റുതായി അലട്ടുന്നുണ്ടായിരുന്നു. ഭക്ഷണത്തിന് വൈകിയാലോ എന്നോര്‍ത്ത് അതിനു പോയി വന്നിട്ട് നേരത്തെ കിടക്കാമെന്ന് കരുതി. വന്നപാടെ കാര്‍ട്ടൂണുകളിലേയ്ക്ക് തിരിഞ്ഞ സുന്ദരികളെ കണ്ണും കൈയ്യും കാട്ടി വിരട്ടി ഒരു വിധത്തില്‍ കുളിപ്പിച്ച് വേഷം മാറ്റിച്ച് വന്നപ്പോഴേയ്ക്കും ബാക്കിയുണ്ടായിരുന്ന ഊര്‍ജ്ജം കൂടി തീര്‍ന്നിരുന്നു. പിന്നെ തിരക്കിട്ട് കുളിച്ച് ഭക്ഷണത്തിന്. മെനുകാര്‍ഡിലെ പല വിഭവങ്ങളും ഇതിനോടകം മടുത്ത് തുടങ്ങിയിരുന്നു. താമസത്തിനൊപ്പം ആഹാരം കൂടി ഉള്‍പ്പെടുന്ന കൂപ്പണുകള്‍ ഉണ്ടായിരുന്നതിനാല്‍ ദിവസവും രണ്ട് നേരം ഇതൊക്കെ തന്നെ സഹിച്ചെ പറ്റുമായിരുന്നുള്ളു. ദാനം കിട്ടുന്ന പശുവിന്‍റെ വായിലെ പല്ലെണ്ണി നോക്കരുതെന്നുമല്ലെ.....പകല്‍ വെയില്‍ കൊണ്ടതിന്‍റെ ക്ഷീണവും തലവേദനയും കൂടിയായപ്പോള് വേഗമൊന്ന് ഉറങ്ങിയാല്‍ മതിയായിരുന്നു എനിക്ക്. അതിനാല്‍ ഭക്ഷണം വേഗം കഴിച്ച് തിരികെ മുറിയില്‍ എത്തി. മക്കളെ പല്ലുതേപ്പിക്കുന്ന ജോലിയൊക്കെ ഭര്‍ത്താവിനെ ഏൽപ്പിച്ച് പോയി കിടന്നു. എന്നാല്‍ സുന്ദരിയില്‍ നിന്നും പകര്‍ന്നു കിട്ടിയ ചുമ രാത്രിയില്‍ വില്ലനായി. കടല്‍ത്തീരത്തെ കാറ്റും അതിനെ പ്രകോപിപ്പിച്ചിട്ടുണ്ടാവണം. ചുമച്ച് ചുമച്ച് കഴിച്ച ഭക്ഷണം മുഴുവന്‍ പുറത്തേയ്ക്ക്... ആ രാത്രിയില്‍ ഉറക്കമെന്നോട് പിണങ്ങി മാറി നില്‍ക്കയായിരുന്നു. ചുമ കാരണം പുലര്‍ച്ചെ പതിവിലും നേരത്തെ ഉണര്‍ന്നു. ഉണര്‍ന്നതും നേരെ സ്വെറ്ററിട്ട് ക്യാമറയും എടുത്ത് ബാല്‍ക്കണിയിലേയ്ക്ക്... കോട്ടേജുകള്‍ മുഴുവന്‍ മയക്കത്തിലായിരുന്നു. പ്രധാനകെട്ടിടത്തിന്‍റെ മുകളിലെ നാഴികമണിയോട് ചേര്‍ന്നുള്ള ലൈറ്റും , ദൂരെ കടലില്‍ മത്സ്യബന്ധനത്തിനോ മറ്റൊ പോകുന്ന ബോട്ടുകളിലെ അരണ്ട വെളിച്ചവും മാത്രമെ ദൃശ്യമായിരുന്നുള്ളു. ആകാശത്ത് ചന്ദ്രബിംബം അപ്പോഴും വിടപറഞ്ഞ് പോയിട്ടുണ്ടായിരുന്നില്ല. അതുംനോക്കി അങ്ങനെ നില്‍ക്കുമ്പോള് അകത്ത് നിന്ന് സുന്ദരികളില്‍ ആരുടെയൊ കരച്ചില്‍ കേട്ട് തുടങ്ങി. കുഞ്ഞ് സുന്ദരി... കണ്ണ് തുറന്നപ്പോള്‍ അമ്മയെ കണ്ടില്ല എന്ന സങ്കടമായിരുന്നു ആ കരച്ചില്‍. ഉറക്കം വിട്ടുമാറാത്ത കുഞ്ഞിനെയും തോളത്തിട്ട് ഒന്നുകൂടി പോയിക്കിടന്നു. അല്പനേരം കൊണ്ട് അവളുറങ്ങി. വീണ്ടും ഓടി ബാല്‍ക്കണിയിലേയ്ക്ക് ... നല്ല ഫ്രെയുമുകളൊന്നും കിട്ടാതെ പോവരുതല്ലോ - എന്തിന്റെയായാലും ആരുടേതായാലും. ഉദയസൂര്യന് അന്ന് എനിക്ക് കണിയാവാനായില്ല . എന്നെ കൊതിപ്പിച്ച് അല്പാല്പമായി മേഘക്കീറുകള്‍ ചുവപ്പണിഞ്ഞെങ്കിലും സുര്യനെ മാത്രം അവരെവിടെയോ ഒളിപ്പിച്ചുവെച്ചു. അരമണിക്കൂറിനുമുകളില്‍ വലിയ പ്രതീക്ഷയോടെ അവിടെ നിന്നിട്ടും നിരാശതന്നെയായിരുന്നു ഫലം . ഒരു ചായ കിട്ടിയിരുന്നെങ്കില്‍ എന്നുള്ള പ്രിയതമന്‍റെ താല്പര്യം മാനിച്ച് തല്‍ക്കാലം ക്യാമറയും അടച്ച് ഞാന്‍ ഉള്ളിലേക്ക് കയറിപോന്നു.
പല്ല് തേച്ച് ചായ കുടിച്ച് വന്നപ്പോഴേയ്ക്കും മക്കളുണര്‍ന്നു . അവരെ പല്ല് തേപ്പിച്ച് പാലൊക്കെ കുടിപ്പിച്ച് ടിവിയിലേയ്ക്ക് കണ്ണയച്ചിരുന്നപ്പോഴേയ്ക്കും തലേന്ന് മുടങ്ങിപ്പോയ ഗ്രാസ് , കാന്‍ സന്ദര്‍ശനം നമുക്കിന്ന് നടപ്പിലാക്കിയാലോ എന്ന ചോദ്യവുമായി പ്രിയപ്പെട്ടവന്‍... കുഞ്ഞിനെന്തായാലും സുഖമായ സ്ഥിതിയ്ക്ക് നമുക്ക് പോകാമല്ലോ എന്ന് ഞാനും. അങ്ങനെ ഒന്‍പതരയോടെ മുറിയില്‍ നിന്നിറങ്ങി താഴെപോയി പ്രാതലും കഴിച്ച് ആ വഴി തന്നെ നേരെ ഗ്രാസിലേയ്ക്ക്. ആ യാത്രയും കുറേ പുതുമയുള്ള കാഴ്ചകള്‍ തന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സൂര്യകിരണങ്ങള്‍ക്ക് ഇത്തിരി ചൂട് കുറവായിരുന്നു . മഴ പെയ്തേക്കുമോ എന്ന് പോലും തോന്നിപ്പിക്കുന്നവി
ധം അവിടവിടെ മഴമേഘങ്ങളും നേര്‍ത്തൊരു കുളിരും ഉണ്ടായിരുന്നു। എന്നാല്‍ വരാനിരിക്കുന്ന കൊടുംതണുപ്പിനെ മുന്നില്‍ക്കണ്ട് സൂര്യനെയും ചൂടിനേയും കടലിനെയും ആവോളം പുണരാന്‍ തിരക്ക് കൂട്ടുന്നവരായിരുന്നു വഴിയിലുടനീളം... അവധിക്കാലം ചെലവഴിക്കാന്‍ ഈ മനോഹരതീരത്ത് വന്നവരൊക്കെയും പ്രായഭേദമന്യെ നിരത്തിലുണ്ടായിരുന്നു. വളര്‍ത്ത് നായെയും കൂട്ടി ട്രാക്ക് സ്യൂട്ടുകളില്‍ പ്രഭാതസവാരിയ്ക്കിറങ്ങിയവര്‍, പറ്റിക്കിടക്കുന്ന നൈലോണ്‍ ഷോര്‍ട്ട്സും ബനിയനും അണിഞ്ഞ് പ്രായത്തെ വെല്ലുവിളിച്ച് ഓടുന്നവര്‍, എട്ടും പത്തും പേരടങ്ങുന്ന ചെറുഗ്രൂപ്പായി സ്പോര്‍ട്സ് സൈക്കിളില്‍ കുതിച്ച് പായുന്നവര്‍... ഇതിനിടയില്‍ കോര്‍പറേഷന്‍റെ വകയായ ഗാര്‍ബേജ് സംഭരിക്കുന്ന ട്രക്ക് വഴിയിലിടയ്ക്കിടെ നിര്‍ത്തി ബാസ്ക്കറ്റുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നവര്‍ ...അങ്ങനെ വൈവിധ്യമാര്‍ന്ന കാഴ്ചകളുമായാണ് അന്നത്ത യാത്ര തുടങ്ങിയത് തന്നെ.
