Sunday, April 01, 2007

വേനല്‍ - ഒരു ഓര്‍മ്മക്കുറിപ്പ്.

ഉച്ച ഊണിന് ശേഷം ഒന്ന് മയങ്ങാം എന്ന് കരുതി ഇരുന്നപ്പോഴാണ് കുട്ടികള്‍ടെ നിര്‍ബന്ധത്തിന് വഴങ്ങി പുറത്ത് പോവേണ്ടി വന്നത്. രണ്ടു ദിവസം മുന്‍പ് വരെ നല്ല കനത്തില്‍ പൂജ്യത്തിലും താഴെ ഊഷ്മാവില്‍ മഞ്ഞ് പെയ്തു കൊണ്ടിരുന്ന സ്ഥലമാണന്ന് ഒരു മനുഷ്യനും തോന്നുക പോലും ചെയ്യാത്തവണ്ണമുള്ള വെയിലുണ്ടായിരുന്നു പുറത്ത്. ഒരു പതിനെട്ട് പത്തൊന്‍പതിനടുത്തെ ഉണ്ടാകുമായിരുന്നുള്ളു താപനില എന്ന് തോന്നുന്നു.എന്നിട്ടും എന്തായിരുന്നു ഇന്നലത്തെ പുകില്.പോയി വന്നപ്പോള്‍ തുടങ്ങി അസഹ്യമായ തല വേദന.അന്തരീക്ഷ ഊഷ്മാവില്‍ പൊടുന്നനെ വന്ന ഏറ്റക്കുറച്ചിലിന്‍റെയാവാം എന്ന് സമാധാനിക്കാന്‍ ശ്രമിച്ച്
കുറച്ച് നേരമൊന്ന് മയങ്ങി.ആ സമയത്തെപ്പൊഴോ ഞാനോര്‍ത്തു. ഈയിടെയായി നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോഴൊക്കെ സ്ഥിരമായി കേള്‍ക്കുന്ന ഒരു പല്ലവി ഉണ്ടല്ലൊ എന്ന്...ഭയങ്കര ചൂടാണെന്നെ,അതിനൊപ്പം കറണ്ടും ഇല്ലാ എന്ന്.ആ കിടപ്പില്‍ ചിന്തകളിലെക്ക് മലയാളിയുടെ ജീവിത്തത്തിന്‍റെ തന്നെ ഭാഗമായ വേനല്‍ പല ഭാവഭേദങ്ങളുമായി കടന്നു വന്നു...അതിനൊപ്പം എന്നില്‍ ഉറങ്ങിക്കിടന്ന കുംഭം മീന മേട
മാസങ്ങളുടെ ഓര്‍മ്മകളും.

ഞാനോറ്ക്കുകയായിരുന്നു എപ്പോഴെങ്കിലും വേനല്ക്കാലത്തിന്‍റെ പൊള്ളുന്ന ഓര്‍മ്മകള്‍ കേരളത്തില്‍ ജീവിച്ച വര്‍ഷങ്ങളുടെ കണക്ക് പുസ്തകത്തില്‍ എന്നെ കൊതിപ്പിക്കുന്ന ഒന്നാണോ എന്ന്.ഞാനൊരിക്കലും വെയിലിനെയും ചൂടിനെയും ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. മാങ്ങയും ചക്കയുമൊക്കെ കൊതി തീരെ തിന്നിരുന്നതും, വേനല്‍ക്കാലസന്ധ്യകളെ സുഗന്ധപൂരിതമാക്കി പൂവിട്ടിരുന്ന കുടമുല്ലച്ചെടികളും, പിന്നെ നീണ്ട രണ്ട് മാസം കിട്ടിയിരുന്ന സ്കൂള്‍ അവധിയും ..... ഇവയൊക്കെയാണ് കേരളത്തിലെ വേനലിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്ന് വരുന്നത് . എന്‍റെ ചുടിനോടുള്ള പിണക്കത്തിനെ അപ്പന്‍ വളരെ മനോഹരമായി കളിയാക്കിയിരുന്നത് ഇന്നും ഓര്‍ക്കുന്നു. ഇവിടെ ജീവിച്ച് വളര്‍ന്നിട്ടും ഇവള്‍ക്കു മാത്രം എന്തെ ഇത് അസഹ്യം എന്ന ചോദ്യം പലവുരു അമ്മയോട് ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. വേനല്‍വറുതിയില്‍ മുനിസിപ്പാലിറ്റിയുടെ ജലവിതരണം നിര്‍ദാക്ഷിണ്യം പണിമുടക്കുമ്പോള്‍ അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം കോരിക്കൊണ്ടു വരുന്നതിന്‍റെ ബുദ്ധിമുട്ടും വേനലിനോടുള്ള എന്‍റെ പിണക്കത്തിന് ഒരു കാരണമായിരുന്നു എന്നു അപ്പന്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടായിരുന്നൊ എന്തൊ...

