ബാല്യകൌമാരങ്ങളിലെ ഡിസംബറിന്‍റെ പ്രഭാതങ്ങളെ നേരിയ തണുപ്പോടുകൂടിയേ ഓര്‍മ്മിക്കാനാവൂ. ക്രിസ്തുമസ്സ് പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തില് പതിവിലും കൂടുതല് പുതച്ച് മൂടി താമസിച്ചെഴുന്നേല്ക്കുന്നതിന്‍റെ ആനുകൂല്യം ആസ്വദിച്ച് സ്വപ്നം കണ്ട് കിടക്കയില്‍ തന്നെ കിടക്കുമ്പോഴായിരിക്കും അമ്മ വന്നു വിളിക്കുന്നത്. ഉറങ്ങിയത് മതിയെന്ന് പറഞ്ഞ് ജനാലവിരികള്‍ ഇരുവശത്തേയ്ക്കും മാറ്റി ജനലുകളും തുറന്നിട്ട് അമ്മ പോകും. ഉറക്കം പോയതിന്‍റെ ദേഷ്യം അപ്പോഴും മാറിയിട്ടുണ്ടാവില്ല .പക്ഷെ തുറന്നിട്ട ജനലിലൂടെ തണുപ്പങ്ങനെ അരിച്ചരിച്ച് മുറിയ്ക്കുള്ളിലേയ്ക്ക് വരുമ്പോഴേയ്ക്കും അമ്മയോടുള്ള പിണക്കമൊക്കെ പോയിട്ടുണ്ടാവും. അതില് നിന്ന് രക്ഷപ്പെടാന്‍ ദേഹം മുഴുവന്‍ പുതപ്പിനുള്ളിലാക്കി ജനാലപ്പടിയോട് ചേര്‍ന്ന് കട്ടിലില്‍ തന്നെ കുറേ നേരം കൂടി വെറുതെ അങ്ങനെ ഇരിക്കും . ഇലകളിലെയും പുല്‍ക്കൊടിത്തുമ്പിലെയും മഞ്ഞിന്‍കണങ്ങളും നോക്കി അങ്ങനെ ഇരിയ്ക്കാന്‍ എന്ത് രസമായിരുന്നു. ജാതിമതഭേദമന്യേ അയല്‍വക്കത്തുള്ള എല്ലാ വീടുകളുടെ ഉമ്മറത്തും നക്ഷത്രങ്ങള്‍ തൂക്കിയിട്ടുണ്ടാവും. രാവിലെ ഉണര്‍ന്നെണീറ്റ് ആദ്യം ഓടുക ഉമ്മറത്തേയ്ക്കാണ്. രാത്രിയിലെ മഞ്ഞില്‍ നക്ഷത്രങ്ങളുടെ കാലുകള്‍ നനഞ്ഞു കുതിര്‍ന്നു പോയിട്ടുണ്ടോ എന്ന് നോക്കണമല്ലൊ. പുതുവര്‍ഷം കഴിയും വരെയെങ്കിലും അതവിടെ ഉണ്ടാവണം എന്നത് അഭിമാനത്തിന്‍റെ പ്രശ്നവുമായിരുന്നെന്ന് വച്ചോളു. രാവിലത്തെ തണുപ്പ് കൊള്ളാനായി അങ്ങനെ പുറത്തു നില്‍ക്കുന്നതും ഞങ്ങള്‍ കുട്ടികള്‍ക്കു വല്ലാത്ത ഒരു കൗതുകമായിരുന്നു. തണുപ്പത്ത് നിന്ന് അസുഖമൊന്നും വരുത്തിവയ്ക്കേണ്ടാന്നും പറഞ്ഞ് അമ്മയുടെ ശകാരം കണക്കില്ലാതെ കേള്ക്കേണ്ടിയും വന്നിട്ടുണ്ട്. ഡിസംബറിലെ എല്ലാ ഒഴിവുകാലങ്ങളും ഇങ്ങനൊക്കെ തന്നെ ആയിരുന്നു എന്നതാണ് സത്യം.
