Saturday, June 23, 2007

പെയ്തൊഴിഞ്ഞതിനുമപ്പുറം...

"ചേച്ചീ... ഇവിടെ തകര്‍പ്പന്‍ മഴയാണ്.ചേച്ചി പോയത് കഷ്ടായിപ്പോയി കേട്ടോ". ഇന്നലെ രാവിലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്ത നാത്തൂന് ആദ്യം പറയാനുണ്ടായിരുന്നത് ഇതായിരുന്നു. "എന്നെ വെറുതേ കൊതിപ്പിക്കേണ്ട പെണ്ണേ "എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോഴേയ്ക്കും ഞാനും എന്‍റെ മനസ്സും നാട്ടിലെ മഴയിലേക്കെത്തിയിരുന്നു. ആ മനസ്സുമായി ഇന്നലെ ഞാനങ്ങനെ സ്വപ്നം കണ്ട് നടന്നതിന് പുറകേയാണ് എന്തോ ആകസ്മികതയിലെന്ന പോലെ ഇന്നലെ രാത്രി അത്താഴം കഴിഞ്ഞ് വെറുതെ ടീവിയിലേക്ക് കണ്ണും തുറന്നിരുന്നപ്പോള്, കണ്ണഞ്ചിപ്പിക്കുന്ന ഒരു മിന്നല്പിണരിനോടൊപ്പം മഴ കടന്ന് വന്നത്. മിന്നല്‍പിണറ് കണ്ട് ജനാലക്ക് ബ്ലൈന്‍ഡിട്ടേക്കാം എന്ന് കരുതി ചെന്നപ്പോഴേയ്ക്കും, ചില്ലുജാലകങ്ങളോട് കൂട്ടുകൂടി മഴപെയ്തിറങ്ങിക്കഴിഞ്ഞിരുന്നു. എന്‍റെ മഴയോടുള്ള ഇഷ്ടം നിങ്ങളൊടൊക്കെ ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നതല്ലെ.

നാട്ടില്‍ നിന്നുള്ള മടക്കയാത്രയുടെ ആലസ്യവും, കുറേ കൌതുകങ്ങള്‍ ദൂരെയാക്കി ഈ നാലു ചുവരുകള്‍ക്കുള്ളിലെക്ക് ഒതുങ്ങേണ്ടി വന്ന മക്കളുടെ നിസ്സഹായതയും, നാട്ടിലെ രാപ്പകലുകളുടെ ഓര്‍മ്മകളുമൊക്കെയായി ദിവസങ്ങള്‍ വല്ലാതെ വിരസമായിരുന്നു - ഇന്നലെ വരെ...ചിന്തകളുംഅക്ഷരങ്ങളും പോലും കൂട്ടുകൂടാന്‍ മടിച്ച് തീര്‍ത്തും ശൂന്യമായിരുന്നു മനസ്സ്. ഏകദേശം രണ്ട് മാസത്തോളം വരുന്ന ഒഴിവുകാലവും കഴിഞ്ഞ് ഇവിടെ തിരികെയെത്തി ഒരാഴ്ചയ്ക്കുള്ളില്‍ "ഇവിടെ മഴ തകര്‍ക്കുകയാണല്ലോ കുട്ടീ നിനക്കത് കാണാന്‍ ഭാഗ്യമുണ്ടായില്ലല്ലോ "എന്നും പറഞ്ഞ് നാട്ടില്‍ നിന്നും മെയിലുകളിലൂടെയും ഫോണിലൂടെയും എന്നെ കൊതിപ്പിച്ചവര്‍ക്കുള്ള ഉത്തരമായി തോന്നി ജാലകത്തിലൂടെ ഞാന്‍ കണ്ട കാഴ്ച.
ജൂണ്‍ പകുതിവരെ നാട്ടിലുണ്ടായിരുന്നിട്ടും കുറുമ്പുകാരന്‍ കുട്ടിയെപ്പോലെ എന്നെ കൊതിപ്പിച്ച് മറഞ്ഞിരുന്നിട്ട് ഇതാ ഞാന്‍ ഇവിടെ വന്നൂലോ എന്നു വിളിച്ചറിയിക്കുന്നപോലെ തോന്നി എനിക്ക്.പുതുമണ്ണിന്‍റെ ഗന്ധമുതിര്‍ത്ത് ആറ്ത്തലച്ച് കണ്ണില്‍ കണ്ടതൊക്കെ തട്ടിമറിച്ചിട്ട് ഇവിടെ എനിക്കു വേണ്ടി പെയ്യുകയാണെന്ന് എന്നോട് പറയും പോലെ..രാത്രിയിലെ മഴക്കുശേഷം ഇന്ന് രാവിലെയും മഴ എത്തി.പെട്ടന്നു മാനം കറുത്തിരുണ്ട് മരങ്ങളെ ഉലച്ച് കൊണ്ട് കാറ്റും മിന്നലുമൊക്കെയായി... ആ പകല്‍ കാഴ്ച എന്നോട് കൂട്ടുകൂടാതെ മാറിനിന്ന അക്ഷരങ്ങളെ എന്നിലേക്ക് മടക്കിക്കൊണ്ട് വന്നു.ആകൂട്ടുകൂടലിന്‍റെ ഫലമാണ് ഇപ്പോല്‍ നിങ്ങളോട് സംവാദിക്കുന്ന ഈ കുറിപ്പ്.പിറന്ന നാടിന്‍റെ മരവിച്ച പ്രകൃതിയില്‍ ഉറഞ്ഞുപോയ മനസ്സിനെ ഉണര്‍ത്തിയതു മറുനാട്ടിലെ മഴ.എന്തൊരു വൈരുദ്ധ്യം അല്ലെ ???