സ്കൂള്‍ ദിനങ്ങളില്‍ ഞാന്‍ കണ്ടിരുന്ന ഒരു സ്വപ്നമുണ്ട്. വീടു മുതല്‍ സ്കൂള്‍ വരെയുള്ള വഴിയില്‍ തരിമ്പും വെയിലു കൊള്ളാതിരിക്കാനായി ഒരു പന്തല്‍ എന്നതായിരുന്നു അത്. പ്രൈമറി സ്കൂള് കാലഘട്ടത്തില്‍ എന്നും ഉച്ചയൂണിനായി വീട്ടില്‍ വരികയായിരുന്നു പതിവ്. ആയതിനാല്‍ വെയിലൊരു വിഷയം തന്നെ ആയിരുന്നു എനിക്ക്. മഴയായാലും വെയിലായാലും മുടങ്ങാതെ ബാഗിനുള്ളില്‍ കുടയും കരുതുമായിരുന്നു എന്നത് കൂട്ടുകാറ്ക്കിടയില്‍ എന്നെ കണക്കില്ലാതെ കളിയാക്കാന്‍ ഒരു കാരണവുമായിരുന്നു. പക്ഷെ നല്ല പൊരിവെയിലില്‍ നടക്കേണ്ടി വരുമ്പോള്‍ അവരോരോരുത്തരായി എന്‍റെ കുടക്കീഴില്‍ അഭയം പ്രാപിച്ചിരുന്നു എന്നതായിരുന്നു തമാശ. മിഡില്‍ സ്കൂള് അല്പം ദൂരെ ആയിരുന്നതിനാല്‍ വെയില്‍ കൊള്ളുന്നത് രാവിലെയും വൈകുന്നെരവുമായി ചുരുങ്ങി.സ്കൂള്‍ ദിനങ്ങളില്‍ വാട്ടര്‍ബോട്ടിലില്‍ എന്നും മുടങ്ങാതെ വീട്ടില്‍ നിന്നും വെള്ളം കൊണ്ട് വന്നിരുന്ന ഏക കുട്ടിയും ഞാനായിരുന്നു. അതും ഇമ്മിണി വല്യ വാട്ടര്‍ ബോട്ടിലില്‍ തന്നെ. ഉച്ചയൂണിനു ശേഷം എന്നും അതിനും ആവശ്യക്കാരുണ്ടാവാറുണ്ടായിരുന്നു. പ്രത്യേകിച്ച് സ്കൂളിലെ ടാപ്പില്‍ കൈകഴുകാന്‍ പോലും വെള്ളമില്ലാതെ വന്നിരുന്ന വേനലില്‍.

പലപ്പോഴും തോന്നിയിട്ടുണ്ട് ഈ വര്‍ഷാവസാന പരീക്ഷ എന്തിനാണാവോ മാര്‍ച്ചില്‍ വരുന്നതെന്ന്. വേനല്‍ചൂട് ചുട്ടു പൊള്ളിക്കുമ്പോള്‍ കുത്തിയിരുന്നു പഠിക്കുക എന്നത് ഒരു അറുബോറായിട്ടാണ് എനിക്കെന്നും തോന്നിയിട്ടുള്ളത്.ചെറിയ ക്ലാസ്സുകളില്‍ അതൊരു വിഷയമല്ലാതിരുന്നെങ്കിലും എസ്.എസ്.എല്‍.സി എന്ന കലാശക്കൊട്ടിന്‍റെ സമയം വേനല്‍ ശരിക്കും ഒരു ഭീകരനാണെന്ന് തന്നെ തോന്നിയിട്ടുണ്ട്.സ്റ്റഡി ലീവ് എന്ന് പറഞ്ഞ് കിട്ടുന്ന പരിമിത സമയത്ത് ചൂട് കാരണം ഫാനിട്ട് പഠിക്കാനിരിക്കുമ്പോള്‍ ഉറക്കം വന്നിരുന്നതും അമ്മ വിളിച്ചു കൊണ്ടേയിരിക്കും എന്നതിനാല്‍ കണ്ണ് അടഞ്ഞു പോകാതിരിക്കാന്‍ പണിപ്പെട്ടതുമൊക്കെ ഇന്നലെ ആയിരുന്നില്ലെ എന്ന് തോന്നും. കോളേജ് കാലയളവില്‍ യൂണിവേഴ്സിറ്റിയുടെ നടത്തിപ്പുകള്‍ക്കൊന്നും ഒരു ചിട്ടയുമില്ലാതിരുന്നതിനാല്‍ വര്‍ഷാവസാന പരീക്ഷകള്‍ നടന്നിരുന്നത് ഏറെക്കൂറെ കാലം തെറ്റി ആയിരുന്നു. കാലം തെറ്റി വന്നിരുന്ന അന്നത്തെ പരീക്ഷകള്‍ മിക്കവാറുമൊക്കെ വേനല്‍ അതിന്‍റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന ചില ദിവസങ്ങളിലുമായിരുന്നു. ആ പരീക്ഷകള്‍ കഴിഞ്ഞ് വൈകുന്നേരം തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ കരിയിലകള്‍ പൊഴിഞ്ഞുവീണ് കിടന്നിരുന്ന വിജനമായ വഴികള്‍ കണ്ട് മറന്ന ഏതോ സിനിമകളിലെ ഫ്രെയിമുകളെ എന്‍റെ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ചൂടും പരീക്ഷയും ഒക്കെ വരുമായിരുന്നെങ്കിലും ആ മാസങ്ങള്ക്കായി കാത്തിരിക്കാന്‍ എനിക്കെന്‍റേതായ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു...കുംഭം - മീന മാസങ്ങളില്‍ അടുത്തുള്ള ക്ഷേത്രങ്ങളില്‍ നടന്നു വന്നിരുന്ന
ഉത്സവങ്ങള്‍.ആ കാലങ്ങളില്‍ ഇറങ്ങിയ നല്ല സിനിമാ ഗാനങ്ങളും, ദേവീ സ്തുതികളും, ഹൈന്ദവ ഭക്തിഗാനങ്ങളും ദിവസം മുഴുവന്‍ ഉച്ചഭാഷിണിയിലൂടെ കേള്‍ക്കാവുന്ന ആഴ്ചകള്‍. പിന്നെ
ഉത്സവത്തോടനുബന്ധിച്ച് അടുത്തുള്ള ഹൈന്ദവ ഭവനങ്ങളില്‍ പറയെടുപ്പിനായി എത്തുന്ന ആനകളെ അടുത്തു കാണാം, വീടിന് മുന്നിലുള്ള വഴിയിലൂടെ കടന്ന് പോവുന്ന കാവടിയാട്ടവും, കരകവും, വെളിച്ചപ്പാടും.
ഇതൊക്കെയായിരുന്നു ആ കാരണങ്ങള്...അടുത്ത വീടുകളിലുള്ള പലരും ആ ഉച്ചഭാഷണികളെ ദേഷ്യത്തോടെ ശപിക്കുന്നത് കേട്ടിരുന്നെങ്കിലും കേബിള്‍ കണക്ഷനും ഏഷ്യാനെറ്റുമൊന്നും അത്ര
സാധാരണമല്ലാതിരുന്ന ആ ദിവസങ്ങളില്‍ ഏറ്റവും പുതിയ പാട്ടുകള്‍ മറിഞ്ഞും തിരിഞ്ഞും ഒന്നോ രണ്ടൊ ആഴ്ച മുഴുവന്‍ കേള്‍ക്കാമായിരുന്നു എന്നത് അന്നൊരു ആറ്ഭാടം തന്നെയായിരുന്നു.പിന്നെ ഉത്സവത്തിന്‍റെ
അവസാന ദിവസം ആറാട്ടിന് നല്ല തലയെടുപ്പോടെ നെറ്റിപട്ടമൊക്കെ കെട്ടി വരുന്ന അഞ്ച് ( ചില വര്‍ഷങ്ങളില്‍ അത് ഏഴാവാറുമുണ്ടായിരുന്നു ) ഗജവീരന്മാരെ ഒന്നിച്ച് കാണാന്‍ പറ്റും എന്നതും
കൂടിയാവുമ്പോള്‍ ആനന്ദലബ്ധിക്കിനി എന്തു വേണം എന്ന വഴിയ്ക്കായിരുന്നു എന്‍റെ ചിന്തകളുടെ പോക്ക്.