യാത്രയ്ക്കിടയില്‍ സൂര്യന്‍ പതിയെ ശക്തി ആര്‍ജ്ജിക്കുന്നത് കാണാന്‍ നല്ല കൌതുകമായിരുന്നു... ഇന്നിനി മഴ പെയ്യില്ലായെന്ന് തോന്നുന്നു എന്ന പ്രിയതമന്‍റെ വാക്കുകളില്‍ നമ്മളിന്ന് പ്ലാന്‍ ചെയ്തതൊന്നും പിഴയ്ക്കൊല്ലാന്നൊരു ആശ്വാസമുണ്ടായിരുന്നു. പക്ഷേ യാത്രയില്‍ മനസ്സിനെ ഉലച്ച വല്ലാത്തൊരു കാഴ്ചയും കാണാനായി. വഴിയിലിടയ്ക്കൊരു സിഗ്നലിന് മുന്നില്‍ ചുവപ്പ് പച്ചയാവുന്നതും കാത്ത് കിടന്നപ്പോള്‍ ഗര്‍ഭിണിയായ ഒരു അമ്മ എകദേശം മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി സിഗ്നലിന് മുന്പില്‍ ഊഴം കാത്ത് കിടക്കുന്ന വാഹനങ്ങള്‍ക്ക് അടുത്തുചെന്ന് കൈനീട്ടി യാചിക്കുന്നു. അത്രയും തിരക്കുള്ള വഴിയില്‍ കൊച്ച് കുട്ടിയുമായി വാഹനങ്ങള്‍ക്കിടയിലൂടെ നടന്ന് കൈനീട്ടുന്ന കാഴ്ച ഹൃദയഭേദകമായ ഒരു ദൃശ്യമായി ഇപ്പോഴും ഉള്ളിലങ്ങനെ നില്‍ക്കുന്നു. കിഴക്കന്‍ യൂറോപ്പിലെ ഏതോ മുസ്ലീം രാജ്യത്ത് നിന്നാവണം അവരുടെ വരവ് എന്ന് വേഷഭൂഷാദികളില്‍ നിന്നും മനസ്സിലായി. സമാനമായ കാഴ്ചകള്‍ മുന്‍പ് ലോകത്തിന്‍റെ ഫാഷന്‍റെ കേന്ദ്രമായ പാരീസിന്‍റെ തെരുവുകളിലും ഞാന്‍ കണ്ടിട്ടുണ്ട്. ഫ്രാന്‍സ് പോലൊരു സമ്പന്ന രാജ്യത്തെ ഈ കാഴ്ച വിരോധാഭാസമായി തോന്നി. ഒടുവില്‍ ഏകദേശം പതിനൊന്നരയോടെ ഗ്രാസ്സിലെത്തി.
ഫ്രഞ്ച് സുഗന്ധദ്രവ്യ വ്യവസായത്തിന്‍റെ സിരാകേന്ദ്രമായ ഗ്രാസ്സ് ലോകത്തിന്‍റെ പെര്‍ഫ്യൂം ക്യാപ്പിറ്റല്‍ എന്നാണ് അറിയപ്പെടുന്നത് . സമുദ്രനിരപ്പില്‍ നിന്ന് സുമാര്‍ മുന്നൂറ്റമ്പത് മീറ്റര്‍ ഉയരത്തിലും തീരപ്രദേ
ശത്ത് നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുമായി സ്ഥിതി ചെയ്യുന്നതിനാല് ഇവിടുത്തെ കാലവസ്ഥ പുഷ്പകൃഷിയ്ക്ക് വളരെ അനുയോജ്യമാണ്. താമസിച്ചിരുന്ന കോട്ടേജിന്‍റെ റിസപ്ഷനില്‍ ഗ്രാസ്സിലെ ഫ്രിഗൊനാറ്ഡ് എന്ന കമ്പനിയുടെ പരസ്യവും ചില ഉത്പന്നങ്ങളുടെ ഡിസ്പ്ലേയും കണ്ടാണ് സത്യത്തില്‍ ഈ യാത്രയ്ക്കൊരുങ്ങിയത് തന്നെ. ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഇവിടെയുള്ള അനേകം ഫാക്ടറികളില്‍ ഒന്ന് മാത്രമാണ് അതെന്ന് . ഫാക്ടറികള്‍ക്ക് നൂറ് മീറ്റര്‍ അകലെതന്നെ അതിനെ സൂചിപ്പിക്കുന്ന ബോര്‍ഡുകളും, പാര്‍ക്കിങ്ങ് സൌകര്യങ്ങള്‍ കാണിച്ചുകൊണ്ടുള്ള ചുവരെഴുത്തുകളും കാണാമായിരുന്നു. ഓരോ ഫാക്ടറിയോടനുബന്ധിച്ചും അവരുടേതായ മ്യൂസിയങ്ങളും സ്വന്തം ഗൈഡുകളെ വച്ചുള്ള ചെറിയ യാത്രകളും ഉണ്ട്. രണ്ടു മൂന്ന് ഫാക്ടറികളിലൂടെ കയറിയിറങ്ങിയതിനിടയില്‍ ഒരിടത്ത് ജപ്പാന്‍കാരിയായ ഒരു ഗൈഡിന്‍റെ ഇംഗ്ലീഷിലുള്ള വിവരണത്തോടെയുള്ള യാത്രയ്ക്കൊപ്പം ചിലതെല്ലാം കാണാന്‍ സാധിച്ചു. അവരുടേ ഇംഗ്ലീഷിനിത്തിരി ജപ്പാന്‍, ഫ്രഞ്ച് സ്വാധീനങ്ങളുണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത് ധാരാളം മതിയായിരുന്നു.