ഇവിടെ യൂറോപ്പില് വേനല്‍ ഉച്ഛസ്ഥായിയില്‍ നില്ക്കുന സമയമാണിപ്പോള്‍.കേരളത്തിന്‍റെ മണ്‍സൂണ്‍ പോലെ മഴക്കാലം എന്ന് വേര്‍തിരിക്കാനാവുന്ന ഒരു ഋതുവും ഇവിടെ ഇല്ല താനും. എങ്കിലും എല്ലാ ഋതുക്കളിലും മഴ ഉണ്ടാവാറുണ്ട്.ഒന്നും രണ്ടും ദിവസം നമ്മുടെ നാട്ടിലെ ചാറ്റല്‍ മഴ പോലെ നിര്‍ത്താതെ പെയ്യും.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വരെ ഉണ്ടായിട്ടുണ്ടെന്നതും വാസ്തവം. ഇവിടെ ഇടക്കൊക്കെ മഴക്ക് കൂട്ടായി ഷെര്‍ലക് ഹോംസിന്‍റെ അപസര്‍പ്പക കഥകളെ അനുസ്മരിപ്പിക്കുന്ന വണ്ണമുള്ള ചൂളമ്വിളികളൊടെ കാറ്റും ഉണ്ടാവാറുണ്ട്.പക്ഷെ ഇന്നലെ രാത്രി എല്ലാ പതിവുകളെയും തെറ്റിച്ച് കൊണ്ട് വന്ന മഴ മണ്‍സൂണ്‍ മേഘങ്ങള് യൂറോപ്പിലേക്ക് ചുവട് മാറിയോ എന്ന് തോന്നിപ്പിച്ചു.ഈകുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നു ഇന്നലെയും ഇന്നുമായി പെയ്ത മഴ എവിടെയൊക്കെയൊ മണ്ണിടിച്ചിലും വെള്ളപ്പോക്കവും ഉണ്ടാക്കിയെന്ന്.

ഏപ്രില്‍ അവസാനം മുതല്‍ സ്കൂള്‍ തുറക്കുന്ന ജൂണ്‍ പകുതിവരെ രണ്ട് മാസത്തോളം വരുന്ന ഒഴിവു കാലം കണക്ക് കൂട്ടിയപ്പോള്‍ വീട്ടില് ഉണ്ടാവാന്‍ പോകുന്ന വിവാഹമാമാങ്കങ്ങളെക്കാള്‍ എന്നെ കൊതിപ്പിച്ചത് മറ്റ് ചില ചിന്തകളായിരുന്നു.വേനലില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കാണണം.ഏപ്രിലിന്‍റെ അവസാനം വരുന്ന വേനല്‍ മഴയില്‍ ആ പൂക്കള്‍ കൊഴിഞ്ഞ് വീണ് മണ്ണ് സ്വര്‍ണ്ണവര്‍ണ്ണവിഭൂഷിതയാവുന്നതിന്‍റെ ഭംഗി ആവോളം നുകരണം,കൊതി തീരെ മാമ്പഴവും ചക്കയും തിന്നണം, സ്കൂള്‍ തുറക്കുന്ന് ദിവസം കുട്ടികളെ നനച്ചെ അടങ്ങൂ എന്ന വാശിയില്‍ പെയ്യുന്ന മഴ നോക്കി വീണ്ടും ഒരു കുട്ടിയാവണം, ആ മഴയുടെ കുളിരില്‍ പുതപ്പിനടിയില്‍ ചുരുണ്ട് കൂടിയിരുന്നു ജനാലയിലൂടെ മഴത്തുള്ളികളെ തൊട്ടറിയണം,വൃക്ഷങ്ങള്‍കടപുക്കി വീഴ്ത്തുന്ന കാറ്റില്‍ വീഴുന്ന കശുവണ്ടികള്‍ പെറുക്കിയെടുത്ത് കനലെരിയുന്ന അടുപ്പില്‍ ചുട്ടെടുക്കണം, പൊടിപറത്തുന്ന നിരത്തുകളിലേക്ക് പെയ്തിറങ്ങുന്ന ആദ്യ മഴ വീഴുമ്പോഴുള്ള പൂഴിയുടെ ഗന്ധം നുകറ്ന്ന് വീടിന്‍റെ കോലായില്‍ ചുട്ടെടുക്കുന്ന കശുവണ്ടിയും കൊറിച്ച് ഇരിക്കണം. പിന്നെകാലത്തുണറ്ന്ന് തലേന്ന് പെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണിലൂടെ നടന്ന് തൊടിയിലെ മുല്ലച്ചെടി പൂത്തിട്ടുണ്ടോ എന്ന് നോക്കണം,ഞാന്‍ നടന്ന ഓരോ വഴിയിലൂടെയും മക്കളെയും നടത്തണം.....അങ്ങനെ ഓര്‍മ്മകളുടെ പത്തായത്തിലേക്ക് ഒരു എത്തിനോട്ടമായിരുന്നു ഞാന്‍ സ്വപ്നം കണ്ടത്.

പക്ഷെ, നാട്ടിലേക്കുള്ള യാത്ര എന്‍റെ ചിന്തകളെയും,സ്വപ്നങ്ങളെയും ഉത്തേജിപ്പിക്കുമെന്ന് വ്യാമോഹിച്ച എനിക്ക് തെറ്റി. മറിച്ച് ഉള്ളില്‍ അവശേഷിച്ച സര്‍ഗ്ഗാത്മകത കൂടി തല്ലിക്കെടുത്തുകയാണ് ചെയ്തതു.അവിടെ എന്നെ കാത്തിരുന്നത് ജീവനില്ലാത്ത മണ്ണും ആത്മാവില്ലാത്ത പ്രകൃതിയും.പച്ചപ്പിന്‍റെയും ജലത്തിന്‍റെയും അവശേഷിക്കുന്ന കണികകള്‍ കൂടി നാമാവിശേഷമാക്കിക്കൊണ്ട് പാടവും കുളങ്ങളും ഉണ്ടായിരുന്നിടമൊക്കെ കോണ്‍‍ക്രീറ്റ് സൌധങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു. അവനവന്‍റെ തൊടിയെ ശുചിയായി സൂക്ഷിക്കാനുള്ള ‍വെമ്പലില്‍‍ വഴിയോരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങള്‍ അവിടവിടെ.‍ കാത്ത് കാത്തിരുന്ന് മഴയൊന്ന് മുഖം കാണിക്കുമ്പോഴേയ്ക്കും അതില്‍ നിന്ന് ആര്‍ത്തിരമ്പുന്ന ഈച്ചയും കൊതുകും. വര്‍ഷങ്ങള്‍ക്ക് പുറകില്‍ എല്ലാ തൊടിക്കും സ്വന്തമായി ഒരു കൊന്നമരം എങ്കിലും ഉണ്ടായിരുന്നിടത്തു നിന്നും, കലാലയമുറ്റത്തേക്കും ക്ഷേത്രത്തിനോടനുബന്ധിച്ചും മാത്രമായി ചുരുങ്ങിയിരിക്കുന്നു സ്വര്‍ണ്ണവര്‍ണ്ണമുള്ള ആ പൂക്കളുടെ സമൃദ്ധി.ഓര്‍മ്മകളിലെ വേനല്‍മഴയുടെ അസ്ഥികൂടം പോലെ വെറുതെ ചിണുങ്ങിതിരിച്ച് പോയ ഒന്ന് രണ്ട് മഴകള് എത്തിയപ്പോഴേക്കും കണിക്കൊന്നയില്‍ ഇലകള്‍ മാത്രമേ അവശേഷിച്ചിരുന്നുമുള്ളു. ഇടവപ്പാതിയുടെ സുഖമുള്ള കുളിരില്ല...സ്കൂള്‍കൂട്ടികളെ നനന്യ്ക്കാന്‍ കൃത്യമായി എത്തുമായിരുന്ന മഴയേയും കണ്ടില്ല. ജൂണിലെപ്പോഴോ ഞാനിവിടെയൊക്കെ ഉണ്ടെന്ന്ഓര്‍മ്മപ്പെടുത്താന്‍ എന്ന പോലെ എത്തിയ ശുഷ്കിച്ച ചില മഴകള്‍ മാത്രമായി എനിക്കീ കഴിഞ്ഞു പോയ ഇടവപ്പാതി. ചില ചിത്രങ്ങള്‍ ക്യാമറയിലാക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ ഭാഗ്യം.