മധ്യവേനല്‍ പരീക്ഷയുടെ പിരിമുറക്കത്തിന് ശേഷം വന്നിരുന്ന വിഡ്ഡിദിനത്തിന്‍റെ കുറുമ്പുകളെ അത്രയെളുപ്പം മറക്കാനാവില്ലല്ലൊ....അങ്ങനെ കുസൃതിയും കളികളും നിറഞ്ഞ അവധിദിനങ്ങളിലേക്ക് അപ്പോഴേക്കും വിഷുവിന്‍റെ വരവറിയിച്ചു കൊണ്ട് തൊടികളിലും വഴിവക്കിലുമൊക്കെ കൊന്നമരങ്ങള്‍ പൂത്തുലഞ്ഞിട്ടുണ്ടാവും. തിരുവനന്തപുരത്തെ ഹോസ്റ്റല്‍ ജീവിതത്തിനിടക്ക് കൂടുകാറ്ക്കൊപ്പം ഒരു വിഷുവിന് ശ്രീപദ്മനാഭക്ഷേത്രത്തില്‍ കണികാണാന്‍ പോയതും എന്‍റെ ഓര്‍മ്മകളില്‍ ഇന്നുമുണ്ട്. വസന്തത്തിന്‍റെ ആരംഭത്തോടെ ഇലകളില്ലാതെ നിറയെ പൂത്തുലയുന്ന ഒരു പേരറിയാ ചെടിയുടെ കാരുണ്യത്താല്‍ കണിക്കൊന്നയുടെ സ്വര്‍ണവര്‍ണ്ണം പ്രവാസത്തിന്‍റെ ഈ മണ്ണിലും എല്ലാ വറ്ഷവും എനിക്ക് ആശ്വാസമാകാറുണ്ട്. ദൈവങ്ങള്‍ക്കൊക്കെ എകമനസ്സാണെന്ന് സ്ഥാപിക്കുന്നവണ്ണമാണൊ പലപ്പോഴും
ക്രിസ്തുവിന്‍റെ പീഡാനുഭവ ആഴ്ചയും വിഷുവും അടുത്തടുത്ത് വരുന്നതെന്ന് തോന്നും. കുരുത്തോലകളാലും ആര്‍പ്പുവിളികളാലും മനുഷ്യപുത്രനെ കഴുതപ്പുറത്ത് എഴുന്നെള്ളിച്ചതിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ഓശാന ഞായറും, കാല്‍കഴുകല്‍ ശ്രുശ്രൂഷയുടെയും അന്ത്യ അത്താഴത്തിന്‍റെയും സ്മരണകളുണറ്ത്തുന്ന പെസഹാവ്യാഴവും , "ഗാഗുല്‍ത്താമലയില്‍ നിന്നും..." എന്നെ ഗാനത്തിന്‍റെ ഈരടികള്‍ക്കൊപ്പം നടന്ന് നീങ്ങുന്ന കുരിശിന്‍റെ വഴിയുടെ അനുഭവം സമ്മാനിക്കുന്ന ദു:ഖവെള്ളിയാഴ്ചയും, പ്രത്യാശ്യയുടെ പ്രതീകമായ ഉത്ഥാനത്തിന്‍റെ തിരുക്കറ്മ്മങ്ങളുമൊക്കെ ഊട്ടിയുറപ്പിച്ച വിശ്വാസത്തിനും ഭക്തിക്കും എന്‍റെ ഉള്ളില്‍ എന്നും കുന്തിരിക്കത്തിന്‍റെ ധൂപച്ചുരുളുകളുടെ സുഗന്ധമാണ്.