അന്നത്തെ പരിമിതമായ ചുറ്റുപാടുകളില്‍ കൂട്ടുകാരൊന്നിച്ചുള്ള കൂടിയാലോചനകളില്‍ നിന്നും ഭാവനയില്‍ നിന്നുമൊക്കെ ഉരുത്തിരിഞ്ഞിരുന്ന പുല്‍കൂടുകള്‍ക്കും , ക്രിസ്തുമസ്സ് മരങ്ങള്‍ക്കും ഉണ്ടായിരുന്ന ഭംഗി ഇന്നത്തെ ഇന്‍സ്റ്റന്‍റ് പുല്‍ക്കൂടുകള്‍ക്കും വിലപിടിച്ച അലങ്കാരങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക് ക്രിസ്തുമസ്സ് മരങ്ങള്ക്കും ഇല്ല എന്നാണ് അനുഭവം. കല്ലടുക്കിവെച്ചും, പാടത്തെ ചേറു കുഴച്ചും മെനഞ്ഞെടുത്തിരുന്ന പുല്‍ക്കൂടും, ചൂളമരശിഖരങ്ങളില്‍ തോരണങ്ങളും ബലൂണുകളും തൂക്കി അലങ്കരിച്ച് തയ്യാറാക്കിയിരുന്ന
ക്രിസ്മസ്ട്രീയുമൊക്കെ പൂര്‍ത്തിയായി കാണുമ്പോഴുള്ള ഒരു നിര്‍വൃതി , അഭിമാനം... ഒന്നും കൃത്രിമ മരങ്ങള്ക്കും പുല്‍ക്കൂടുകള്‍ക്കും അവകാശപ്പെടാനില്ലാത്തതാവും എനിക്കങ്ങനെ തോന്നാന്‍ കാരണം . അന്നൊക്കെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് ബുക്കൊരു സൈഡിലേയ്ക്ക് മാറ്റിയിട്ട് ഓട്ടമാണ് ഇവയൊക്കെ ഉണ്ടാക്കി തുടങ്ങാന് . എന്നാല്‍ പൂറ്ത്തിയാവുന്നത് ഇരുപത്തിനാലിന് രാത്രി പാതിരാകുര്‍ബാനയ്ക്ക് പോകുന്നതിന് തൊട്ട് മുന്‍പേയാവും . പൂര്‍ത്തിയായിക്കഴിയുമ്പോഴാണ് അടുത്ത പുകില് ......സമപ്രായക്കരായ ഒരു പറ്റം അയല്‍ക്കാരുമുണ്ടായിരുന്നതിനാല്‍ ഓരോന്നും അവസാന മിനുക്കുപണികളിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ ആരുടെ വീട്ടിലെ സൃഷ്ടിയാവും എറ്റവും നല്ലതു എന്ന
തര്‍ക്കം ഞങ്ങള് കുട്ടികള്‍ക്കിടയില്‍ സാധാരണമായിരുന്നു. അതിനൊപ്പം ആ വര്‍ഷം പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഇനം പടക്കം അല്ലെങ്കില്‍ മത്താപ്പൂ വാങ്ങിയതു ആരുടെ വീട്ടിലാണെന്ന മറ്റൊരു തര്‍ക്കവും.
വളരെ രസകരമായ മറ്റൊരു കാര്യവും ഓര്‍മ്മകളുടെ ഈ പെരുമഴക്കാലത്തില്‍ ഉണ്ട്. ദൂരെനിന്ന് കരോള്‍ സംഘത്തിന്‍റെ പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ സാന്താക്ലോസിനെ പേടിച്ച് വീടിനുള്ളില്‍ പോയി കട്ടിലി
നടിയില്‍ ഒളിച്ചിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ എനിക്കിപ്പോള്‍ കാണാം। പേടി മാറ്റി എന്നെ ഒന്നു പുറത്തിറക്കാന്‍ അമ്മ പെട്ടിരുന്ന പാട് ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് ഇവിടെ എന്‍റെ സുന്ദരിക്കുഞ്ഞുങ്ങള്‍ സാന്താക്ലോസിനോട് സംസാരിക്കുകയും, കൈകൊടുക്കുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ എനിക്കെന്‍റെ കുട്ടിക്കാലത്തെ ആ രംഗം മനസ്സില്‍ വരും...; ഒപ്പം എന്നെ തന്നെ കളിയാക്കിക്കൊണ്ട് ഒരു ചെറുചിരിയും വിരിയും. ഓരോ ക്രിസ്മസ്സ് കാലത്തും തരംഗണി സ്റ്റുഡിയൊ ഗാനഗന്ധര്‍വ്വന്‍റെ അനുഗ്രഹീത നാദത്തില്‍ റെക്കോറ്ഡ് ചെയ്ത് പുറത്തിറക്കിയിരുന്ന ക്രിസ്തുമസ്സ് ഗാനങ്ങള്‍ പള്ളികളുടെ ഉച്ചഭാഷിണികളിലൂടെ മുഴങ്ങി കേട്ടിരുന്നതും അത്രയെളുപ്പം മറക്കാനാവില്ല . ആ പാട്ടുകള്‍ ആണ് പുസ്തകങ്ങളിലൂടെ മനസ്സില്‍ കോറിയിട്ട മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളുടെയും റെയിന്‍ഡീറുകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയില്‍ വരുന്ന സാന്താക്ലോസിന്‍റെയും രേഖാചിത്രങ്ങള്‍ക്ക് മിഴിവേകിയതെന്ന് പറയാം. ക്രിസ്തുമസ്സ് എന്നാല്‍ കിസ്തു ജനിച്ചതിന്‍റെ ഓര്‍മ്മപുതുക്കലാണെന്നത് മറന്ന് തണുത്തുറഞ്ഞ ഒരു ഒഴിവുകാലം മാത്രമാണ് എന്നത്
അറിഞ്ഞോ അറിയാതെയോ ബോധ്യം വന്നുപോയ ഒരു സമൂഹത്തിന്‍റെ നടുക്കിവിടെ ജീവിക്കുമ്പോള്‍ പിന്നിട്ടുപോന്ന ഇന്നലെകളുടെ ഓര്‍മ്മകള്‍ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. ഉച്ചഭാഷിണികളിലൂടെ ഒഴുകിവന്നിരുന്ന ആ പാട്ടുകളും കേട്ട് , കൂട്ടുകാരെല്ലാവരും ചേര്‍ന്ന് പാതിരാകുര്‍ബ്ബാനയ്ക്കായ് പള്ളിയിലേയ്ക്ക് നടന്ന് പോയിരുന്നതും , വഴിയ്ക്കിരുവശവുമുള്ള വീടുകള്‍ക്കുമുന്നിലെ അലങ്കാരങ്ങളെയും പുല്‍ക്കൂടുകളെയും പറ്റിയുള്ള വിലയിരുത്തലുകളും തര്‍ക്കങ്ങളും, പള്ളിയിലെ ബെഞ്ചില്‍ ഏറ്റവും മുന്നിലിരിക്കാനായി നടത്തിയ തത്രപാടുകളുമൊക്കെ ഒരോ ക്രിസ്തുമസ്സ് കാലത്തും വല്ലാത്ത ഒരു വിങ്ങല്‍ മനസ്സില് നിറയ്ക്കാറുണ്ട്.