അധികം ശക്തമല്ലാത്ത മഴയ്ക്കൊപ്പവും കൂടെ വന്ന മിന്നലിനും ഇടിനാദത്തിനും മാത്രമെ കുറച്ചെങ്കിലും എന്‍റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്താനായുള്ളു...ഇടിനാദവും മിന്നലും കറണ്ട് കട്ടും കണ്ട് പേടിച്ച് മഴ എന്‍റെ മക്കള്‍ക്ക് ഒരു പേടി സ്വപ്നമായി മാറി എന്നതു മാത്രമായിരുന്നു മിച്ചം. എങ്കിലും നാട്ടിലെ ചൂട് അവരെ വല്ലാതെ വലച്ചിരുന്നതിനാല്‍ മഴ പെയ്താല്‍ ചൂട് മാറും പറഞ്ഞ് അവരെ കബളിപ്പിക്കാന്‍ എളുപ്പമായിരുന്നു. പിന്നീട് ഒന്നോ രണ്ടോ മഴതുള്ളികള്‍ വീഴുമ്പോഴും "അമ്മെ മഴ പെയ്താല്‍ ചൂട് മാറുമോ? " എന്ന അവരുടെ ചോദ്യം എന്നെ വലച്ചു എന്നത് അതിന്‍റെ മറുവശം. ഇന്നലെ ഇവിടെ പെയ്ത മഴയ്ക്കൊപ്പം എത്തിയ മിന്നല്‍ പിണര് കണ്ട് പേടിച്ച് കരഞ്ഞ അനിയത്തിക്കുട്ടിയോട് "ഇടിയൊന്നും സാരമില്ല വാവേ, മഴ ചൂട് മാറ്റും" എന്ന് ചേച്ചിക്കുട്ടി പറയുന്നത് കേട്ടു....

നാട്ടിലും ഇവിടെയും മഴ രണ്ട് അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേരളത്തില്‍ മഴ ഭൂമിക്കും കര്‍ഷകനും ജന്തുജീവജാലങ്ങള്‍ക്കും വേനലിന് ശേഷം കിട്ടുന്ന പ്രാര്‍ത്ഥനകളുടെ ഉത്തരമാണ്. അതവന്‍റെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. ആദ്യത്തെ പെയ്തൊഴിയലുകള്‍ കഴിയുമ്പോള്‍ "ഹോ എന്തൊരു മഴ...ഒരു തുള്ളിപോലും തോരാതെ ഇങ്ങനെയുമുണ്ടൊ " എന്ന് മാറ്റി പറഞ്ഞുതുടങ്ങേണ്ട ഗതികേടിലേക്കെത്തിയിരിക്കുന്നു മലയാളി . എങ്കിലും മഴ അവന് ഒരു അനിവാര്യത തന്നെയാണ്. എന്നാല്‍ ഈ പ്രവാസഭൂവിലെ ജനതയെ സംബന്ധിച്ച് മഴ ഒരിക്കലും ഒരു അനിവാര്യത ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. വേനലും മഴയുമൊക്കെ കാര്‍ഷികവിളകളുടെ ഉത്പാദനത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും മഴയെ മാത്രം ആശ്രയിക്കെണ്ട ഒരു സ്ഥിതി അല്ലാ ഇവിടെ. പിന്നെ സാമാന്യത്തിലധികമായുള്ള ചൂട് ഇവിടെ ഒരു വില്ലനല്ലാത്തതിനാല്‍ വരള്‍ച്ച എന്നത് ഇവിടെ ഒരു പ്രശ്നവുമാകാറില്ലാ. മാസങ്ങള്‍ മഞ്ഞ് പുതച്ച് കിടക്കുന്ന ഭൂമിയിലേക്ക് ഗ്രീഷ്മത്തില്‍ എത്തുന്ന മഴ അവന്‍റെ ഒഴിവുകാലയാത്രാ സ്വപ്നങ്ങള്‍ക്ക് മേലെ വീഴുന്ന കരിനിഴലാണ്.

ഇവിടെ ഈ ജനാലയോട് ചേര്‍ന്നുള്ള മേശക്കരികിലിരുന്ന് മഴ പെയ്തൊഴിഞ്ഞ ആകാശം കണ്ട് കമ്പ്യൂട്ടറില്‍ ഈ കുറിപ്പെഴുതി തീര്‍ക്കുമ്പോള്‍ എനിക്കരികിലായി എന്‍റെ മക്കളും ഉണ്ട്.മഴക്ക് ഞാന്‍ എന്‍റേതായ കുറെ നിര്‍വ്വചനങ്ങള്‍ കൊടുത്തതല്ലേ...എന്നാല്‍ എന്‍റെ സുന്ദരിക്കുട്ടികള്‍ക്ക് മഴയെന്നാലെന്താവുമെന്നൊന്ന് അറിയാം എന്ന് കരുതി ഞാന്‍ വല്യസുന്ദരിയോട് ചോദിച്ചു. "മോള്‍ക്ക് മഴ ഇഷ്ടമാണോ ? "ഉടന്‍ വന്നു അവളുടെ ഉത്തരം. "ഇടി വരില്ലെ അമ്മെ ? പശ്ശേ ചൂടു പോം. പിന്നേ... അമ്മയന്ന് നാട്ടില്‍ പേപ്പര്‍ വച്ച് വള്ളം ഉണ്ടാക്കി തന്നില്ലെ‍‍ ? അതന്നിട്ടു നമ്മള് വെള്ളത്തിലിട്ടില്ലെ..."ഇത് കേട്ട് അവളെ അടക്കിപിടിച്ച് ചിരിക്കുമ്പോള്‍ അമ്മ ചിരിക്കുനത് എന്തിനാവുമെന്ന് അറിയാന്‍ അവള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

37 comments:

Haree said...

