Monday, February 19, 2007

സ്വിറ്റ്സര്‍ലണ്ടില്‍ ‍നിന്നും ചില കാര്‍ണിവല്‍ കാഴ്ചകള്‍ !

യൂറോപ്പില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങള്‍ കാര്‍ണിവലുകളുടെ മാസങ്ങളാണ്.സ്വിറ്റ്സെര്‍ലെണ്ടിലും ,തെക്കന്‍ ജര്‍മ്മനിയിലും വടക്കന്‍ ആസ്ട്രിയയിലും ഈ കാര്‍ണിവലുകളെ ഫാസ്നാഹ്ട്സ് ( fasnachts [fasting nights] )എന്ന് വിളിക്കുന്നു. ഈസ്റ്റര്‍ എന്ന് എന്നതിനെ ആശ്രയിച്ചാണ് ഈ കാര്‍ണിവലുകളുടെ തീയതികള്‍ കുറിക്കപ്പെടുന്നത്. ജനുവരി ആദ്യ വാരത്തില്‍ തുടങ്ങുന്ന ഒരുക്കങ്ങള് സമാപിക്കുന്നത് ഈസ്റ്ററിന് മുന്നോടിയായുള്ള നോയിമ്പ് തുടങ്ങുന്നതിന്റെ തലേദിവസമാണ് .മത്സ്യമാംസാദികളും ആഘോഷങ്ങളും നോയമ്പിനായി വര്‍ജ്ജിക്കുന്നതിനു മുന്‍പുള്ള ഒരു കലാശക്കൊട്ട്. അന്ന് ഒരു പാട് ഫ്ലോട്ടുകളും, വിവിധ തരം മുഖമൂടികളണിഞ്ഞ മനുഷ്യരും, വര്‍ണ്ണക്കുപ്പായമണിഞ്ഞ ബാന്‍ഡ് വാദ്യക്കാരും ഒക്കെയായി വല്യ ഒരു പ്രദക്ഷിണം ഉണ്ടാവും തെരുവുവീഥികളിലൂടെ. ശരിക്കും ഒരു വര്‍ണ്ണകാഴ്ചയാണത്.

സ്വിറ്റ്സെര്‍ലെണ്ടില്‍ ജര്‍മ്മന്‍ സംസാരിക്കുന്ന ഭാഗങ്ങളിലെ പല പട്ടണങ്ങളിലും,ഗ്രാമങ്ങളിലും ഇതു പോലെയുള്ള കാര്‍ണിവലുകള്‍ ഉണ്ടു.അതില്‍ എറ്റവും പ്രശസ്തം സ്വിറ്റ്സെര്‍ലെണ്ടിലെ മൂന്നാമത്തെ ജനസാന്ദ്രത കൂടിയ പട്ടണമായ ബാസിലിലെ കാര്‍ണിവല്‍ ആണ്.അതിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള് ഇവിടെ ലഭ്യമാണ്.

അത്രയൊന്നും വലുതല്ലാ എങ്കിലും ഞങ്ങളുടെ ഗ്രാമത്തിലെ (ബാസ്സെര്‍സ്ഡോര്‍ഫ് )[dorf=village] കാര്‍ണിവല്‍ സമീപപ്രദേശങ്ങളില്‍ വച്ചേറ്റവും വലുതാണ്.നോയമ്പ് തുടങ്ങുന്നതിനു മുന്‍പുള്ള അവസാനത്തെ ഞായറാഴ്ചയായ ഇന്നലെയായിരിന്നു ഞങ്ങളുടെ ഗ്രാമത്തിലെ ഫാസ്നാഹ്ട്ട്.ഇന്ന് നോയമ്പ് തുടങ്ങി.ആദ്യമായാണ് ഇത്ര നന്നായി ഇതു ആസ്വദിക്കാനവസരം കിട്ടിയത്. കുട്ടികളും നന്നായി ആസ്വദിച്ചു.തണുപ്പിന്‍റെയും മഞ്ഞിന്‍റെയും അകമ്പടിയോടെയാണ് ഈ കഴിഞ്ഞുപോയ വര്‍ഷങ്ങളിലെല്ലാം ഫെബ്രുവരി മാസമെത്തിയിട്ടുള്ളത്. പക്ഷെ ഇന്നലത്തെ സൂര്യകിരണങ്ങള്‍ ‍ വസന്തത്തെ ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ കാഴ്ചകള്‍ നിങ്ങള്‍ക്കായി ഇതാ ഇവിടെ.