നാട്ടില്‍ നിന്നുള്ള മടക്കയാത്രയുടെ ആലസ്യവും, കുറേ കൌതുകങ്ങള്‍ ദൂരെയാക്കി ഈ നാലു ചുവരുകള്‍ക്കുള്ളിലെക്ക് ഒതുങ്ങേണ്ടി വന്ന മക്കളുടെ നിസ്സഹായതയും, നാട്ടിലെ രാപ്പകലുകളുടെ ഓര്‍മ്മകളുമൊക്കെയായി ദിവസങ്ങള്‍ വല്ലാതെ വിരസമായിരുന്നു - ഇന്നലെ വരെ...ചിന്തകളുംഅക്ഷരങ്ങളും പോലും കൂട്ടുകൂടാന്‍ മടിച്ച് തീര്‍ത്തും ശൂന്യമായിരുന്നു മനസ്സ്. ഏകദേശം രണ്ട് മാസത്തോളം വരുന്ന ഒഴിവുകാലവും കഴിഞ്ഞ് ഇവിടെ തിരികെയെത്തി ഒരാഴ്ചയ്ക്കുള്ളില്‍ "ഇവിടെ മഴ തകര്‍ക്കുകയാണല്ലോ കുട്ടീ നിനക്കത് കാണാന്‍ ഭാഗ്യമുണ്ടായില്ലല്ലോ "എന്നും പറഞ്ഞ് നാട്ടില്‍ നിന്നും മെയിലുകളിലൂടെയും ഫോണിലൂടെയും എന്നെ കൊതിപ്പിച്ചവര്‍ക്കുള്ള ഉത്തരമായി തോന്നി ജാലകത്തിലൂടെ ഞാന്‍ കണ്ട കാഴ്ച.
ജൂണ്‍ പകുതിവരെ നാട്ടിലുണ്ടായിരുന്നിട്ടും കുറുമ്പുകാരന്‍ കുട്ടിയെപ്പോലെ എന്നെ കൊതിപ്പിച്ച് മറഞ്ഞിരുന്നിട്ട് ഇതാ ഞാന്‍ ഇവിടെ വന്നൂലോ എന്നു വിളിച്ചറിയിക്കുന്നപോലെ തോന്നി എനിക്ക്.പുതുമണ്ണിന്‍റെ ഗന്ധമുതിര്‍ത്ത് ആറ്ത്തലച്ച് കണ്ണില്‍ കണ്ടതൊക്കെ തട്ടിമറിച്ചിട്ട് ഇവിടെ എനിക്കു വേണ്ടി പെയ്യുകയാണെന്ന് എന്നോട് പറയും പോലെ..രാത്രിയിലെ മഴക്കുശേഷം ഇന്ന് രാവിലെയും മഴ എത്തി.പെട്ടന്നു മാനം കറുത്തിരുണ്ട് മരങ്ങളെ ഉലച്ച് കൊണ്ട് കാറ്റും മിന്നലുമൊക്കെയായി... ആ പകല്‍ കാഴ്ച എന്നോട് കൂട്ടുകൂടാതെ മാറിനിന്ന അക്ഷരങ്ങളെ എന്നിലേക്ക് മടക്കിക്കൊണ്ട് വന്നു.ആകൂട്ടുകൂടലിന്‍റെ ഫലമാണ് ഇപ്പോല്‍ നിങ്ങളോട് സംവാദിക്കുന്ന ഈ കുറിപ്പ്.പിറന്ന നാടിന്‍റെ മരവിച്ച പ്രകൃതിയില്‍ ഉറഞ്ഞുപോയ മനസ്സിനെ ഉണര്‍ത്തിയതു മറുനാട്ടിലെ മഴ.എന്തൊരു വൈരുദ്ധ്യം അല്ലെ ???