ഒരു പൂവ് അല്ലെങ്കില്‍ ഒരു സുഗന്ധവ്യഞ്ജനം എങ്ങനെ നമ്മളൊക്കെ ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകളായി പരിണമിക്കുന്നു എന്നതിന്റെ പ്രക്രിയകള്‍ കണ്ടു മനസ്സിലാക്കിയത് വളരെ രസകരമായിരുന്നു . ഇഞ്ചിയും കുരുമുളകും തക്കോലവും ഗ്രാമ്പൂവും വരെ പല പെര്‍ഫ്യൂമുകളുടെയും അസംസ്കൃതവസ്തുക്കളാണെന്നതും എനിക്ക് പുതിയ അറിവായിരുന്നു. അവിടെ കണ്ട മിക്കവാറും പെര്‍ഫ്യൂമുകളുടെയും പ്രധാനപ്പെട്ട അസംസ്കൃത വസ്തു മുല്ലപ്പൂവാണ്. ഇതിന് വേണ്ട മുല്ലപ്പൂവ് ശേഖരിക്കുന്ന സമയം പോലും വളരെ പ്രധാനമാണത്രെ. സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പു എകദേശം അഞ്ച് മണിയോടെ അവ പറിച്ചെടുത്ത് പ്രത്യേക ഊഷ്മാവില്‍ സൂക്ഷിച്ച്... അങ്ങനെയുള്ള കുഞ്ഞു കുഞ്ഞ് അറിവുകള്‍... പിന്നെ യൂഡീ റ്റോയിലെറ്റ്, യൂഡി കൊളോണ്‍, ആഫ്റ്റര്‍ ഷേവ് ലോഷന്‍ ഇവ ഒരോന്നിലുമുള്ള ആള്‍ക്കഹോളിന്‍റെയും എസ്സന്‍സിന്‍റെയും അളവുകളിലുള്ള വ്യത്യാസങ്ങള്‍, അതിലേതൊക്കെയാണ് സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കാറുള്ളത്, എതൊക്കെയാണ് പുരുഷന്മാരുടേത്... അങ്ങനെയങ്ങനെ വളരെ വിജ്ഞാനപ്രദമായിരുന്നു ആ സന്ദര്‍ശനങ്ങള്‍. മൂന്ന് ഫാക്ടറികള്‍ സന്ദര്‍ശിച്ചിട്ടും ഒരിടത്ത് പോലും വാങ്ങണമെന്ന് പ്രിയം തോന്നിയ ഒരു പെര്‍ഫ്യൂമും കണ്ടതില്ല... മാത്രമല്ല, ചുമ വല്ലാതെ ശല്യപ്പെടുത്തിയിരുന്നതിനാല്‍ എത്രയും വേഗം സുഗന്ധങ്ങള്‍ തിങ്ങിനിറഞ്ഞു നിന്നിരുന്ന ആ അന്തരീക്ഷത്തില്‍ നിന്നെങ്ങനെയെങ്കിലും പുറത്ത് കടന്നാല്‍ മതിയെന്നായിരുന്നു എനിക്ക് . പുറത്ത് ഇറങ്ങി വന്നപ്പോള്‍ ഒരിത്തിരി തണുത്ത് തുടങ്ങിയിരുന്നു അന്തരീക്ഷം. അടുത്ത് മറ്റെന്തെങ്കിലും കാണാനുണ്ടോ എന്ന് പെര്‍ഫ്യൂം ഫാക്ടറിയിലെ ഒരു സ്ത്രീയോട് തിരക്കിയിരുന്നു. പെര്‍ഫ്യൂം ഫാക്ടറികളല്ലാതെ മറ്റൊന്നും തന്നെ ഈ കൊച്ച് പട്ടണത്തിലില്ല എന്നതായിരുന്നു അവരുടെ ഉത്തരം. എങ്കില്‍ ഉച്ചഭക്ഷണം കഴിച്ചാലോ എന്നോര്‍ത്ത് വാച്ച് നോക്കിയപ്പോള്‍ സമയം ഒന്നായിട്ടെയുള്ളു. ഏകദേശം മുപ്പത് മിനിട്ടു കൂടീ ഡ്രൈവ് ചെയ്താല്‍ കാനിലെത്തില്ലെ...അവിടുന്നായിക്കൂടെ ഉച്ചഭക്ഷണം എന്ന എന്‍റെ അഭിപ്രായം ഭര്‍ത്താവിനും സ്വീകാര്യമായിരുന്നു . പെര്‍ഫ്യൂമുകളുടെ ഗന്ധം എന്‍റെ ചുമയ്ക്കാനുള്ള തോന്നലിനെ വല്ലാതെ ഉത്തേജിപ്പിച്ചിരുന്നു...കൂടെ കരുതിയിരുന്ന ഫ്ലാസ്കില്‍ നിന്നും ഇടയ്ക്കിടെ ചൂട് വെള്ളം കുടിച്ചിട്ടും അതിനൊരു ശമനവും ഉണ്ടായില്ല. ചുമച്ച് കഴിച്ചതൊക്കെ വീണ്ടും പുറത്തേയ്ക്ക് പോരുമോ എന്ന പേടിയായിരുന്നു കൂടുതല്‍ . എന്നാല്‍ ഭയന്നതൊന്നുമില്ലാതെ കാനിലെത്തിപ്പെട്ടു.
ഗ്രാസ്സിന്‍റെ ശാന്തതയൊന്നും അവിടെ കണ്ടില്ല. ശരിക്കും ഒരു അന്താരാഷ്ട്ര പ്രാധാന്യമുള്ള പട്ടണം തന്നെയെന്ന് ഓരോ ഇഞ്ചും തോന്നിപ്പിക്കും വിധമായിരുന്നു ആ പട്ടണത്തിന്‍റെ കെട്ടും മട്ടും. സിനിമാനഗരി എന്നത് അന്വറ്ത്ഥമാക്കാന്‍ പോന്നതായിരുന്നു പലയിടത്തും സ്ഥാപിച്ചിരുന്ന CANNES എന്നെഴുതിയ ചില കറങ്ങുന്ന തൂണുകള്. അവയുടെ ചുമരുകളില്‍ പതിപ്പിച്ചിരുന്ന സിനിമകളുടെ പോസ്റ്ററുകള്‍ കണ്ണാടിച്ചില്ലുകളുടെ സുരക്ഷയില്‍ ഒരുപാടെന്തൊക്കൊയോ വിളിച്ച് പറയുന്നുണ്ട് എന്ന് തോന്നിപ്പിച്ചു. അത്രയ്ക്ക് ജീവസ്സുറ്റവയായിരുന്നു ഓരോ പോസ്റ്ററുകളും അവയിലെ മുഖങ്ങളും ... പാര്‍ക്കിങ്ങ് തേടി നടന്ന് അവസാനം സ്ഥലം കിട്ടിയത് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന Palais des Festivals et des Congrès എന്ന ഗ്രാന്‍ഡ് ആഡിറ്റോറിയത്തിന്‍റെ ഭൂഗര്‍ഭപാര്‍ക്കിങ്ങില്‍ തന്നെയായിരുന്നു. വണ്ടി പാര്‍ക്ക് ചെയ്തു മുകളില്‍ വന്നത് വലിയ ഒരു തിരക്കിലേയ്ക്കാണ് . ചുവപ്പ് പരവതാനി വിരിച്ച നടപ്പാതയും, ബാഡ്ജുകളും തൂക്കി കോട്ടും സൂട്ടും ധരിച്ച് തലങ്ങും വിലങ്ങും തിരക്കിട്ട് നടക്കുന്ന പുരുഷന്മാര്‍, സ്ത്രീകള്‍, പിന്നെ കടന്നു വരുന്ന ഓരോ അനക്കങ്ങളെയും അതീവശ്രദ്ധയോടെ നിരീക്ഷിക്കുന്ന സെക്യൂരിറ്റി ഗാറ്ഡുകളും. പുറത്തിറങ്ങി വന്ന ഞങ്ങളെയും അവര്‍ വെറുതെ വിട്ടില്ല. ചുവപ്പ് പരവതാനിയിലേയ്ക്ക് കാല്‍ കുത്തിയതെ ഒരു ആറടി പൊക്കക്കാരന്‍ ഞങ്ങളെ കൈകാട്ടി വിളിച്ചു. സത്യത്തില്‍ ആദ്യം ഒന്ന് ഭയന്നു. ഈ ജനക്കൂട്ടത്തെ കണ്ടപ്പോഴെ വിചാരിച്ചിരുന്നു ഇവിടെ സാധാരണക്കാരന് പ്രവേശനത്തിന് എന്തോ പ്രശ്നമുണ്ട് എന്നു. സിനിമയുടെ നഗരിയായതിനാല്‍ അഭ്രപാളിയിലെ എതോ സുന്ദരനെയോ സുന്ദരിയെയൊ പ്രതീക്ഷിക്കുന്നതിനാലാവാം ഈ തയ്യാറെടുപ്പുകളെന്നും അതാരാവും എന്നൊന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍ നാളെ നാല് പേരോട് പറയുകയും ആവാമല്ലോ എന്ന ഒരു ഗൂഢവിചാരവും ഉണ്ടായിരുന്നുവെന്ന് കൂട്ടിക്കോളു. ആഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര ടെലിവിഷന്‍ കോണ്‍ഗ്രസ്സ് നടക്കുകയാണെന്നും, പാര്‍ക്കിങ്ങ് ഏവര്‍ക്കും അനുവദനീയമാണെങ്കിലും ഉള്ളിലേയ്ക്ക് പ്രതിനിധികള്‍ക്ക് മാത്രമെ പ്രവേശനം സാധ്യമുള്ളു എന്ന് ഞങ്ങളെ അറിയിക്കുകയും, ആ കോമ്പൌണ്ടില്‍ നിന്നും എങ്ങനെയാണ് പുറത്തേയ്ക്ക് കടക്കുക എന്നത് കാട്ടിത്തരുകയും ചെയ്യുക എന്ന സദുദ്ദേശ്യമായിരുന്നു ആ ആറടിക്കാരന്‍റേത്. അയാള്‍ക്ക് നന്ദി പറഞ്ഞ് പുറത്ത് കടക്കുന്നതിനിടയില്‍ ഉള്ളിലോരു ആവേശം തിരയടിക്കുന്നുണ്ടായിരുന്നു. ലോകസിനിമകളെയും,അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളെയും കൊതിയോടെ കാണുന്ന ചില സുഹൃത്തുക്കളെ ഇതൊക്കെ പറഞ്ഞ് കുശുമ്പ് കുത്തണമെന്നതായിരുന്നു അതിന്റെ കാരണം.