നീണ്ട മാസങ്ങള്‍ തണുത്തുറഞ്ഞ് കിടക്കുന്ന ആല്പ്സിന്‍റെ താഴ്വാരത്തിലേക്ക് വസന്തത്തിന്‍റെ ആദ്യ കിരണവുമായി വരുന്ന സൂര്യന് എന്‍റെ ഓര്‍മ്മകളെ ഇത്രയൊക്കെ ഓര്‍മ്മിപ്പിക്കാനാവുന്നപോലെ എന്‍റെ
മക്കള്‍ക്കെന്താവും ഉണ്ടാവുക എന്ന് ഞാന്‍ ആലോചിക്കുകയാണ്. ഞാന്‍ കണ്ടതും അനുഭവച്ചിതുമായ ഭാവങ്ങളും അര്‍ഥങ്ങളുമൊന്നും ഉണ്ടാവില്ലായിരിക്കാം. ഒരുപക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ മക്കളുടെ
വേനല്‍ക്കാല ഓര്‍മ്മകളില്‍ ബാക്ക് യാറ്ഡില് അമ്മ വെള്ളം നിറച്ച് കൊടുത്തിരുന്ന സ്വിമ്മിങ്ങ് പൂളും, കാറ്റും തണുപ്പും തടുക്കാന്‍ ജാക്കെറ്റും തൊപ്പിയും ഒന്നുമില്ലാതെ അടുത്ത വീട്ടിലെ കുട്ടിക്കൊപ്പം
സാന്‍ഡ്പിറ്റില്‍ മണ്ണില്‍ കളിച്ചതിന്‍റെ ഓര്‍മ്മകളും, പാടിയോയിലെ കല്‍ക്കരി ഗ്രില്ലില്‍ അപ്പ ഉണ്ടാക്കാറുള്ള സോസേജിന്‍റെ രുചിയും ഒക്കെയാവും ഉണ്ടാവുക. അത്രമാത്രമേ ഉണ്ടാവൂ എന്നോര്‍ത്ത് വേവലാതികള്‍
വേണൊ എന്നത് ഒരു ചോദ്യമായി അവശേഷിക്കുമ്പോഴും നമ്മുടെ സംസ്കാരം, പൈതൃകം എന്നൊക്കെ പറഞ്ഞ് അലമുറയിട്ട് കുട്ടികളെ ഇവിടെയും നാട്ടിലും വേരുകള്‍ ഇല്ലാത്തവരായി വളര്‍ത്താതെ അവര്
വളരുന്ന ഈ മണ്ണും , അനുഭവിക്കുന്ന ഈ പ്രകൃതിയുമായെങ്കിലും ബന്ധിപ്പിച്ച് വളര്‍ത്തിയെടുക്കാനെങ്കിലും എനിക്കാവുന്നെങ്കില്‍ അതാവും നല്ലതെന്ന് ഓര്‍ത്ത് ഞാന്‍ സമാധാനിക്കട്ടെ !!!


(ചിത്രങ്ങള്‍ : ശ്രീകുമാര്‍ ആലപ്ര കേരളകൌമുദി ഫോട്ടോഗ്രാഫര്‍ )

30 comments:

.... said...

വേനലും ചൂടൂം ഒരിക്കലും എനിക്ക് പ്രിയപ്പെട്ടവയല്ലായിരുന്നെങ്കിലും കുംഭം മീനം മേട മാസങ്ങള്‍ക്കായി കാത്തിരിക്കാന്‍ എനിക്കെന്‍റേതായ കുറേ കാരണങ്ങള്‍ എന്നുമുണ്ടായിരുന്നു.അവയിലൂടെ ഒരു തിരിച്ച് പോക്കാണിവിടെ...

നിര്‍മ്മല said...

ഗൃഹാതുരതയുണര്‍ത്തുന്ന ഒരു ‘തുഷാര‘ക്കുറിപ്പ്. ഓര്‍മ്മയിലെ ഇതുപോലെയുള്ള മയിപ്പീലി തുണ്ടുകളല്ലെ ജീവിതത്തിലെ ചൂടില്‍ നമ്മെ തണുപ്പിക്കുന്നത്.

ബിന്ദു said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം... :)
qw_er_ty

അപ്പു ആദ്യാക്ഷരി said...

നല്ല ഒരുപിടി ഓര്‍മ്മകളുണര്‍ത്തുന്ന ലേഖനം.

ശ്രീ said...

"ഞാനൊരിക്കലും വേനലിനേയും ചൂടിനേയും ഇഷ്ടപ്പെട്ടിരുന്നില്ല”

ചൂടുകാലത്തു പോലും ഊഷ്മളത നല്‍‌കാല്‍‌ നല്ല ഓര്‍‌മ്മകള്‍‌ക്കു കഴിയുന്നു... അല്ലേ?
കൊള്ളാം... നല്ല ലേഖനം.

