Friday, July 13, 2007

പ്രീ-സ്കൂള്‍ വര്‍ത്തമാനങ്ങള്‍

"അമ്മയെന്തിനാ ഈ ചിപ്സ് പ്ലേസ്കൂളില്‍ കൊണ്ട് പോവാന്‍ എടുത്ത് ബാഗില്‍ വയ്ക്കുന്നെ ? ഇതാറ്ക്ക് കൊടുക്കാനാ ?". ഇന്നലെ പ്ലേസ്കൂളില്‍ പോവാന്‍ ഒരുങ്ങിയിറങ്ങുമ്പോള്‍ വല്യ സുന്ദരി ഇങ്ങനെ കുറേ
ചോദ്യങ്ങള്‍ ചോദിച്ച് പൊറുതിമുട്ടിച്ചു. "ഇന്നു സ്കൂളിലെ ലാസ്റ്റ് ദിവസം ആണ്.എല്ലാ അമ്മമാരും കുട്ടികള്‍ക്കൊപ്പം അവിടെ ഇരിക്കും.അപ്പോള്‍ എല്ലാവര്‍ക്കും കൂടി ഷെയര്‍ ചെയ്യാനാണിത് " എന്നു പറഞ്ഞിട്ടും ഈ ലാസ്റ്റ് ദിവസം എന്നതിന്‍റെ മുഴുവന്‍ അര്‍ഥവും അവള്ക്ക് മനസ്സിലായില്ല.

ഇത് ജൂലൈ മാസത്തിന്‍റെ ആദ്യ പകുതി. ഇന്നലെ മുതല്‍ മകളുടെ പ്ലേസ്കൂളിന് അവധിയായി.ഇനി ഓഗസ്റ്റിന്‍റെ പകുതിയ്ക്ക് കിന്‍ഡറ്ഗാര്‍ഡനില്‍ പോകുന്നത് വരെ ഈ അമ്മയോടും വാവയോടും മാത്രം അടി കൂടി ഇരിക്കാം. കുട്ടികളും അമ്മമാരും ഒരുമിച്ച് കഴിച്ചും കഴിപ്പിച്ചും കളിച്ചും ഇന്നലത്തെ രണ്ട് മണിക്കൂര് സമയം പോയതറിഞ്ഞതേയില്ലാ ‍.അങ്ങനെ അവിടെ അമ്മമാരോടും ടീച്ചറോടും സംസാരിച്ചിരുന്നതിനിടയില്‍
ഒരുപാട് പുതിയ അറിവുകളും നുറുങ്ങുകളും വീണു കിട്ടി.

അവിടെ നിന്ന് തിരിച്ച് വീട്ടിലേയ്ക്ക് നടന്ന സമയം മഴ പെയ്ത് തോര്‍ന്നിരുന്നു. നേരിയ തണുപ്പുണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശവും വഴിയരികിലെ പാര്‍ക്കിലെ കുട്ടികളെയും കണ്ട് മക്കള്‍ കളികളുടെ കൌതുകങ്ങളിലേയ്ക്ക് തിരിഞ്ഞു. അങ്ങനെ അവര്‍ക്ക് കൂട്ടായി അവിടുത്തെ സിമന്‍റ്ബഞ്ചുകളില്‍ ഒന്നില്‍ ഇരിക്കുമ്പോള്‍ യൂറോപ്പിലെ ഈ രാജ്യവും എന്‍റെ കൊച്ച് കേരളവും തമ്മിലുള്ള അന്തരം ഞനൊന്ന് വെറുതെ ആലോചിച്ച് നോക്കി...സമയസൂചികകളിലെയും സംസ്കാരങ്ങളിലെയും വ്യത്യാസത്തിനും,സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരത്തിനും അപ്പുറത്തേയ്ക്ക് ഞാനറിഞ്ഞ വിദ്യാഭ്യാസരീതികളും ഇപ്പോള്‍ എന്‍റെ മകളിലൂടെയും മറ്റ് അമ്മമാരിലൂടെയും ഇവിടുത്തെ സ്കൂള് അധികൃതരിലൂടെയും ഞാന്‍ അറിയുന്ന വിദ്യാഭ്യാസരീതികളും തമ്മിലുള്ള അന്തരം എത്രമാത്രമാണെന്നായിരുന്നു എന്‍റെ ആലോചനകള്‍.

പ്രവേശനഫോറം വാങ്ങി പൂരിപ്പിച്ച് കൊടുത്തിട്ടും , എന്‍റെ അപ്പന്‍റെ ജോലിയുടെ വിശദാംശങ്ങള്‍ ചോദിച്ച് മനസ്സിലാക്കി സ്ക്കൂളിന്‍റെ അന്തസ്സിന് നിരക്കും എന്ന് ഉറപ്പാക്കിയിട്ടായിരുന്നു എനിക്ക് അഡ്മിഷന്‍ തന്നത് എന്നാണ് എന്‍റെ അമ്മയുടെ ഭാഷ്യം. അങ്ങനെ ഞാന്‍ വിദ്യാരംഭം കുറിച്ച കേരളത്തിലെ ആ പ്രശസ്തമായ സ്കൂളിന്റെ നഴ്സറിക്ലാസ്സിന്‍റെ അകത്തളങ്ങളിലേയ്ക്ക് ഞാന്‍ ഒന്ന് തിരികെ പോയി നോക്കി. ആദ്യ ദിവസം മുതല്‍ തന്നെ തന്നേക്കാള്‍ വല്യ ബാഗും യൂണിഫോമും ഷൂവും സോക്സും ഒക്കെയായി അധ്യാപികയ്ക്ക് മുന്നില്‍ ശ്വാസം മുട്ടിയിരിക്കുന്ന ഒരുപാവം നാലുവയസ്സുകാരി...അമ്മയെ പിരിഞ്ഞ് സ്കൂളില്‍ വന്നതിന്‍റെ സങ്കടത്തില്‍ കരഞ്ഞ് നിലവിളിക്കുന്ന സഹപാഠികളെക്കണ്ടിട്ടും കരയാതിരുന്നു എന്ന് അമ്മയ്ക്ക് അഭിമാനിക്കാന്‍ വകയുണ്ടാക്കിയ മിടുക്കികുട്ടി...പക്ഷെ എന്നും ഉച്ചയ്ക്ക് ഭക്ഷണവുമായി അമ്മവന്ന് കഴിപ്പിക്കുന്നതായിരുന്നു അവള്‍ക്കിഷ്ടം. അങ്ങനെയാവുമ്പോള്‍ അന്ന് ക്ലാസ്സില്‍ നടന്ന പരീക്ഷകളുടെ മാര്‍ക്കും, അടികൂടി കരയിച്ച കൂട്ടുകാരുടെ കുറ്റവുമൊക്കെ ചൂടോടെ പറയാമല്ലൊ.
മാസാമാസം ടെസ്റ്റ്പേപ്പറുകളും, ഗൃഹപാഠവും ഒക്കെയായി എത്ര തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു അവയൊക്കെ...