അവിടെനിന്ന് നേരെ ഇറങ്ങി നടന്നത് വഴിയ്ക്കപ്പുറം സുന്ദരികളുടെ കണ്ണുടക്കിയ അമേരിക്കക്കാരന്‍ മക്ഡോണള്‍ഡിന്‍റെ ബര്‍ഗര് കടയിലേയ്ക്ക്. ഒരു പള്ളിപെരുന്നാളിന്‍റെയത്ര ആളുണ്ടായിരുന്നു അവിടെ. പ്രിയതമനെ നീണ്ട ക്യൂവില്‍ നിറ്ത്തി മക്കള്‍ക്കൊപ്പം വാതിലിനരുകിലായി ഒഴിഞ്ഞ് കിടന്ന ഇരിപ്പിടങ്ങളൊന്നില്‍ സ്ഥാനം പിടിച്ചു. ഞാനാണെങ്കില്‍ ചുമച്ച് ഒരു തരമായിട്ടുണ്ടായിരുന്നു. കൈയിലെ ഫ്ലാസ്കില്‍ അപ്പോഴും ചൂടുവെള്ളം കരുതിയിരുന്നത് ആശ്വാസമായി തോന്നി. ആ ഇരുപ്പില്‍ ചുറ്റുമൊന്ന് വെറുതെ കണ്ണോടിച്ചപ്പോള്‍ കാണാനായത് ലോകജനതയുടെ വൈവിധ്യം മുഴുവനുമാണ് . ഒക്കെയും മാധ്യമ പ്രവര്‍ത്തകറ്; ടെലിവിഷന്‍ കോണ്‍ഗ്രസ്സിന്‍റെ ബാക്കിപത്രം. ഭക്ഷണത്തിനായുള്ള ആ കാത്തിരിപ്പിനിടയിലേയ്ക്ക് നാലഞ്ച് നാണയത്തുട്ടുകളുമായി അഴുക്കുപുരണ്ട ഒരു കൈ നീണ്ടു വന്നു. നോക്കുമ്പോള്‍ കിഴക്കന്‍ യൂറോപ്പിന്‍റെ മറ്റൊരു വൈരുദ്ധ്യമുഖം . ഇത്തവണ ഒരു ചെറുപ്പക്കാരനായിരുന്നു എന്നത് മാത്രമായിരുന്നു വ്യത്യാസം. എന്‍റെ കൈയില്‍ കാശൊന്നും ഉണ്ടായിരുന്നില്ല . ഒന്നുമില്ല എന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പെ ആ ചെറുപ്പക്കാരന്‍ അപ്പുറത്തെ മേശയ്ക്ക് ചുറ്റും ഇരുന്നവരുടെ അടുക്കലേയ്ക്ക് നീങ്ങിയിരുന്നു. അവിടുത്തെ ജോലിക്കാരിലാരോ വന്ന് അയാളോട് പുറത്തിറങ്ങി പോവാന്‍ നിര്‍ബന്ധിക്കുന്നതും കണ്ടു . ആ കാഴ്ചയ്ക്കു പുറകെ പോയ മിഴികള്‍ ഉടക്കിയത് രാവിലെ നിരത്തില്‍ കണ്ടതു പോലൊരു അമ്മയിലേയ്ക്കും കുഞ്ഞിലേയ്ക്കുമാണ് . അവരുടെ ഉദ്ദേശ്യവും ഭിക്ഷ തന്നെ. സമ്പന്നതയുടെയും ഫാഷന്‍റെയും സിനിമയുടെയും നഗരിയായ കാനിലും ഈവിധ കാഴ്ചകള്‍ ആശ്ചര്യകരമായി തോന്നി . ഭക്ഷണം കഴിച്ച് അവിടുന്ന് ഇറങ്ങി വെറുതെ അടുത്തു കണ്ട കടല്‍ക്കരയ്ക്കടുത്തേയ്ക്ക് നടന്നു. വഴിയോട് ചേര്‍ന്ന് അരയാള്‍ പൊക്കത്തില്‍ ചെറിയ ഭിത്തി കെട്ടിയിട്ടുണ്ടായിരുന്നു. അതിലിരുന്ന് മനോഹരമായ ആ തീരത്ത് വെയില്‍ നുകരാന്‍ എത്തിയവരെയും പഞ്ചാരമണലില്‍ കുസൃതികള്‍ കാണിച്ച് കലപില കൂട്ടുന്ന കുഞ്ഞുങ്ങളെയും കണ്ടിരിക്കാന്‍ നല്ല കൌതുകമുണ്ടായിരുന്നു. വെയിലിനത്ര ചൂടില്ലാതിരുന്നതിനാല്‍ ആ ഇരുപ്പിന് നല്ല രസവുമുണ്ടായിരുന്നു. പക്ഷെ സമയം കടന്ന് പോകുംതോറും തണുപ്പേറുകയായിരുന്നു. എന്‍റെ ചുമയാകട്ടെ ഇടയ്ക്കിടെ വല്ലാതെ പേടിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. സന്ധ്യയ്ക്കു മുന്‍പേ ഒക്കെ നടന്ന് കണ്ട് എത്രയും വേഗം തിരികെ മുറിയിലേയ്ക്ക് പോണതാവും ബുദ്ധിയെന്ന് പ്രിയതമന് തോന്നി. അങ്ങനെ അവിടെ നിന്നെഴുന്നേറ്റ് വീണ്ടും നടന്നു. നടന്ന് ചെന്ന് നിന്നത് ഒരു കളിത്തീവണ്ടിക്കടുത്താണ്. രൂപഭാവങ്ങളൊക്കെ തീവണ്ടിക്കു സമമായിരുന്നെങ്കിലും അത് ഒരു മോട്ടോര്‍ വാഹനം തന്നെയായിരുന്നു. മുപ്പത്തഞ്ച് മിനിറ്റിന്‍റെ ഓട്ടപ്രദക്ഷിണം കൊണ്ട് കാനിലെ പ്രധാന കാഴ്ചകള്‍ കാണിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ബോറ്ഡും അതിനടുത്ത് കണ്ടു. എങ്കില്‍ പിന്നെ ഇതില്‍ കയറാം എന്ന് തീരുമാനിച്ചു. സുന്ദരികള്‍ക്കും അക്കാര്യത്തില് സന്തോഷമായി.