Haree said...

നന്നായിരിക്കുന്നൂട്ടോ... എഴുത്തില്‍ വേനലിന്റെ വരള്‍ച്ച എത്ര പരതിയിട്ടും കണ്ടെത്താനായില്ല... :)
--

അനാഗതശ്മശ്രു said...

ഏകാന്തം എന്ന പുതിയ ചിത്രത്തിലെ 'കൈ എത്ത ദൂരത്തൊരു കുട്ടിക്കാലം ' എന്ന ഗാനം പശ്ചാത്തലത്തില്‍ കേട്ടു കണ്ടാണീ ബ്ലോഗ്‌ വായിച്ചതു..
അങ്ങിനെ കൂടി ഇതാസ്വദിക്കാം..
കീപ്‌ ഇറ്റ്‌ അപ്‌

കുറുമാന്‍ said...

വളരെ മനോഹരമായി എഴുതിയിരിക്കുന്നു തുഷാരം താങ്കള്‍ ഈ ഓര്‍മ്മക്കുറിപ്പ്. ബാല്യകൌമാര കാലഘട്ടങ്ങളിലേക്ക് മനസ്സ് മുങ്ങാം കുഴിയിട്ടു എന്നു മാത്രമല്ല, വളര്‍ന്നു വരുന്ന പുതിയ തലമുറക്ക് നഷ്ടപെട്ട, അല്ലെങ്കില്‍ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന പലതിലേക്കും ഈ ലേഖനം വിരല്‍ ചൂണ്ടുന്നു. നന്ദി. ഇത്തരം ഓര്‍മ്മകള്‍ ഇനിയും പങ്കുവെക്കുക.

Anonymous said...

Vaaykkan sukham ulla oru kurippu..

സിനില്‍ said...

സിന്ധുവേച്ചീ.. വളരെ നല്ല ഒരു ലേഖനം..
നാമറിയാതെ കുട്ടിക്കാലത്തിലേക്ക് കൂട്ടികൊണ്ടു പോയില്ലേ എന്നൊരു സംശയം.

പക്ഷേ, എനിക്കെന്തോ വേനല്‍ക്കാലങ്ങളെയായിരുന്നു കൂടൂതല്‍ ഇഷ്ടം.. പഠിക്കണ്ടാ ഓടിച്ചാടി നടക്കാം,
ഫുട്ബോള്‍, ക്രിക്കറ്റ്, സെവന്‍സീസ്, സേവി .. കച്ചി കളി.. അങ്ങനെ പേര് മറന്നു പോയ എത്രയെത്ര കളികള്‍!!
കൂടാതെ, വേനല്‍ക്കാലമാവുമ്പോള്‍ പറമ്പുകളിലെ കുളം വെട്ടി അതിലുള്ള നീരാട്ട് (നീരാട്ട് എന്നു വെയ്ചാല്‍ ഒരു ഒന്നൊര നീരാട്ട് , കുളിച്ച് കയറുമ്പോള്‍ കുളത്തിലെ അടിചെളി കലങ്ങി മീശയായി പിടിക്കുന്നതു വരെയുള്ളത്)..
ബാക്കിയുള്ള സീസണുകളില്‍ അതു നടക്കില്ല.
എന്തായാലും എന്നെ കുറേ നേരം ആ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയീ... അപ്പോള്‍ ഇതു പോലെയുള്ള സാധനങ്ങള്‍ പോരട്ടെ.. പോരട്ടങ്ങനെ പോരട്ടെ..

മയൂര said...

എരിവേനലില്‍ കുളിര്‍ മഴപോലൊരു പോസ്‌റ്റ്..അവതരണം നന്നായിട്ടുണ്ട്..

swaram said...

അക്ഷരങ്ങള്‍ കൊണ്ട് ഒരു വേനല്‍ മഴ തന്നെ പെയ്യിച്ചു. നന്നായിരിക്കുന്നു...പൂത്തുലഞ്ഞ കൊന്നമരത്തിന്റെ താഴെ, കണ്ണു പൊത്തിക്കളിച്ച ബാല്യത്തിന്റെ നല്ലൊരു ഓര്‍മയിലോട്ടും ഈ എഴുത്തെന്നെ കൊണ്ടുപോയി. ഒരു നല്ല വേനലിലായിരുന്നു, പേപീടിച്ച് ആ കൂട്ടുകാരന്‍ മരിച്ചതും...

Sreekumar P.S. said...

oro rithukkaleyum viralthumbilude aavahichu thusharam yaaathra thudarunnu...


sreekumar

ദളം said...

venalundenkile vasanthavum ullu.
ella kalangalum nammalil oro anubavam tharunu.kuttykalude pareeksha kalathe venalumayi koottiyathu nannayiii.
mari varunna oro ruthukkalum oro anubavam akatte......angane...
"ഗൃഹാതുരതയുണര്‍ത്തുന്ന ഒരു ‘തുഷാര‘ക്കുറിപ്പ്..."ayi maratte...
sreekumaraalapra

ധ്വനി | Dhwani said...

''വീടു മുതല്‍ സ്കൂള്‍ വരെയുള്ള വഴിയില്‍ തരിമ്പും വെയിലു കൊള്ളാതിരിക്കാനായി ഒരു പന്തല്‍ ''...

