Monday, March 05, 2007

അറിയുന്നുവോ നീ ???










ഇന്ന് നീ വിരലുകള്‍ ചൂണ്ടിയപ്പോള്
‍എന്നുള്ളം നീറി പിടഞ്ഞുലഞ്ഞു.
വേദനിച്ചില്ല എനിക്കെങ്കിലും,
ഓര്‍ത്തുപോയി... ഞാനെന്തെ ഈവിധം
ഒരു കലുഷിത മനസ്സിന്‍ ഉടമയെന്ന്.

കടലോളം സ്നേഹം ചൊരിഞ്ഞതും
കരയോളം നീ കരുതിയതും
വാനോളമെന്നെ ഉയര്‍ത്തിയതും
എന്‍ ഉള്ളം എന്തെ വിസ്മരിച്ചു?
ആശങ്ക തന്‍ നിഴല്‍ വീണ്
പ്രക്ഷുബ്ദ്ധമായതും എന്തിനാവാം...

മറവി തന്‍ കയത്തില്‍ വീണുറങ്ങും,
വേദനയേറിയെന്‍ ഭൂതകാലത്തിന്
‍പ്രിയതരമല്ലാത്ത ശേഷിപ്പാവാം.
ഇന്നിന്‍റെ വ്യര്‍ഥമാം നഷ്ടബോധമാകാം...
അവ്യക്തമാം ഭാവി തന്‍,
മുറിപ്പെടുത്തും ശങ്കയുമാവാം.

അറിയില്ല ഒന്നുമെനിക്കത്രമാത്രം
അറിവുള്ള കാര്യങ്ങള്‍ ഇത്രമാത്രം.
എന്‍ സിരകളില്‍ ഒഴുകുന്ന സ്നേഹത്തിന്
വറ്റാത്ത ഉറവ ആകണം നീയെന്ന്
എന്നുള്ളം ശഠിച്ചിടുന്നെന്നു മാത്രം.

25 comments:

അപ്പു ആദ്യാക്ഷരി said...

ആദ്യമായിട്ടാ ഒരു തേങ്ങയുടയക്കാനുള്ള ഭാഗ്യം കിട്ടിയത്. നല്ല കവിത തുഷാരം.. :-)

മഴവില്ലും മയില്‍‌പീലിയും said...

എന്‍ സിരകളില്‍ ഒഴുകും സ്നേഹത്തിന്‍
വറ്റാത്ത ഉറവ ആകണം നീയെന്ന്.
ശാഠ്യം‍alla viswasam aannu.
ee varikal enikku valare eshtamayi..
valare nala kavitha..Thusharam...

മയൂര said...

കടലോളം സ്നേഹം ചൊരിഞ്ഞതും
കരയോളം നീ കരുതിയതും
വാനോളമെന്നെ ഉയര്‍ത്തിയതും
എന്‍ ഉള്ളം എന്തെ വിസ്മരിച്ചു?

വളരെ നല്ല കവിത. സ്നേഹമുള്ളിടത്ത് മത്രമെ ശാഠ്യവും ഇണക്കവും പിണക്കവും ഒക്കെ ഉണ്ടാവൂ.ഇതിനൊക്കെ ഇടക്ക് ഉള്ളിലെ സ്‌നേഹം വിസ്‌മരിച്ച് പോകതിരികേണം.

സുഹാസ്സ് കേച്ചേരി said...

നല്ല കവിത... സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവങ്ങളിലൊന്നായ സ്വാര്‍ത്ഥബുദ്ധി (അവന്‍/അവള്‍ എന്റെതു മാത്രമാണ്, അവനിലെ/അവളിലെ അധികാരങ്ങള്‍ എന്റെതു മാ‍ത്രമാണെന്ന ചിന്ത) എന്ന ഭാവം എവിടെയൊ ഉള്ളപോലൊരു തോന്നല്‍.. ഇനി അതെന്റെ വെറും തോന്നലാണോ എന്തോ..?

Haree said...

:)
--

Unknown said...

കടലോളം സ്നേഹം ചൊരിഞ്ഞതും
കരയോളം നീ കരുതിയതും
വാനോളമെന്നെ ഉയര്‍ത്തിയതും
എന്‍ ഉള്ളം എന്തെ വിസ്മരിച്ചു?