അതിലെ യാത്ര തീരുമാനിച്ചപ്പോഴെയ്ക്കും സുന്ദരികള്‍ ഒരു കമ്പാര്‍ട്ട്മെന്‍റില്‍ ചാടിക്കയറി ഇരിപ്പുറപ്പിച്ചിരുന്നു. അതിന്‍റെ ഒരു വശം ചില്ലുകൊണ്ടു അടച്ച് കെട്ടിയിരുന്നു. മറുവശത്ത് ഒരോരുത്തരായി അകത്തേയ്ക്ക് കയറാന്‍ പാകത്തില്‍ സ്ഥലവുമുണ്ട്. ഞങ്ങള്‍ നാല് പേര്‍ക്കും കൂടി ഒന്നിച്ച് കഷ്ടിച്ചിരിക്കാവുന്ന സ്ഥലമുള്ള ഒറ്റ ഇരിപ്പിടം. മക്കളെ ഇടയിലിരുത്തി ക്യാമറക്കണ്ണുകള്‍ തുറക്കാന്‍ പാകത്തില്‍ അടച്ച് കെട്ടില്ലാത്തെ വശത്ത് ഞാന്‍ സ്ഥാനം പിടിച്ചു. നാലഞ്ച് കമ്പാറ്ട്ട്മെന്‍റുകള് ഉള്ളതില്‍ ഒന്നു പോലും നിറഞ്ഞിരുന്നില്ല. വേനലിന്‍റെ ചൂട് വിടപറഞ്ഞ് തുടങ്ങുന്ന ഒക്ടോബറായതിനാലാവും ആള് കുറവെന്ന് പ്രിയതമന്‍റെ ആത്മഗതം. പോരുന്നവരൊക്കെ പോന്നിട്ടെ വണ്ടി എടുക്കൂ എന്ന വാശിയിലായിരുന്നു അതിന്‍റെ സാരഥി എന്ന് തോന്നി. ആ കാത്തു നിൽപ്പ് മടുപ്പിക്കുന്നു എന്ന് തോന്നിയതിനാലാവും ഞങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന ഫ്രഞ്ചുകാരായ രണ്ട് അമ്മുമ്മമാരോട് അയാള്‍ കുശലം ചോദിച്ചു തുടങ്ങിയത്. ആ നിൽപ്പും സംസാരവും പത്ത് മിനിട്ട് കൂടി നീണ്ടു പോയി. അതും ശ്രദ്ധിച്ചിരിക്കെ മറ്റൊരാള്‍ വന്ന് ഞങ്ങള്‍ക്ക് നാലുപേര്‍ക്കും റ്റിക്കറ്റ് തന്ന് സമയമായി എന്നറിയിച്ചു. എല്ലാ ഇരിപ്പിടങ്ങളും നിറഞ്ഞോ എന്നറിയാന്‍ വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി . നാല് കമ്പാറ്ട്ട് മെന്‍റുകളിലും പേരിന് മാത്രം ആളുകള്‍. ഞങ്ങളെപ്പോലെ തന്നെ സീസണ്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ ലാഭകരമായി ഒരു ഒഴിവുകാലം ആസ്വദിക്കാന്‍ വന്നവരാകുമെന്ന് ഞാനോര്‍ത്തു. അങ്ങനെ ആ കുട്ടിട്രെയിനില്‍ സിനിമാനഗരിയിലെ തിരക്കിനിടയിലൂടെ കാഴ്ചകള്‍ കണ്ടും വിവരണം കേട്ടുമുള്ള യാത്രയ്ക്ക് പ്രത്യേക ചാരുതയായിരുന്നു. ഓരോരുത്തര്‍ക്കും ചെവിയില്‍ വയ്ക്കാന്‍ പാകത്തിലുള്ള ഹെഡ്ഫോണുകളും അവനവന്‍റെ ഭാഷയില് വിവരണം കേള്‍ക്കാനുള്ള സൌകര്യവും റെക്കോറ്ഡ് ചെയ്ത് വച്ചിരുന്നതിനാല്‍ അതില് പറയുന്ന ഓരൊന്നിനടുത്തും വണ്ടി എത്തുന്നതനുസരിച്ച് എന്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. നഗരമദ്ധ്യം വിട്ട് വണ്ടി ഊടുവഴികളിലേയ്ക്ക് കടന്നു. കല്ലുപാകിയ നടപ്പാതകളുള്ള ഇടുങ്ങിയ തെരുവികളിലൂടെ "പോം...പോം ..." എന്ന് ഹോണടിച്ചും ഇടയ്ക്കിടെ മണിയടിച്ചുമുള്ള യാത്ര കുട്ടികള്‍ക്ക് വല്ലാതങ്ങ് രസിച്ചു. നാടു വിട്ടാല്‍ വാഹനങ്ങള്‍ ഹോണടിക്കുന്നത് കേള്‍ക്കുന്നത് അപൂര്‍വ്വമായതിനാല്‍ ഞങ്ങള് കുറച്ച് വര്‍ഷങ്ങള്‍ പുറകില്‍ സഞ്ചരിക്കുന്നത് പോലെ തോന്നി. ഈ കല്ലു പാകിയ നടപ്പാതകള്‍ യൂറോപ്പിന്‍റെ മാത്രം പ്രത്യേകതയാണെന്ന് തോന്നുന്നു. ന്യൂ ടൌണെന്നും ഓള്‍ഡ് ടൌണെന്നും വേര്‍തിരിച്ച് കാണാവുന്ന നാഗരികത ഞാനിവിടെ സ്വിറ്റ്സെര്‍ലെണ്ടിലും കണ്ടിട്ടുണ്ട്. വല്ലാത്തോരു വശ്യതയുണ്ട് ആ നടപ്പാതകള്‍ക്കും അതിനിരുവശവും നില്‍ക്കുന്ന കെട്ടിടങ്ങള്ക്കും .വിക്ടോറിയന്‍ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കാറുണ്ട് അവ പലപ്പോഴും.