ഈ കഴിഞ്ഞ ഏപ്രിലിന് മുന്‍പ് നാല് വയസ്സ് പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍, കഴിഞ്ഞ വര്‍ഷം നഴ്സറി പ്രവേശനം സാധ്യമാവാതെ വന്ന എന്‍റെ മകളിപ്പോഴും ഇഷ്ടമുള്ള സമയത്തോളം ഉറങ്ങി ഉണറ്ന്ന്, എന്നോടും അനിയത്തിക്കുട്ടിയോടും വഴക്ക് കൂടി, പലതിനുംവാശിപിടിച്ച് വീട്ടില്‍ തന്നെയാണല്ലോ എന്നാലോചിച്ച് ഇടയ്ക്കൊകെ ആധി പിടിക്കുമ്പോഴും, ഓര്‍ക്കാറുണ്ട്... ബാല്യത്തിന്‍റെ മുഴുവന്‍ കൌതുകങ്ങളും അനുഭവിക്കാന്‍ ഇവിടുത്തെ വിദ്യാഭ്യാസരീതി അനുവദിക്കുന്നുണ്ടല്ലോ എന്ന്. എന്തായാലും നാലുവയസ്സുവരെയെങ്കിലും എനിക്കെന്‍റെ ബാല്യം അമ്മയുടെ സാരിത്തുമ്പിലും വീടിന്‍റെ അകത്തളങ്ങളിലും ചിലവഴിയ്ക്കാന് ‍പറ്റിയിരുന്നല്ലൊ എന്ന ആശ്വാസമാണ് കേരളത്തിലെ പല കുഞ്ഞുങ്ങളുടെയും ഇന്നത്തെ അവസ്ഥ കാണുമ്പോള്‍. അവിടെ മൂന്നുവയസ്സ് കഴിയുമ്പോഴെ തുടങ്ങുകയായില്ലെ അക്ഷരാഭ്യാസം.അതിനും മുന്‍പെ തുടങ്ങുന്നു പ്ലേസ്കൂള്‍‍. ജോലിക്കാരായ മാതപിതാക്കള്‍ക്ക് സഹായമായി തുടങ്ങിയ ഈ സമ്പ്രദായംഇന്ന് ജോലിയില്ലാത്ത അമ്മമാരുടെയും ആശ്രയമായിരിക്കുന്നു. വീട്ടിലിരുന്നാല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഒറ്റയ്ക്കല്ലെ ഞങ്ങളെത്ര നേരമെന്നും കണ്ടാണ് അവനെ/അവളെ രസിപ്പിക്കുക എന്ന പറച്ചിലും.അമ്മയുടെ പുറകേനടന്ന്, അമ്മ വാരിക്കൊടുക്കുന്ന ഭക്ഷണവും കഴിച്ച്, അമ്മയ്ക്കൊപ്പം ഒരു ഉച്ചയ്യുറക്കവും സ്വന്തമാക്കി വളരേണ്ട പ്രായം ചിട്ടകളുടെയും സിലബിസ്സിലധിഷ്ഠിതമായ കളിപ്പാട്ടങ്ങളുടെയും ലോകത്തേയ്ക്ക് പറിച്ച് നടപ്പെടുക...അതും ആഴ്ചയില്‍ എല്ലാ ദിവസവും.

ആ കാര്യത്തിലാണ് ഈ നാട് വ്യത്യസ്തമാവുന്നത്. എനിക്കോ നിനക്കോ കൂടുതല്‍ കുട്ടികളെ കിട്ടുന്നതെന്ന വണ്ണം പ്ലേസ്കൂളുകള്‍ തമ്മില്‍ അനാരോഗ്യപരമായൊരു മത്സരമില്ല ഇവിടെ. ആഴ്ചയില്‍ ഒന്നു അല്ലെങ്കില്‍ രണ്ട് അതും രണ്ട് മണിക്കൂര്‍ വീതം അതാണ് ഇവിടെ പരമ്പരാഗതമായ പ്ലേസ്കൂളുകളുടെ രീതി‍. ഗവണ്മെന്‍റും ആ ചിട്ടകള്‍ കര്‍ശനമായിപാലിക്കപ്പെടുന്നുണ്ടോയെന്നത് നിരീക്ഷിക്കാറുണ്ട്. മൂന്ന് വയസ്സ്
തികയാതെ പ്ലേസ്കൂളുകളില്‍ അഡ്മിഷന്‍ തരമാകില്ലാ..അവിടെ സ്വദേശിയോ,വിദേശിയൊ സമ്പന്നനോ,ദരിദ്രനൊ എന്ന വേര്‍തിരിവുകളൊന്നും വിഷയമാകാറുമില്ലാ. പ്രവേശനത്തിനായി ഡോണേഷനുമായി ഇവിടെ ഒരു വാതിലിനു മുന്നിലും കാത്ത് കെട്ടികിടക്കേണ്ട. തദ്ദേശസ്വയംഭരണാവകാശമുള്ള പ്രാദേശിക കൌന്‍സിലുകള്‍ക്ക് കീഴില് വരുന്ന ഒരോ ഗ്രാമത്തിനും അവരവരുടെതായ വെബ്സൈറ്റുകള്‍ ഉണ്ട്.അവിടെ നോക്കിയാല്‍ ആ ഗ്രാമത്തെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ലഭ്യവുമാണ്.അങ്ങനെ നോക്കി കണ്ടുപിടിക്കാവുന്നതേയുള്ളു പ്ലേസ്കൂളിന്‍റെ കാര്യനിര്‍വഹകരെ. എന്‍റെ മകളുടെ പ്ലേസ്കൂള്‍ അഡ്മിഷന്‍റെ കാര്യത്തിനും ഞാനീ വഴിതന്നെയാണ്നീങ്ങിയത്. അങ്ങനെ കണ്ട് പിടിച്ച് ഞാന്‍ അവരെ വിളിച്ചു. കുട്ടിയുടെ വിവരങ്ങളും മേല്‌വിലാസവും ചോദിച്ചറിഞ്ഞശേഷം, ഒരു പ്രവേശനഫോറം അയയ്ക്കുന്നതാണെന്നും അത് പൂരിപ്പിച്ച് നല്‍കണമെന്നും അവരെന്നെ അറിയിച്ചു. ഞങ്ങളുടെ ചുറ്റുവട്ടത്തില്‍ ഒന്‍പതു പ്ലേഗ്രൂപ്പുകള്‍ ആണ് ഉള്ളത്. ഒരു ഗ്രൂപ്പില്‍ പത്തില്‍ താഴെ കുട്ടികളെ ഉണ്ടാവാറുള്ളു.