അതെ,പലപ്പോഴും മനസ്സഇന്റെ കടിഞ്ഞാണ്‍ കൈവിട്ടു പോകുമ്പോള്‍ പലതും നാം ഓര്‍ക്കാറില്ല,ഓര്‍ക്കാന്‍ ശ്രമിക്കാറില്ല.പക്ഷേ ആ മറവികള്‍,പിന്നീട് നമ്മെ തന്നെ വേദനിപ്പിക്കാറുണ്ട്,ഒരു പക്ഷേ നാം വേദനിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ ...

നന്നായിട്ടുണ്ട്...എവിടെയൊക്കെയോ കൊണ്ടു !

Sujith S V Panicar said...

മനോഹരമായ് കവിത. സ്‌നേഹിക്കുവാനല്ലേ
നമ്മുക്കര്‍ഹതയുള്ളൂ. അതു തിരികെ ലഭിക്കണമേന്നു വാശി പിടിച്ചാലൊരു പക്ഷേ നിരാശയാകും തിരികെ ലഭിക്കുക.

നിര്‍മ്മല said...

ഉള്ളുരുകിയുള്ള എഴുത്താണല്ലൊ തുഷാരത്തിന്റെ പ്രത്യേകത. ഇതും അങ്ങനെ തന്നെ. ഇനിയും എഴുതുക - അഭിനന്ദനങ്ങള്‍ :)

.... said...

എന്‍റെ അപ്പുവെ..ഇത്രകാലം നോക്കിയിരിക്കെന്റ്റിവന്നൊ ഇതിന്?

പ്രദീപെന്തിനാവൊ കാണാമറയത്തിരിക്കുന്നെ?

ഡോണാ...ശരിയാണ് ഒന്നും വിസ്മരിക്കതിരിക്കാം :))

സ്വാര്‍ഥതയില്ലാട്ടൊ...ഇതിടക്കുള്ള ഒരു കുറുമ്പ് മാത്രമല്ലെ സുഹാസെ...

ഹരീ എന്തെ ഒരു ചിരി മാത്രം?

മൃദുലിനെന്താ കൊണ്ടതു?ഇപ്പോള്‍ പറയ്.
സ്നേഹിക്കുമ്പോള്‍ തിരികെ കിട്ടണമെന്നു വാശി കൊള്ളില്ല..പക്ഷെ

തിരികെ കിട്ടി ഉള്ളു നിറയുന്നത് ഒരു സുഖമല്ലെ സുജിത്?
ആ നിറവില്‍ തൂവലുപോലെ ഘനം ഇല്ലാതാവുന്ന ഒരു അവസ്ഥ...
അതൊരു അനുഭവമല്ലെ‍?

നിര്‍മ്മലേച്ചി...തിരക്കിനിടയിലും വന്നു നോക്കിയല്ലെ?
നന്ദി.

.... said...

ഇതെന്താ വേണുച്ചേട്ടനും ഇത്തിരിവെട്ടത്തിനും ചിരിയാണൊ വന്നെ?അതൊ വരികള്‍ക്കിടയില്‍ എന്തെങ്കിലും കണ്ടുപിടിച്ചോ?

Rasheed Chalil said...

തുഷാരമേ തിരക്കിനിടയിലെ വായനയില്‍ ഇഷ്ട പോസ്റ്റുകളില്‍ കമന്റായി ഒരു സ്മൈലി ഇടാറാണ് പതിവ്... അല്ലാതെ വരികള്‍ക്കിടയില്‍ അങ്ങനെ ഒരു വായന ഉണ്ടായിട്ടില്ലന്നേ...

.... said...

പരിചയക്കുറവിന്‍റെയാണ് മനസ്സിലാവാതെ പോയത്.ക്ഷമിച്ച് കളയെന്നെ.നല്ല വാക്കിന് നന്ദി.

പ്രതിഭാസം said...