ക്രിസ്തീയ ഭവനങ്ങളിലൊക്കെ ക്രിസ്തുമസ്സിനും മാസങ്ങള്‍ക്കു മുന്‍പെ കേക്കും വൈനും ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതാണല്ലോ പതിവ് .പക്ഷെ ഒരിക്കലും അവയൊന്നും ഉണ്ടാക്കാന്‍ അമ്മ താല്പര്യം പ്രകടിപ്പിച്ചിട്ടേയില്ല.വനിതാപ്രസിദ്ധീകരണങ്ങളുടെ ഡിസംമ്പര്‍ പതിപ്പുകളുടെ വര്‍ണ്ണത്താളുകളില് കാണുന്ന പല കേക്കുകളുടെയും പാചകക്കുറിപ്പുകള് കാണിച്ച് പലപ്പോഴും അതൊന്നുണ്ടാക്കാന്‍ പഠിച്ചുകൂടെ എന്നും പറഞ്ഞ് അമ്മയെ ഒരുപാട് ശല്യപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അതൊന്നുമൊരിക്കലും തനിക്ക് ചെയ്യാനാവില്ല എന്നൊരു ധൈര്യക്കുറവുണ്ടായിരുന്നു ആ മനസ്സില്‍ എന്നാണ് എനിക്കിപ്പോള്‍ തോന്നാറുള്ളത്. പിന്നെ സമ്മാനങ്ങളായി കിട്ടുന്ന കേക്കുകളായിരുന്നു ആ ദിവസങ്ങള്‍ക്കു ക്രിസ്മസ്സിന്‍റെ രുചി പകര്‍ന്നിരുന്നത്. കേക്കിനൊപ്പം പ്രാതലിന് അമ്മയുണ്ടാക്കിയിരുന്ന താറാവുകറിയുടെയും നാടന്‍ കള്ള് ചേറ്ത്ത അപ്പത്തിന്‍റെയും സ്വാദും കൂടി ചേരുമ്പോഴേ ആ രുചി പൂറ്ണ്ണമാകാറുണ്ടായിരുന്നുള്ളു. ക്രിസ്തുമസ്സ് ദിനത്തിലേയ്ക്ക് വേണ്ട താറാവിനെ ഒരുക്കിയെടുക്കല്‍ ഇരുപത്തിനാലിന് ഉച്ചകഴിയുന്നതോടെ തന്നെ തുടങ്ങും.കുട്ടികളായ ഞങ്ങള്‍ക്കായിരുന്നു അതിനെ ഒരുക്കുന്ന ജോലി. അന്നൊക്കെ അതു കളികള്‍ക്കിടയില്‍ നിന്നോ പുല്‍ക്കൂടൊരുക്കുന്നതില്‍ നിന്നൊ ഒക്കെ മാറി നില്‍ക്കേണ്ടി വരുന്ന മിനക്കെടുത്തുന്ന ഒരു ജോലി ആയിട്ടേ തോന്നിയിട്ടുള്ളു. അതിനാല്‍ തന്നെ വല്ലവിധേനയും അതിന്‍റെ തൂവലും തോലുമെല്ലാം കളഞ്ഞു എന്നു വരുത്തിവെച്ച് ഓടാനായിരുന്നു ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് തിടുക്കം.ഇന്നിപ്പോള്‍ ഒരു കുടുംബിനിയുടെ തിരക്കുകളില്‍ നിന്നു നോക്കുമ്പോള്‍ അമ്മയ്ക്ക് അതൊക്കെ നന്നായി ചെയ്തു കൊടുക്കെണ്ടതായിരുന്നു എന്ന ഒരു കുറ്റബോധം തോന്നാതെയില്ല.