അപേക്ഷകരില്‍ മൂന്ന് വയസ്സ് പൂറ്ത്തിയാവുന്ന കുട്ടികള്‍ക്കാവും ആദ്യമാദ്യം പ്രവേശനം കിട്ടുക. ജനനത്തീയതിയ്ക്ക് പുറമേ ആണ് പെണ്‍ അനുപാതവും ഒരു ഘടകമാണെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു.അതായത് ജനനത്തീയതി അനുസരിച്ചു പെണ്‍കുട്ടികള്‍ മാത്രമേ ക്രമമനുസരിച്ച് മുന്നിലേയ്ക്ക്
വരുന്നുള്ളു എന്ന് വന്നാലും അനുപാതം ശരിയാവാന്‍ ജനനത്തീയതി പുറകിലായ ആണ്‍കുട്ടിയ്ക്കാവും പ്രവേശനത്തിന് മുന്‍ഗണന നല്‍കുക.ഇതൊക്കെ കൊണ്ട് തന്നെ ഏകദേശം ഒരു വര്‍ഷത്തോളം
കാത്തിരിക്കേണ്ടി വന്നു മകള്‍ക്ക് പ്രവേശനം കിട്ടാന്‍.കിട്ടിയതും ആഴചയില്‍ ഒരു ദിവസം രണ്ട് മണിക്കൂര് മാത്റം‍. ബന്ധുക്കളെയും കൂട്ടുകാരെയും ഇടയ്ക്കിടെ കാണുകയും കൂട്ടുകൂടുകയും ചെയ്യാം എന്ന
സൌഭാഗ്യം ഇവിടെ ഇല്ലാത്തതിനാല്‍, ബാല്യത്തിന്‍റെ ഒറ്റപ്പെടല്‍ കുറയ്ക്കാം എന്ന് കരുതി ഒരുദിവസം കൂടി കൂടുതല്‍ ചോദിച്ചിട്ടും ഒന്‍പത് ഗ്രൂപ്പുള്ളതില്‍ ഒന്നില്‍ പോലും പ്രവേശനം കിട്ടിയില്ല. ഇപ്പൊഴും
നാട്ടിലുള്ള ബന്ധുക്കള്‍ക്കും കൂട്ടുകാറ്ക്കും അമ്പരപ്പും ചിരിക്കാനൊരു വിഷയവുമാണ് ഈ കാര്യങ്ങളൊക്കെ.

എന്‍റെ കുട്ടിയ്ക്ക് മലയാളത്തിന് പുറമേ അത്യാവശ്യം വേണ്ട ഇംഗ്ലീഷ് വാക്കുകള്‍ അറിയാമായിരുന്നു എന്നത് എനിക്ക് ആശ്വാസമായിരുന്നെങ്കിലും അല്പം ആധിയുണ്ടായിരുന്നു എന്നത് മറച്ച് വയ്ക്കുന്നില്ല. എന്‍റെ മകള്‍ എവിടെയും പിന്നില്‍ ആവരുത് എന്ന മാത്സര്യബുദ്ധിയായിരുന്നൊ ആ ആധിക്ക് പിന്നിലുണ്ടായിരുന്നതെന്ന സംശയവും ഇല്ലാതെയില്ല. എത്രയായാലും കേരളത്തിലെവിദ്യാഭ്യാസനയങ്ങള്‍ തന്നെയാണല്ലൊ എന്‍റെ ചിന്തകളുടെയും അടിസ്ഥാനം. പക്ഷെ അവിടെ അവളെ ജര്‍മ്മന്‍ ഭാഷ പടിപ്പിച്ചേടുക്കാന് മിനക്കേടാതെ അവള്‍ക്കറിയാവുന്ന ഭാഷയില്‍ അവളൊട് സം‌വേദിക്കുകയായിരുന്നു അധ്യാപകറ് ചെയ്തിരുന്നത്.കുറച്ചുമാസങ്ങള്‍ കൊണ്ട് ജര്‍മ്മന്‍ ഭാഷയും അവള്‍ക്ക് സ്വായത്തമായി.ആ അറിവ് ഞാന്‍ വല്ലാത്തൊരു ഉള്‍പ്പുളകത്തോടെ ഏറ്റു വാങ്ങി എന്നതാണ് സത്യം.

ഇവിടെ പ്ലേസ്കുള്‍ അധ്യാപകരെ ടീച്ചര്‍ എന്നോ പേരിനൊപ്പം മിസ്സിസ് അല്ലെങ്കില്‍ മിസ് എന്ന് പോലും വിളിക്കേണ്ടായെന്നതും എനിക്കു അതിശയമായിരുന്നു. അതേ സമയം കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍അധ്യാപകരെ പേരിനൊപ്പം മിസ്റ്ററ് അല്ലെങ്കില്‍ മിസ്, മിസ്സിസ്സ് എന്നിവ ചേര്‍ത്ത് വേണം വിളിയ്ക്കേണ്ടതെന്നും ഇതിനൊപ്പം കേട്ടു. നമ്മുടെ സംസ്കാരമനുസരിച്ച് വീട്ടില്‍ പ്ലേസ്കൂള്‍ ടീച്ചര്‍ എന്ന് പ്രയോഗിക്കാറുള്ളത്
കേട്ട് ടീച്ചര്‍ എന്ന് സംബോധന ചെയ്ത എന്‍റെ കുട്ടിയോട് പേരു മാത്രമേ വിളിക്കാവൂ എന്ന് അവര്‍ തിരുത്തിക്കൊടുത്തു. പേടിപ്പിച്ചോ വടിയെടുത്തോ അടക്കി ഇരുത്തുന്ന ഒരു രീതി ഇല്ലാ ഇവിടെ. അതുപോലെ ഈ രണ്ട് മണിക്കൂര്‍ സമയത്തിനിടയില്‍ ലഘുവായ എന്തെങ്കിലും ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുക
എന്നതും പ്രധാനമായ ഒരു കാര്യമാണ്. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതിലെ മര്യാദകള്‍,നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ച് തീരുക എന്നത് പഠിക്കുക എന്നതൊക്കെയാണ് ഇവകൊണ്ട് ഉദ്ദേശിക്കുന്നത് .

ഒരിക്കല്‍ പ്ലേസ്കൂള്‍ കഴിഞ്ഞ് കുട്ടിയെ വിളിക്കാന്‍ ചെന്നപ്പോള്‍ കരഞ്ഞ് കലങ്ങിയ മുഖത്തോടെ "എന്‍റെ കൂടെ ആരും കഴിയ്ക്കാന്‍ ഇരുന്നില്ലാ.അതുകൊണ്ട് ഞാന്‍ മുഴുവനും കഴിച്ചില്ലാ " എന്നുംപറഞ്ഞ് അവള്‍ നില്‍ക്കുന്നതാണ് കണ്ടത് . ചോദിച്ച് വന്നപ്പോഴാണ് അറിഞ്ഞത് കഴിയ്ക്കാന്‍ കൊടുത്തു വിട്ടതൊക്കെ നിശ്ചിത സമയത്ത് അവള്‍ക്ക് പൂര്‍ത്തിയാക്കാനായില്ലാ എന്നു. ചോക്ലേറ്റ് ,ബിസ്കറ്റ്,കേക്ക്
തുടങ്ങിയവ ഒന്നും കൊടുത്തു വിടാന്‍ പാടില്ലാ എന്നതാണ് മറ്റൊരു കാര്യം. പഴങ്ങളും കാരറ്റ്,സാലഡ് വെള്ളരി പോലെയുള്ള പച്ചക്കറികളും മറ്റുമാണ് അനുവദനീയം.ആഴ്ചയില്‍ ഒരു ദിവസമെ
ഉണ്ടായിരുന്നുള്ളുവെങ്കിലും എത്ര നല്ല ഒരനുഭവമാണ് അതെന്‍റെ കുട്ടിക്ക് സമ്മാനിച്ചതെന്ന് അവസാന ദിവസം എനിക്ക് വ്യക്തമായി. പ്ലേസ്കൂള്‍ തീര്‍ന്നു, ഇന്ന് ‍അവസാനദിവസമാണ് എന്ന് ടീച്ചര്‍പറഞ്ഞത് അവള്‍ക്ക് ഉള്‍ക്കൊള്ളാനാവാതെ അവള്‍ കരയാന്‍ തുടങ്ങി.രണ് ദിവസമായിട്ടും ഇപ്പോഴും ഓരോ മിനിട്ട് ഇടവിട്ട് "ഇനി ഊഷിയെ (ടീച്ചറുടെ പേര്) കാണില്ലെ അമ്മെ? " എന്ന് ചോദിച്ചിരിപ്പാണിവിടെ.