തുഷാരത്തിന്റെ പേന വീണ്ടും ചലിച്ചുതുടങ്ങി...
പക്ഷെ, മന്‍പു എഴുതിയതിനേക്കാള്‍ വളരെ നന്നായിരിക്കുന്നു ഇത്. ഇടയ്ക്കിടെ ചേര്‍ത്തിരിക്കുന്ന കുട്ടികളുടെ കൊഞ്ചലും വര്‍ത്തമാനങ്ങളും ഇതിന് ജീവന്‍ നല്‍കുന്നു. ഓര്‍മ്മകളുടെ പത്തായത്തിലൂടെ നല്ലൊരു യാത്രയാണ് വായനക്കാരനിതു നല്‍കുന്നത്, ഒപ്പം നഷ്ടങ്ങളുടെ വേദനയും.

മഴപെയതാല്‍ ചൂട് കുറയും എന്നത് ഒരു സത്യമല്ലേ? കാര്‍മേഖം മൂടിയിരുന്നാല്‍ ചൂട് കൂടുകയും ചെയ്യും. അമ്മയുടെ ചിരി, അതവര്‍ ചിരിക്കുമ്പോള്‍, അവര്‍ നഷ്ടപ്പെടുത്തുന്നത് മറ്റെന്തൊക്കെയോ ആവും; അവര്‍ അനുഭവിച്ച, അവരുടെ കുട്ടികള്‍ക്ക് നല്‍കുവാനാവാത്ത എന്തൊക്കെയോ ഓര്‍ത്തുള്ള ചിരി...

എപ്പോഴും പറയാറുള്ളതു തന്നെ പിന്നെയും... പലപ്രാവശ്യം വായിച്ച്, വളരെ നിറഞ്ഞ ഒരു ലേഖനമാക്കിമാറ്റുക. അപ്പോളിതിന്റെ സൌന്ദര്യം ഒന്നു കുടി വര്‍ദ്ധിക്കും...
--

സു | Su said...

ഒഴിവുകാലം കഴിഞ്ഞില്ല. ഇനി കുറേ മാസങ്ങള്‍ക്കപ്പുറം വരാന്‍ പോകുന്നത് ഒരു ഒഴിവുകാലമല്ലേ?

മഴ. കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്നെപ്പറ്റിച്ചുകൊണ്ട് തുടങ്ങാന്‍ വൈകി. തുടങ്ങിയപ്പോഴോ? വാര്‍ത്തകളില്‍, പലരുടേയും സ്വപ്നങ്ങള്‍ തകരുന്നത് കണ്ട്, കാത്തിരിക്കേണ്ടായിരുന്നു എന്നു തോന്നിപ്പോയി. മഴ, ശാന്തമായി, ജീവനെ തട്ടിയെടുക്കാതെ, ജീവിതങ്ങളെ പരീക്ഷിക്കാതെ വരട്ടെ എന്ന് വിചാരിക്കുന്നു ഞാന്‍. ആസ്വദിക്കാന്‍, കൂടുതല്‍ സന്തോഷം തോന്നും അപ്പോള്‍.

അവിടേയും മഴ വന്നുവല്ലോ, നല്ലത്. ഇനിയുള്ള അവധിക്കാലം മഴക്കാലത്തേക്ക് പ്ലാന്‍ ചെയ്യൂ. ഒഴുകിനടക്കാം, കുട്ടികളുടെ കൂടെ വല്യ കുട്ടിയ്ക്കും. അതുവരെ അവിടെ വരുന്ന മഴ കാണൂ.

Unknown said...

"വേനലില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കാണണം.ഏപ്രിലിന്‍റെ അവസാനം വരുന്ന വേനല്‍ മഴയില്‍ ആ പൂക്കള്‍ കൊഴിഞ്ഞ് വീണ് മണ്ണ് സ്വര്‍ണ്ണവര്‍ണ്ണവിഭൂഷിതയാവുന്നതിന്‍റെ ഭംഗി ആവോളം നുകരണം,കൊതി തീരെ മാമ്പഴവും ചക്കയും തിന്നണം, സ്കൂള്‍ തുറക്കുന്ന് ദിവസം കുട്ടികളെ നനച്ചെ അടങ്ങൂ എന്ന വാശിയില്‍ പെയ്യുന്ന മഴ നോക്കി വീണ്ടും ഒരു കുട്ടിയാവണം, ആ മഴയുടെ കുളിരില്‍ പുതപ്പിനടിയില്‍ ചുരുണ്ട് കൂടിയിരുന്നു ജനാലയിലൂടെ മഴത്തുള്ളികളെ തൊട്ടറിയണം,വൃക്ഷങ്ങള്‍
കടപുക്കി വീഴ്ത്തുന്ന കാറ്റില്‍ വീഴുന്ന കശുവണ്ടികള്‍ പെറുക്കിയെടുത്ത് കനലെരിയുന്ന അടുപ്പില്‍ ചുട്ടെടുക്കണം, പൊടിപറത്തുന്ന നിരത്തുകളിലേക്ക് പെയ്തിറങ്ങുന്ന ആദ്യ മഴ വീഴുമ്പോഴുള്ള പൂഴിയുടെ ഗന്ധം നുകറ്ന്ന് വീടിന്‍റെ കോലായില്‍ ചുട്ടെടുക്കുന്ന കശുവണ്ടിയും കൊറിച്ച് ഇരിക്കണം. പിന്നെ
കാലത്തുണറ്ന്ന് തലേന്ന് പെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണിലൂടെ നടന്ന് തൊടിയിലെ മുല്ലച്ചെടി പൂത്തിട്ടുണ്ടോ എന്ന് നോക്കണം,ഞാന്‍ നടന്ന ഓരോ വഴിയിലൂടെയും മക്കളെയും നടത്തണം....."

എനിക്കും ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നു...നന്നായി ചേച്ചി...തിരിച്ചു വരവു ഗംഭീരം....