പ്രവാസത്തിന്‍റെ ഈ മണ്ണില്‍ ഡിസംബറും ക്രിസ്തുമസ്സുമൊന്നും മനസ്സിനെ തൊടുന്ന ഒരു അനുഭവമായി എനിക്ക് തോന്നാറേയില്ല. പാതിരാകുര്‍ബ്ബാനയും മെഴുകുതിരികള്‍ കത്തിച്ചുപിടിച്ചുള്ള പ്രദക്ഷിണവും ഒക്കെ തിരുപ്പിറവി മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരു അനുഭവമാക്കി മാറ്റാന്‍ സഹായിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട് . അന്നൊക്കെ ഡിസംബറും ക്രിസ്തുമസ്സും ആകുന്നത് അറിയാന്‍ കലണ്ടറ് നോക്കുക പോലും വേണ്ടിയിരുന്നില്ല . പക്ഷെ ഇന്നിവിടെ ഇരുപത്തിനാലാം തീയതി ആയി എന്ന് മനസ്സ് മനസ്സിലാക്കുന്നത് സുന്ദരികളുടെ സ്കൂള്‍ അവധി കലണ്ടറ് നോക്കുമ്പോഴാണ് . ക്രിസ്തുമസ്സ് കാലത്തിന്‍റെ ഒരുക്കങ്ങളുമായി കലമ്പല്‍ കൂട്ടുന്ന കുട്ടികളെ പുറത്ത് കാണാനില്ല, പാതിരാകുര്‍ബ്ബാനക്കു പോകാനായുള്ള ഒരുക്കങ്ങളില്ല, വീടുവീടാന്തരം ക്രിസ്തുമസ്സിന്‍റെ സന്ദേശം പാടി അറിയിക്കാന് എത്തുന്ന കരോള്‍ സംഘങ്ങളുടെ വരവില്ല , തപാലില്‍ വരുന്ന ആശംസാകാര്‍ഡുകളും ഇല്ല.പിന്നെ ഇരുപത്തിനാലാം തീയതി വൈകുന്നേരം വരെ ജോലി കഴിഞ്ഞു വന്ന് പാതിരകുര്‍ബാനയ്ക്കു പോകാനും മറ്റും ഇന്നാറ്ക്കാണ് താല്പര്യം. ഇരുപത്തിനാലാം തീയതി സന്ധ്യയോടെ തുടങ്ങുമല്ലൊ മദ്യവും നാനാതരം മാംസവും ഒക്കെയായി ക്രിസ്തുമസ്സ് ഈവിന്‍റെ ആഘോഷങ്ങള്‍.
ഓര്‍മ്മയിലിന്നും തെളിഞ്ഞു നില്‍ക്കുന്ന ബാല്യത്തിലെയും കൌമാരത്തിലെയും ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ അനുഭവം എന്‍റെ കുട്ടികള്‍ക്ക് സമ്മാനിക്കാനാവില്ലെങ്കിലും ഈ ഓര്‍മ്മകള്‍ ചേര്‍ത്ത് പിടിച്ച് അവയെ ഒക്കെ ഒന്നു പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പണ്ട് ഞാന്‍ കൊതിയോടെ കേട്ടിരുന്ന തരംഗണിയുടെ പാട്ടുകള്‍ മുഴുവന്‍ എപ്പോഴോ വാങ്ങി സൂക്ഷിച്ച ഓഡിയോ കാസറ്റുകളില് നിന്നും ഡിസംബര്‍ മുഴുവന്‍ എന്‍റെ സ്റ്റീരിയോയിലൂടെ ഒഴുകിവന്നുകൊണ്ടെയിരിക്കും. ഇന്ന് ഉണ്ണിയേശുവും ക്രിസ്തുമസ്സും തമ്മിലുള്ള ബന്ധം അവരുടെ കൊച്ചു മനസ്സിന് മനസ്സിലാവുന്ന രീതിയില്‍ മനസ്സിലാക്കികൊടുക്കാനും, പണ്ട് പുല്‍ക്കൂടും ക്രിസ്തുമസ്സ് മരവും അലങ്കരിച്ചിരുന്ന കാര്യങ്ങളെപ്പറ്റി അവരോട് പറയാനും ശ്രദ്ധിക്കാറുണ്ട്. പടക്കവും മത്താപ്പൂക്കളും കത്തിച്ച് രസിച്ചിരുന്ന കുട്ടിക്കാലത്തിന്‍റെ കൌതുകങ്ങളെപ്പറ്റിയും മക്കളോട് പറയുമ്പോള്‍ നമ്മളെന്താ ഇവിടെ പടക്കം പൊട്ടിക്കാത്തതെന്ന മറുചോദ്യത്തോടെയാണ് അവര്‍ പ്രതികരിക്കുക. ജനിച്ച മണ്ണിലെ ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ മക്കളൊത്ത് പങ്കുചേരണമെന്ന് പലവുരു ഓര്‍ത്തിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല എന്നത് എന്നും ഒരു സങ്കടമാണ്. അവറ്ക്ക് ഡിസംബറും ക്രിസ്തുമസ്സും കാര്‍ട്ടൂണുകളില്‍ കാണുന്ന സാന്താക്ലൊസും ക്രിസ്തുമസ്സു മരത്തിനടിയില്‍ നിന്നും കിട്ടുന്ന സമ്മാനപ്പൊതികളും മാത്രമായി ചുരുങ്ങരുതല്ലൊ.