യാത്രയ്ക്കിടെ ആദ്യമായി വണ്ടി നിന്നതും ഞങ്ങളൊന്ന് പുറത്തിറങ്ങിയതും Le Suquet hill എന്ന കുന്നിന്‍റെ മുകളിലെ പള്ളിമുറ്റത്താണ്. our lady of hope എന്ന കന്യകാമറിയത്തിന്‍റെ നാമധേയത്തിലുള്ള ഒരു ദേവാലയത്തിന്‍റെ മുന്നില്‍ .അതിന്‍റെ പ്രധാന വാതിലിന് അഭിമുഖമായി കോട്ടപോലെ ഒരു മതിലും; മുകളിലേയ്ക്ക് കയറാന്‍ കുറേ പടവുകളും... പിന്നെയാണു മനസ്സിലായത് അവിടെ നിന്നാല്‍ കാനിന്‍റെ തീരം മുഴുവനും, ആ പട്ടണം തന്നെയും കാണാമെന്ന് . അവിടെ നിന്ന് ചില ചിത്രങ്ങള്‍ എടുത്തു . സിനിമാനഗരിയുടെ മറ്റൊരു മുഖവും കാണാനായി അവിടെ നിന്ന്. വികസ്വര രാജ്യങ്ങളിലെ ചില ഗല്ലികളെ അനുസ്മരിപ്പിക്കുമാറ് തീപ്പെട്ടിക്കൂടുകള്‍ അടുക്കിവച്ചിരിക്കണത് പോലെ കുറേ വീടുകള്‍. യൂറോപ്പിലാണെന്നതിന്‍റെ ചില സൌകര്യങ്ങള്‍ മാത്രം... നല്ല മേല്‍ക്കൂര, അടച്ചുറപ്പ് ഇവയൊക്കെ. ആകെയുള്ള ചെറിയ വരാന്തയില്‍ നിരയായി വിരിച്ചിട്ടിരിക്കുന്ന നിറം മങ്ങിയ വസ്ത്രങ്ങള്‍, ആക്രികടയ്ക്കുള്ളിലെന്ന പോലെ കൂനകൂട്ടി ഇട്ടിരിക്കുന്ന മറ്റെന്തൊക്കെയോ ചില മൂലകളില്‍... അധികനേരം അവിടെ നിന്നില്ല. താഴെ ഇറങ്ങി വന്ന് ദേവാലയത്തിനുള്ളില്‍ കയറിയൊന്ന് പ്രാര്‍ത്ഥിച്ചു. സ്റ്റെയിന്‍ ഗ്ലാസ്സുകളിലെ പെയിന്‍റിങ്ങുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രാകാശവും അവിടവിടെ തെളിഞ്ഞു നില്‍ക്കുന്ന മെഴുകുതിരികളും മാത്രമായിരുന്നു അതിനുള്ളില്‍ പ്രകാശം നിറച്ചിരുന്നത് . ധ്യാനിച്ചിരിക്കാന്‍ നല്ലൊരു സ്ഥലമെന്ന് തോന്നി എനിക്ക്. അവിടെ ആകെ പത്ത് മിനിട്ടാണ് അനുവദിച്ചിരുന്നത്. അതിനാല്‍ ചുറ്റിക്കറങ്ങാന്‍ സമയമൊന്നും കിട്ടിയില്ല... വീണ്ടും അടുത്ത ഊടുവഴികള്‍ തേടി...ആ യാത്രയ്ക്കിടെ ഒരു പടം പോലും എടുക്കാന്‍ പറ്റിയില്ലന്നതാണ് എന്‍റെ സങ്കടം. ഞാന്‍ ഫോക്കസ് ചെയ്തു വരുമ്പോഴേക്കും ആ ദൃശ്യം എന്നെയും കടന്ന് പോയിട്ടുണ്ടാവും... അങ്ങനെ മുപ്പത്തഞ്ച് മിനിട്ടിന് ശേഷം കയറിയ അതേ സ്ഥലത്ത് തിരികെ എത്തി.
അപ്പോഴേയ്ക്കും വെയിലിന്‍റെ ചൂട്‍ നന്നായി തന്നെ താണിരുന്നു. സുന്ദരികള്‍ ഉറക്കം തൂങ്ങാനും തുടങ്ങിയിരുന്നു . അവരെ വിളിച്ചുണത്തി ട്രെയിനില്‍ നിന്നിറങ്ങി അടുത്ത് കണ്ട ഒരു കോഫീഷോപ്പിലേയ്ക്ക് നടന്നു. ഞങ്ങള്‍ക്ക് ചൂട് കാപ്പിയും സുന്ദരികള്‍ക്ക് ഓരോ ഗ്ലാസ്സ് പാലും വാങ്ങാമെന്നുദ്ദേശിച്ചാണ് ചെന്നതെങ്കിലും അവിടെ നിരന്നിരുന്ന ഐസ്ക്രീമുകളുടെ പെട്ടികളിലേയക്കായി അവരുടെ ശ്രദ്ധ. പിന്നെ രണ്ട് കാപ്പി പറഞ്ഞ് അവര്‍ക്ക് ഓരോ ഐസ്ക്രീമും വാങ്ങി കൊടുത്ത് അവിടെ നില്‍ക്കുമ്പോള്‍ ഭീകരന്‍ ചുമ വീണ്ടും തലപൊക്കി... ചെറുതായൊന്ന് മുരടനക്കണം എന്ന തോന്നലില്‍ തുടങ്ങിയ ചുമ പത്ത് മിനിട്ടോളം നിണ്ടു. അവസാനം കഴിച്ചതൊക്കെ പുറത്തേയ്ക്ക് പോവുമെന്ന സ്ഥിതിയായി. ഒരു ടോയിലെറ്റ് കണ്ട് പിടിക്കാം എന്ന് കരുതി അതിനായിട്ട് ഓടി. ഒന്ന് കണ്ടു. നാണയം ഇട്ടാല്‍ തുറക്കുന്നത്. ധൃതിയില്‍ നാണയമൊരെണ്ണം ഇട്ട് വായ്പൂട്ടി അക്ഷമയായി നിന്നു. അത് തുറന്നില്ല; ഇട്ട നാണയം പുറത്തേയ്ക്കും. ശരിക്കും സങ്കടമായി. ചുമകൂടി ഇവിടെങ്ങാനും ഛറ്ദ്ദിച്ചാല്‍ നാണക്കേടാവില്ലെ എന്ന തോന്നാലുണ്ടായിരുന്നു. ഭാഗ്യത്തിന് ചൂടുകാപ്പിയൊരിത്തിരി കുടിച്ചപ്പോള്‍ തൊണ്ടയ്ക്കൊരാശ്വാസമായി. ഇനിയും ഇങ്ങനെ കറങ്ങി നില്‍ക്കുന്നത് പന്തിയല്ല എന്ന് പ്രിയതമനൊരു തോന്നലുണ്ടായി. ചുമ വീണ്ടും വില്ലനായാല്‍ ഉടന്‍ തന്നെ ടോയിലെറ്റിലേക്ക് എത്താന്‍ വഴിക്കപ്പുറം കണ്ട മക്ഡോണത്സിലേയ്ക്ക് കയറുകയെന്നത് നല്ല കാര്യമാവുമെന്ന് പറയുകയും ചെയ്തു. ശരീരത്തിനൊരിത്തിരി ചൂടും കിട്ടും, മക്കള്‍ക്ക് എന്തെങ്കിലും ഒന്ന് കൊറിക്കുകയോ അതിനുള്ളിലെ കളിസ്ഥലത്തൊന്ന് കുത്തിമറിയുകയും ചെയ്യാം എന്നോര്‍ത്തപ്പോള്‍ എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനുമോറ്ത്തു. അവിടെ ചെന്ന് ഇരുന്നപ്പോള്‍ ചെറിയ ആശ്വാസം തോന്നി. എന്നാല്‍ അവിടെ ഇരുന്നധികമാവുന്നതിന് മുന്‍പ് തന്നെ എപ്പോഴാണ് നമ്മള്‍ തിരിച്ച് ഹോട്ടലില്‍ പോവുന്നതെന്ന് ചോദിച്ച് വഴക്കു തുടങ്ങിക്കഴിഞ്ഞിരുന്നു സുന്ദരികള്‍. കളിയ്ക്കാനൊന്നുമുള്ള ഉന്മേഷം ഉണ്ടായിരുന്നില്ല രണ്ടാള്‍ക്കുമെന്ന് തോന്നി. കാനിലെ കാഴ്ചകള്‍ മുഴുവന്‍ കണ്ട് തീര്‍ന്നിരുന്നില്ലെങ്കിലും എനിക്കും എങ്ങനെയങ്കിലും ഒന്ന് മുറിയിലെത്തിയാല്‍ മതിയെന്നായിട്ടുണ്ടായിരുന്നു.
(തുടരും....)
21 comments:
കാത്തിരുന്നവരോട് ഒരു ക്ഷമാപണത്തോടെ യാത്രവിവരണം മൂന്നാം ഭാഗം.ആരോഗ്യം വല്ലാതെ മോശമായിരുന്നതിനാലാണ് ഇത് താമസിച്ചത്.യാത്ര തുടരുന്നു.....
ഞാന്‍ ക്ഷമിച്ചിരിക്കുന്നു. ഇത്തവണത്തേക്ക് മാത്രം...