ഞാനും ഇതേ ഡയലോഗ് മനസ്സിലോര്‍ത്തിട്ടുണ്ട്! അതും ഏതാണ്ട് ഒരേ രംഗം ( മോളൂട്ടി സ്കൂളില്‍നിന്നു തിരിയെ വരുന്നു), കാലം (പച്ച വേനല്‍), സമയം (നട്ടുച്ച്.....ച്ച)!

ഇതൊക്കെ തിരിഞ്ഞു നോക്കാനും, ചിന്തിച്ചെടുക്കാനും, പങ്കു വയ്കുവാനും ചിലര്‍ക്കൊക്കെയേ കഴിയൂ....

വേനലിലെ ജീവിതം നന്നായി എഴുതിയിരിക്കുന്നു.കൊള്ളാം!

ppanilkumar said...

ororutharum avaravarude yadarthyangal kanunnu..kanan sramikkunnu. kuttikalku avarude jeevitham, namukku nammude, oru comparison nadathendathinte aavasyam undo?. nannayi ezhuthiyirikkunnu. Ivide ee venalil oru glass sambaram kittiya pratheethi. Chadan kulangalilla, pakshe neendal kulangalundu. Pettada enna unakka thenga kettiyunadkkunna upakaranam mathram kandu valarunna oru thalamura....uhmm ningale enikku manassilakunnu.

Unknown said...

എന്നാ പറയാനാ...പുലികളുടെ കമന്റുകളുടെയിടയ്ക്കു എന്റെ ഈ ചെറിയ കമന്റു..

കലക്കി....

:-)

.... said...

നിര്‍മ്മലേച്ചി...അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി

ബിന്ദുവുന്‍റെ ഓര്‍മ്മകളില്‍ സുഗന്ധം പരത്താന്‍ ഈ കുറിപ്പിന് കഴിഞ്ഞു എന്നറിയിച്ചതില്‍ സന്തോഷം.

അപ്പൂ...നന്ദി

ഹരീ...അവിടുത്തെ ചൂട് പോരാഞ്ഞിട്ടാണൊ വീണ്ടും വരള്‍ച്ച പരതിയതു???

അനാഗതശ്മശ്രു ഏകാന്തത്തിലെ പാട്ട് ഞാന്‍ കേട്ടിരുന്നു.അത് ആദ്യം കേട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു.ഇന്നലെ അതു കൂടി ബാക്ഗ്രൌണ്ടില്‍ ഇട്ട് കേട്ടു.

കുറുമാന്‍സ് നന്ദിട്ടോ..

ഷീനാ നന്ദി

സിനിലിന്‍റെ ഓര്‍മ്മയും കലക്കന്‍..

മയൂരാ...എരി വേനലില്‍ കുളിര്‍മഴ പോലെ എന്ന പ്രയോഗം ഇഷ്ടായി

സ്വരം ആ കൂട്ടുകാരന്‍റെ ഓര്‍മ്മ എന്നെയും സങ്കടപ്പെടുത്തി

പി.സ്‍..ആശംസകള്‍ക്ക് നന്ദി.

ശ്രീകുമാര്‍..ഓരൊ ഋതുവിനും ഓരോ നിയോഗം..
അവ തരുന്ന അനുഭവവും ഇഷ്ടവും ഓരോരുത്തര്‍ക്കും വ്യത്യസ്തമാവും എന്ന് മാത്രം..നന്ദി ആശംസകള്‍ക്ക്.

ധ്വനി...എന്‍റെ പോലെ തന്നെ സ്വപ്നം കണ്ടിരുന്നവര്‍ ഉണ്ട് എന്നതു എന്നെ സന്തോഷിപ്പിക്കുന്നു.അഭിനന്ദനങ്ങള്‍ക്ക് നന്ദി.

അനില്‍കുമാറ്..വന്നതിനും വായിച്ചതിനും നന്ദി..

മൃദുലും ഒരു പുലി തന്നെയല്ലെ??പിന്നെ എന്തിനാണ് സങ്കടം??

Unknown said...

വേനല്‌ക്കിനാവുകള് നന്നായിരിക്കുന്നു. എനിക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കാലമായിരുന്നു വേനല്‌ക്കാലം. വീട്ടിലെ കിണര് വറ്റുമ്പോഴേയ്ക്കും അടുത്ത വീടുകളില് പോയി വെള്ളം കൊണ്ടുവരേണ്ടി വരും. ആ പോകുന്ന പോക്കില് അവിടെയുള്ള കുട്ടികളുമായി കളിക്കാനും പറങ്കിമാങ്ങ പറക്കാനും ഒക്കെ പോകാം. പഠിക്കാനും ഒന്നും ഇല്ലായിരിക്കും :)

ഓ.ടോ: കാലങ്ങളുടെ വക്താവാകുകയാണോ തുഷാരം ചേച്ചി - ആദ്യം ശരത്‌കാലം , പിന്നെ മഴയോടൊപ്പം, പിന്നെ വേനല്‌ .. ബാക്കി കൂടെ പോരട്ടെ ;)

അന്‍‌വര്‍ സാദത്ത് | anwer sadath said...