ചേച്ചീ... നല്ല കവിത. കവിതയും വഴങ്ങുമെന്ന് അങ്ങനെ തെളിയിച്ചു. മൃദുല്‍ പറഞ്ഞപോലെ ചില വരികള്‍ കൊണ്ടു. അതിനു വിശദീകരണം വേണ്ട എന്നറിയാം ;)

ഇട്ടിമാളു അഗ്നിമിത്ര said...

:(

.... said...

എന്താ മാളു സങ്കടായൊ?
എല്ലാവര്‍ക്കും ഇതെ സങ്കടമാണൊ ഈശ്വരന്മാരെ?

മനു said...

ചേച്ചി, എന്താ ഞാനെഴുതുക... മൃദുല്‍ പറഞ്ഞപോലെ, വരികള്‍ ഉള്ളില്‍ കൊണ്ടു.. വെറുതെഒരു കൊള്ളലല്ല, “എന്‍ സിരകളില്‍ ഒഴുകും സ്നേഹത്തിന്
വറ്റാത്ത ഉറവ ആകണം നീയെന്ന്“, സ്നേഹം എന്ന വികാരത്തിന്റെ പരിപൂര്‍ണ്ണത, അതിന്റെ പരിലാളനയിലായതുകൊണ്ട്... തന്റെ കവിത എന്നെ ഒരുപാടുലച്ചു...

ധ്വനി | Dhwani said...

''സ്നേഹം സ്നേഹത്തെപ്പറ്റിയുള്ള അറിവിനാല്‍ മുറിപ്പെടാനും, അതിന്റെ തന്നെ അതിമൃദുലത സമ്മാനികുന്ന വേദന അനുഭവിക്കുവാനും കാമിക്കട്ടെ'' എന്നു ജിബ്രാന്‍ എഴുതിയതെത്രയോ സത്യം!!

ഈ വരികള്‍ പരിശുദ്ധസ്നേഹത്തില്‍ നിന്നും പിറന്നവ തന്നെ!!

Unknown said...

സ്നേഹിക്കുന്നവര്‍ ഒരു വിരല്‍ ചൂണ്ടുമ്പോഴേയ്ക്കും കലുഷിതമാകുന്ന മനസ് ... എല്ലാം ആ ഒരു നിമിഷത്തില്‍ മറന്നു പോകുന്നൂ :(

എം.എച്ച്.സഹീര്‍ said...

ഹൃദയം ഹൃദയത്തോട്‌ സംവേതിക്കുബോള്‍ തോന്നുന്ന മിടിപ്പാണ്‌ യഥാര്‍ത്ഥ സ്നേഹം.
ആ ഗതിവേഗം ഇവിടെ കാണാനാകുന്നുണ്ട്‌..ഭാഷ കുറച്ചുകൂടി..ശ്രദ്ധിക്കാമായിരുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

സങ്കടായി ... :(

സുല്‍ |Sul said...

തുഷാരമേ,

നല്ല കവിത.

-സുല്‍

.... said...

പ്രതിഭാസമെ നന്ദി...ശരിയാണ് ചിലതിനൊന്നും വിശദീകരണം വേണ്ട.

മാളു സങ്കടമാവെണ്ടാട്ടോ...

മനു വിഷമം വേണ്ട....

കുഞ്ഞന്‍സെ...മനുഷ്യരല്ലെ..ചിലപ്പോള്‍ നൈമിഷികമായി വിസ്മരിക്കുന്നു...

ധ്വനി പറഞ്ഞതെത്ര ശരി..

.... said...

സുല്‍ നന്ദി ,സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും

4thepeople said...

good but waiting for the best....

Aloshi... :) said...

പഴമയുടെ കൂട്ടുകാരി..... എങോട്ടാ ഞങളെ ഇ കോണ്ടു പോകുന്നെ....
കൊള്ളാം നന്നായിരിക്കുന്നു....
മറ്റുള്ളവരുടെ വാക്കുകളിലൂടെ നമ്മുടെ പഴമ നമ്മുടെ മനം നമ്മോട് പങ്കുവൈക്കുന്നത് വല്ലാത്തൊരനുഭവം തന്നെ...
ഒത്തിരി നന്ദി... തുഷാരം....
വേനലില്‍ പെയ്തമഴപോലെ.....
കൈതണ്ടയില്‍ പതിച്ച ഒരു മഞു കണം പോലെ...