വല്യസുന്ദരിയുടെ പ്ലേസ്കൂള്‍ അധ്യായം ഇവിടെ തീരുമ്പോഴും എന്‍റെ കൌതുകങ്ങള്‍ അവസാനിച്ചിട്ടില്ല.ആഗസ്റ്റില്‍ ആരംഭിക്കുവാന്‍ പോകുന്ന കിന്‍ഡറ്ഗാര്‍ഡന്‍റെ രീതികളാണ് അതിലേറെ അതിശയിപ്പിക്കുന്നത്. ആഗസ്റ്റിന് മുന്‍പ് വരുന്ന ഏപ്രിലില്‍ നാലു വയസ്സ് പൂര്‍ത്തിയായിരിക്കണം എന്നതാണ് അടിസ്ഥാന പ്രമാണം. രണ്ട് കൊല്ലം തന്നെയാണ് ഇവിടെയും കിന്‍ഡറ്ഗാര്‍ഡന്‍ കാലാവധി. ഏപ്രില് കഴിഞ്ഞേ നാലുവയസ്സാവൂ എന്നുള്ളത് തിരുത്തി കുട്ടിയെ നേരത്തേ തന്നെ സ്കൂളിലേയ്ക്ക് തള്ളിവിടാം എന്ന മോഹമുണ്ടെങ്കില്‍ നിരാശയാവും ഫലം. പ്രവേശനക്കാര്യത്തില്‍ മാതാപിതാക്കള്‍ പോയിട്ട്
കുട്ടിക്ക് പോലും യാതൊരു വിധ റോളും അഭിനയിക്കാനില്ല ഇവിടെ. പ്ലേഗ്രൂപ്പ് പോലെ തന്നെ ഓരോ ഗ്രാമത്തിലും കുറെയേറെ കിന്‍ഡര്‍ഗാര്‍ഡനുകളുമുണ്ടാവും.

ഗവണ്മെന്‍റിന്‍റെ ജനനരജിസ്ട്രറില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് ഒരോ പ്രദേശത്തും അതാത് വര്‍ഷം നാല് വയസ്സെന്ന കടമ്പ ആഗസ്റ്റിന് മുന്‍പ് കടക്കുന്ന ഒരോ കുട്ടിയ്ക്കും അവനവന്‍റെ വീടിനടുത്തുള്ള കിന്‍ഡര്‍ഗാറ്ഡനിലേയ്ക്ക് പ്രാദേശികകൌണ്‍സിലിന് കീഴില്‍ വരുന്ന സ്കൂള്‍ മാനേജ്മെന്‍റ്‍ തന്നെ പ്രവേശനം നല്‍കും. ക്ലാസ്സുകള്‍ എന്നത്തേയ്ക്ക് ആരംഭിക്കുമെന്നും ക്ലാസ്സില്‍ എത്രപേര്‍,ആരൊക്കെ എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ചേര്‍ത്ത ഒരു കത്ത് മാസങ്ങള്‍ക്ക് മുന്‍പെ ഞങ്ങള്‍ക്കും കിട്ടിക്കഴിഞ്ഞു. അവിടെയും മാതാപിതാക്കള്‍ക്കൊ കുട്ടിക്കോ എത് ടീച്ചര്‍ വേണമെന്നോ ,ഏത് ഗ്രൂപ്പിനൊപ്പം പഠിക്കണമെന്നോ പോലും തീരുമാനമെടുക്കാനാവില്ല.ആഗസ്റ്റില്‍ തുടങ്ങേണ്ട ക്ലാസ്സിനൊരുക്കമായി മാറ്ച്ചില്‍ മാതാപിതാക്കള്‍ക്കായി ഒരു മീറ്റിങ്ങ് വിളിച്ചുകൂട്ടുകയും ചെയ്തു. അടിസ്ഥാനപരമായ കുറേകാര്യങ്ങളില്‍ തയ്യാറെടുപ്പിക്കാനും അവബോധം ഉണ്ടാക്കുവാനും വേണ്ടി. സായിപ്പിന്‍റെ ഇങ്ങനെയുള്ള കണക്ക് കൂട്ടലുകള്‍ ‍പലപ്പോഴും ഒരുപാട് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് എന്ന് തോന്നാറുണ്ട്..

ഇവയൊക്കെ വായിച്ചും ചോദിച്ചും അറിഞ്ഞ വിവരങ്ങള്‍.ഇനിയും എന്തൊക്കെ പുതുമയുള്ള അറിവുകളും നുറുങ്ങുകളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് ആഗ്സ്റ്റിന്‍റെ പകുതിയോടെ അറിയാം.വെറുതെ
അതാലോചിച്ച് ഇപ്പോഴേയെന്തിന് തലപുണ്ണാക്കണം. അതുവരെയുള്ള സമയം ഈ രണ്ട് സുന്ദരികളെ വിരസത കാര്‍ന്ന് തിന്ന്, അമ്മയെ നിലം തൊടീക്കാതിരിക്കുമോ എന്നാണ് ഞാന്‍ ഇപ്പോള്‍ ആലോചിച്ച്
കൊണ്ടിരിക്കുന്നത്.പോരാത്തതിന് വേനലും.അടച്ച് പൂട്ടി വീട്ടിനുള്ളില്‍ ഇരുത്താനാവില്ലല്ലൊ...

"വെയിലു വന്നല്ലൊ ,സ്വിമ്മിങ്ങ് പൂളില്‍ വെള്ളം നിറയ്ക്കമ്മെ.സാന്‍ഡ്പിറ്റില്‍ കളിയ്ക്കാന്‍ ഞങ്ങള്‍ സാന്ദ്രയുടെ കൂടെ പൊയ്ക്കോട്ടെ " എന്നൊക്കെ ഞാനിപ്പോഴേ കേട്ടു തുടങ്ങി...

30 comments:

.... said...

ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ...കുറച്ച് പ്രീ-സ്കൂള്‍ വിശേഷങ്ങളുമായി സ്വിറ്റ്സെര്‍ലണ്ടില്‍ നിന്നും...

സാജന്‍| SAJAN said...

ഇത് നന്നായി തുഷാരം ,പരിചയമില്ലാത്ത ഈ സ്കൂള്‍ വിശേഷം രസകരമായി എഴുതിയിരിക്കുന്നു,ഈ ശൈലി ഇഷ്ടപ്പെട്ടു:)

Haree said...