Anonymous said...

feeling the freshness ,after ur long holidays.....and a bit change ur writing style too...is it a delibrate change?anyway feels fresh and good..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മഴ എന്നും എനിക്കൊരു ലഹരി ആയിരുന്നു....അടച്ചു കെട്ടിയ മുറികള്‍ വീടിനു ഇല്ലതിരുന്ന പഴയ കാലത്തു വലിയ തിണ്ണയില്‍ ഇരുന്നു ചെറിയ തിണ്ണയില്‍ കാലും വച്ചു ഇരമ്പി വരുന്ന മഴ കണ്ടിരുന്ന ആ പോയ കാലം....”തുള്ളിക്കൊരു കുടം പേമാ‍രി” എന്ന പാട്ട് പോലെ , നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ മുറ്റം നിറഞ്ഞൊഴുകിയിരുന്ന മഴത്തുള്ളികള്‍......പ്രകൃതിയുടെ എല്ലാ കാല്‍പ്പനിക ഭാവങ്ങളും(romantic moods)ഒരുമിച്ചു കാണുന്നത് മഴ പോലെ വേറെ ഒരു ഋതുവിലും ഇല്ല..തിമിര്‍ത്തു പെയ്യുന്ന മഴയില്‍ ആര്‍ത്തുല്ലസിച്ചു കുളിച്ചിരുന്ന ആ നല്ല കാലം..മഴയുടെ സംഗീതം കേട്ട് പുതച്ചു മൂടി ഉറങ്ങിയിരുന്ന ഇടവ-തുലാ മാസ രാവുകള്‍...എല്ലാം വീണ്ടും മനസ്സിലേക്കു ഓടിയെത്തുന്നു സിന്ധു വിന്റെ “പോസ്റ്റ്” വായിക്കുമ്പോള്‍..പൊയ്പ്പോയ ആ നല്ല കാലങ്ങളെ ഓര്‍മ്മിപ്പിച്ചതിനു ഒരായിരം നന്ദി.....

മാറ്റം എന്നും അനിവാര്യം ആണ്...പ്രവാസി മലയാളിക്കു എന്നും നാട് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണു...ജീവിക്കാന്‍ മാര്‍ഗ്ഗം ഇല്ലാതെ നാട് വിട്ടവര്‍ക്കു പോലും എന്നും മനസ്സില്‍ കേരളത്തിന്റെ നന്മകള്‍ മാത്രമേ ഉണ്ടാവൂ മനസ്സില്‍...കുട്ടിക്കാ‍ലം നമുക്കു സമ്മാ‍നിച്ച ഓര്‍മ്മയുടെ വളപ്പൊട്ടുകള്‍..കാലം എത്ര ചെന്നാലും അതിന്റെ നിറം മായുന്നില്ല..പക്ഷെ കേരളം മാറുകയാണു...പഴയ കണിക്കൊന്നകള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ മാത്രം...ഇടവപ്പാ‍തിയും, തുലാവര്‍ഷവും ഒക്കെ കാലം തെറ്റി വരുന്നു...വന്നാലോ എല്ലാം തൂത്തെറിഞ്ഞു സംഹാര താണ്ഡവമാടി കടന്നു പോകുന്നു...എല്ലാം അനിവാര്യതകള്‍............

പിന്നെ, സിന്ധു....അവസാന ഖണ്ഡിക ഇല്ലെങ്കിലും കുഴപ്പമില്ല..കാരണം ആ ഭാ‍ഗം അല്പം വിഷയത്തില്‍ നിന്നു വ്യതിചലിച്ചോ എന്നൊരു സംശയം......

എന്തായാലും നന്നയിട്ടുണ്ട്..നല്ല ഭാഷ....വീണ്ടും എഴുതുക....ഭാവുകങ്ങള്‍ - സുനില്‍

Unknown said...

very touching piece. gives the mind a 'cooling' effect even in the burning climate here. it makes the reader to travel thru the rainy memories too.
thushaaram can continue sailing with the 'keyboard' and anchor the readers to a 'nostalgic bank'...

Anonymous said...

“...ആ മഴയുടെ കുളിരില്‍ പുതപ്പിനടിയില്‍ ചുരുണ്ട് കൂടിയിരുന്നു ജനാലയിലൂടെ മഴത്തുള്ളികളെ തൊട്ടറിയണം,വൃക്ഷങ്ങള്‍ കടപുക്കി വീഴ്ത്തുന്ന കാറ്റില്‍ വീഴുന്ന കശുവണ്ടികള്‍ പെറുക്കിയെടുത്ത് കനലെരിയുന്ന അടുപ്പില്‍ ചുട്ടെടുക്കണം, പൊടിപറത്തുന്ന നിരത്തുകളിലേക്ക് പെയ്തിറങ്ങുന്ന ആദ്യ മഴ വീഴുമ്പോഴുള്ള പൂഴിയുടെ ഗന്ധം നുകര്‍ന്ന് വീട്ടിന്റെ കോലായില്‍ ചുട്ടെടുക്കുന്ന കശുവണ്ടിയും കൊറിച്ച് ഇരിക്കണം. പിന്നെ കാലത്തുണര്‍ന്ന് തലേന്ന് പെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണിലൂടെ നടന്ന് തൊടിയിലെ മുല്ലച്ചെടി പൂത്തിട്ടുണ്ടോ എന്ന് നോക്കണം, ഞാന്‍ നടന്ന ഓരോ വഴിയിലൂടെയും മക്കളെയും നടത്തണം.....“ ---- ഈ വരികള്‍ വായിക്കുമ്പോള്‍‌ അനുഭവിച്ച സന്തോഷം മുഴുവന്‍‌ നഷ്‌ടപ്പെട്ടു അടുത്ത പാരഗ്രാഫിലെ വരികള്‍‌ വായിച്ചപ്പോള്‍‌.... സാരമില്ല തുഷാരം... മഴയെയും പ്രകൃതിയെയും സ്നേഹിച്ച തുഷാരത്തെ വരവേറ്റതു ജീവനില്ലാത്ത മണ്ണും ആത്മാവില്ലാത്ത പ്രകൃതിയും.. ആരെ കുറ്റപ്പെടുത്തും? ആരോട് പരിഭവം പറയും? പ്രകൃതിയുടെ വികൃതിയെന്നോര്‍ത്ത് സമാധാനിക്കു.. പിന്നെ, ഉള്ളില്‍ അവശേഷിച്ച സര്‍ഗ്ഗാത്മകത കൂടി തല്ലിക്കെടുത്തുമാറ്, ചിന്തകളും അക്ഷരങ്ങളും പോലും കൂട്ടുകൂടാന്‍ മടിച്ച് തീര്‍ത്തും ശൂന്യമായിരുന്നു മനസ്സില്‍‌നിന്നും തൂലികയിലേക്കു വഴുതി വീണ “പെയ്തൊഴിഞ്ഞതിനുമപ്പുറം” ഞങ്ങള്‍‌ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നു... നന്നായിട്ടുണ്ട്..

ppanilkumar said...