ഇവിടെ യൂറോപ്പില് വേനല്‍ ഉച്ഛസ്ഥായിയില്‍ നില്ക്കുന സമയമാണിപ്പോള്‍.കേരളത്തിന്‍റെ മണ്‍സൂണ്‍ പോലെ മഴക്കാലം എന്ന് വേര്‍തിരിക്കാനാവുന്ന ഒരു ഋതുവും ഇവിടെ ഇല്ല താനും. എങ്കിലും എല്ലാ ഋതുക്കളിലും മഴ ഉണ്ടാവാറുണ്ട്.ഒന്നും രണ്ടും ദിവസം നമ്മുടെ നാട്ടിലെ ചാറ്റല്‍ മഴ പോലെ നിര്‍ത്താതെ പെയ്യും.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വരെ ഉണ്ടായിട്ടുണ്ടെന്നതും വാസ്തവം. ഇവിടെ ഇടക്കൊക്കെ മഴക്ക് കൂട്ടായി ഷെര്‍ലക് ഹോംസിന്‍റെ അപസര്‍പ്പക കഥകളെ അനുസ്മരിപ്പിക്കുന്ന വണ്ണമുള്ള ചൂളമ്വിളികളൊടെ കാറ്റും ഉണ്ടാവാറുണ്ട്.പക്ഷെ ഇന്നലെ രാത്രി എല്ലാ പതിവുകളെയും തെറ്റിച്ച് കൊണ്ട് വന്ന മഴ മണ്‍സൂണ്‍ മേഘങ്ങള് യൂറോപ്പിലേക്ക് ചുവട് മാറിയോ എന്ന് തോന്നിപ്പിച്ചു.ഈകുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നു ഇന്നലെയും ഇന്നുമായി പെയ്ത മഴ എവിടെയൊക്കെയൊ മണ്ണിടിച്ചിലും വെള്ളപ്പോക്കവും ഉണ്ടാക്കിയെന്ന്.
ഏപ്രില്‍ അവസാനം മുതല്‍ സ്കൂള്‍ തുറക്കുന്ന ജൂണ്‍ പകുതിവരെ രണ്ട് മാസത്തോളം വരുന്ന ഒഴിവു കാലം കണക്ക് കൂട്ടിയപ്പോള്‍ വീട്ടില് ഉണ്ടാവാന്‍ പോകുന്ന വിവാഹമാമാങ്കങ്ങളെക്കാള്‍ എന്നെ കൊതിപ്പിച്ചത് മറ്റ് ചില ചിന്തകളായിരുന്നു.വേനലില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കാണണം.ഏപ്രിലിന്‍റെ അവസാനം വരുന്ന വേനല്‍ മഴയില്‍ ആ പൂക്കള്‍ കൊഴിഞ്ഞ് വീണ് മണ്ണ് സ്വര്‍ണ്ണവര്‍ണ്ണവിഭൂഷിതയാവുന്നതിന്‍റെ ഭംഗി ആവോളം നുകരണം,കൊതി തീരെ മാമ്പഴവും ചക്കയും തിന്നണം, സ്കൂള്‍ തുറക്കുന്ന് ദിവസം കുട്ടികളെ നനച്ചെ അടങ്ങൂ എന്ന വാശിയില്‍ പെയ്യുന്ന മഴ നോക്കി വീണ്ടും ഒരു കുട്ടിയാവണം, ആ മഴയുടെ കുളിരില്‍ പുതപ്പിനടിയില്‍ ചുരുണ്ട് കൂടിയിരുന്നു ജനാലയിലൂടെ മഴത്തുള്ളികളെ തൊട്ടറിയണം,വൃക്ഷങ്ങള്‍കടപുക്കി വീഴ്ത്തുന്ന കാറ്റില്‍ വീഴുന്ന കശുവണ്ടികള്‍ പെറുക്കിയെടുത്ത് കനലെരിയുന്ന അടുപ്പില്‍ ചുട്ടെടുക്കണം, പൊടിപറത്തുന്ന നിരത്തുകളിലേക്ക് പെയ്തിറങ്ങുന്ന ആദ്യ മഴ വീഴുമ്പോഴുള്ള പൂഴിയുടെ ഗന്ധം നുകറ്ന്ന് വീടിന്‍റെ കോലായില്‍ ചുട്ടെടുക്കുന്ന കശുവണ്ടിയും കൊറിച്ച് ഇരിക്കണം. പിന്നെകാലത്തുണറ്ന്ന് തലേന്ന് പെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണിലൂടെ നടന്ന് തൊടിയിലെ മുല്ലച്ചെടി പൂത്തിട്ടുണ്ടോ എന്ന് നോക്കണം,ഞാന്‍ നടന്ന ഓരോ വഴിയിലൂടെയും മക്കളെയും നടത്തണം.....അങ്ങനെ ഓര്‍മ്മകളുടെ പത്തായത്തിലേക്ക് ഒരു എത്തിനോട്ടമായിരുന്നു ഞാന്‍ സ്വപ്നം കണ്ടത്.