അപ്പോളിതിന്റെ രണ്ടാം ഭാഗം ആഗസ്തിലുണ്ടാവുമല്ലോ അല്ലേ? ഗവണ്മെന്റ് ജനനരജിസ്റ്റര്‍ നോക്കി കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്ന രീതി എനിക്ക് പെരുത്തിഷ്ടായി...
--

Unknown said...

കൊള്ളാം വിശേഷങ്ങള്‍!
സിംഗപ്പൂരില്‍ കുട്ടികളെ 2 വയസ്സില്‍ തന്നെ പ്ലേ സ്കൂളില്‍ ചേര്‍ക്കും, മിക്ക വീടുകളിലും മാതാപിതാക്കള്‍ ജോലി ചെയ്യുന്നവരായതു കൊണ്ട് പ്ലേ സ്കൂളുകള്‍ ഇവിടെ ഒഴിവാക്കാനാകില്ല.അതു പോലെ കാശും കൂടുതലാണ്. ഒരു കണക്കിന് പ്ലേ സ്കൂളുകള്‍ ഒരു അനുഗ്രഹമാണ്. മിക്ക വീടുകളിലും ഒരു കുട്ടിയേ ഉണ്ടാകൂ, ഈ കുഞ്ഞിനോട് കളി പറഞ്ഞിരിക്കാനും കൂടെ കളിക്കാനും ആരും ഉണ്ടാകില്ല, പ്ലേ സ്കൂളിലാകുമ്പോള്‍ കൂട്ടുകാര്‍ ഉണ്ടാകുമെല്ലോ!

അജിത്‌കുമാര്‍.കെ.കെ said...

അപരിചിതവും പ്രബുദ്ധകേരളീയര്‍ക്ക്‌ കുറേക്കാലത്തേക്കെങ്കിലും അചിന്ത്യവുമായ സ്‌കൂള്‍ രീതികള്‍. കേരളീയര്‍ക്ക്‌ ഇതൊന്നു പരിചയപ്പെടുത്തേണ്ടതാണ്‌. കുഞ്ഞുങ്ങളുടെ സ്വാഭാവിക അഭിരുചികള്‍ പുഷ്ടിപ്പെടുന്നതെങ്ങനെയെന്ന്‌ വലിയവൈദഗ്‌ദ്ധ്യക്കാരായ മലയാളികള്‍ തിരിച്ചറിയട്ടെ.......എഴുതാന്‍ താത്‌പര്യമുണ്ടെങ്കില്‍ പറയണേ...........

പഥികന്‍ said...

രസകരവും കൗതുകകരവും ആയിരിക്കുന്നു സ്വിസര്‍ലാന്റിലെ സ്കുള്‍ വിശേഷങ്ങള്‍. ആദ്ധ്യപകരെ കുട്ടികള്‍ പേരു` ചൊല്ലി വിളിക്കുന്നതിനോട്‌ എനിക്കു യോജിപ്പില്ല ഗുരുവിനെ ദൈവതുല്യനായി കാണുന്നതാണു` ഭരതസംസ്കാരം.അത്തരം ചില നല്ല പാഠങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്‌

Anonymous said...

went thru the new one. excellent one. my thoughts were, how can it be published somewhere to get noticed by the educational experts and all. seriously i am saying. why can't you send it to some magazines. i too will check. anyway continue your 'mission with mouse'.

Vinod

Anonymous said...

നന്നായിട്ടുണ്ട്. സരളമായി തുടങ്ങി വളരെ രൌരവമുള്ള പ്രമേയത്തിലേക്ക് സൂക്ഷ്മമായി കടന്ന് പറയാനുള്ളത് പറഞ്ഞ് പുറത്തിറങ്ങിയ എഴുത്തുവിദ്യ ഇഷ്ടപ്പെട്ടു. തുടരുക...

Sreekumar P.S. said...

asayam cheruthaayaalum.. valuthaayaalum... ellam thusharaam nannayi avatharippikkunnu..

parayaathe vayya...

iniyum sambannamaakatte ee blog...

ithu pole.. niraye.... varikalumaayi..

....sreekumar

Unknown said...

ithokke puthiya arivanu...alppam gouravamulla vishayam valare manoharamayi ezhuthiyirikkunnu...
kollaatto chechi..

ppanilkumar said...

I have read through your little but meaningful article. It reflects on the system of education prevailing in Swiss-land. But, it is not right to compare the facilities available there with what we have in India, especially Kerala. Our traditional guru-sishya culture is better than this system. However, we have adopted the British system of making clerks out education. For sure, if this article of yours really put a mirror in front of our pre-primar system and the ways in which we handle our children. The title is also good. Language....uhm use talkative language....dont go for conventional writer's language. Because, the spontaniety is getting lost whenever you try to write in the mode of a professional writer. When it is coming from heart, it touches people. keep it up.

Unknown said...

നല്ല ലേഖനം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല ലേഖനം,

ആദ്യം എഴുതീത് തെറ്റിപ്പോയി, പാരഗ്രാഫ് തിരിച്ചിട്ടിരുന്നെങ്കില്‍ എന്നല്ല അവസാനഭാഗത്ത് ഇടയില്‍ സ്പേസ് കൂടുതല്‍ കൊടുത്തിരുന്നെങ്കില്‍ വായനാസുഖം കൂടുതല്‍ കിട്ടിയേനേ.

Unknown said...

ചേച്ചി...ചേച്ചിയെഴുതുന്ന ലേഖനങ്ങളുടെ പ്രത്യേകത ,എനിക്കു തോന്നിയിട്ടുള്ളതു,വിഷയം മഴയോ,വേനലോ എന്തുമാകടെ,ആ ഒരു ഫീല്‍ വായിക്കുന്നവരിലേയ്ക്കു എത്തിക്കാന്‍ അവയ്ക്കു കഴിയാറുണ്ട്..ഇത്രയും വിജ്ഞാനപ്രദവും ഗൌരവവുമായ ഈ ലേഖനത്തിനും ഹൃദയത്തില്‍ തൊടാന്‍ കഴിയുന്നു...അതു തന്നെയാണു “തുഷാരം ഇഫക്ട്” എന്നെനിക്കു തോന്നുന്നു..അഭിനന്ദനങ്ങള്‍ !

Retheesh said...

കേരളത്തില്‍ വിദ്ദ്യാഭ്യാസം കാശുള്ളവനു മുതലിറക്കാനുള്ള ഒരു ബിസിനസ്സ് മാത്രമാണ്...നമ്മള്‍ കുട്ടികളെ നാളത്തെ പൌരനായി വാര്‍ത്തെടുക്കുകയാണ്....അതെ..കബിക്കും മണലും സിമന്‍റിനും പകരം ..വാശിയും വൈരാഗ്യവും മല്‍സരബുദ്ധിയും അവരില്‍ കുത്തി നിറക്കുന്നു....അവര്‍ നാളെ സഹപാഠിയോടു മാത്രമല്ല..സമൂഹത്തോടു തന്നെ ഒരു മല്‍സരബുദ്ധിയോടെ പെരുമാറാന്‍ ശീലിക്കുന്നു...
പാശ്ചാത്യരെ കണ്ണടച്ച് തള്ളിക്കളയാതെ അവരുടെ നല്ല ഗുണങ്ങളെ കാണാനെങ്കിലും കണ്ണു തുറാന്നുവെക്കുക....അല്ലെങ്കില്‍ കുത്തിപ്പോട്ടിക്കുക...