അരി അരച്ച്, അരിമാവു കുറുക്കിച്ചേറ്ത്ത് കലക്കിവച്ച് പാലപ്പം ചുട്ടെടുത്ത് താറാവ് കറിക്കൊപ്പം പ്രിയതമനും മക്കള്‍ക്കും ഉണ്ടാക്കി കൊടുക്കുന്ന പതിവും ഇതുവരെ മുടക്കം കൂടാതെ തുടരുന്നു . അവരെത്ര വലുതായാലും പരമ്പരാഗതമായ ഒന്നും ഓര്‍മ്മയുടെ ഏടുകളില്‍ ഇല്ലാതായാലും അവരുടെ ക്രിസ്തുമസ്സ് ഓര്‍മ്മകള്‍ അമ്മയുടെ സ്നേഹം പൊതിഞ്ഞ പാരമ്പര്യത്തിന്‍റെ രുചിയായി ഉള്ളില്‍ അവശേഷിക്കണം എന്ന എന്‍റെ സ്വാര്‍ഥതയാവുമോ ഈ പരിശ്രമങ്ങള്‍ക്കു പിന്നിലെന്നു ഞാന്‍ ആലോചിക്കാറുണ്ട്. എന്‍റെ ബാല്യകൌമാരകൌതുകങ്ങളൊന്നും തന്നെ എനിക്കിന്നും കൈമോശം വന്നിട്ടില്ല എന്ന് മനസ്സിനെ വിശ്വസിപ്പിക്കാനാവുമോ ഇവയൊക്കെ ഇന്ന് ഞാനിവിടെ സുന്ദരികള്‍ക്കായും പ്രിയതമനായും ആവര്‍ത്തിക്കുന്നത് ??
29 comments:
എത്ര സുഗന്ധപൂരിതമാണിന്നുമോറ്മ്മകള്‍....
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍!!!
‘എന്റെ ബാല്യകൌമാരകൌതുകങ്ങളൊന്നും തന്നെഎനിക്കിന്നും കൈമോശം വന്നിട്ടില്ല എന്ന് മനസ്സിനെ വിശ്വസിപ്പിക്കാനാവുമോ ഇവയൊക്കെ ഇന്ന് ഞാനിവിടെ എന്‍റെ സുന്ദരികള്‍ക്കായും പ്രിയതമനായും ആവര്‍ത്തിക്കുന്നത് ?’
മനോഹരമായ ഒരു കത്തു കിട്ടിയപോലെ...
ക്രിസ്ത്‌മസ് ആശംസകള്‍ ചേച്ചീ.. :) നല്ല ഓര്‍മ്മക്കുറിപ്പ്..
സിന്ധൂ,
എന്നെ നീ കൂട്ടിക്കൊണ്ട് പോയീ പിറകോട്ടൊ-
രംബത് കൊല്ലത്തോളം, നന്ദി ഞാന്‍ ചൊല്ലീടട്ടെ
എങുപോയറിയില്ല ഇന്നിനി യൊരിയ്ക്കലും
വന്നുചേരില്ല വര്‍ണ്ണ ക്കൌമാരക്കിനാവുകള്‍
എന്തൊക്കെ നേടീ, യവ എത്രയോ തുഛം എന്നാല്‍
എന്തൊക്കെ നഷ്ടമായീ, ഓറ്ക്കുമ്പോള്‍ ദു:ഖം തോന്നും
പിന്നെ, യൊരാഹ്ലദമായ് തോന്നുന്നതെഴുതാനായ്
പൊന്നുകെട്ടിയ പേനയേന്തുന്ന നീയാണല്ലൊ
nalla kuRippu
Happy new yr
ഒരു മഞ്ഞുതുള്ളിയുടെ നൈര്‍മ്മല്യം പോലൊരു ഓര്‍മ്മക്കുറിപ്പ്.
നല്ല ക്രിസ്തുമസ്സ് സ്മരണകള്‍!
:)
മനോഹരം..
ഗൃഹാതുരത്വമുണ്ടാക്കുന്ന വരികള്‍...
നല്ല എഴുത്ത്.
സിംപിള്‍ ആന്റ് ബ്യൂട്ടിഫുള്‍
ചേച്ചിക്കും കുടുംമ്പത്തിനും എന്റെ വക ഹൃദ്യമായ കൃസ്‌തുമസ്സ് , പുതുവത്‌സര ആശംസകള്‍..
ഈ പുതുവര്‍ഷം ചേച്ചിക്ക് ഒരുപാട് ഓര്‍മ്മകളും അനുഭവങ്ങളും കൂട്ടുകാരുമായി പങ്ക് വെക്കാനും, പുതിയ ഒരുപാട് നല്ല അനുഭവങ്ങളും കാഴ്ച്ചകളും ആസ്വദിക്കാനും കഴിയുന്ന വിധത്തിലുള്ളതാവട്ടെ..
നന്നായിട്ടുണ്ട്..ആരോ പറഞ്ഞതു പോലെ..സിമ്പിള്‍ യെറ്റ് സ്റ്റൈലിഷ്...തുഷാരം ടച്ച് ശരിക്കും ഫീല്‍ ചെയ്യുന്നു...
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം... ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന ഒരാളാണോയെന്നു പോലും തോന്നിപ്പിക്കുന്നു ഈ കുറിപ്പുകള്‍... ഓര്‍മ്മകള്‍ അടുത്ത തലമുറക്കു കൂടി പകര്‍ന്നു നല്‍കുന്നു എന്നുള്ളത് എത്ര ഹൃദ്യം!!
kulirunna ormakal...aaSamsakal
പേടിച്ച് വീടിനുള്ളില്‍ പോയി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ എനിക്കിപ്പോള്‍ കാണാം।
++++++++++++++++++++
ആ പെണ്‍കുട്ടിയെ ഞാനും കാണുന്നു
"കല്ലടുക്കിവെച്ചും, പാടത്തെ ചേറു കുഴച്ചും മെനഞ്ഞെടുത്തിരുന്ന പുല്‍ക്കൂടും, ചൂളമരശിഖരങ്ങളില്‍ തോരണങ്ങളും ബലൂണുകളും തൂക്കി അലങ്കരിച്ച് തയ്യാറാക്കിയിരുന്ന
ക്രിസ്മസ്ട്രീയുമൊക്കെ പൂര്‍ത്തിയായി കാണുമ്പോഴുള്ള ഒരു നിര്‍വൃതി"
ഈ ഓര്‍മ്മകള്‍ അന്ന്യം നിന്നും പോകുന്നില്ലലോ:)..ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍..