പക്ഷെ, നാട്ടിലേക്കുള്ള യാത്ര എന്‍റെ ചിന്തകളെയും,സ്വപ്നങ്ങളെയും ഉത്തേജിപ്പിക്കുമെന്ന് വ്യാമോഹിച്ച എനിക്ക് തെറ്റി. മറിച്ച് ഉള്ളില്‍ അവശേഷിച്ച സര്‍ഗ്ഗാത്മകത കൂടി തല്ലിക്കെടുത്തുകയാണ് ചെയ്തതു.അവിടെ എന്നെ കാത്തിരുന്നത് ജീവനില്ലാത്ത മണ്ണും ആത്മാവില്ലാത്ത പ്രകൃതിയും.പച്ചപ്പിന്‍റെയും ജലത്തിന്‍റെയും അവശേഷിക്കുന്ന കണികകള്‍ കൂടി നാമാവിശേഷമാക്കിക്കൊണ്ട് പാടവും കുളങ്ങളും ഉണ്ടായിരുന്നിടമൊക്കെ കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു. അവനവന്‍റെ തൊടിയെ ശുചിയായി സൂക്ഷിക്കാനുള്ള വെമ്പലില്‍ വഴിയോരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങള്‍ അവിടവിടെ. കാത്ത് കാത്തിരുന്ന് മഴയൊന്ന് മുഖം കാണിക്കുമ്പോഴേയ്ക്കും അതില്‍ നിന്ന് ആര്‍ത്തിരമ്പുന്ന ഈച്ചയും കൊതുകും. വര്‍ഷങ്ങള്‍ക്ക് പുറകില്‍ എല്ലാ തൊടിക്കും സ്വന്തമായി ഒരു കൊന്നമരം എങ്കിലും ഉണ്ടായിരുന്നിടത്തു നിന്നും, കലാലയമുറ്റത്തേക്കും ക്ഷേത്രത്തിനോടനുബന്ധിച്ചും മാത്രമായി ചുരുങ്ങിയിരിക്കുന്നു സ്വര്‍ണ്ണവര്‍ണ്ണമുള്ള ആ പൂക്കളുടെ സമൃദ്ധി.ഓര്‍മ്മകളിലെ വേനല്‍മഴയുടെ അസ്ഥികൂടം പോലെ വെറുതെ ചിണുങ്ങിതിരിച്ച് പോയ ഒന്ന് രണ്ട് മഴകള് എത്തിയപ്പോഴേക്കും കണിക്കൊന്നയില്‍ ഇലകള്‍ മാത്രമേ അവശേഷിച്ചിരുന്നുമുള്ളു. ഇടവപ്പാതിയുടെ സുഖമുള്ള കുളിരില്ല...സ്കൂള്‍കൂട്ടികളെ നനന്യ്ക്കാന്‍ കൃത്യമായി എത്തുമായിരുന്ന മഴയേയും കണ്ടില്ല. ജൂണിലെപ്പോഴോ ഞാനിവിടെയൊക്കെ ഉണ്ടെന്ന്ഓര്‍മ്മപ്പെടുത്താന്‍ എന്ന പോലെ എത്തിയ ശുഷ്കിച്ച ചില മഴകള്‍ മാത്രമായി എനിക്കീ കഴിഞ്ഞു പോയ ഇടവപ്പാതി. ചില ചിത്രങ്ങള്‍ ക്യാമറയിലാക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ ഭാഗ്യം.
അധികം ശക്തമല്ലാത്ത മഴയ്ക്കൊപ്പവും കൂടെ വന്ന മിന്നലിനും ഇടിനാദത്തിനും മാത്രമെ കുറച്ചെങ്കിലും എന്‍റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്താനായുള്ളു...ഇടിനാദവും മിന്നലും കറണ്ട് കട്ടും കണ്ട് പേടിച്ച് മഴ എന്‍റെ മക്കള്‍ക്ക് ഒരു പേടി സ്വപ്നമായി മാറി എന്നതു മാത്രമായിരുന്നു മിച്ചം. എങ്കിലും നാട്ടിലെ ചൂട് അവരെ വല്ലാതെ വലച്ചിരുന്നതിനാല്‍ മഴ പെയ്താല്‍ ചൂട് മാറും പറഞ്ഞ് അവരെ കബളിപ്പിക്കാന്‍ എളുപ്പമായിരുന്നു. പിന്നീട് ഒന്നോ രണ്ടോ മഴതുള്ളികള്‍ വീഴുമ്പോഴും "അമ്മെ മഴ പെയ്താല്‍ ചൂട് മാറുമോ? " എന്ന അവരുടെ ചോദ്യം എന്നെ വലച്ചു എന്നത് അതിന്‍റെ മറുവശം. ഇന്നലെ ഇവിടെ പെയ്ത മഴയ്ക്കൊപ്പം എത്തിയ മിന്നല്‍ പിണര് കണ്ട് പേടിച്ച് കരഞ്ഞ അനിയത്തിക്കുട്ടിയോട് "ഇടിയൊന്നും സാരമില്ല വാവേ, മഴ ചൂട് മാറ്റും" എന്ന് ചേച്ചിക്കുട്ടി പറയുന്നത് കേട്ടു....