നന്നായിട്ടുണ്ട്..

Inji Pennu said...

വളരെ നല്ല ലേഖനം! കുട്ടികള്‍ക്ക് അവസാനിക്കുന്നു/കഴിഞ്ഞു/ തീര്‍ന്നു പോയി എന്നൊക്കെയുള്ള വാക്കുകള്‍ ഏത് പ്രായത്തിലാണാവൊ മനസ്സിലായി തുടങ്ങുക?

വളരെ നല്ല ചിത്രങ്ങളും.

myexperimentsandme said...

ലേഖനം ഇഷ്ടപ്പെട്ടു. നാല് വയസ്സുവരെ അമ്മയുടെയും അച്ഛന്റെയും കൂടെ, അത് കഴിഞ്ഞ് നേഴ്‌സറി, അഞ്ച് വയസ്സില്‍ ഒന്നാം ക്ലാസ്സ് എന്ന പഴയ രീതി നല്ലതല്ലേ. നാട്ടില്‍ ഇപ്പോള്‍ അങ്ങിനെയില്ലേ?

ദിവാസ്വപ്നം said...

ഉപകാരപ്രദം. അടുത്തകൊല്ലം ആവശ്യം വരും. thanks :)

"പഴങ്ങളും കാരറ്റ്,സാലഡ് വെള്ളരി പോലെയുള്ള പച്ചക്കറികളും മറ്റുമാണ് അനുവദനീയം"
അതു വളരെ നന്നായി. അമേരിക്കക്കാരും കണ്ടുപഠിയ്ക്കേണ്ട സംഗതിയാണ്. പെപ്സിയില്‍ പറ്റുന്നിടത്തോളം ഐസിട്ട് കുട്ടികള്‍ക്ക് കൊടുക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാര്‍ :-)

.... said...

സാജന്‍, ആസ്ട്രേലിയയില്‍ നിന്നും ഇങ്ങനെ ഒരെണ്ണം ആവാട്ടൊ..

ഹരീ,ആഗസ്റ്റില്‍ രണ്ടാം ഭാഗവുമായി വരുമെന്ന് വാക്കൊന്നുമില്ല...ശ്രമിക്കാം.

സപ്തവര്‍ണ്ണങ്ങളെ...ഇവിടെ ശരിക്കും അമ്മമാരെ ജോലിചെയ്യാന്‍ പ്രോത്സാഹിപ്പിക്കാത്ത രാജ്യമാണ്.ഇവിടെ സ്വദേശീയര്‍ പലപ്പോഴും കുട്ടികളാവുന്നതോടെ ജോലി ഉപേക്ഷിച്ച് അവര്‍ക്കൊരു പതിനഞ്ച് വശസ്സെങ്കിലും ആവുന്നത് വര വീട്ടമ്മമാരായി ജീവിക്കുക ആണ് പതിവ്.വിദേശിയാണ് പലപ്പോഴും കുട്ടികളെ ഡേകെയറിലും മറ്റും കൊടുത്ത് ജോലി തുടരുന്നതു.ഇവിടെയും പ്ലേസ്കൂളില്‍ ചാര്‍ജ്ജ് ഉണ്ട്. തുച്ഛം എന്നൊന്നും ഞാന്‍ പറയില്ല.എങ്കിലും കുഴപ്പമില്ല.പക്ഷെ വേറൊന്നുണ്ട്.കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ യൂണിവേര്‍സിറ്റിയ്ക്ക് മുന്‍പ് വരെ വിദ്യാഭ്യാസം സൌജന്യം ആണ്.ഇന്‍റെര്‍നാഷണല്‍ സ്കൂളുകളില്‍ ഫീസ് ഉണ്ട്.പക്ഷെ അവിടെ പോകുന്നവറ് കുറവാണ്.ഡിപ്ലോമാറ്റ്സിന്‍റെ മക്കളെ ഉദ്ദേശിച്ചുള്ളവയാണ് അവയൊക്കെ. കൂട്ടുകൂടലിന്‍റെ കാര്യത്തില്‍ പ്ലേസ്കൂള്‍ അനുഗ്രഹമെങ്കിലും അമ്മയ്ക്കും കുട്ടിക്കും കൂടി പോവാന്‍ പറ്റുന്ന mother and kid ഗ്രൂപ്പുകള് അമ്മമാര്‍ക്കും അനുഗ്രഹമല്ലെ...ഇവിടെ അങ്ങനെയുള്ള സംഭവങ്ങളുമുണ്ട്.

അജിത് മാഷെ...എനിക്കും തോന്നിയിട്ടുണ്ട് കേരളീയരും ഈ രീതികളെപ്പറ്റി അറിയണം എന്ന്.

പഥികന്‍,പേരു ചൊല്ലി വിളിക്കുന്നതിനപ്പുറത്തേയ്ക്ക് എന്തൊക്കെ നന്മ ഈ സിസ്റ്റത്തിലുണ്ട്.പിന്നെ എല്ലാം നന്ന് എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ.ഇവിടെ ഇങ്ങനെയൊക്കെ ആണ് എന്നല്ലേ പറഞ്ഞുള്ളു.

വിനോദ്, നല്ല വാക്കുകള്‍ക്ക് നന്ദി.പബ്ലീഷ് ചെയ്യാനുള്ളാ ചാന്‍സ് ഉണ്ടെങ്കില്‍ വിരോധം ഇല്ല കേട്ടൊ.
പ്രോത്സാഹനത്തിന് നന്ദി.

ബെര്‍ളി നന്ദി :))

ശ്രീകുമാറ് ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.

ദാസാ അഭിപ്രായങ്ങള്‍ക്കും നല്ല വാക്കിനും നന്ദി

അനില്‍...ഞാന്‍ ഒരു താരതമ്യത്തിനല്ലല്ലൊ ഇതെഴുതിയത്.അങ്ങനെ ഒരു വശം ഇതില്‍ കാണുകയും വേണ്ട.ഒന്നും ഒന്നിനേക്കാള്‍ നനനെന്നൊ മോശമെന്നോ വിചാരിക്കേണ്ട.ഓരോന്നിലെയും നല്ലത് എടുക്കുക്ക ..അതു പോരെ.പിന്നെ ആശംസകള്‍ക്ക് നന്ദി.

ദില്‍ബാ നന്ദിട്ടോ

കുട്ടിച്ചാത്താ പാരഗ്രാഫിനിടയ്ക്ക് സ്പേസ് കൊടുക്കാന്‍ നോക്കീട്ട് എന്തോ നടന്നില്ല.ഫോട്ടൊയുടെ അലൈന്മെന്‍റും ഒക്കെ കൂടി പ്രശ്നമായപ്പോള്‍ ഇങ്ങനെയാവട്ടെ എന്ന് വച്ചു.എന്തായാലും ഒന്നൂടെ നോക്കാട്ടൊ.നല്ല വാക്കുകള്‍ക്ക് നന്ദി.