എന്തോ വേനലിനോടെനിക്കത്ര ഇഷ്ടം പോരാ... ഫാനിടാതെ ഉറങ്ങാന്‍ പറ്റില്ല...പൊരിവെയിലില്‍ ബൈക്കില്‍ പോകാനുള്ള ബുദ്ധിമുട്ട്...ടൈയും കെട്ടി ഷര്‍ട്ടും ഇന്‍ ചെയ്ത് ഓഫീസില്‍ പോകാനും വരാനും ഉള്ള ബുദ്ധിമുട്ട്... പണ്ടൊക്കെ വേനല്‍ക്കാലത്ത് ടൌണിലേക്കിറങ്ങിയാല്‍ ചൂടു കൂടുമ്പോള്‍ ഞങ്ങള്‍ ഏതെങ്കിലും ടെക്സ്റ്റയില്‍ ഷോപ്പില്‍ കയറുമായിരുന്നു ...അവിടുത്തെ എ.സി യില്‍ കുറച്ചുനേരം...

നല്ല എഴുത്ത്, നല്ല ചിത്രങ്ങള്‍... മഴയായി..വേനല്‍ കഴിഞ്ഞു ... ഇനി അടുത്തത് ?

അനാഗതശ്മശ്രു said...

പാലക്കാട്ട്‌ ജല ദൌര്‍ലഭ്യം മൂലം
നട്ടം തിരിയുന്ന ജനം വാട്ടര്‍ അതൊറിറ്റി എഞ്ചിനീയറെ വിളിക്കുമ്പോള്‍
മൊബൈലില്‍
' കൈ എത്തും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം.'
അങ്ങേരും എന്താ ചെയ്യുക?
മഴ പെയ്താലേ വെള്ളമുള്ളൂ

വിപിന്‍ said...

വളരെ മനോഹരമായിട്ടുണ്ട് ചേച്ചീ.

സിനില്‍ പറഞ്ഞതു പോലെ വേനല്‍ എനിക്കും ഒരുക്കലും ഒരു മുഷിപ്പുണ്ടാക്കിയിട്ടില്ല. രാവിലെ മുതല്‍ വൈകീട്ടുവരെ നിര്‍ത്താതെ പല പല കളികള്‍ നടക്കുന്നതു കൊണ്ടാവാം. പക്ഷേ ഈ കുറിപ്പ് ആ ഓര്‍മ്മകളെയെല്ലാം ഒന്നു തൊട്ടുണര്‍ത്തി..... :)

നന്ദി

Pramod.KM said...

നമ്മുടെ വേനലിന്റെ അതേ സുഖമുള്ള ഓറ്മ്മകളാവും മറു നാട്ടുകാറ്ക്കും പറയാനുണ്ടാകുക.അതിനാല്‍ നമ്മുടെ വേനലിന്‍ കൊമ്പുണ്ട് എന്നു പറഞ്ഞു കുട്ടികളെ നിരാശപ്പെടുത്തുന്നതിലും നല്ലത് അവറ്ക്കു പ്രാപ്യമായ വേനലുകളെ ആസ്വദിക്കാന്‍ പഠിപ്പിക്കുന്നതു തന്നെയാണ്...
നല്ല കുറിപ്പ്.

Anonymous said...

ഹായ് ചേച്ചീ,
ഈയിടെ ‘മഴയ്‌കൊപ്പം’ എന്ന ലേഖനം എനിക്കു സമ്മാനിച്ചത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന കുളിര്‍മ്മയുള്ള ഒരു അനുഭവമായിരുന്നു. എന്നാല്‍‌ ‘വേനല്‍‌ - ഒരു ഓര്‍മ്മക്കുറിപ്പ്’ അതേ അനുഭവം തന്നെ എന്നിലുണര്‍ത്തുന്നു. ‘വിഷുവിന്റെ വരവറിയിച്ചു കൊണ്ട് തൊടികളിലും വഴിവക്കിലുമൊക്കെ പൂത്തുലഞ്ഞു നില്‍‌ക്കുന്ന കൊന്നമരങ്ങളും, വിഷുവിന് ശ്രീപദ്മനാഭക്ഷേത്രത്തില്‍ കണികാണലും‘ .....ആഹാ..... ഒരു സുഖമുള്ള ഒരു അനുഭൂതി, ഒരു കുളിര്‍മ്മ, വേനലിന്റെ ചൂട് വേണ്ടുവോളമുള്ള ഈ ലേഖനം വായിക്കുന്ന സമയത്തും അനുഭവപ്പെടുന്നു...

മഴവില്ലും മയില്‍‌പീലിയും said...

കൊടും വേനലുകള്‍ ഇനിയും നമ്മെ കാത്തിരിക്കുകയാണു തുഷാരമെ ..ഇതു ഓര്‍ മപ്പെടുത്തലാണു..എന്നത്തെയും പോലെ നല്ല അവതരണം ...

വാണി said...

ചേച്ചീ,
വളരെ മനോഹരം.

Maya Indira Banerji said...

