Saturday, January 20, 2007

മണ്മറയുന്ന മഞ്ഞുകാലങ്ങള്‍ !!!

കാത്തുകാത്തിരുന്നു ശിശിരം വിരുന്നു വന്നിട്ടും യൂറോപ്പിനോടുമാത്രം അവഗണന കാട്ടി ദൂരെയെങ്ങോ മാറി നിന്നു കൊഞ്ഞനം കുത്തുകയാണു തുഷാരം. യൂറോപ്പിനെയാകമാനം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി അവയിനിയും ഒരു വിദൂരസ്വപ്നമായ് അവശേഷിക്കുമോ?

ആല്‍പ്സിന്റെ താഴ്വാരത്തിലെ ഈ മനോഹരഭൂമിയേയും അതിന്റെ ജീവനവ്യവസ്ഥകളെയും, ഋതുക്കളെയും,കാലാവസ്ഥാവ്യതിയാനങ്ങളെയും അറിഞ്ഞു തുടങ്ങിയ കാലം മുതല്‍ ഈ കഴിഞ്ഞു പോയ വര്‍ഷത്തിലെ ശിശിരം വരെ ഒരിക്കലും മഞ്ഞിന്‍കണങ്ങള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാതെ പോയിട്ടില്ലാ.വന്‍വൃക്ഷങ്ങളും മറ്റു സസ്യജാലങ്ങളും ഒക്കെ ഇലപൊഴിച്ചു മഞ്ഞിന്റെ കമ്പളം വാരിച്ചുറ്റാന്‍ തയ്യാറായിട്ടു മാസങ്ങളേറെയായ്.പക്ഷേ ഇന്നു ജനുവരി മധ്യത്തിലെത്തിയിട്ടും താപനില വസന്തത്തേയും,ശരത്കാലത്തെയും ഓര്‍മിപ്പിക്കുകയാണു.


പ്രകൃതിയെ നമുക്കൊരു അമ്മയായി കണ്ടു നോക്കാം. അപ്പോഴാണു കാലവസ്ഥാവ്യതിയാനത്തിന്റെ ഏറ്റവും ഭീതിജനകമായ മുഖം നമുക്കു കാണാന്‍ സാധിക്കുന്നതു.ഒരു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നാമ്പെടുക്കുന്ന പുതുജീവനെ എത്ര സൂക്ഷ്മമായും ചിട്ടയോടെയുമാണോ അമ്മ കാത്തുസൂക്ഷിക്കുന്നതു അതേവണ്ണമാണു ഈ ഭൂമിയേയും അതിലെ ജീവജാലങ്ങളെയും പ്രകൃതീമാതാവു പരിപാലിപ്പിക്കുന്നത്. ഒന്ന് ഒന്നിനെ ഹനിക്കാത്തവണ്ണം അത്ര ചിട്ടയായും,സൂക്ഷ്മമായുമാണു ഓരോ സൃഷ്ടിക്കും ഓരോ ദൗത്യങ്ങള്‍ കല്‍പ്പിച്ചുനല്‍കിയിരിക്കുന്നതും.അങ്ങനെയുള്ള ഒരു സന്തുതിലാവസ്ഥ മനുഷ്യന്റെ സ്വാര്‍ഥമോഹങ്ങളാല്‍ കശക്കിയെറിയപ്പെടുകയല്ലേ?

ശിശിരത്തില്‍ പല ജീവജാലങ്ങളെയും പ്രകൃതി ഒരു നീണ്ട നിദ്രയ്ക്കു വിധേയമാക്കറുള്ളതായ് കാണാം. അത് പ്രകൃതിയുടെ സൂക്ഷ്മപരിപാലനത്തിന്റെ ഒരു ദൃഷ്ടാന്തമാണു.ഈ വര്‍ഷം സംജാതമായ തീക്ഷണമല്ലാത്ത ശൈത്യത്തില്‍ സാധാരണയായ് നീണ്ട മാസങ്ങള്‍ ഉറങ്ങി തീര്‍ക്കുന്ന കരടികളെ ഇന്നത്തെ ഈ വ്യതിയാനങ്ങല്‍ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു എന്നാണു ജന്തുശാസ്ത്രജ്ഞ്ഞരുടെ വിലയിരുത്തല്‍.കൊടും ശൈത്യത്തില്‍ ഉണ്ടാവുന്ന ഭക്ഷണ ദൗര്‍ലഭ്യത മൂലം ജന്തുക്കള്‍ ചത്തൊടുങ്ങുന്നതു തടയാനായ് പ്രകൃതി തന്നെ ഉണ്ടാക്കിയെടുത്തിരിക്കുന്ന തന്ത്രമല്ലേ, മാസങ്ങളോളമുള്ള ഈ ഉറക്കികിടത്തല്‍.അതുപോലെ തന്നെ ശിശിരകാലത്തു വംശവര്‍ധനവു നടത്തുന്ന ജീവജാലങ്ങളുടെ പുതുതലമുറയെ ശത്രുക്കളില്‍ നിന്നും രക്ഷപെടുത്താനുള്ള ഒരു മുന്‍കരുതല്‍ കൂടിയാവും ഇതു.

ഭൂമിയില്‍ മഞ്ഞുപാളികളുടെ തോതു ഇങ്ങനെ കുറയുന്നതു ലോകത്തിലെ ജലസമ്പത്തുകളെ ദോഷകരമായ് ബാധിക്കുന്നുണ്ട് .ശിശിരത്തില്‍ പെയ്തിറങ്ങുന്ന മഞ്ഞില്‍ കുറയേറെ വേനലില്‍ നദികളായ് ഒഴുകിയിറങ്ങും. ആഗോളതാപനം (globalwarming) മൂലം വേനല്‍ കനത്തതും മഞ്ഞുപാളികളുടെ തോതു സാരമായ് കുറച്ചിട്ടുണ്ട്.അതിനൊപ്പം ശിശിരത്തില്‍ സംഭരിക്കപ്പെടുന്ന ഹിമപാളികളുടെ തോതുകുറയുക കൂടെ ചെയ്യുന്നതു അവിടങ്ങളിലെ ജീവനവ്യവസ്ഥിതികളുടെ നിലനില്‍പ്പിനും ഭീഷണിയാവുന്നു.ദക്ഷിണധ്രുവത്തിലെയും ഉത്തരധ്രുവത്തിലെയും എസ്കിമോകളുടെയും,പെന്‍ഗ്വിനുകളുടെയും,മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പും ഈ ഹിമപാളികളെ ആശ്രയിച്ചാണല്ലോ .1979 ല്‍ ഉണ്ടായിരുന്ന മഞ്ഞുപാളികളുടെ തോതിന്റെ 40 ശതമാനത്തോളം 2005 ആയപ്പോഴെക്കും ഉരുകിതീര്‍ന്നിരിക്കുന്നു എന്നാണു WWF (World Wildlife Fund) ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നതു. ഒരു താരതമൃത്തിനായി അലാസ്കയിലെ Portage Glacier ന്റെ 1958 ലെയും 2001 ലെയും ചിത്രങ്ങളാണു ഇടതും വലതുമായി കൊടുത്തിരിക്കുന്നതു. മഞ്ഞുപാളികളുടെ തോതില്‍ വന്ന ഗണ്യമായ മാറ്റം ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.


സുനാമിയും വലിയ ഭൂകമ്പങ്ങളും മരുഭൂമികളിലെ പേമാരിയും മറ്റു പ്രകൃതിക്ഷോഭങ്ങളും ഒക്കെ പ്രകൃതി തന്നെ നമുക്കു തരുന്ന മുന്നറിയിപ്പുകളാണു.മനുഷ്യന്റെ സ്വാര്‍ഥതമൂലം ഇത്രയേറേ നാശങ്ങള്‍ ഈ അമ്മയ്ക്കു വന്നുഭവിച്ചിട്ടും ഇന്നും അവനെയും അവന്റെ കുലത്തിനെയും ഉന്മൂലനാശം ചെയ്യാതെ ക്ഷമിക്കാന്‍ സാധിക്കുമ്പോള്‍ ആ ഒരു കാരുണ്യം കണ്ടെന്നു പോലും നടിക്കാതെ അവനോരോ പ്രത്യാഘാതങ്ങളെയും സൗകര്യപൂര്‍വം മറക്കുന്നു.അതിനൊപ്പം വരുംതലമുറയ്ക്കുകൂടെ അവകാശമായ വെള്ളത്തിന്റെയും.ശുദ്ധവായുവിന്റെയും,പച്ചപ്പിന്റെയും അവസാനകണികവരെ കൈക്കലാക്കി പ്രകൃതിയുടെ സന്തുലിതാവസ്ത്ഥയേയും തകിടം മറിച്ചുകൊണ്ട് അവന്‍ കൂടുതല്‍ കൂടുതല്‍ സ്വാര്‍ത്ഥനായിക്കൊണ്ടേയിരിക്കുന്നു.ഈ സ്വാര്‍ത്ഥത അവന്റെ തന്നെ നാശത്തിനു ഹേതുവാകാമെന്നു ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ നന്ന്.

14 comments:

.... said...

ഈ സ്വാര്‍ഥത എവിടെയാണ് ചെന്നവസാനിക്കുക?യൂറോപ്പിനെയാകമാനം ആശങ്കയുടെ മുള്മുനയില് നിര്ത്തി മറഞ്ഞു നില്ക്കുന്ന തുഷാരബിന്ദുക്കള് ഇനി ഒരിക്കലും വരാതിരിക്കുമോ?ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു......

Haree said...

നന്നായി പഠിച്ചെഴുതിയതാണിതെന്നു തോന്നുന്നു. അപ്പോള്‍ വസ്തുനിഷ്ഠാപരമായ ലേഖനങ്ങളാണ് എഴുതുവാനാഗ്രഹം. ഇങ്ങിനെയുള്ള ലേഖനങ്ങള്‍ക്ക് സപ്പോര്‍ട്ടിംഗ് ലിങ്കുകള്‍ ലഭ്യമാണെങ്കില്‍ അവയും ചേര്‍ക്കുന്നതു നന്നായിരിക്കും.

പിന്നൊരുകാര്യം ശ്രദ്ധിച്ചത്, സമ്പത്‌വ്യവസ്ഥയെക്കുറിച്ചു പറഞ്ഞുതുടങ്ങി ജൈവവ്യവസ്ഥയിലുണ്ടാവുന്ന മലക്കം മറിച്ചിലും പരാമര്‍ശിച്ച് ആഗോളതാപനത്തിലും മനുഷ്യന്റെ പ്രകൃതിയോടുള്ള ക്രൂരതയിലുമെത്തി നില്‍ക്കുന്നു ലേഖനം. എന്നാല്‍ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ ഈ രീതിയിലായിരുന്നോ പ്രതിപാദ്യങ്ങള്‍ ക്രമീകരിക്കേണ്ടിയിരുന്നത്?

ഏതായാലും ഈ വിഷയങ്ങള്‍ പഠിച്ചെഴുതുവാനുള്ള ആത്മാര്‍ത്ഥത അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ജീവവ്യവസ്ഥയുടെ കാര്യം പറഞ്ഞിരിക്കുന്നതാണ്, കരടികളുടെ ഉറക്കം അതെങ്ങിനെയാണ് അല്ലെങ്കില്‍ എന്തിനാണ് പ്രകൃതി നല്‍കിയിരിക്കുന്നതെന്ന് നന്നായെഴുതിയിരിക്കുന്നു.
--

മനു said...

ലേഖനം ഒരുപാടു നന്നായി..... ലേഖനത്തിന്റെ കഥാതന്ദുവിലും കഥാകാരന്റെ അവതരണത്തിലുമാണു ഒരു ലേഖനത്തിന്റെ പ്രസക്തി......എഴുതുന്ന കാര്യത്തെ സൂക്ഷമമായി നിരീക്ഷിക്കുകയും, അവലോകനം ചെയ്യുകയും ചെയ്താല്‍ മാത്രമേ അതു ക്രുത്യമായി പ്രതിഭലിപ്പിക്കാന്‍ സാധിക്കൂ....സിന്ധു എഴുതാന്‍ തിരഞ്ഞെടുത്ത കഥാതന്ദു വളരെ നന്നായി....പക്ഷെ അവതരിപ്പിക്കുമ്പോള്‍ ശ്രധിക്കണം.... ഞാന്‍ പറഞ്ഞു വന്നതു ഉള്ളടക്കത്തേക്കുറിച്ചല്ല.... മറിച്ച് അവതരണശൈലിയെക്കുറിച്ചാണു........ ഒരു കാര്യത്തില്‍ സിന്ധു ഒരുപാട് അഭിനന്ദനം അര്‍ഹിക്കുന്നു....കഥാതന്ദു.....ഭൗമാന്തരീക്ഷത്തിന്റെ വ്യതിയാനങ്ങളെ പ്രക്രുതിയുടെ സംതുലിതാവസ്തയോടുള്ള താരതമൃവും, അവയുടെ അനന്തരഫലത്തെക്കുറിച്ചുള്ള മുന്നറിയിപ്പും പ്രശംസനീയം.......വിവേകമതികളായ മാനവരാശിക്ക് ഇതൊരു മാര്‍ഗദീപമാവട്ടെ.......... മനു

Sapna Anu B.George said...

വെറും മനുഷ്യന്റെ സ്വാര്‍ത്ഥതക്കു മു‍മ്പില്‍, ദൈവത്തിനു പ്രതികരിക്കണ്ടേ? ഇതാണു പ്രതികരണം, ചെറിയ അടി കിട്ടിയിട്ടു മനസ്സിലായില്ല....മനുഷ്യന്റെ കുറ്റകൃത്യത്തിന്റെ ഗാംഭീര്യം കൂടിയപ്പോള്‍ ,ദൈവത്തിന്റെ ശിക്ഷയുടെ അളവും കൂടി.എന്നിരുന്നാലും, സിന്ധു, ഇത്ര നന്നായി മന‍സ്സിലാക്കി, വളരെ ഗ്രഹനമായി മന‍സ്സിലാക്കാന്‍ സഹായിച്ചതിനു,നന്ദി, വളരെ സന്തോഷം തോന്നുന്നു.പിന്നെ എത്ര സരസമായ ശൈലി‍.

Sreekumar P.S. said...

ini alippazham pozhiyathirikkilla... manju nirayathirikkilla... congrats.. ur new post is really good..

ഈയുള്ളവന്‍ said...

സിന്ധേച്ചീ,
അവതരണശൈലി ഒത്തിരി ഇഷ്ടമായി. തിരഞ്ഞെടുത്തിരിക്കുന്ന വിഷയവും സമകാലീനപ്രസക്‌തം തന്നെ. പ്രകൃതി പ്രതികരിച്ചുതുടങ്ങിയെന്നതിന്റെ തെളിവിനായി അങ്ങ് യൂറോപ്പ് വരെ പോകണമെന്നില്ല്ല, നമ്മുടെ കൊച്ചുകേരളത്തിലും ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. അടുത്തിടെ കേരളത്തിലെ പലയിടങ്ങളിലും കര്‍ഷകര്‍ കൂട്ട ആത്മഹത്യ ചെയ്യുന്നുവെന്ന് പലയിടങ്ങളിലും വായിച്ചും കണ്ടും അറിയുമ്പോഴും എന്തിന് എന്ന ചോദ്യത്തിനുത്തരം കടക്കെണി എന്നതുമാത്രമായിരുന്നു. പക്ഷെ, ഈ കടക്കെണി വന്നുചേരുന്നതെങ്ങനെ? കാലം തെറ്റി വരുന്ന ഋതുക്കളും മറ്റും വിളവിറക്കേണ്ടതും കൊയ്യേണ്ടതുമായ കാലത്തേയും വിളവിനെയും നേര്‍വിപരീതമായി ഭവിച്ചപ്പോള്‍ അവിടെ തകര്‍ന്നടിഞ്ഞത് ഒട്ടേറെ കര്‍ഷകരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. അവയില്‍ നിന്നൊക്കെ പുനര്‍ജനിക്കാനായി വാങ്ങിച്ചുകൂട്ടിയവയാണ് ഈ പറയുന്ന കടങ്ങളൊക്കെ. പിന്നെയും ഇതേ പ്രക്രിയ ആവര്‍ത്തിക്കുമ്പോള്‍ അവന് ഒരു മുഴം കയറില്‍ ജീവനൊടുക്കേണ്ടതായി വരുന്നു. പക്ഷെ, ഇവിടെയും പ്രകൃതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി എന്നു പറയാനാകുമോ? തെറ്റിച്ചു എന്നുപറയുന്നതല്ലേ കൂടുതല്‍ ശരി? പ്രകൃതിയില്‍ നിന്നും കിട്ടുന്നതൊക്കെ പരമാവധി ഊറ്റിയെടുക്കുക മാത്രം ചെയ്യാതെ തിരിച്ചങ്ങോട്ടും സമയാസമയത്ത് ചെയ്യേണ്ടത് ചെയ്‌തിരുന്നുവെങ്കില്‍ല്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. സിന്ധേച്ചി പറഞ്ഞത് ശരിതന്നെ, മനുഷ്യന്റെ ഈ സ്വാര്‍ത്ഥതയാല്‍ നശിക്കപ്പെടുന്നത് വരും തലമുറക്കുകൂടി അവകാശപ്പെട്ട കുടിവെള്ളവും ശുദ്ധവായുവും ഹരിതകണങ്ങളുമാണെന്ന് ഇനിയെങ്കിലും ഒരു തിരിച്ചറിവ്‍ അവനുണ്ടാകേണ്ടതുതന്നെ! ചേച്ചിയുടെ കൂടുതല്‍ ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു, എല്ലാ വിധ ആശംസകളും നേരുന്നു.