സ്ഥലപുരാണവും യാത്രാവിവരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി എന്നതാണ് തുഷാരത്തിന്റെ ഈ പരമ്പരയെ ശ്രദ്ധേയമാക്കുന്നത്. വെറുതെ ഒരു സ്ഥലത്തു ചെന്നിട്ട് അവിടുത്തെ കുറെ ഫോട്ടോയും കാട്ടി ചരിത്രം പറയുകയല്ല, തുഷാരം ചെയ്യുന്നത്. പകരം മറ്റുള്ളവരെ കൂട്ടി ഒരിക്കല്‍ കൂടി യാത്ര പോവുകയാണ്. ഇവിടെ അനുഭവങ്ങള്‍ ഓരോ വായനക്കാരന്റേതുമാണ്. അല്ലെങ്കില്‍ വായനക്കാരന്‍ തുഷാരത്തിനൊപ്പം യാത്ര ചെയ്യുകയാണ്. ഈ അനുഭവപ്പിക്കല്‍ നല്ല രീതിയില്‍ തുടരാന്‍ അഭ്യര്‍ത്ഥന.
ഒരു മാസം എടുത്തു പഴയ സ്ഥലത്തൂന്ന് വണ്ടിയെടുക്കാന്‍!! ഏതായാലും കാത്തിരിപ്പിനു ഫലമുണ്ട്.. എനിക്കും പറയാലോ എന്റെ ചേച്ചീടെ കൂടെ ഞാനും കാനില്‍ പോയീന്ന് :p അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. :)
ചേച്ചി...
നന്നായിട്ടുണ്ട്..കാന്‍ ഒക്കെ ശരിക്കും കണ്ടു.
പക്ഷേ എനിക്കെന്തോ ഒരു മിസ്സിംഗ്ഗ് തോന്നുന്നു..തോന്നലാകാം.ഹൃദയത്തില്‍ തൊടുന്ന ചേച്ചിയുടെ ശൈലി എവിടെയൊക്കെയോ ഇല്ലാത്തതു പോലെ..തോന്നലാകം..അല്ലെങ്കില്‍ എന്റെ ഇപ്പോഴത്തെ മൂഡിന്റെയാകാം..
എന്താണേലും നാലാം ഭാഗത്തിനായി കാത്തിരിക്കുന്നു
ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും ശേഷം ഒരു ഇടവേളയ്ക്കു ശേഷമാണു ഈ ഭാഗം വന്നത്.എന്നാലും ആദ്യ ഖണ്ഡിക വായിയ്ക്കുമ്പോള്‍ തന്നെ നമ്മള്‍ ആ പഴയ കടലോരത്ത് തുഷാരത്തിനോടൊപ്പം എത്തി ച്ചേരുന്നു എന്നതാണ് ഈ യാത്രാ വിവരണത്തിന്റെ പ്രത്യ്യെകത..മാത്രവുമല്ല ഒന്നാം ഭാഗത്തില്‍ നിന്നു വിഭിന്നമായി അവിടെ കണ്ട ജനവിഭാഗങ്ങളുടെ സ്വഭാവ വിശേഷ വിവരണം അത്യന്തം ഹൃദ്യമായി തോന്നി....
തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കും കൂടുതല്‍ ഫോട്ടോകള്‍ക്കുമായി കാത്തിരിയ്ക്കുന്നു...
യാത്ര വിവരണങ്ങള്‍ ഒരുപാടു വായിച്ചിട്ടുണ്ട്, പക്ഷെ ഇതു വരെ ഇങ്ങിനെ കുടെ യാത്ര ചെയ്യുന്ന പോലെയൊരു അനുഭവം ഉണ്ടായിട്ടില്ല...:)
ഭാഷയിലെ ലാളിത്യം,
വിവരണത്തിലെ ഹൃദ്യത,
അതുകൊണ്ടുതന്നെ,
തുഷാരം പറയുന്നത്
കേട്ടിരിയ്ക്കാനൊരു രസം.
കഴമ്പുള്ള എഴുത്ത് തുഷാരം. സെബിന്‍ എഴുതിയതുപോലെ അവിടൊക്കെ ചുറ്റിക്കറങ്ങിയ ഒരു പ്രതീതി.
next please... :)
ഈ പോസ്റ്റ് ഒന്നു ഒതുക്കി അടുക്കി വച്ചു റീഡബിലിറ്റി നന്നാക്കണം ..പാരഗ്രാഫും വരികളും അകത്തി വച്ചു ഒന്നു ശരിയാക്കണേ...
പിന്നെ
മൂന്ന് ഫാക്ടറികള്‍ സന്ദര്‍ശിച്ചിട്ടും ഒരിടത്ത് പോലും വാങ്ങണമെന്ന് പ്രിയം തോന്നിയ ഒരു പെര്‍ഫ്യൂമും കണ്ടതില്ല...
അതെങ്ങിനെ? മൂക്കടഞ്ഞു കിടക്കുമ്പോള്‍ ഏതു പെര്‍ ഫ്യൂമിനെ അതിന്റേതായ ഗന്ധത്തിലറിയും ?
തമാശിച്ചതാ..
പോരട്ടെ അടുത്ത ഭാഗം
കൊള്ളാം...എത്ര സമ്പത്തുകൊണ്ടു പുറം മൂടിവെച്ചാലും തെളിഞ്ഞുവരുന്ന ദൈന്യതയുടെ ദൃശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നില്ലല്ലോ.....വെറുതെ കാഴ്‌ച കണ്ടുനടക്കുകമാത്രമല്ല,കാണുന്നവയോട് കൃത്യമായൊരു നിലപാട് സ്വീകരിക്കുന്നു എന്നതാണീ വിവരണത്തെ ആപര്‍ഷകമാക്കുന്നത്. വായിക്കുന്നവര്‍ക്ക്‌് ആ നിലപാടുകളെക്കുറിച്ചുകൂടി ആലോചിക്കാന്‍ അവസരമുണ്ടാകുന്നതിനാല്‍,ഉദാസീനമായി വായിക്കാന്‍ സാധ്യമല്ല. കാഴ്‌ചകളൊക്കെ നിങ്ങളുടേതുമാണ് എന്ന ഉദാരഭാവം വിവരണത്തില്‍ ഇനിയുമിനിയും തുടരുക. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ യാത്ര തുടരാനാവട്ടേന്ന് ആശംസകള്‍. കാനിലെ കാഴ്‌ചകള്‍ കാണാനായതിനു സിന്ധുവിന് അഭിനന്ദനം. അസൂയയൊന്നുമില്ല,എനിക്കു കാണാനാവാത്തതില്‍ ഇത്തിരി നിരാശയുണ്ടെന്നതു വാസ്‌തവം.......
വീണ്ടും മനോഹരമായ ചിത്രങ്ങള്‍...
രസകരമായ വാക്കുകളും...
(എന്നാലും ഒന്നിന്റേം രണ്ടിന്റേം അത്ര പോര, ട്ടോ)
അടുത്തതായി ഏത് സ്ഥലത്തേക്കാ ഞങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നേ?
:)
കൊള്ളാം ചേച്ചീ......കലക്കിയിട്ടുണ്ട് വിവരണം
പിന്നെ പെര്‍ഫ്യൂം ഉണ്ടാക്കാനുള്ള ഫോര്‍മുല എന്റെ കൈയിലുണ്ടട്ടോ... വേണേല്‍ തരാം... ഇത്തവണ ഒരിടത്തു പോയപ്പോ ഒപ്പിച്ചതാ....
പിന്നെ ചേച്ചി പറഞ മനസിലുടക്കിയ ചിലകാര്യങളില്ലേ... അതിവിടെയൊക്കെ എല്ലായിടത്തുമുണ്ട്..... ട്രെയിനിലും റോഡരികിലും പള്ളികളിലുമൊക്കെ.... ഒരുപാട് പാവപെട്ടവര്‍... ജീവിതം മുന്‍പോട്ടൂകൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടൂന്നവര്‍... പക്ഷെ പലരും അതു തൊഴിലായി സ്വീകരിക്കുമ്പോ...അര്‍ഹതപെട്ടവര്‍ തഴയപെടുന്നു....
അപ്പോ ഇനി അടുത്തഭാഗം പോരട്ടേ
samayam kuravayirunnathu konde odichittane vayichathe...ini engotte?? onnu koodi manassiruthi vayikkumpozhekkum adutha bhagam ingethumo?