തുഷാരത്തിന്റെ വേനല്‍ക്കാല ഓര്‍മ്മകള്‍ എന്നെ പൊള്ളിച്ചു.
വസന്തത്തെയും ശിശിരത്തെയും വര്‍ഷത്തെയും ഗ്രിഹാതുരതയുടെ ചമയങ്ങള്‍ ചാര്‍ത്തി ഓര്‍മ്മകളുടെ ചായങ്ങള്‍ പൂശി മനസ്സിന്റെ അരങ്ങത്ത് ആടിത്തിമര്‍ക്കാന്‍ വിടുമ്പോള്‍ പാവമെന്റെ പ്രിയ വേനലിന് പലരും “എന്തൊരു ചൂട്” എന്നൊരു ശാപവാക്കിന്റെ മേലങ്കി മാത്രമാണു നല്‍കാറ്.
തുഷാരം പക്ഷെ വേനലിന്റെ മഞ്ഞ ചായങ്ങള്‍ മുഴുവനും ഇവിടെ തട്ടിക്കുടഞ്ഞിട്ട് മനസ്സിലൊരു മാമ്പഴത്തോട്ടം ഉണ്ടാക്കി തന്നു.
വേനലിനോട് പ്രിയമേറാന്‍ കാരണങ്ങള്‍ അനവധിയുണ്ട് എനിക്ക്.
നിര്‍ത്താതെ തിമര്‍ക്കുന്ന ചുമയും തുമ്മലും നെഞ്ചിന്റെ കുറുകലും പടിയിറങ്ങി പോകുന്നത് വേനല്‍ക്കാലത്താണു. മറ്റൊരു കാലവും എന്നോട് കാട്ടാത്ത കനിവ്!
രന്ടുനേരവും പച്ചവെള്ളത്തില്‍ കുളിക്കാന്‍ അനുവദിക്കുന്ന, എണ്ണ തേക്കാതെ തന്നെ മിന്നുന്ന ചര്‍മ്മം തരുന്ന,അമ്മയുടെ കൈകൊണ്ട് മാമ്പഴ പുളിശ്ശേരിയും പച്ചമാങ്ങയിട്ടു വെക്കുന്ന ചക്കക്കുരു കൂട്ടാനും വിളമ്പുന്ന,വിഷുക്കണിയൊരുക്കുന്ന,അയല്‍പ്പക്കത്തു നിന്നും ഈസ്റ്റ്ര് പലഹാരങ്ങള്‍ കൊണ്ട് തരുന്ന എന്റെ പ്രിയ വേനല്‍.
പന്ടൊക്കെ ഏഴരമണിക്ക് വീട്ടുമുന്നില്‍ വന്നു നില്‍ക്കുന്ന സ്ക്കൂള്‍ വാനിലേക്കുള്ള കുതിച്ചോട്ടം വേണ്ടല്ലൊ എന്ന ആശ്വാസമായിരുന്നു വേനല്‍ക്കലത്ത്.അമ്മയുടെ കൈ പിടിച്ച് ലൈബ്രറിയിലേക്ക് നടക്കലും അവിടെ നിന്നും വാരി കൊണ്ട് വരുന്ന പുസ്തകങ്ങള്‍ കരന്ട് തിന്നലുമായിരുന്നു ഞങ്ങള്‍ക്ക് വേനല്‍ക്കാല ആഘോഷം!
പിന്നെ സ്ക്കൂള്‍ വെക്കേഷനുകള്‍ കോളെജ് സ്റ്റഡി ലിവുകള്‍ക്ക് വഴി മാറി. എരിവെയിലത്ത് പൊരിഞ്ഞ് പഠിക്കേണ്ടതായി കര്‍മ്മം.
പുസ്തകം തുറന്ന് വെച്ച് കനവ് കന്ടിരിക്കുമ്പോള്‍ അമ്മ ഇടയ്ക്കിടെ കൊണ്ട് തന്നിരുന്ന മാമ്പഴച്ചാറിന്റെ മധുരമായിരുന്നു അന്നത്തെ വേനല്‍ക്കാലത്തിനു. പിന്നെ അമ്മയില്ലാത്ത...മാമ്പഴച്ചാറില്ലാത്ത പരീക്ഷാനാളുകളില്‍ കണ്ണ് നിറച്ചിരുന്നതും വേനല്‍ക്കാലത്ത്.
തുഷാരത്തിന്റെ കുറിപ്പ് വീണ്ടുമെന്നെ നീറുന്ന ഓര്‍മ്മകളുടെ വേനല്‍ മഴയില്‍ നനച്ചു.

Anonymous said...

No posts for a long time? Whats up?

Sapna Anu B.George said...

മകളെ എന്നത്തെയും പോലെ ഈ മനോഹരമായ, നിന്റെ ഈ കുറിമാനം എന്നെ,അമ്മവീട്ടില്‍ ,ഹരിപ്പാട്ടെ കരുവാറ്റായില്‍ ഞങ്ങള്‍ ഒരു പിടി അനന്തിരവത്തികളും അനന്തിരവന്മരും, വേനലവധിയുടെ സമയത്ത് വന്നു താമസിക്കും. എത്ര നല്ല ഓര്‍മ്മകള്‍... ഈ മയില്‍പ്പീലിത്തുണ്ടുകളിലെ ഈ വിവരണങ്ങള്‍,ആ ദിവസങ്ങള്‍ ഓര്‍മ്മിപ്പിച്ചു. മകളെ നിന്റെ ഓരോ വാക്കും ജീവസ്വുറ്റവയാണ്.‍

റീനി said...

എന്റെ ബാല്യകാല വേനല്‍ക്കാല ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരുലേഖനം.
വന്ന് വന്ന് വേനല്‍ക്കാലം കലണ്ടറില്‍ തന്നെ ഒതുങ്ങുകയാണെന്നു ചിലപ്പോള്‍ തോന്നും. ഓരോ ദിവസ്സം കഴിയുന്തോറും ജീവിതം എന്തേ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു?