Sunday, December 03, 2006

ഞായറാഴ്ച...

ആരോ വിളിച്ച പോലെ തോന്നീട്ടാണു കണ്ണു തുറന്നത്. നോക്കിയപ്പോള്‍ സമയം 8 മണി. എന്റെ പ്രിയതമനും മക്കളും സുഖമായ് പുതച്ചുമൂടി കിടന്നുറങ്ങുന്നു. അപ്പോഴാണു ഹോ, ഇന്നു ഞായറാണല്ലൊ എന്നോര്‍ത്തത്. പ്രിയപ്പെട്ടവന്‍ എഴുന്നേല്‍ക്കാത്തതു കൊണ്ടു തത്കാലം ചായ ഉണ്ടാക്കേണ്ട എന്നു തീരുമാനിച്ചു. കുറേ സമയം എന്റെതായ ചിന്തകളില്‍ മുഴുകാം. മക്കളുണര്‍ന്നാല്‍ അതിനു പറ്റില്ലല്ലൊ.

ലോകജീവിതത്തിന്റെ സ്പന്ദനങ്ങളില്‍ ഈയൊരു ദിവസത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നു ഞാന്‍ ആലോചിച്ചു നോക്കി. വിദ്യാര്‍ഥികളും,സര്‍ക്കാര്‍ജീവനക്കാരും, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരും എന്നുവേണ്ട വീട്ടുജോലിക്കാര്‍വരെ അവധിദിനത്തിന്റെ ആലസ്യത്തില്‍ മുഴുകുന്ന ആഴ്ചയുടെ ആദ്യ ദിനം...

നസ്രാണിയുടെ ജീവിതത്തില്‍ ഈ ദിനം ഏതുവിധമാണെന്ന് ഞാന്‍ വേര്‍തിരിച്ചെടുക്കാന്‍ നോക്കി. ഏതോ നിയോഗംപോലെ പിറന്നു വീണത് ഒരു നസ്രാണി കുടും ബത്തിലായതിനാലാവാം ഈയൊരു കാഴ്ച്ചപ്പാടിലൂടെ ഞാന്‍ ആലോചിച്ചു തുടങ്ങിയത്. നസ്രാണികളായ നസ്രാണികള്‍ മുഴുവന്‍ ആഴ്ചയിലൊരിക്കലെങ്കിലും കര്‍ത്താവിനെ മുഖം കാണിക്കാനായ് പോകുന്ന പുണ്യ ദിനമാണല്ലോ ഞായര്‍. ചട്ടയും, ഞൊറിഞ്ഞുടുത്ത മുണ്ടും കസവു കവണിയുമൊക്കെയുടുത്തു വരുന്ന അമ്മച്ചിമാര്‍ക്കു പരദൂഷണത്തിനും, കൊച്ചുവര്‍ത്തമാനത്തിനും പള്ളിമുറ്റം വേദിയാകും.

ഞാന്‍ ഓര്‍ക്കുകയാണ്, സ്കൂള്‍ കാലഘട്ടത്തെ കുറിച്ച്... അന്നൊക്കെ ഞായറാഴ്ച ആകുന്നതു അദ്ധ്യന ദിവസങ്ങളേക്കാള്‍ തിരക്കുകളോടേയായിരുന്നു. ഞായറാഴ്ച രാവിലെയെങ്കിലും സ്വസ്ഥമായ ഒരു ഉറക്കം ആ കാലയളവില്‍ ഉണ്ടായിരുന്നില്ല. വെളുപ്പിനുണര്‍ന്ന് അമ്മ പാലപ്പവും സ്റ്റൂവും തയ്യാറാക്കാനുള്ള തിരക്കിനിടയിനിടയില്‍ വിളിച്ചുകൊണ്ടേയിരിക്കും. പുതപ്പിനടിയില്‍ നിന്നും എഴുന്നേറ്റു വരാനായ്. സ്കൂളും ട്യൂഷനും ഒന്നുമില്ലാത്ത ഒരേ ഒരു ദിവസമാണു ഞായര്‍. അന്നെങ്കിലും ഇഷ്ടത്തിനൊത്തു ഉറങ്ങുക... അതനുവദിച്ചിരുന്നില്ല. മഴ തിമിര്‍ത്തു പെയ്യുന്ന ഇടവപ്പാതിയിലും തുലാത്തിലും മകരമാസപുലരികളിലും ഇതുതന്നെയായിരുന്നു സ്ഥിതി.

പിന്നെ പത്രത്താളിലേക്ക് കുമ്പിട്ടിരിക്കുന്ന അപ്പനെ ദേഷ്യം പിടിപ്പിക്കേണ്ടന്നു കരുതി പാതി കണ്ണടച്ചു എഴുന്നേല്‍ക്കും. പ്രഭാതപ്രാര്‍ഥന ആണെന്ന കള്ള ഭാവത്തില്‍ കുറേ നേരംകൂടി കണ്ണുമടച്ചു വീണ്ടും കട്ടിലില്‍ തന്നെ ഇരിക്കും. അ‍ഞ്ച് മിനിട്ടു കഴിയുമ്പോഴേക്കും അതാ അടുത്ത വിളി വരും. നീ ഇതുവരെയായിട്ടും എഴുന്നേറ്റില്ലെ, ഇനി എപ്പോഴാണു തയ്യാറാവുക, താമസിക്കില്ലേ, വേദപാഠക്ലാസ്സ് ഇല്ലെ തുടങ്ങി കുറേ ചോദ്യങ്ങള്‍... അവയ്ക്കൊക്കെ അവ്യക്തമായ മറുപടികള്‍ കൊടുത്തുകൊണ്ടു നേരെ കുളിമുറിയിലേക്കു ചെല്ലുമ്പോഴാവും ഞാനാണാദ്യം കുളിക്കുന്നതു എന്നു പറഞ്ഞു സഹോദരന്‍ വഴക്കിനു വരുക. തോറ്റു പിന്മാറുകയേ പിന്നെ നിവൃത്തിയുള്ളു.

കുളിയും മറ്റും കഴിഞ്ഞു ആഹാരം കഴിപ്പു കൂടെ കഴിയുമ്പോഴേക്കും സമയം ഏതാണ്ടായിട്ടുണ്ടാവും. പിന്നെ ഓട്ടമാണ്. വീട്ടിലെ ശകാരം സഹിക്കാം; പള്ളിയില്‍ രണ്ടിനു പകരം നാലു കണ്ണുമായി നില്‍ക്കുന്ന കന്യാസ്ത്രീകള്‍ക്കു മുന്നിലെങ്ങാനും പെട്ടാല്‍ തീര്‍ന്നു. അങ്ങനെ കുര്‍ബ്ബാനയും വേദോപദേശക്ലാസുകളുമായി ഉച്ചവരെയുള്ള സമയം നീങ്ങും. ഉച്ചക്കു ശേഷവും തിരക്കുകള്‍ തന്നെ. തിങ്കളാഴ്ച്ചത്തേക്കുള്ള ഗ്രഹപാഠം, ട്യൂഷന്‍, പിന്നെ ദൂര്‍ദര്‍ശനിലെ വൈകുന്നേരങ്ങളിലെ സിനിമ... അങ്ങനെ, അങ്ങനെ ഒരു ഞായറാഴ്ച തീരും.

അല്‍പ്പം കൂടെ വളര്‍ന്നു സ്കൂള്‍ കാലഘട്ടം കഴിഞ്ഞു കലാലയമായപ്പോഴേക്കും ഞായറാഴ്ചകളുടെ മുഖം മാറി! അപ്പോഴേക്കും വേദപാഠക്ലാസ്സുകള്‍ തീര്‍ന്നിരുന്നു. സണ്‍ ഡേ സപ്ളിമെന്റുകളിലേക്കു തലപൂഴ്ത്തുക എനിക്കേറെ ഇഷ്ടമായിരുന്നു . പിന്നെ ടെലിവിഷനിലെ പ്രഭാതപരിപാടികളും മറ്റും. (അന്ന് ഏക ആശ്രയം ഇന്നാര്‍ക്കും വേണ്ടാത്ത നമ്മുടെ ദേശീയ ചാനല്‍ ആയിരുന്നേ) എന്നിരുന്നാല്‍ തന്നെ സമാധാനമായി അതിലേക്കും മുഴുകാന്‍ സമ്മതിച്ചിരുന്നില്ല എന്നതാണു സത്യം. അടുക്കളയിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ അമ്മ സഹായിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. സഹോദരര്‍ അപ്പോഴും വേദപഠനത്തിന്റെയും മറ്റും തിരക്കുകളിലായിരുന്നല്ലോ. ആ സമയങ്ങളിലെ ഞായറാഴ്ചകള്‍ക്കു അലസതയുടെ ഒരു സുഖമുണ്ടായിരുന്നു എന്നതു നിഷേധിക്കാനാവില്ല.