Apu John Joseph said...

Yet another good article...They have predicted snow tmrow 22-Jan. Hope it will be a fresh relief for the snow starved locals...

rajsadasivan said...

nalla observation. nalla research. dedication kanunnundu. science inte weight kooduthal aayo ennu samsayam. kurachu preachy aayi thonnunu. thaalam ? iniyum orupaadu ezhuthuka.. ishttam ulla orupadu litt. operation cheythu nookkuu .. ithu paranjennu vechu njan oru ezhuthu karanoo/vayana seelam ulla aallennoo dharikkenda. - ithu ente abhiprayam

ധ്വനി | Dhwani said...

ഉറച്ച വിഷയബോധം...
ശക്തമായ ഭാഷ...

ഇങ്ങനെ ചുമ്മാതമ്മാനമാടാന്‍ എല്ലാവരുടേയുമടുത്ത് ഈ അക്ഷരങ്ങള്‍ നിന്നുകൊടുക്കാറില്ല...

ചേച്ചി ഭാഗ്യവതിയാ...
ശുഭാശംസകള്‍!!

എം.എച്ച്.സഹീര്‍ said...

എനിക്കി മഞ്ഞിന്റെ നനവ്‌ വല്ലാത്ത ഇഷ്ടമാണ്‌ അതുപോലെ വരികളും.....

.... said...

ഹരീ..നന്നായി പഠിച്ചുവെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല.എന്നിരുന്നാലും വായിച്ചിരുന്നു.പിന്നെ വസ്തുനിഷ്ഠാപരമായതും എഴുതാന്‍ എനിക്കിഷ്ടമാണ്.നല്ല വാക്കുകള്‍ക്കു നന്ദി.

മനു..യോജിപ്പുകള്‍ക്കു നന്ദി...പറഞ്ഞ നിറ്ദ്ദേശങ്ങള്‍ ശ്രദ്ധിക്ക്കാം.

സ്വപ്നേച്ചി കമ്മന്‍റിനു നന്ദി..ശ്രീകുമാറിന്‍റെ ആശംസ പോലെ അടൂത്തുതന്നെ അവ വിരുന്നെത്തി..ഈയുള്ളവന്‍ അതു നന്നായിഗ്രഹിച്ചല്ലൊ...വയനാട്ടിലെ കറ്ഷകരുടെ പ്രശ്നങളുമായുള്ള താരതമ്യം നന്നായി.

അപു,രാജ്,ധ്വനി,സഹീര്‍ എല്ലവരുടെയൂം നല്ല വാക്കുകള്‍ക്കു നന്ദി..

അപ്പു ആദ്യാക്ഷരി said...

വളരെ നല്ല ലേഖനം. കരടികളുടെ ഉറക്കം എന്തിനായിരിക്കാം എന്ന ചിന്ത എനിക്ക്‌ പുതുമയുള്ളതായി തോന്നി. കാലവസ്ഥാ വ്യതിയാനങ്ങളെപ്പറ്റി പറയുമ്പോള്‍ ഗള്‍ഫ്‌ മരുഭൂമികളില്‍ ഈയിടെ കൂടുതലായി കാണുന്ന മഴയെയാണ്‌ ഓര്‍മ വരുന്നത്‌.

Anuji Abraham said...

recently i came across the following, which i felt is interesting to add as a comment on the subject of your blog. :)

..If there is any doubt that God has sense of humor, it has to be dispelled by a headline in the Drudge Report: "House hearing on 'warming of the planet' was cancelled after the ice storm."

btw, i like ur language. :)

Anonymous said...

THUSHRAM........U REALLY SURPRISED ME WITH UR MAYILPEELITHUNDUGAL...SHE IS KNOWN TO ME FROM CHILDHOOD...BUT NEVER EVER I RECOGNISED A GENIUS IN HER..LANGUAGE INDEED IS FANTASTIC..MY LOVE FOR U IS NOW FILLED WITH RESPECT