മൃദുല്‍ നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

രതീഷ് പറഞ്ഞതൊക്കെ തന്നെയാണ് എനിക്കും പറയാനുള്ളത്.വെറുതെ ആര്‍ഷഭാരതസംസ്കാരം എന്നൊക്കെ പറഞ്ഞ് പാശ്ചാത്യനെ കുറ്റം പറയാന്‍ നില്‍ക്കാതെ അവര്‍ കാണിച്ച് തരുന്ന നല്ലതിനെ സ്വീകരിക്കാന്‍ മന്‍സ്സുണ്ടാവണം.

ഇഞ്ചീ ഇവിടെ വന്നതിലെ സന്തോഷം ആദ്യം പറയട്ടെ.
പിന്നെ അവസാനിക്കുന്നു തീര്‍ന്നു കഴിഞ്ഞു എന്നൊക്കെ മറ്റ് പലതിലും മനസ്സിലാവുമെങ്കിലും
സ്കൂള്‍ ഇനി അടുത്തത് വേറെ ക്ലാസ്സ് എന്നത് മനസ്സിലാവാന്‍ സമയം എടുത്തേയ്ക്കും.

വക്കാരീ ഇപ്പോള്‍ നാല് വയസ്സെന്നതാണ് നഴ്സറി ക്ലാസ്സിന്‍റെ യോഗ്യത എന്നെതെങ്കിലും പലരും നാല് വയസ്സായീ എന്നെത് തിരുത്തിക്കാണിച്ചു തന്നെയാണ് പലപ്പോഴും നഴ്സറിക്ലാസ്സിലേയ്ക്ക് കുഞ്ഞിനെ അയക്കുന്നത്. അഞ്ചാറ് മാസങ്ങളുടെ വ്യതാസത്തില്‍ ആ വര്‍ഷം പ്രവേശനം കിട്ടതിരുന്നാല്‍ ജീവിതത്തില്‍ തന്നെ കുഞ്ഞ് പുറകിലായിപ്പോകും എന്ന മട്ടിലാണ് പലരുടെയും ചിന്തകള്‍.
ഇവിടെ അതൊന്നും നടപ്പില്ല സുഹൃത്തേ.നാട്ടിലെ കണക്കില്‍ ആറ് വയസ്സിലാണ് ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ എത്തുന്നത്.ഇവിടെ അത് ഏഴാവും. അല്ലെങ്കില്‍ ആറര വയസ്സെങ്കിലും കഴിയും പലര്‍ക്കും.

ദിവാ..അമേരിക്കയ്ക്കക്കരുടെ ആഹാരരീതികളെ പറ്റി പറയാതിരിക്കയാണ് ഭേദം..അതൊനൊക്കെ അവരീ നാട്ടുകാരെ കണ്ട് പഠിച്ചെ പറ്റു.ഇവിടെ പ്ലേസ്കൂളില്‍ ജ്യൂസ് പോലും കൊടുത്ത് വിടെണ്ടാ...സാധാരണ വെള്ളം അല്ലെങ്കില്‍ കൂടിവന്നാല്‍ ഫ്രൂട്ട് സിറപ്പ് വെള്ളത്തില്‍ ചേര്‍ത്ത് കൊടുത്തയയ്ക്കു എന്നാണ് സധാരണ അവര്‍ പറയാറ്.ഐസിട്ട് ഡ്രിങ്കസ് കുടിയ്ക്കുന്ന പതിവ് ഇവിടെ വിരളമാണ്.ഫ്രിഡ്ജില്‍ വെള്ളം വച്ച് തണുപ്പിക്കുന്നതും കുറവാണ്.

asdfasdf asfdasdf said...

വളരെ നല്ല ലേഖനം. ഇന്നലെ വായിക്കാന്‍ തുടങ്ങിയതാ. സമയക്കുറവുകൊണ്ട് ഇന്നേ പൂര്‍ത്തിയാക്കാന്‍ പറ്റിയുള്ളൂ. നാട്ടിലെയും പ്രീസ്കൂള്‍ വിദ്യഭ്യാസം ഇങ്ങനെയാക്കിക്കൂടെയെന്ന ചോദ്യം മനസ്സിലുദിച്ചെങ്കിലും തല്‍ക്കാലം അത് നടക്കില്ലെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.

അപ്പു ആദ്യാക്ഷരി said...

വളരെ നല്ല ലേഖനം. ഭാഗ്യം...ഇതുപോലെ ഒരു പ്ലേ സ്കൂള്‍ ഇവിടെ ദുബായില്‍ കണ്ടു. പക്ഷേ മേനോനേ..മാറ്റങ്ങള്‍ ഇഷ്ടപ്പെടാത്ത കേരള ജനതയ്ക്ക് ഇതൊന്നും അവിടെ വന്നാലും പിടിക്കൂല്ലാ. അവിടെ ഇപ്പോഴും കുഞ്ഞൂങ്ങള്‍ “തത്തമ്മേ പൂച്ച പൂച്ച” എന്ന മട്ടില്‍ ഇംഗ്ലീഷ് പറയുന്നുണ്ടോ എന്നതാണ് പ്രധാനം. അതിലപ്പുറമൊന്നും ആര്‍ക്കും ചിന്തയില്ല, ചിന്തിക്കുകയുമില്ല.

peter ivan said...

very well written article,and informative as well.I should say that like all your articles ,it also contains the element of nostalgia.I feel i could also go back to my school days reading these lines and remmebered the few aricles which used to come in mathrubhoomi about Europe.I feel you should also send this one ,let people in kerala also read your lines....

Maya Indira Banerji said...

വലിയ സുന്ദരിക്ക് ഇനി ഊഷിയെ കാണാന്‍ വയ്യല്ലോ എന്നോര്‍ത്ത് എനിക്ക് കരച്ചില് വരുന്നു ചേച്ച്യേ...
ഇനിയും ഒരുപാട് ഊഷിമാര്‍ അവളുടെ ജീവിതത്തില്‍ സ്നേഹം വിടര്‍ത്തട്ടെ.
എന്നാണ് നമ്മുടെ പാവം മലയാളിക്കുഞ്ഞുങ്ങള്‍ക്ക് ഊഷിമാരുടെ കരുതലും സ്നേഹവും കിട്ടുക?

അനാഗതശ്മശ്രു said...

ഈ ലേഖനം വളരെ നന്നായി...

ശരിക്കും ഒരു മയില്‍പീലിസ്പര്‍ശം എഴുത്തില്‍...

എനിക്കെന്റെ ബാല്യം തിരിച്ചു തരൂ...

420 said...

ഗൗരവതരമായ ഒരു പ്രമേയം ചര്‍ച്ചചെയ്യപ്പെടുന്നത്‌ വളരെനല്ല കാര്യം. വസ്‌തുതകള്‍ ആത്മാവര്‍പ്പിച്ച്‌ ശക്തമായി പറഞ്ഞുവയ്‌ക്കാനും, അത്‌ പരമാവധി ലളിതമാക്കാനും ഈ എഴുത്തുകാരിക്ക്‌ കഴിയുന്നുണ്ട്‌. ഇനിയുമെഴുതൂ.., അക്ഷരാശംസകള്‍..

വി.ആര്‍. ഹരിപ്രസാദ്‌
രാഷ്ട്രദീപിക
തൃശൂര്‍.

Anonymous said...