വളരെ നന്നായി..സുന്ദരമായ ഭാഷ..തുഷാരത്തിന്റെ സുന്ദരികള്‍ ഭാഗ്യവതികള്‍ തന്നെ.ഇത്രയും നല്ല അനുഭവങ്ങളും അതു പങ്ക് വെയ്ക്കാനൊരമ്മയെയും കിട്ടിയല്ലൊ.ഞങ്ങളും ഭാഗ്യമുള്ളവര്‍.തുടര്‍ന്നും ഇങ്ങനെയുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുക.
തുഷാരത്തിനും കുടുംബത്തിനും എന്റെ പുതുവത്സരാശംസകള്‍...
"അന്നത്തെ പരിമിതമായ ചുറ്റുപാടുകളില്‍ കൂട്ടുകാരൊന്നിച്ചുള്ള കൂടിയാലോചനകളില്‍ നിന്നും ഭാവനയില്‍ നിന്നുമൊക്കെ ഉരുത്തിരിഞ്ഞിരുന്ന പുല്‍കൂടുകള്‍ക്കും , ക്രിസ്തുമസ്സ് മരങ്ങള്‍ക്കും ഉണ്ടായിരുന്ന ഭംഗി ഇന്നത്തെ ഇന്‍സ്റ്റന്‍റ് പുല്‍ക്കൂടുകള്‍ക്കും വിലപിടിച്ച അലങ്കാരങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക് ക്രിസ്തുമസ്സ് മരങ്ങള്ക്കും ഇല്ല എന്നാണ് അനുഭവം"...എന്റെയും...വളരെ നല്ല വിവരണം ..ആശംസകളോടെ പ്രദീപ്
സദാസമയവും ഭൂതകാലത്ത് ജീവിക്കുന്നൊരാളാണ് ഞാനും.
അത് കൊണ്ട് തന്നെ ഓര്‍മ്മക്കുന്നുകളും താഴ്വാരങ്ങളും താണ്ടിയുള്ള തുഷാരത്തിന്റെ ഈ ക്രിസ്തുമസ്സ് കരോള്‍ യാത്ര എന്നെ ഒരുപാട് സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു.
ormmakale kaipidichu kondupokunna....
thusharathinte oru puthuvarsha sammanam....
varikalude grihathurathwam arinju...
oru cheriya yathra...
ee puthuvarshappulariyil...
...sreekumar
ബാല്യകാലത്തിന്റെ ഓര്‍മകള്‍ ശെരിക്കും ഒന്നു പങ്കുവെച്ചൂ മാഷെ നയിസ് അകലങ്ങളിലെ നിലാവിലേയ്ക്ക് പോയ്മറഞ്ഞപോലെ
എനിക്കൊരു ശലഭമാകാന്‍കഴിയുമായിരുന്നെങ്കില്‍ വര്‍ണ്ണചിറകുകള്‍ വിടര്‍ത്തി പറന്നുയരാമായിരുന്നൂ ആ നല്ല കാലത്തിലേയ്ക്ക്.. ഈറന്‍ കാറ്റും മഴയുടെനേര്‍ത്ത സഗീതവും നനഞ്ഞമണ്ണിന്റെ ഗന്ധവുംനഷ്ട ബോധംഉണര്‍ത്തുന്ന ഇന്നലെകളും മറക്കാന്‍ നമുക്കാകുമൊ..?
നല്ല സുഖം മാഷെ വായിക്കാന്‍ പഴമയുടെ ആ നന്മയും കാലം നല്‍കിയ ഓര്‍മകളും
സ്നേഹത്തോടെ
ശരിക്കും nice!!
ഈ പോസ്റ്റ് വന്നപ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു...ശരിയ്ക്കും മഞ്ഞു പെയ്യുന്ന രാത്രിയിലെ ക്രിസ്തുമസ്..നാട്ടിലെ ക്രിസ്തുമസ് ആഘോഷിച്ചു കൊണ്ടു ഒരു കമന്റിടാന്‍ തോന്നിയില്ല....