കൊള്ളാം ഒന്നിനൊന്നിനു മെച്ചം.
ശരിക്കും ഒരു ഇന്ഹയിലെര് എടുത്തു തരണമെന്ന് തോന്നി. വായിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നു ഞാനും നിങ്ങളുടെ യാത്രയില്‍ ഉടനീളം. അടുത്ത വാല്യത്തിലും വില്ലന്‍ ചുമ തന്നെയാണോ..? ആവാതിരിക്കട്ടേ എന്ന് പ്രാര്‍ത്തിക്കാം.
ഒരു ആറടി പൊക്കക്കാരന്‍ നമ്മളേ കൈകാട്ടി വിളിച്ചു. നന്ദി പറഞ്ഞ് പുറത്ത് കടക്കുന്നതിനിടയില്‍ ഉള്ളിലോരു ആവേശം തിരയടിക്കുന്നുണ്ടായിരുന്നു എന്ന് കള്ളതരമാല്ലേയ് പറഞ്ഞത്. അടി കിട്ടാഞ്ഞത് ഭാഗ്യം. നിങ്ങളേ പിടിക്കണ കണ്ടപ്പഴേ ഞാന്‍ ആ ബര്ഗര് കടയിലേക്ക് വലിഞ്ഞു
നാണയത്തുട്ടുകളുമായി അഴുക്കുപുരണ്ട ഒരു കൈ നീണ്ടു വന്നില്ലേ അങ്ങേരേ കണ്ടാല്‍ നാട്ടിലുള്ള വടക്കെലേ സുകുവിന്റെ അതെ ഭാവം അല്ലേ ഞാന്‍ ഒരു പത്തുരുപ്പിക കൊടുത്തു.
നിങ്ങള് നേരത്തെ പോന്നെന്കിലും ആ കുന്നിന്റെ നെറുകയിലുള്ള പള്ളിയില്‍ ഞാന്‍ പത്തു മിനിട്ടു ഒറ്റക്കിരുന്നിട്ടാ പോന്നത്. എന്താ സുഖം..
എന്തായാലും നമുക്കങ്ങട്ടു പോകാം ഒരുമിച്ചു...
"പോം...പോം..........
നന്നായിരിക്കുന്നു, ചില പോരായ്മകളൊഴിച്ചാല്‍...
സമ്പന്നതയുടെ ഏച്ചുകെട്ടലുകള്‍ക്കപ്പുറം മറനീക്കി പുറത്തുവരുന്ന ദരിദ്രചിഹ്നങ്ങള്‍ എഴുത്തുകാരിയെ യാത്രയ്ക്കിടയില്‍ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്.
വഴിയരികിലെ വാഹനയാത്രക്കാരോട് കൈനീട്ടുന്ന ഗര്‍ഭിണിയായ അമ്മയും മക്ഡൊണാള്‍ഡിന്‍റെ ഭക്ഷണശാലയിലെ അഴുക്കുപുരണ്ട കൈകളും മറ്റും ഉദാഹരണം.
ഫ്രാന്‍സില്‍ ഭരണകൂടവിവേചനത്തിനിരയായി, വംശീയമായി അടിച്ചമര്‍ത്തപ്പെട്ട്, അവകാശങ്ങളില്ലാതെ, തൊഴിലില്ലാതെ, നിത്യദാരിദ്ര്യത്തിലേക്കെറിയപ്പെട്ട അള്‍ജീരിയന്‍ വംശജര്‍ കഴിഞ്ഞവര്‍ഷം പാരീസിന്‍റെ തെരുവുകളില്‍ നടത്തിയ ദിവസങ്ങളോളം നീണ്ട കലാപവും, അതിനെത്തുടര്‍ന്നുണ്ടായ അക്രമവും ലേഖികയുടെ മനസ്സിലുണ്ടായിരുന്നെങ്കില്‍ ഇത് വൈരുദ്ധ്യമായി തോന്നുമായിരുന്നില്ല.
അമേരിക്കയെന്നാല്‍ മാന്‍ഹട്ടനെന്നും ബ്രിട്ടനെന്നാല്‍ ബക്കിംഗ്ഹാമെന്നുമൊക്കെ ധരിച്ചുവശായവരുടെ ആത്മഗതം മാത്രമാണിത്.
പിന്നെ... എഴുത്തുകാരിയുടെ ചുമയ്ക്ക് ഇത്രമാത്രം പ്രസക്തിയുള്ള ഒരു യാത്രാവിവരണം വായിക്കുന്നത് ഇതാദ്യം...
ശ്രദ്ധിക്കുമല്ലോ തുഷാരം....
ഒന്നും, രണ്ടും കഴിഞുള്ള ആ ഇടവേള നരേഷനെ സ്വല്പം ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍, ഒന്നും തോന്നരുതെന്നപേക്ഷിക്കുന്നു. എന്നാലും, എനിക്ക് വായിക്കുന്നപോലെ തോന്നിയില്ല, ഇപ്പോഴും.കൂടെ നടക്കുകയായിരുന്നൂ.
ചുമയ്ക്കുമ്പോള്‍ എന്താണ് ശറ്ദ്ദിക്കുന്നത്? നല്ല ഒരു ലാക്കിട്ടരെ കാണാത്തതെന്ത്?
അധികം റ്റോഇല്‍ ചെയ്യേണ്ട. സാവധാനം, സമയമെടുത്ത് നന്നായി എഡിറ്റ് ചെയ്ത് പോസ്റ്റ് ഇട്ടാല്‍ മതി. പക്ഷേ, എഴുതാതിരിയ്ക്കരുത്..
വരികളും പാരഗ്രാഫും തിര്ച്ചു അപ്ഡേറ്റ് ചെയ്തതു കണ്ടു ഒന്നു കൂടെ വായിച്ചു ഈ പോസ്റ്റ്..
വീണ്ടും ഓടി ബാല്‍ക്കണിയിലേയ്ക്ക് ... നല്ല ഫ്രെയുമുകളൊന്നും കിട്ടാതെ പോവരുതല്ലോ - എന്തിന്റെയായാലും ആരുടേതായാലും. ഉദയസൂര്യന് അന്ന് എനിക്ക് കണിയാവാനായില്ല . എന്നെ കൊതിപ്പിച്ച് അല്പാല്പമായി മേഘക്കീറുകള്‍ ചുവപ്പണിഞ്ഞെങ്കിലും സുര്യനെ മാത്രം അവരെവിടെയോ ഒളിപ്പിച്ചുവെച്ചു.....
ഹൃദയവും എഴുത്തും ഒന്നാകുന്ന അവസ്ഥ പല സ്ഥലങ്ങളിലും കണ്ടു
സവിതാവ് കഴിഞ്ഞാല്‍ പ്രപഞ്ചസാക്ഷി സാഹിത്യകാരനാണു
അവനില്‍ അല്ലെങ്കില്‍ അവളിലണല്ലൊ ഈശ്വരന്റെ അക്ഷര മുദ്രകളുടെ
ഇരിപ്പിടം !
പകല്‍ പെരുമാളിന്റെ ശോഭ അടുത്തതിലും ഉണ്ടാവട്ടെ.
i felt the third part different from the first two parts in the style of presentation... in the first two parts thusharam has given much importance to her inborn talent in language... the third part felt different in this aspect and she never tries here to use the depth of language.... rather she has written straightly the experiences...
actually its more tough to maintain the interest here, but what happened is that she had proved that even without using the poetic language she can reach the heart of the reader... congrats... thusharam... keep on going...
.....sreekumar
മൂന്നു ഭാഗവും വായിച്ചു.നന്നായി...ഇഷ്ടപ്പെട്ടു...ലളിതമായ ഭാഷയും എല്ലാം നേരില്‍ കാണും പോലെയുള്ള വിവരണങ്ങളും..മേമ്പൊടിയായി നല്ല ചിത്രങ്ങളും...തുടര്‍ന്നുള്ള പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു....
Post a Comment