തുഷാരം, "പ്രീ-സ്കൂള്‍‌ വര്‍ത്തമാനങ്ങള്‍‌" വളരെ ഇന്‍‌ഫര്‍മേറ്റീവ് ആയിരുന്നു. അവിടുത്തെ വിദ്യാഭ്യാസ രീതികളില്‍‌ ഒരുപാട് നല്ല വശങ്ങള്‍‌ കാണുന്നു. മിക്കതും നമുക്ക് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍‌ മാതൃകാപരമായി സ്വീകരിച്ച് പ്രാവര്‍ത്തികമാക്കാന്‍‌ ഉതകുന്നതുമാണ്. പക്ഷെ, ചേച്ചി, പ്ലേ-സ്കൂള്‍‌ അധ്യാപകരെ ടീച്ചര്‍ എന്നോ, പേരിനൊപ്പം മിസ്സിസ്/ മിസ്സ് എന്ന് പോലും വിളിക്കേണ്ട എന്നതും, എന്നാല്‍‌ കിന്‍‌ഡര്‍ഗാഡന്‍‌ മുതല്‍‌ അതു വേണമെന്നുമുള്ളതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഈ ഒരു കാര്യം ഒഴികെ മറ്റല്ലാം മാതൃകയാക്കാം എന്നു തോനുന്നു. പ്ലേ-സ്കൂളായാലും, പ്രൈമറി സ്കൂളായാലും, ഹൈ-സ്കൂളായാലും, കോളേജ് ആയാലും ഒരു ടീച്ചര്‍‌, ടീച്ചര്‍‌ തന്നെയാണ്. അവരെ പേരു ചൊല്ലി വിളിക്കാം എന്ന രീതി എന്തായാലും, ‘ആചാര്യ ദേവോ ഭവ’, അധ്യാപകര്‍ ദൈവതുല്യരാണ് ,എന്ന തത്വം പിന്‍തുടര്‍ന്ന് വരുന്ന ഭാരതസംസ്കാരത്തിന് ഒരിക്കലും മാതൃകാപരമായി സ്വീകാര്യമാവില്ല എന്നു തീര്‍ച്ച. എന്തായാലും, ഏതു നാട്ടില്‍‌ ജീവിച്ചാ‍ലും, ഏതു സംസ്കാരം പിന്‍‌തുടര്‍ന്നാലും, ‘ജനനീ ജന്‍‌മഭൂമിശ്‌ച സ്വര്‍ഗാദപി ഗരിയസി’, അമ്മയും ജന്‍‌മഭൂമിയും സ്വര്‍‌ഗ്ഗത്തേക്കാള്‍‌ വലുതാണ് , എന്ന ബോധം വിദേശമണ്ണില്‍‌ വളരുന്ന ഭാരതത്തിന്റെ എല്ലാ പിഞ്ചോമനകളുടെയും മനസ്സില്‍‌ എന്നും ഉണ്ടായിരിക്കണം.. എങ്കില്‍‌ നമുക്കഭിമാനിക്കാന്‍‌ മറ്റെന്തു വേണം.. അല്ലേ ചേച്ചി ?!

ധ്വനി | Dhwani said...

പതിവുപോലെ ഇതും മനോഹരം! :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇത് ആണ് നമ്മുടെ നാട് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം...വിദ്യാഭ്യാസം എന്നതു ഒരു “അരിപ്പ” പോലെ ആയി മാറിയിരിക്കുന്നു...കുറെ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും, പിന്നെ കുറെ “വെള്ളക്കോളര്‍” ജോലിക്കാരെയും മാത്രം സൃഷ്ടിക്കാനായി “പ്ലേ സ്കൂള്‍” മുതല്‍ “അരിക്കല്‍” പരിപാടി തുടങ്ങുന്നു.....വിദ്യാഭ്യാസം എന്നതു സൌജന്യവും സാര്‍വത്രികവും ആകണം എന്നു ഭരണഘടനയില്‍ എഴുതി വച്ചിരിക്കുന്നത് പൊടി പിടിച്ചു പോയിരിക്കുന്നു.....വിദ്യാഭ്യാസം സര്‍ക്കരുടെ കടമ ആകണം , വിവേചനം പാടില്ല, സൌജന്യം ആയിരിക്കനം, സാമൂഹിക നീതി ഉറപ്പു വരുത്തണം എന്നൊക്കെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ വിചക്ഷണന്മാരും, ഇടതു പക്ഷ പ്രസ്ഥാനങ്ങളുമൊക്കെ എത്രയോ നാളുകളായി ആവശ്യപ്പെടുന്നു...ആവര്‍ക്കു നാം പിന്തുണ നല്‍കുന്നുണ്ടോ എന്നതാണു ചിന്തിക്കേണ്ടത്..കേരളത്തില്‍ തന്നെ എല്ലാ പണം വിഴുങ്ങികളും ഇപ്പോള്‍ കൈ വച്ചിരിക്കുന്നതു വിദ്യാഭ്യാസ മേഖലയില്‍ അല്ലേ? എന്നിട്ട് നാം ആരെ ആണു പിന്തുണക്കുന്നത്? ഈ വിഷയത്തെക്കുറിച്ചു എത്ര വേണമെങ്കിലും എഴുതാം..വിസ്താര ഭയത്താല്‍ ആ സാഹസികത്തിനു മുതിരുന്നില്ല...

സിന്ധുവിന്റെ ആഖ്യാന ശൈലി നന്നായിട്ടുണ്ട്....പറയാനുള്ളതു സരളമായി പറയുന്ന രീതി നന്നായി...പിന്നെ, ഞാന്‍ ഒക്കെ ആ പഴയ കാലം ആസ്വദിക്കാന്‍ ഭാഗ്യം കിട്ടിയവരാണ്..ഒരു “പ്ലേ സ്കൂളിലും” “നേഴ്സറി”യിലും ഒന്നും പോകാതെ നേരിട്ട് ഒരു സര്‍ക്കാര്‍ സ്കൂളില്‍, മലയാളത്തില്‍ പഠിച്ചും, കളിച്ചും, ഉല്ലസിച്ചും ....അങ്ങനെ അങ്ങനെ.........!!!!!

വീണ്ടും എഴുതുക......കാത്തിരിക്കുന്നു.

കുറുമാന്‍ said...

വളരെ നല്ല ലേഖനം. നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ഇവിടേയും കെ ജി 1ല്‍ എടുത്താല്‍ പൊങ്ങാത്ത അത്ര പുസ്തകവുമായൊരാള്‍ പോകുന്നുണ്ട്. ചൂടുകാലല്‍മായാലും, തണുപ്പു കാലമായാലും രാവിലെ 6/45 നു ബസ്സ് വരും. പാവം കുട്ടികള്‍ രാവിലെ 5.45 നു എഴുന്നേറ്റാലെ ഒരുങ്ങികെട്ടി, ബ്രേക്ക് ഫാസ്റ്റ് ഫാസ്റ്റായി കഴിച്ച് പോകാന്‍ കഴിയുകയുള്ളൂ.

മയൂര said...

ആ എഴുത്തിന്റെ മാന്ത്രികതയീ ലേഖനത്തിലും കാണുണ്ട്....നന്നായിട്ടുണ്ട്.....