“
അവരെത്ര വലുതായാലും പരമ്പരാഗതമായ ഒന്നും ഓര്‍മ്മയുടെ ഏടുകളില്‍ ഇല്ലാതായാലും അവരുടെ ക്രിസ്തുമസ്സ് ഓര്‍മ്മകള്‍ അമ്മയുടെ സ്നേഹം പൊതിഞ്ഞ പാരമ്പര്യത്തിന്‍റെ രുചിയായി ഉള്ളില്‍ അവശേഷിക്കണം എന്ന എന്‍റെ സ്വാര്‍ഥതയാവുമോ ഈ പരിശ്രമങ്ങള്‍ക്കു പിന്നിലെന്നു ഞാന്‍ ആലോചിക്കാറുണ്ട്. എന്‍റെ ബാല്യകൌമാരകൌതുകങ്ങളൊന്നും തന്നെ എനിക്കിന്നും കൈമോശം വന്നിട്ടില്ല എന്ന് മനസ്സിനെ വിശ്വസിപ്പിക്കാനാവുമോ ഇവയൊക്കെ ഇന്ന് ഞാനിവിടെ സുന്ദരികള്‍ക്കായും പ്രിയതമനായും ആവര്‍ത്തിക്കുന്നത് ??“
===ഇതാണു സിന്ധു ചെയ്യുന്ന ഏറ്റവും നല്ല കാര്യം...നമ്മുടെ കുട്ടികള്‍ക്കു നഷ്ടപ്പെടുന്നതു എന്താണെന്നു എനിയ്ക്കു ശരിയ്ക്കും മനസ്സിലായി..ഭാഷ എന്നതു ഒരു സംസ്കാരമാണു...മുല്ലപ്പൂക്കളെ കോര്‍ത്തിണക്കുന്ന വാഴനാരു പോലെ..ആ പാരമ്പര്യവും സംസ്കാരവും കുഞ്ഞുങ്ങള്‍ക്കായി കൊടുക്കാനാവുക ..അതു മാത്രമാണു ചെയ്യാന്‍ പറ്റുക...ബാക്കിയൊക്കെ ഇനിയൊരിയ്ക്കൌം തിരിച്ചു വരാത്ത വണ്ണം എത്ര ദൂരെയാണ്..ഓര്‍മ്മകളിലെ നിറം മങ്ങാത്ത ചിത്രങ്ങള്‍..................
സമയോജിതമായ പോസ്റ്റ്..നന്ദി
അതെ.. ഓര്‍മ്മകളുടെ മയില്‍പ്പീലിത്തുണ്ടുകള്‍ മനോഹരം!
നഷ്ടബോധം ആവര്‍ത്തന സ്വഭാവമുള്ളതാണ്. തുഷാരം ആര്‍ദ്രതയോടെ ഓര്‍ക്കുന്ന കൃസ്തുമസ് സ്മരണകള്‍ അമ്മ ആഘോഷിച്ചിരുന്നത് ഇതിലും തീവ്രമായ നഷ്ടബോധത്തോടെ ആയിരുന്നിരിക്കാം! ഒരു 10-15 വര്‍ഷത്തിനു ശേഷം സുന്ദരികളുടെ ഊഴമാകും ഓര്‍മ്മകള്‍ അയവിറക്കാന്‍!
ur presentation of december mathuram is a heart touchable one.... cangrads...
and also expect the leaf falls of februvary....."elakozhiyum shishiram" from u....all the bests to do a nice work on "elakozhiyum shishiram".........after that make me a scarp on orkut....plse..by by...
‘രാവിലെ ഉണര്‍ന്നെണീറ്റ് ആദ്യം ഓടുക ഉമ്മറത്തേയ്ക്കാണ്.രാത്രിയിലെ മഞ്ഞില്‍ നക്ഷത്രങ്ങളുടെ കാലുകള്‍ നനഞ്ഞു കുതിര്‍ന്നു പോയിട്ടുണ്ടോ എന്ന് നോക്കണമല്ലൊ‘-
എന്റെ ചെറുപ്പത്തില്‍ നക്ഷത്രങ്ങള്‍ വാങ്ങാല്‍ കിട്ടില്ലായിരുന്നു.
ഈറപ്പൊളികൊണ്ടു നക്ഷത്രമുണ്ടാക്കി
അതില്‍ ശാമുവലച്ചായന്റെ കടയില്‍ നിന്നും വാങ്ങിയ
വര്‍ണ്ണക്കടലാസ്സുകള്‍ ഒട്ടിച്ച്
അകത്തൊരു മിന്നിമിന്നിക്കത്തുന്ന ബള്‍ബും തെളിച്ച് വീടിനു മുന്‍പില്‍ തൂക്കിയീട്ടുകഴിയുമ്പോലുള്ള ആഹ്ലാദം...
തുഷാരം, അതിന്റെ മധുരസ്മരണകള്‍ നീ വീണ്ടുമെനിയ്ക്കു തന്നു.
എന്റെ മനസ്സ് കുറെനേരം അവിടെയായിരുന്നു..
‘ഇന്നു ക്രിസ്തുമസ്സുരാവൊരു നല്ലദിനം..
സ്മരണകളോടിയെത്തും പുണ്യദിനം’
ഏതെങ്കിലും കരോള്‍സംഘങ്ങള്‍ വീട്ടില്‍ കയറാതെ പോയാല്‍ വിഷമമാകും...
അവരോടൊപ്പം അടുത്തുള്ള 2-3 വീട്ടിലെങ്കിലും പോയില്ലെങ്കില്‍ എന്തുരസം?
വായിച്ചുകഴിഞ്ഞപ്പോള്‍ പാലപ്പവും താറാവുകറിയും കൂടിക്കഴിച്ച ഒരു സുഖം!
