ്പരത്തോടെയാണെങ്കിലും നമുക്കും ഒഴുക്കിനൊത്തു നീന്താം , വരും കാലങ്ങളില്‍ എന്നെങ്കിലും പഴമയുടെ പുണ്യവും പുതുമയുടെ സൗകര്യങ്ങളും ചേര്‍ത്തുവച്ചു മനുഷ്യനെയും പ്രകൃതിയെയും കൂടുതല്‍ അറിയുന്ന ഒരു സമൂഹം ഉരുത്തിതിരിയും എന്ന പ്രതീക്ഷയോടെ !