നാട്ടിലും ഇവിടെയും മഴ രണ്ട് അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേരളത്തില്‍ മഴ ഭൂമിക്കും കര്‍ഷകനും ജന്തുജീവജാലങ്ങള്‍ക്കും വേനലിന് ശേഷം കിട്ടുന്ന പ്രാര്‍ത്ഥനകളുടെ ഉത്തരമാണ്. അതവന്‍റെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. ആദ്യത്തെ പെയ്തൊഴിയലുകള്‍ കഴിയുമ്പോള്‍ "ഹോ എന്തൊരു മഴ...ഒരു തുള്ളിപോലും തോരാതെ ഇങ്ങനെയുമുണ്ടൊ " എന്ന് മാറ്റി പറഞ്ഞുതുടങ്ങേണ്ട ഗതികേടിലേക്കെത്തിയിരിക്കുന്നു മലയാളി . എങ്കിലും മഴ അവന് ഒരു അനിവാര്യത തന്നെയാണ്. എന്നാല്‍ ഈ പ്രവാസഭൂവിലെ ജനതയെ സംബന്ധിച്ച് മഴ ഒരിക്കലും ഒരു അനിവാര്യത ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. വേനലും മഴയുമൊക്കെ കാര്‍ഷികവിളകളുടെ ഉത്പാദനത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും മഴയെ മാത്രം ആശ്രയിക്കെണ്ട ഒരു സ്ഥിതി അല്ലാ ഇവിടെ. പിന്നെ സാമാന്യത്തിലധികമായുള്ള ചൂട് ഇവിടെ ഒരു വില്ലനല്ലാത്തതിനാല്‍ വരള്‍ച്ച എന്നത് ഇവിടെ ഒരു പ്രശ്നവുമാകാറില്ലാ. മാസങ്ങള്‍ മഞ്ഞ് പുതച്ച് കിടക്കുന്ന ഭൂമിയിലേക്ക് ഗ്രീഷ്മത്തില്‍ എത്തുന്ന മഴ അവന്‍റെ ഒഴിവുകാലയാത്രാ സ്വപ്നങ്ങള്‍ക്ക് മേലെ വീഴുന്ന കരിനിഴലാണ്.
ഇവിടെ ഈ ജനാലയോട് ചേര്‍ന്നുള്ള മേശക്കരികിലിരുന്ന് മഴ പെയ്തൊഴിഞ്ഞ ആകാശം കണ്ട് കമ്പ്യൂട്ടറില്‍ ഈ കുറിപ്പെഴുതി തീര്‍ക്കുമ്പോള്‍ എനിക്കരികിലായി എന്‍റെ മക്കളും ഉണ്ട്.മഴക്ക് ഞാന്‍ എന്‍റേതായ കുറെ നിര്‍വ്വചനങ്ങള്‍ കൊടുത്തതല്ലേ...എന്നാല്‍ എന്‍റെ സുന്ദരിക്കുട്ടികള്‍ക്ക് മഴയെന്നാലെന്താവുമെന്നൊന്ന് അറിയാം എന്ന് കരുതി ഞാന്‍ വല്യസുന്ദരിയോട് ചോദിച്ചു. "മോള്‍ക്ക് മഴ ഇഷ്ടമാണോ ? "ഉടന്‍ വന്നു അവളുടെ ഉത്തരം. "ഇടി വരില്ലെ അമ്മെ ? പശ്ശേ ചൂടു പോം. പിന്നേ... അമ്മയന്ന് നാട്ടില്‍ പേപ്പര്‍ വച്ച് വള്ളം ഉണ്ടാക്കി തന്നില്ലെ ? അതന്നിട്ടു നമ്മള് വെള്ളത്തിലിട്ടില്ലെ..."ഇത് കേട്ട് അവളെ അടക്കിപിടിച്ച് ചിരിക്കുമ്പോള്‍ അമ്മ ചിരിക്കുനത് എന്തിനാവുമെന്ന് അറിയാന്‍ അവള്‍ ചോദിച്ചുകൊണ്ടേയിരുന്നു.