Njan ithu ezhuthumbol..mazha korichoriyukayanu. Illa idavapathi chathichittilla. Pakshe, ithavana pathivillathavidham....choolam vilikkunna kattukal. Ellam thalli nasippikkan vembunna kattukal. Innale vare neendu nivarnnu ninna Office-le mahagony maram innu marichu. Kadapusaki kidakkunna aa sareeram kandappol jeevithathinte vyarthathaye kurichanu orthathu. Innu njan nale nee enna G-kavithayum. Mashaye kurichanenkil orupadeshutham. Ezhuthiyal theerathathra ormakal masha karanam undayittundu. Kanikonnayum, thodiyum, vishukaniyum, vellappokkavum, varalchayum, puthumazhayude manavum okke manushya jeevitham pole ethra albhuthavahamanu. Njan pandeshuthiya oru kavithayil puthumasha mannil undakkunna manathe "purusha prakrithi than samohana gandam" ennu sankalpichittundu. Athe....vatti varandu kidakkunna prakrithiyil...jeevante bheejavapam cheyyunna purushanayi mashaye sankalpichu. Aa choodum, choorum, alasyavum, aanandavum okke puthumashasmrithikalku pradanam cheyyanakum. Rathri masha....athe athu thanneyanu ippol njan sravikkunnathu. Ezhuthuka....manassil thattunna vidham. Ullile vedana purathu varunnilla ente "kutti". Athu vakkukalal moodi pokunnu. Ninnile kuttiye nee kanunnidathanu....nee neeyavunnathu...nishkalankayaya...swapna jeeviyaya....thusharamavunnathu.

Anonymous said...

nannayitundu

swaram said...

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകല്‍ച്ചയുടെ ആഴം ഭീകരമാണെന്ന സത്യം ഇതിലും മനോഹരമായി എങ്ങിനെ എഴുതി ഫലിപ്പിക്കും? നന്നായിരിക്കുന്നു.നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഇനി ഒന്നും ബ്ബാക്കിയില്ലാതെ വരും വൈകാതെ...കരയാന്‍ പോലും കഴിയുന്നില്ല!!ഓര്‍മ്മകളെ താലോലിച്ച് ഇന്നലെയുടെ നന്മകളില്‍ സ്വപങ്ങള്‍ ചാലിച്ച് നമുക്ക് മിണ്ടാതിരിക്കാം..
തിരിച്ചുവരവ് ഈ മരുഭൂമിയിലെ കാഴ്ചയുടെ ശീലങ്ങളെ ഒരിത്തിരി നേരത്തേക്കെങ്കിലും മാറ്റി നിര്‍ത്തി...ഒരു മഴയുടെ നേര്‍ത്ത തണുപ്പിനെ മനസ്സിലേക്ക് പകര്‍ന്നു തന്നതിന്, ഇന്നലെകളിലേക്ക് കൂട്ടികൊണ്ടുപോയത്തിന് ഒരുപാട് നന്ദി.

Aloshi... :) said...

നഷ്ടപെട്ടു പോയ ഓര്‍മ്മകളിലേക്കൊരു മടക്കയാത്ര.... പക്ഷേ നഷ്ടപെട്ടതെല്ലാം വീണ്ടെടുക്കാനാഗ്രഹിച്ച് ഓടിയെത്തുമ്പോ.... ആകെ ഒരു ശൂന്യത മനം മടുപ്പിക്കുന്ന ശൂന്യത... കൈവിട്ടു പോയവയെ ഓര്‍ത്ത് ഏങലടിക്കുന്ന എന്നെ പോലുള്ളവര്‍ക്ക്.... തുഷാരം...തീര്‍ച്ചയായും മനസിലെങ്കിലും ഇതൊരാശ്വാസം തന്നെ.. നന്ദി ..ഒത്തിരി നന്ദി....

.... said...

ഇവിടെവരെ വരാന്‍ സമയം കണ്ടെത്തി, വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദീ.വ്യക്തിപരമായി ഓരോ രുത്തര്‍ക്കും മറുപടി പറയാന്‍ ഞാന്‍ വരണുണ്ട്.തത്ക്കാലത്തേക്ക് വിട.

ദളം said...

mazha
peythirangiyapole......


iniyum key bordil(penayil) ninnu
aksharangal peyyatte.....

asdfasdf asfdasdf said...

രസായിട്ട് എഴുതിയിരിക്കുന്നു.
ഇന്നലെ ഞാന്‍ വീട്ടില് വിളിച്ചപ്പോള്‍ കോരിച്ചൊരിയുന്ന മഴ. ജനല്‍ തുറന്നുവെച്ച് വെബ് കാമിലൂടെ പത്തുമിനിട്ട് മഴകണ്ടു. നാടുവിടുമ്പോഴാണ് മഴ എന്താണെന്ന് ശരിക്കും അറിയുക.

Unknown said...

നല്ല ഒഴുക്കുള്ള എഴുത്ത്. മഴ പ്രവാസികള്‍ക്ക് ഒരു വികാരം തന്നെയാണ്. പ്രത്യേകിച്ചും നാട്ടില്‍ മഴ പെയ്യുന്നു എന്ന് കേള്‍ക്കുകയും അകവും പുറവും ഒരു പോലെ വരണ്ട് ഇവിടെ മരുഭൂമിയില്‍ ഇരിക്കുകയും ചെയ്യുമ്പോള്‍.

ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

വാളൂരാന്‍ said...

മനസ്സിലേക്കു പാറിവീഴുന്ന മഴത്തുള്ളികളാവുന്നു വാക്കുകള്‍....

കുറുമാന്‍ said...

വായിച്ചു ത്നറെ കുറിപ്പുകള്‍.......പതിവുപൊലെ തന്നെ മനോഹരം. ഒരുവേള തന്റെ ഈ കൂറിപ്പുകള്‍ എന്നേയും നാട്ടിലേക്കെത്തിച്ചു. പുതുമണ്ണിന്റെ ഗന്ധം എനിക്ക് ശ്വസിക്കാന്‍ കഴിയുന്നു. മഴയത്ത് ഇറങ്ങി നനഞ്ഞിരുന്ന ബാല്യം. ചരലുകള്‍ പെറുക്കി എറിയുന്നത്പോലെ വിഴുന്ന മഴതുള്ളികാള്‍.......നന്ദി ‍‍ഈ ഓര്‍മ്മക്ക്.