വിദ്യാര്‍ഥി ജീവിതം കഴിഞ്ഞു സ്വന്തമായ ജോലിയായപ്പോഴാണു ഞായറാഴ്ചകള്‍ എന്റെ നിയന്ത്രണത്തിലായത് . മുഷിഞ്ഞ തുണികളും മറ്റും കഴുകുവാനുണ്ടാവുമായിരുന്നെങ്കിലും, ഞായറാഴ്ചകളിലും മറ്റു അവധിദിനങ്ങളിലും സ്വന്തമായ ഇഷ്ടങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ കിട്ടിയിരുന്നതിനാല്‍ അവയൊന്നുപോലും വിരസമായിരുന്നില്ല. കൂട്ടുകാരൊന്നിച്ചു പള്ളിയിലേക്കുള്ള പോക്കും, അതിനുശേഷം പുറത്തു നിന്നുള്ള ഭക്ഷണവും, ചിലപ്പോല്‍ ഒത്താല്‍ ഒരു സിനിമയും... ഇന്നും നിറം മങ്ങാത്ത ഓര്‍മകളായ് ജ്വലിക്കുന്നു.

വിവാഹം കഴിഞ്ഞപ്പോഴാണു ഞായറാഴ്ചയുടെ മോടി നഷ്ടമായതെന്നു തോന്നുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞു വരുമ്പോള്‍ ഇനി നാളെ പോകെണ്ടല്ലോ എന്ന ഒരു ആശ്വാസമുണ്ടാവും. പക്ഷേ ഞായറാഴ്ചയാവുമ്പോഴേക്കും ഒരു നൂറായിരം പണികളുണ്ടാവും. പാചകം, തുണി കഴുകല്‍ തുടങ്ങി... തിരക്കു തന്നെ തിരക്ക് . നേരെചൊവ്വേ കര്‍ത്താവിനെ ഒന്നു മുഖം കാണിക്കാന്‍ പോലും ഞായറാഴ്ചകളില്‍ പറ്റാതെയായ്. ഇന്നിപ്പോള്‍ മക്കളും കൂടിയായപ്പോള്‍ കാര്യങ്ങള്‍ വഷളായതേ ഉള്ളു. മാസത്തില്‍ ഒരിക്കലെങ്കിലും ഒന്നു പള്ളിയില്‍ പോയാലായി. ജനിച്ച നാടും വീടും വിട്ടു ഇവിടെ ജീവിച്ചു തുടങ്ങിയ വര്‍ഷങ്ങളില്‍ ഞായറാഴ്ചകള്‍ക്കു അതിഥികളുടെ സാന്നിധ്യമുണ്ടായിരുന്നു. കുട്ടികളായതോടെ അതും നിന്നു.

വര്‍ഷങ്ങള്‍ പുറകിലേക്കു നോക്കുമ്പോള്‍ പിന്നിട്ട വഴികളും, ഞായറാഴ്ചകളും നല്‍കുന്ന ഓര്‍മ്മകള്‍ വല്ലത്തൊരു ഗൃഹാതുരത്വം മനസ്സില്‍ നിറക്കുന്നു. ഒരിക്കലും തിരിച്ചു വരാത്ത നിഷ്കളങ്കമായ ബാല്യത്തിലെയും, സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചു തുടങ്ങുന്ന കൗമാരത്തിലെയും, ജീവിതത്തെപ്പറ്റി ഒരുപാടു സ്വപ്നങ്ങല്‍ നെയ്തു കൂട്ടിയ യൗവനകാലത്തെയും നല്ല ഞായറാഴ്ചകള്‍... പണ്ടൊക്കെ ഇടത്തരക്കാരനായ നസ്രാണിയുടെ അടുക്കളകളില്‍ ഞായറാഴ്ചകളില്‍ മാത്രം കാണുന്ന ചില വിശിഷ്ട ഭോജ്യങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു. ഞായറാഴ്ചകള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പുകള്‍ക്കു അതും ഒരു കാരണമായിരുന്നിരിക്കണം . പുതിയ തലമുറക്ക് ഈ വര്‍ത്തമാനങ്ങളൊക്കെ നേരം കൊല്ലിയാവും. കാരണം കാലം മാറുകയല്ലേ, ലോകത്തിന്റെ കോലവും...

ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്കും ഉണ്ടാവും വരുംകാലത്തു അവരുടെ കുട്ടിക്കാലത്തെ ഞായറാഴ്ചകളെ പറ്റി ഓര്‍മിക്കാനുള്ള വകകള്‍. മാതാപിതാക്കള്‍ രണ്ടുപേരും ജോലിചെയ്തു കുടുബം നടത്തുന്നതാണല്ലോ ഇന്നു മിക്ക വീടുകളിലെയും സ്ഥിതി. ആഴ്ചയുടെ ബാക്കി ദിവസങ്ങള്‍ മറ്റാരുടെയെങ്കിലും മേല്‍നോട്ടത്തില്‍ വളരുന്ന കുട്ടികള്‍ക്കു അവരുടെ മാതാപിതാക്കളെ കണ്‍കുളിര്‍ക്കെ കാണാന്‍ കിട്ടുന്ന ഏകദിവസം ഞായറാണല്ലൊ. എല്ലാവരും ഒരുമിച്ചു ആഹാരം കഴിക്കാനും, ഒരു ഒരുളയെങ്കിലും അച്ഛന്റെയോ അമ്മയുടെയോ കൈയ്യില്‍ നിന്നും വാങ്ങി കഴിക്കാനും, അവര്‍ക്കൊപ്പം ഒരു ഉച്ചമയക്കത്തിനുമൊക്കെ സാധ്യതയുള്ള ദിനം. അതുകൊണ്ടു തന്നെ ഞാന്‍ ആശ്വസിക്കുന്നു ഈ തലമുറക്കും ഉണ്ടാവും നെഞ്ചോടു ചേര്‍ത്തു താലോലിക്കാന്‍ ഞായറാഴ്ചകളുടെ ഗൃഹാതുരത്വം തുളുമ്പുന്ന നല്ല കുറേ ഓര്‍മകള്‍.

6 comments:

jacks said...

കൊള്ളാം നന്നായിടുണ്ടു!

"ഞായറാഴ്ച ഓര്‍മ്മകള്‍" തിക്കച്ചും ഗ്രുഹാതുരത്വം
ഉണര്‍ത്തുന്നതു ആയിരുന്നു.
ഞാനും കുറച്ചു സമയം എന്റെ
ഞായറാഴ്ചകളിലെക്കു തിരിച്ചു പോയി.

മയില്‍പ്പീലിതുണ്ടുകള്‍ ഇനിയും പെരുകട്ടെ!

മനു said...

ഞായറാച്ചയുടെ ഒളിമങ്ങാത്ത സ്വപ്നകണങ്ങല്‍..... എന്നെ ഭുതകാലതിന്റെ അടിവാരത്തില്‍ ഒരു നിമിഷം കൊണ്ടു പൊയി... മലയാളി എന്നും ഓര്‍ക്കാന്‍ കൊതിക്കുന്ന , കുടുബ കൂട്ടായമയുടെ ഞായര്‍... ഈ മയില്‍പീലിയില്‍ ഇനിയും ഒരായിരം സ്വപ്നതുണ്ടുകള്‍ വിരിയട്ടെ.......... ഹ്രദയപൂര്‍വം മനു

Sarath said...

വളരെ നന്നായിട്ടുണ്..ഞായറാഴ്ചയുടെ ആ ഗ്രഹാതുരത്വം ഉനെര്‍തുന്ന ഒരു വളരെ നല്ല ഗദ്യ കാവ്യമാണു ഇവ.... എന്തായാലും കൊളളാ‍മല്ലോ ചേച്ചീ....ഇതും തുടര്‍ന്നുള്ള്

Sapna Anu B.George said...

എന്റെ മയില്‍പ്പീലീ.... ഇതെ നന്നായി ഞായറാഴ്ച്ചയുടെ നഷ്ടബോധത്തെ, ഇത്രക്ക് സരസമായി, ഞായറഴ്ച്ച പോലും വിചരിച്ചു കാണില്ല... വരെ നന്നായിരിക്കുന്നു, ഞാന്‍ എന്റെ ഞായറാഴ്ചകളിലേക്കു പോയി

Tom Mangatt said...

സത്യസന്ധമായ ഭാഷ. (ഇതിപ്പോള്‍ അപൂര്‍വമായി വരികയാണ്.) അഭിനന്ദനങ്ങള്‍!

തോക്കായിച്ചന്‍ said...

സത്യം. പരമ സത്യം..കൊളളാം ചേച്ചിയേ.. നന്നായി എഴുതിയിട്ടുണ്ട്.. ചന്ദ്രകാന്തയും, രാമായണവും കണ്ടു തീരാതെ പള്ളിയില്‍ പോകാന്‍ നിറ്ബന്ധിക്കുന്ന വീട്ടുകാരും.. പള്ളിയില്‍ ആളുകള്‍ നേരത്തേ വരട്ടെ എന്നും വെച്ച് അതെല്ലാം പള്ളിമുറിയില്‍ ഇരുന്നു കാണാന്‍ സൌകര്യം ഒരുക്കിത്തന്ന അച്ചനും.. എല്ലാം ഒരോറ്മ മാത്രം..നല്ല കാലത്തിന്റെ കുട്ടിത്തത്തിന്റെ അപക്വതയുടെ..ഒരു പിടി ഓറ്മകള്‍ വരച്ചു വെച്ചതിനു നന്ദി