എത്ര കാലം ജീവിച്ചുകഴിഞ്ഞിട്ടാണൊരു ക്രിസ്‌ത്യാനിയെ ജീവനോടെ കാണാന്‍ കഴിഞ്ഞതെന്നറിയുമോ?കുട്ടിക്കാലത്തേ യേശുവിനെ പരിചയപ്പെട്ടു. അതു കഴിഞ്ഞ് ഒത്തിരി കാത്തിരിക്കേണ്ടി വന്നു ക്രിസ്‌ത്യാനികളെ കാണാന്‍. അപ്പോഴേക്കും യേശു അവരുടേതു മാത്രമല്ല, എന്റേതുകൂടിയാണെന്ന ബോധ്യമുറച്ചിരുന്നു. അങ്ങനെ, ഏതെങ്കിലും ഒരു ക്രിസ്‌ത്യന്‍പള്ളി കാണുന്നതിനും എത്രയോ മുമ്പേ ഞാന്‍ ക്രിസ്‌തുവിലേക്കു മാര്‍ഗം കൂടി. ചാള്‍സ്‌ഡിക്കന്‍സിനെ വായിച്ചറിഞ്ഞതോടെ ഓരോ ക്രിസ്‌മസും പ്രതീക്ഷയുടെ പുതിയ നക്ഷത്രവിളക്കുകളാല്‍ മനംനിറയെ പ്രകാശമാനമാക്കിക്കൊണ്ടിരുന്നു. ഇന്ന് എവിടെയും കാണാം നക്ഷത്രവിളക്കുകള്‍. മനസ്സില്‍ നക്ഷത്രം തെളിഞ്ഞുനിന്ന ആ പഴയ കാലത്തിന്റെ ഓര്‍മകള്‍ നല്‌കിയതിന് സിന്ധുവിനു പകരം തരാനൊന്നുമില്ല.....പ്രതികരണം വൈകിയതില്‍ പരിഭവമില്ലല്ലോ...ല്ലേ?
ഹും.(നെടുവീര്‍പ്പാണു കേട്ടൊ ഒരു നാലു പേജു ഉള്ളടക്കമുള്ള നെടുവീര്‍പ്പ്)
ഒരു സ്ക്രാപ്പയാക്കാന്ന് വച്ചപ്പോ പറ്റിയില്ല, ഞാനൊരിക്കലും അനുഭവിച്ചിട്ടില്ലെങ്കിലും, ഡിസംബറിന്റെ മധുരം, വായിച്ചപ്പോള്‍ വല്ലാത്ത ഒരു നൊമ്പരമായി, ഒരു നനുത്ത ഓര്‍മ്മയായി, മനസിലങ്ങനെ നില്‍ക്കുന്നു, ഈയൊരു വേദന നമ്മള്‍ പ്രവാസികള്‍ക്കു സ്വന്തം....
നന്നായിട്ടുണ്ട് തുഷാരം
സിന്ധുച്ചേച്ചി ഇങ്ങേരുടെ ഉള്ളില്‍ ഒരു കലാകാരി ഉണ്ട് എന്നറിയാമായിരുന്നു... പക്ഷെ അത് ഇത്രയും അക്രമാസക്തയാണെന്ന് അറിഞ്ഞില്ല... ഹിഹി... ചുമ്മാ ചുമ്മാ... സ്വിസ്-ഇനെ കുറിച്ച് ഒരു ബ്ലോഗ് ഉണ്ടെന്നു ബെര്‍ളിയുടെ ബ്ലോഗില്‍ ചെന്നപ്പോ അവിടുന്ന് വേറെ ഏതോ ഒരു ലിന്കില്‍ കുത്തി അവിടെ ഏതോ ഒരു വാര്‍ത്തയില്‍ കണ്ടപ്പോ തന്നെ ആലോചിച്ചു ആരപ്പാ സ്വിസ്സില്‍ ബ്ലോഗ് എഴുതാനയിട്ട് ഉള്ളത് എന്ന്... സത്യം പറയാല്ലോ ആ വാര്ത്ത കണ്ടപ്പോ ആദ്യം മനസ്സില്‍ വന്നത് ചേച്ചിടെ പേരു തന്നെയാ... പക്ഷെ ഒരു തീര്‍ച്ച ഇല്ലായിരുന്നു... ഇവിടെ വന്നു ഈ പോസ്റ്റ് എല്ലാം വായിച്ചപ്പോ അതിന്റെ ശൈലി കണ്ടപ്പോ തോന്നി ഇത് ചേച്ചി തന്നെ ആവും എന്ന്... പിന്നെ ഒരു പോസ്റ്റ് കമന്റ്റ് ആയി ആരോ ചേച്ചിടെ പേരും കൂടി പറഞ്ഞപ്പോ ഉറപ്പിച്ചു... എന്തായാലും ഇപ്പം ചേച്ചി ആലോചിക്കുന്നുണ്ടാവും ആരാടാ ഇവന്‍ എന്ന്... ഹഹഹ... അത് പറയൂല്ലാ... ചിലപ്പോ എന്റെ വര്‍ത്താനം കേള്‍ക്കുമ്പോ തന്നെ ചേച്ചിക്ക് മനസ്സിലായിക്കാണും... എന്തായാലും... നന്നായിരിക്കുന്നു ഓര്‍മ്മക്കുറിപ്പുകള്‍... സുന്ദരിക്കുട്ടികള്‍ക്കും ചേട്ടനും അന്സ്വേഷണം പറഞ്ഞേക്കണം...
Post a Comment