Unknown said...

ഇടവപ്പാതി പോലെ തന്നെയാണല്ലോ ചേച്ചിയുടെ തിരിച്ചുവരവും...പഴയ ആ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ക്കൂടി കൂട്ടിക്കൊണ്ടു പോയതിനു നന്ദി...

Anonymous said...

ഒരു നീണ്ട അവധിക്ക് ശേഷം തിരിച്ചെട്ടിയൊ?
നന്നായിരിക്കുന്നു മടങ്ങിവരവ്.

ഗുപ്തന്‍ said...

വളരെ നന്നായിരിക്കുന്നു എഴുത്ത്....

നാട്ടിലേക്കുള്ള മടക്കത്തില്‍ എനിക്ക് അനുഭവപ്പെട്ട ഒരു കാര്യമാണ്. ഡിസംബര്‍ ഒടുവിലൊരു വെളുപ്പിനു ഫ്ലൈറ്റിറങ്ങിയതേ വിയര്‍ത്തൊഴുകാന്‍ തുടങ്ങിയിരുന്നു. ഈ ഡിസംബറില്‍ ഇത്രയും ചൂടോ എന്ന് അത്ഭുതപ്പെടുമ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ കാത്തുനിന്നിരുന്ന ആള്‍ പറഞ്ഞു: കാണാനിരിക്കുന്നതേയുള്ളൂ! കാറില്‍ രണ്ടുമണികൂര്‍ യാത്രക്കിടെ രണ്ടുകുപ്പി വെള്ളം കുടിക്കേണ്ടി വന്നു....

ഒടുവില്‍ മൂന്നുനാലുദിവസം കഴിഞ്ഞ് കാലംതെറ്റിയൊരു മഴവന്നപ്പോഴേ ഒരുപാട് മരങ്ങളും പുഴയുമുള്ള എന്റെ ഗ്രാമത്തിലെ വയസ്സന്‍ കാറ്റിനു തൊട്ടെടുക്കാന്‍ പോലും ഇത്തിരി കുളിരു കിട്ടിയുള്ളൂ.

അനാഗതശ്മശ്രു said...

ഇഷ്ടമായി മഴപ്പെണ്ണിന്‍ അക്ഷര നൃത്തം

.... said...

ഹരീ നല്ല വാക്കുകള്‍ക്കും ഇഷ്ടമായി എന്നറിയിച്ചതിനും ഒരുപാട് നന്ദി.ഹരീടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാട്ടോ.

അതെ സൂ കാത്തിരിക്കാനെ നമുക്ക് പറ്റു.പിന്നെ മഴക്കാലത്തേക്ക് പ്ലാന്‍ ചെയ്യാന്‍ എല്ലാം ഇപ്പോള്‍ കാലം തെറ്റിയല്ലെ.പിന്നെ മയ്ഹ ഇഷ്ടമെങ്കിലും മഴയുടെ കെടുതികള്‍ കാണുമ്പോള്‍ പേടിയാവുകയാണ്.കേരളത്തിന്‍റെ പ്രകൃതി വല്ലാതെ മാറിയിരിക്കുന്നു. വരള്‍ച്ചക്കുശെഷം വന്നാലും മഴയെ ആളുകള്‍ വെറുത്തു തുടങ്ങുന്നു.നന്ദി.

മൃദുല്‍ പറ്റുന്ന സമയമൊക്കെ ഇങനെയൊക്കെ ചെയ്യൂ..മനസ്സിന്‍റെ കുട്ടിത്തം നഷ്ടമാവാതെ ..
നന്ദി നല്ല വാക്കിന്.

മനോജ്..നന്ദി

സുനില്‍ പറഞ്ഞ എല്ലാത്തിനോറ്റും യോജിപ്പേ ഉള്ളു. പിന്നെ വലിച്ച് നീട്ടെണ്ടാ എന്ന് കരുതിയിട്ടാണ് സൂചനകളിലൂടെ മാത്രം കാര്യങ്ങള്‍ പറഞ്ഞതും. ഇവിടെ ജീവിച്ച് കൊണ്ട് സംസാരിക്കുമ്പോള്‍ സുനില്‍ പറഞ്ഞ ഖണ്ഡിക മാറേണ്ടതാനെന്ന് തോന്നിയില്ല..സന്തോഷം നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും.

വിനോദ് നല്ല വരികള്ക്കും വായിക്കാന്‍ സമയം കണ്ടെത്തിയതിനും ഒത്തിരി നന്ദി.

അഭിലാഷ് ഇരുകരങ്ങളും നീറ്റി സ്വീകരിച്ച അംഗീകാരത്തിന് നന്ദി.

അനിലിന്‍റെ മനസ്സ് എനിക്ക് കാണാനാവുന്നുണ്ട്.വരികള്‍ക്കിടയിലെ വേദനയും.വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

അനോണിക്കും നന്ദി.

സ്വരം പരഞ്ഞതൊക്കെ അക്ഷരം പ്രതി ശരിതന്നെ..എന്തു ചെയ്യാനാവുമെന്ന് ഇനിയെങ്കിലും ആലോചിച്ചില്ലെങ്കില്‍ ഇപ്പോള്‍ ഉള്ളത് കൂടി നഷ്ടമാകും.

ചെമ്മാച്ചാ...സന്തോഷം.വിഷമിക്കേണ്ടാട്ടോ.

ദളം ആശംസകള്‍ക്ക് നന്ദി.

കുട്ടമ്മേനോനേ നന്ദി.

ദില്‍ബാസുരനും നല്ല വാക്കുകള്‍ക്ക് നന്ദി.

കുറുമാനെ നന്ദീട്ടോ..

ശിവദാസ് സന്തോഷം നല്ല വാക്കിന്.

അനോണി ...വന്നൂ

മനു പറഞ്ഞതൊക്കെ ശരിയാണ്.

അനാഗതശ്മശ്രു...നന്ദി..

സാല്‍ജോҐsaljo said...

എത്താന്‍ താ‍മസിച്ചു.

ഒരുപാടുകാലം കൂടി മഴ കണ്ടു. അതാസ്വദിച്ചു.. കൊള്ളാം.

Sreekumar P.S. said...

ithezhuthumbol… ivide mazhayundu… aa mazhayude pathinja thaalam kettu kondu ithu vaayikkumbol… athu srishttikkunna anubhoothi… athintoppam yaadharthyathinte yadhathadhamaaya mukham idekku namma thurichu nokkunnu… kai vittu poya baalyam pole.. Orikkalum thirichu kittatha oru vedanayaayi maarukayano mazha.. ariyilla.... valare vaikiyaanu njan ee mayilppeelithundukalil ethi chernnathu... pakshe... oru cheriya mounathinu sesham thushaaram veendum varikalude maasmarikathayumaayi ethi cherumbol... aksharangal polum nishchalamaayi pokunnu...

...sreekumar

P Das said...

:)

Pramod said...

Good one - but cant help feel that its perhaps a bit bad timed. No nothing against you posting this - but had just read this news item before reading your post
Rain havoc continues, 130 dead, The Hindu

ധ്വനി | Dhwani said...

ഇടവം മിഥുനം ... മഴയെക്കുറിച്ച് എല്ലാവരും അറിയാതെ പാടിയും പറഞ്ഞും പോകുന്നു
എത്ര വായിച്ചാലും ഒരു മടുപ്പും തോന്നാത്ത വിഷയം... കാല്‍ച്ചുവട്ടില്‍ എന്നോ ഞെരിഞ്ഞ കുറേ മണ്ണുതുപ്പിയ മെയ്പ്പൂക്കളെ ഓര്‍മിപ്പിയ്ക്കാരുണ്ട് ഓരൊ മഴയും മഴ നിറഞ്ഞ അക്ഷരങ്ങളും..
വളരെ നന്നായിരിയ്ക്കുന്നു ഈ പോസ്റ്റും പടങ്ങളും അവതരണ ശൈലിയും... ആഭിനന്ദനങ്ങള്‍

B.S BIMInith.. said...

മഴ ആദ്യം എല്ലാവരെയും തൊട്ടുണര്‍ത്തി ഇപ്പോ ആടി തിമിര്‍ക്കുകയാണ്‌.... ഇതുവരെയും കാണാത്തപോലെ കാറ്റും പേമാരിയും....

മഴ ബ്ലോഗ്‌ കൊള്ളാം.... മണ്ണിന്റെ മണത്തിന്റെ അകമ്പടിയോടെയുള്ള ചാറ്റല്‍ മഴയാണ്‌ ഈ ബ്ലോഗ്‌.... മഴ വീണ്ടും പെയ്യട്ടെ

പഥികന്‍ said...

തുഷാരത്തിന്റെ ഈ വാക്കുകളുടെ നൈര്‍മല്യം അധികം അകലെ അല്ലാത്ത എന്റെ ബാല്യകൗമാര ഓര്‍മ്മകളെ ഈറനണിയിക്കുന്നു

Maya Indira Banerji said...

തുഷാര ബിന്ദു...മഴവെള്ളം കൊണ്ട് കവിതയെഴുതുന്നുവോ?
ഇതൊക്കെ വായിച്ചിട്ട് എന്റെ മനസ്സിലും ഒരു ഇടവപ്പാതി പെയ്ത്ത്!!!
കുട്ടിക്കാലത്ത് മഴനൂലിലൂടെ പിടിച്ച് കയറി ആകാശത്തെത്താനായിരുന്നു മോഹം.
കൌമാരത്തില്‍ മഴ പ്രണയമായി വന്ന് പൊതിഞ്ഞു...ഓമനിച്ചു പിന്നെ ചിണുങ്ങി പിണങ്ങി പടിയിറങ്ങി.
എല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി.
എഴുത്ത്..അസ്സലാകുന്നൂ...ട്ടൊ.
മഴവെള്ളത്തിലങ്ങനെ ഒഴുകുന്നതിന്റെ സുഖം!

manoj said...

കോതിപ്പിക്കുകയാണു......നാടിന്റെ സുഖാലസ്യത്തെപ്പറ്റി മധുരമായ് എഴുതുന്നു, എന്നെപ്പോലുള്ളവര്‍ അതു വായിച്ച് പഴകാലത്തിലേക്ക് പറക്കുന്നു....മഴ, വേനല്‍ , യാത്ര, അങ്ങനെ ലളിതസുഭഗമായ് നല്ല വാക്കുകളാല്‍ ഞങ്ങളെ വീണ്ടും ആ നല്ല കാലത്തിലേക്കു കൂട്ടിക്കൊണ്ട് പോകൂ....

Unknown said...

Karkadaka masathile nalla mazhaye kurichu vaichappol, mazhayil kunjil kalicha, manasil urangi kidanna ormakal, vendum unarnnu varunnu...

nannai mazhaye kurichu ezhuthiyirikkunnu, athupole thanne cherunna padangalum athinu kure kuudi jeevan nalkunnu.... ippol naattilekku pokan oru kothi, aa mazha, onnu nanayan manasu niranga oru agraham.....

Anonymous said...

കഴിഞ്ഞ വര്‍ഷം പെട്ടന്ന് ഒരു ദിവസം ഞാനും ഇതു പോലെ തിരിച്ചരിഞ്ഞു മഴ കണ്ടിട്ട് ഒരു വര്‍ഷം ആയി എന്ന്. എന്തൊക്കെയോ നഷ്ട്ടപ്പെട്ടു എന്ന തോന്നലായിരുന്നു. പിന്നീട് അവധി ദിവസങ്ങളില്‍ നാട്ടില്‍ പെയ്യുന്ന മഴയൊന്നും ഞാന്‍ വിട്ടിട്ടില്ല. എഴുതിയത് വളരെ നന്നായിട്ടുണ്ട്. ഇനിയും തിരിച്ചു വരാം ഈ പേജസിലേക്ക്.

Anonymous said...

Your writing is only a voice to your greater gift:
you have traveled through/by all the phases/faces of pain and chosen to see only beauty. By your vision, moreover your choice of seeing beauty in even the most unexpected, ugliest of places (your gift) you in turn allow us to face your own pain and make the long awaited journey down memory lanes. They have not lost their sting. But in our travels 'our pain becomes our baptism' and we find the strength once more to 'rise again like the phoenix above its own ashes'.


'When the eyes see only beauty
the heart knows only love
the heart that knows only love
is in the presence of God'
Joy Cowely

Anonymous said...

... to face our own pain, not yours ... of course

Unknown said...

mazha oru passion anu. branthu pidikunna ummadathinte thira athilundu.arthalakkunna snehabavavum. thushara nannayi erikkunnu, tc

peter ivan said...

Its a beautiful article no doubton that,but then most of he comment shows all the good elemenst in it.On a closer note , i would add that certain thoughts have been repeated many times which could have been avoided.I would believe that you have written at a single stretch and the posted very soon .
But that never underscores the beauty of the thoughts and your nostalgia towards monsoon.